പരിഭവങ്ങളില്ലാത്ത സന്യാസി

ജപ്പാനിൽ ഒരു ചെറുകുടിലിൽ സന്യാസികൾ താമസിച്ചിരുന്നു. മഴക്കാലത്ത് ചുഴലിക്കാറ്റടിച്ച് കുടിലിന്റെ പകുതി തകർന്നു. മേൽക്കൂര പറന്നുപോയി. സന്യാസികളിൽ ഒരാൾ ദേഷ്യപ്പെട്ട് ദൈവത്തോട് പരാതിപ്പെട്ടു; ”പാപികൾ ജീവിക്കുന്ന കൊട്ടാരങ്ങൾക്കൊന്നും യാതൊരു കോട്ടവും തട്ടുന്നില്ല. എന്നാൽ ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവരുടെ കുടിലുകൾ അവിടുന്ന് നശിപ്പിച്ചു കളയുന്നു.”

എന്നാൽ സഹസന്യാസിയുടെ പ്രാർത്ഥന വ്യത്യസ്തമായിരുന്നു: ”ദൈവമേ, അങ്ങ് ദയാപരനാണ്. ചുഴലിക്കാറ്റിനെ ആർക്കാണ് വിശ്വസിക്കാൻ കഴിയുക? ഞങ്ങളുടെ കുടിൽ മുഴുവനും പോകേതായിരുന്നു. പക്ഷേ, അങ്ങ് പൂർണമായും നശിപ്പിച്ചില്ല. അങ്ങയോട് ഞങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്നു.”

പുതുഗാനങ്ങളുണ്ടാവണമെങ്കിൽ

അടുത്ത ദിവസം രാത്രിയിൽ ആ സന്യാസി ഒരു ഗാനമെഴുതി. ”പാതി മേൽക്കൂര മാത്രമുള്ള ജനങ്ങളുടെ സന്തോഷം ഇതുവരെ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി ഞങ്ങൾ പാതി മേൽക്കൂരയ്ക്കു കീഴിലാണ് ഉറങ്ങിയത്. കുടിലിന്റെ മേൽക്കൂരയില്ലാത്ത പാതിയിലൂടെ ചന്ദ്രനെ കാണാൻ എന്തൊരു ഭംഗിയായിരുന്നു. രാത്രിയിൽ ഞങ്ങൾ എപ്പോഴൊക്കെ കണ്ണു തുറന്നുവോ അപ്പോഴെല്ലാം നക്ഷത്രങ്ങളെ കാണുകയും വീും സമാധാനപരമായ ഉറക്കത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇന്ന് രാവിലെ ഉണർന്നപ്പോൾ എനിക്ക് മുമ്പില്ലാത്തത്ര സന്തോഷമായിരുന്നു. ഇങ്ങനെയൊരു സൂചന ഇതിനുമുമ്പ് കിട്ടിയിരുന്നെങ്കിൽ, പാതി മേൽക്കൂര ഞാൻ എടുത്തുമാറ്റുമായിരുന്നു.”

ജീവിതം ദൈവപരിപാലനയാൽ അലംകൃതമാണ്. പക്ഷേ, ഓരോ നിമിഷവും ദൈവം ചൊരിയുന്ന കൃപകളെ തിരിച്ചറിയണമെന്ന് മാത്രം. ”ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു (ലൂക്കാ 12:24). ജീവിതത്തിലെ വേദനകളെ ആശ്ലേഷിക്കുവാൻ എന്നാണാവോ നമ്മുടെ മനസിന് തുറവിയുാവുക! ജീവിതാനുഭവങ്ങളെ ദൈവകരത്തിന്റെ തണലിൽ ഇരുന്ന് ആസ്വദിക്കുവാൻ എന്റെ ഹൃദയം എന്നാണ് എളിമപ്പെടുക! ആ നിമിഷങ്ങളിൽ നാം തിരിച്ചറിയുന്നു – ദൈവമേ എല്ലാം നിന്റെ ദാനമാണെന്ന്. സ്‌നേഹിക്കുന്ന ദൈവം കൂടെയുെന്ന്! ഈ ഹൃദയാനുഭവം സ്വന്തമാക്കുന്ന ഒരുവനും ആവലാതിപ്പെടില്ല, നിരാശപ്പെടില്ല. കാരണം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന നല്ല ദൈവം നൊമ്പരങ്ങളെ നന്മയ്ക്കുള്ള വഴിയാക്കി മാറ്റും.

കുറവുകളെ നിറവുകളാക്കി രൂപാന്തരപ്പെടുത്തുന്ന ദൈവം ജീവിതയാത്രയുടെ ഇടവഴിയിൽ നമുക്ക് കൂട്ടിനു്. ഈ തിരിച്ചറിവിൽ ഹൃദയം ശാന്തമാകും; മനസ് സ്വസ്ഥമാകും. കുന്നിൻ ചെരുവിലെ ചെറിയ കല്ലിൻകൂട്ടങ്ങൾക്കിയിലൂടെ പുൽനാമ്പുകളെ തൊട്ടുരുമ്മി ശാന്തമായി ഒഴുകിയിറങ്ങുന്ന അരുവിപോലെ ജീവിതം തെളിവുള്ളതും ശുദ്ധവുമാകും.
കടന്നുപോകുന്ന വഴികളിൽ ഉന്മേഷവും സ്‌നേഹവും വിശുദ്ധിയും പകരുമ്പോൾ ജീവിതം ധന്യമായിത്തീരും. ഇല്ലായ്മകളെപ്പറ്റി പരിതപിക്കാതെ കൈമുതലായുള്ളതെല്ലാം ദൈവമേ നിൻ കൃപകളാണെന്ന ഭാവത്തിൽ നന്ദിയോടെ ദൈവതിരുമുൻപിൽ അണയാൻ സാധിക്കട്ടെ. ചുറ്റുമുള്ളതെല്ലാം ദൈവം ഒരുക്കിയ വിസ്മയകരങ്ങളായ അനുഭവങ്ങളാണ്. അതിലൂടെ കടന്നുപോകുന്ന ഓരോ നിമിഷവും നമ്മുടെ ഹൃദയം ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും നിറയണം.

സ്‌നേഹത്തിന്റെ വഴിയിൽ

ആ അവസ്ഥയിൽ എത്തുമ്പോൾ മുമ്പിൽ നില്ക്കുന്നവന്റെ സാമ്പത്തിക ഉന്നതിയോ ജോലിയോ കുടുംബപാരമ്പര്യമോ നോക്കിയല്ല, മനുഷ്യനെന്ന നിലയിൽ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനെന്ന വിധത്തിൽ അവനെ ബഹുമാനിക്കാൻ, ആദരിക്കാൻ നമുക്ക് കഴിയും. യാചകനെന്നോ പാവപ്പെട്ടവനെന്നോ നോക്കി മാറ്റിനിർത്താതെ, പാവങ്ങളോട് പക്ഷം ചേർന്ന, വേദനിക്കുന്നവന്റെ നൊമ്പരങ്ങളിൽ അവനോടൊപ്പം തോളോടുതോൾ ചേർന്ന് നടന്ന, അവന്റെ ദുഃഖങ്ങൾ സ്വയം തോളിൽ വഹിച്ച ക്രിസ്തുഭാവത്തിലേക്കും ശൈലിയിലേക്കും നാം വളരും.

ഇതാണ് ദൈവാനുഭവം… ഇതാണ് ക്രിസ്തുദർശനം. കാരുണ്യത്തോടും മനുഷ്യത്വത്തോടും കടപ്പാടോടും കൂടി പെരുമാറുവാൻ നാം ശക്തരാകും. കല്ലുകളും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ ഈശ്വരദർശനം ലക്ഷ്യമാക്കി നമുക്ക് നീങ്ങാം. തളർന്നവനെ ഉയർത്താൻ, നിരാശയ്ക്ക് അടിമപ്പെട്ടവരെ പ്രത്യാശയിലേക്ക് കൈപിടിച്ചു വളർത്താൻ നമ്മുടെ ഹൃദയത്തെയും ഉണർത്താം. ഇവിടെ നാം ജീവിതം ആരംഭിക്കുന്നു… ക്രിസ്തുവിനോടൊപ്പം നടന്നു നീങ്ങുന്നു- ശാന്തതയോടെ, സ്വസ്ഥതയോടെ..!
ജീവിതത്തിന്റെ വിവിധങ്ങളായ അനുഭവങ്ങളിൽ ചാഞ്ഞും ചെരിഞ്ഞും എന്റെ ജീവിതം കടന്നുപോകുന്നു. രക്ഷകനായി നീ എന്നോടൊപ്പം ഉാകണമേ. ആടിയുലയുന്ന വഞ്ചിയിൽ വച്ച് കൊടുങ്കാറ്റിനെ ശാന്തമാക്കി, ശിഷ്യന്മാരെ വിശ്വാസത്തിലേക്ക് നയിച്ച ക്രിസ്തുവേ, ജീവിതത്തെ പ്രശാന്തതയിലേക്കും സൗമ്യതയിലേക്കും നയിക്കണമേ. നന്ദിയോടും കടപ്പാടോടുംകൂടി ജീവിതത്തെ സ്വീകരിക്കുവാൻ ആവശ്യമായ ഹൃദയശാന്തതയും എളിമയും എനിക്ക് നല്കിയാലും ആമ്മേൻ.•

ഫാ. ജോബി എടത്താഴെ സി.എസ്.ടി

2 Comments

  1. Johny K V says:

    Praise the Lord, This message give me more strength when having some problems. Very nice

Leave a Reply

Your email address will not be published. Required fields are marked *