ഇംഗ്ലണ്ടിൽ ജോർജ് മ്യൂളർ എന്ന ദൈവദാസൻ ജീവിച്ചിരുന്നു. അദ്ദേഹം തന്റെ ഡയറിയിൽ തനിക്കറിയാവുന്ന മൂന്നു വ്യക്തികളുടെ പേര് എഴുതിയിട്ടു – മൂന്ന് നിരീശ്വരവാദികൾ. അദ്ദേഹം അവർക്കുവേണ്ടി മധ്യസ്ഥപ്രാർത്ഥന ആരംഭിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ ആദ്യത്തെ ആൾ മാനസാന്തരപ്പെട്ട് രക്ഷയുടെ അനുഭവത്തിലേക്ക് വന്നു. രണ്ടാമത്തെ ആൾ 33 വർഷം പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ മാനസാന്തരപ്പെട്ടു. മൂന്നാമത്തെ ആൾ 55 വർഷം നീണ്ട പ്രാർത്ഥനയ്ക്കുശേഷം ജോർജ് മ്യൂളറിന്റെയും മരണത്തിന് രണ്ടു വർഷങ്ങൾക്കുശേഷം മാനസാന്തരപ്പെട്ടു.
ജോർജ് മ്യൂളറിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തുന്നു: തന്റെ മരണക്കിടക്കയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചോദിച്ചു, താങ്കൾ മൂന്നുപേരുടെ പേരുകൾ എഴുതിവച്ച് പ്രാർത്ഥിച്ച് രണ്ടുപേർക്ക് മാറ്റം വന്നെങ്കിലും മൂന്നാമത്തെ ആളിന് മാറ്റം വന്നില്ലല്ലോ. അദ്ദേഹം പറഞ്ഞു അവനും മാറ്റം വരും. കാരണം 55 വർഷം ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. നീണ്ട 55 വർഷത്തെ പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുന്നത് 57-ാമത്തെ വർഷമാണ്. മധ്യസ്ഥപ്രാർത്ഥനയ്ക്ക് തീർച്ചയായും ഉത്തരം ലഭിക്കുമെന്ന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ.
യോഹന്നാൻ സുവിശേഷകൻ രേഖപ്പെടുത്തുന്ന രണ്ടാമത്തെ അടയാളമാണ് രാജസേവകന്റെ മകനെ യേശു സുഖപ്പെടുത്തുന്ന അത്ഭുതം. ഇതിലൂടെ ഒരു സന്ദേശം യേശു മനുഷ്യർക്ക് നല്കുന്നു. ആസന്ന മരണനായ മകനെ സുഖപ്പെടുത്തണമേ എന്ന് അപേക്ഷിക്കുകയാണ് പിതാവ്. ഇത് പാപത്തെ കാണിക്കുന്നു. പാപംമൂലം മരിച്ചുപോകുന്ന മനുഷ്യവർഗത്തിന്റെ തകർന്ന അവസ്ഥയെ കാണിക്കുന്നു.
രാജസേവകനോട് യേശു പറഞ്ഞു: പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഉടൻതന്നെ അവൻ കുതിരപ്പുറത്ത് കയറി തിരിച്ചു യാത്രയാവുന്നു. പിറ്റേദിവസം മറ്റു സേവകർ വന്ന് പറഞ്ഞു, അങ്ങയുടെ മകൻ സുഖം പ്രാപിച്ചിരിക്കുന്നു. ആ രാജസേവകൻ ചോദിച്ചു, എപ്പോഴാണ് എന്റെ മകൻ സൗഖ്യപ്പെട്ടത്? അവർ പറഞ്ഞു, ഇന്നലെ ഏഴാം മണിക്കൂറിൽ. നീ പൊയ്‌ക്കൊള്ളുക, നിന്റെ മകൻ ജീവിക്കുമെന്ന് ഈശോ പറഞ്ഞ അതേ സമയത്തുതന്നെ. അങ്ങനെ ആ കുടുംബം മുഴുവൻ യേശുവിന്റെ രക്ഷ കണ്ടെത്തി. യേശു പറഞ്ഞ വചനത്തെ അവൻ പൂർണമായും വിശ്വസിച്ചു. മധ്യസ്ഥപ്രാർത്ഥനയുടെ വലിയ ശക്തിയെപ്പറ്റി യോഹന്നാൻ പഠിപ്പിക്കുന്നു.
പല വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലും കാൻസർ എന്താണെന്നോ പ്രമേഹരോഗം എന്തെന്നോ ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് എന്തെന്നോ രക്തസമ്മർദം കൂടിയാൽ എന്താണ് കുഴപ്പമെന്നോ അറിയില്ല. അവർക്ക് രോഗത്തെക്കുറിച്ചൊന്നുമറിയില്ല. അതുകൊണ്ട് രോഗികൾ രോഗം അതിന്റെ അവസാനഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് തങ്ങൾ മരിക്കാൻ പോകുന്നുവെന്നറിയുന്നത്. ഇതുപോലത്തെ അവസ്ഥയിലാണ് മാരകപാപികൾ. കാൻസറിനെക്കാളും ഭീകരമാണ് പാപം. കാൻസർ വന്നുവെന്ന ഏക കാരണത്താൽ ആരും നരകത്തിൽ പോകുന്നില്ല. പകരം കാൻസർരോഗികൾ മരിച്ചാൽ സ്വർഗത്തിൽ പോകാനാണ് കൂടുതൽ സാധ്യത.
കാരണം, മിക്ക കാൻസർ രോഗികളും അവരുടെ രോഗത്തിന്റെ മൂർധന്യത്തിൽ തീർച്ചയായും ദൈവത്തെ വിളിച്ചിട്ടുണ്ടാവും. ആഴമായി അനുതപിച്ചിട്ടുണ്ടാവും. എന്നാൽ അതിലും എത്രയോ ഭീകരമാണ് പാപം. യേശുവിന്റെ വചനം പഠിപ്പിക്കുന്നു; നിന്റെ കണ്ണ് നിനക്ക് പാപകാരണമാകുന്നുവെങ്കിൽ അത് ചൂഴ്‌ന്നെടുത്ത് കളയുക. യേശു മലയിലെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞതിന്റെ ഗൗരവം എത്രമാത്രം നാം മനസിലാക്കുന്നുണ്ട് എന്ന് ചിന്തിക്കാം.
പഴയ നിയമത്തിൽ വിവരിക്കുന്ന ജോബിന് പത്ത് മക്കളുണ്ടായിരുന്നു. അവർ വലിയ സമ്പന്നരായിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വിരുന്ന് നടത്തുമായിരുന്നു. അത് ഓരോ ദിവസവും ഓരോ മക്കളുടെ വീട്ടിൽ മാറിമാറി ആയിരുന്നു. ജോബ് 1:5 പറയുന്നു: മക്കൾ വിരുന്ന് നടത്തി ഏതെങ്കിലും തരത്തിൽ ദൈവത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ടെന്ന് വിചാരിച്ച് ജോബ് അതിരാവിലെ എഴുന്നേറ്റ് മക്കളെയെല്ലാം വിശുദ്ധീകരിച്ച് അവർക്ക് ഓരോരുത്തർക്കുംവേണ്ടി ദൈവത്തിന്റെ മുമ്പിൽ ദഹനബലികളർപ്പിക്കുകയും ചെയ്തിരുന്നു.
മാതൃകകൾ
മാതാപിതാക്കന്മാർ മക്കൾക്കുവേണ്ടി ദൈവതിരുമുമ്പിൽ പ്രാർത്ഥിക്കാറുണ്ടോയെന്ന് ചിന്തിക്കണം. ഒരപ്പൻ എപ്രകാരം മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് വ്യക്തമായ മാതൃക നല്കുന്നു ജോബ്. യാക്കോബ് ശ്ലീഹാ പറയുന്നു; നിങ്ങളിൽ ഒരുവൻ തെറ്റായ വഴിയിലൂടെ പോവുകയും വേറൊരുവൻ അവനെ ശരിയായ മാർഗത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്താൽ പാപിയെ തെറ്റായ മാർഗത്തിൽനിന്ന് പിന്തിരിച്ചു കൊണ്ടുവരുന്നവൻ തന്റെ ആത്മാവിനെ രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങൾക്ക് പരിഹാരം ചെയ്യുകയും ചെയ്യുന്നു.
വിസ്മയകരമായ ഫലമാണ് മധ്യസ്ഥപ്രാർത്ഥനയ്ക്കുള്ളത്. ഈ രാജസേവകന്റെ മകന് യേശുവിൽ വിശ്വാസമില്ലായിരിക്കാം. പക്ഷേ, അവന്റെ അപ്പൻ 35 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് യേശുവിനെ അന്വേഷിച്ചെത്തി. രാജകൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നിട്ടും അവൻ പ്രാർത്ഥിക്കുന്നു, കർത്താവേ എന്റെ മകനെ സുഖപ്പെടുത്തണമേ എന്ന്. യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തെ എളിമയോടെ ആരാധിക്കുന്നു. തന്റെ മകൻ നശിച്ചുപോകുന്നതിനുമുമ്പ് ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു നല്ല അപ്പൻ. എല്ലാ മാതാപിതാക്കളും ഇന്ന് പ്രാർത്ഥിക്കണം ഈ രാജസേവകനെപ്പോലെ. എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അവരുടെ കാര്യം കണ്ണീരോടെ ദൈവതിരുസന്നിധിയിൽ ഉണർത്തിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.
രാജസേവകന്റെ മകൻ പ്രാർത്ഥിച്ചില്ലെങ്കിലും ഇവിടെ അത്ഭുതം സംഭവിക്കുന്നു. യേശു അല്പം കടുത്ത ഭാഷയിൽ പറയുന്നു, അത്ഭുതങ്ങളും അടയാളങ്ങളും കണ്ടില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കില്ലേ? ഇതു കേട്ടിട്ടും രാജസേവകൻ തിരിച്ചുപോയില്ല. അയാൾ ഒന്നുകൂടി എളിമപ്പെട്ടുകൊണ്ട് പറഞ്ഞു: കർത്താവേ വേഗം വരണമേ. അല്ലെങ്കിൽ എന്റെ മകൻ മരിച്ചുപോകും.
കാനാൻകാരി സ്ത്രീ തന്റെ മകളെ പിശാചു ബാധിച്ചുവെന്ന് പറയുമ്പോൾ യേശു പറഞ്ഞു, മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് കൊടുക്കുന്നത് ശരിയല്ല. എന്നാൽ അവൾ കൂടുതൽ എളിമപ്പെട്ടുകൊണ്ട് പറഞ്ഞു, യജമാനനേ നായ്ക്കളും മേശയിൽനിന്ന് വീഴുന്ന അപ്പത്തിന്റെ ബാക്കി ഭക്ഷിക്കുന്നുണ്ടല്ലോ. അവളും എളിമപ്പെട്ടു. അവളുടെ മകൾക്കും സൗഖ്യമുണ്ടായി.
സഭാചരിത്രത്തിൽ മധ്യസ്ഥപ്രാർത്ഥനയുടെ വലിയ ശക്തി നമ്മൾ കാണുന്നത് വിശുദ്ധ മോനിക്കയുടെ ജീവിതത്തിലാണ്. അഗസ്റ്റിൻ വ്യഭിചാരം ചെയ്ത് അശുദ്ധിയിൽ ദൈവമില്ലാത്തവനായി ജീവിക്കുമ്പോൾ നീണ്ട 27 വർഷങ്ങൾ യേശുവിന്റെ മുമ്പിൽ മോനിക്ക കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ ആ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി കൊടുത്തത് അഗസ്റ്റിനെ വിശുദ്ധ അഗസ്റ്റിനാക്കി മാറ്റിക്കൊണ്ടാണ്.
പുറപ്പാട് 32-ൽ കാണുന്നു: ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേൽ തെറ്റായ ആരാധനകളിലേക്ക് പോയി ദൈവത്തെ മറന്ന് കാളക്കുട്ടിയെ ആരാധിച്ച് ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിച്ചപ്പോൾ അവരെ മുഴുവൻ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. അപ്പോൾ മോശ പ്രാർത്ഥിച്ചു ദൈവമേ, ഈ ജനത്തോട് കരുണ കാണിക്കുന്നില്ലെങ്കിൽ ജീവന്റെ പുസ്തകത്തിൽനിന്ന് എന്റെ പേര് നീ മായിച്ചു കളയണമേ. ദൈവമേ, അവരോട് കരുണയായിരിക്കണമേ. മധ്യസ്ഥ പ്രാർത്ഥന നടത്തുന്നു മോശ. ദൈവം ആ പ്രാർത്ഥന കേട്ടു.
സഹായികളുമാകണം
ജോഷ്വാ ഇസ്രായേൽ ജനത്തെ മുമ്പോട്ടു നയിക്കുമ്പോൾ അമലേക്യർ ഇസ്രായേലുമായി യുദ്ധത്തിന് വരുന്നു. ജോഷ്വാ വിശുദ്ധനായ ഒരു മനുഷ്യനായിരുന്നു. വലിയ അഭിഷേകമുള്ള വ്യക്തി. എങ്കിലും ജോഷ്വാ യുദ്ധത്തിൽ പരാജയപ്പെടുന്നുവെന്ന് കണ്ടപ്പോൾ മോശ മലയുടെ മുകളിൽ കയറി തന്റെ രണ്ടു കരങ്ങളുമുയർത്തി പ്രാർത്ഥിക്കുന്നു. മോശയുടെ കരങ്ങൾ ഉയർന്നു നിന്നപ്പോഴെല്ലാം ജോഷ്വാ യുദ്ധത്തിൽ ജയിച്ചു. മോശയുടെ കരങ്ങൾ താഴ്ന്നപ്പോഴെല്ലാം ജോഷ്വാ യുദ്ധത്തിൽ പരാജയപ്പെട്ടു. മോശയുടെ കരങ്ങൾ തളർന്നപ്പോഴെല്ലാം ഹൂറും അഹറോനും ഇടത്തും വലത്തും നിന്ന് കരങ്ങൾ ഉയർത്തിപ്പിടിച്ചു.
നമ്മുടെ മക്കൾ തകർന്നുപോകുമ്പോൾ അപ്പനും അമ്മയും അവരുടെ കരങ്ങൾ ദൈവസന്നിധിയിലേക്കുയർത്തണം. അപ്പന്റെയും അമ്മയുടെയും കരങ്ങൾ ഉയർത്തി അവർ പ്രാർത്ഥിച്ച് തളരുന്നുവെന്ന് കാണുമ്പോൾ ബാക്കി സഹോദരങ്ങൾ പ്രാർത്ഥനയിലൂടെ അവരെ സഹായിക്കണം. ജോഷ്വാ വലിയ അഭിഷേകമുള്ളവനായിരുന്നു. എന്നിട്ടും ജോഷ്വാ തളർന്നുപോയി. അവന് ഒറ്റയ്ക്ക് യുദ്ധം ജയിക്കാൻ സാധിച്ചില്ല. അമ്മ വലിയ വിശുദ്ധയായിരിക്കാം. എങ്കിലും അമ്മയ്ക്ക് ഒറ്റയ്ക്ക് മധ്യസ്ഥപ്രാർത്ഥന നടത്തി വഴിതെറ്റിപ്പോയ, മദ്യപാനിയായ, ദൈവവിശ്വാസമില്ലാത്ത അപ്പനെ ദൈവവിശ്വാസത്തിലേക്ക് നയിക്കാൻ സാധിക്കണമെന്നില്ല. അമ്മ പ്രാർത്ഥിച്ച് തളരുമ്പോൾ മക്കൾ അമ്മയെ സഹായിക്കണം.
ഇന്ന് സഭയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഏതൊരു ശുശ്രൂഷകന്റെയും പിന്നിൽ ശക്തമായ മധ്യസ്ഥപ്രാർത്ഥനയുണ്ട്. അതാണവർക്ക് വിജയം നല്കുന്നത്. നമ്മുടെ കുടുംബം തകർന്നുപോകേണ്ട കാര്യമില്ല. കാരണം, നമുക്ക് നമ്മുടെ ദൈവം കൂടെയുണ്ട്. കർത്താവ് അരുൾച്ചെയ്യുന്നു എന്നെ വിളിച്ചപേക്ഷിക്കുക. ഞാൻ നിനക്ക് ഉത്തരമരുളും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തി തരും.
നാമെല്ലാവരും കരങ്ങൾ കോർത്തുപിടിച്ച് ഒരു കൂട്ടായ്മയുടെ അനുഭവത്തിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം നമുക്കുവേണ്ടി അടയാളങ്ങൾ പ്രവർത്തിക്കും. അവിടുന്ന് നമുക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യും. ആദിമസഭയിൽ പത്രോസിനെ ജയിലിലടച്ചപ്പോൾ സഭ ഒന്നടങ്കം പത്രോസിനായി പ്രാർത്ഥിച്ചു. പത്രോസ് വിശുദ്ധനാണെന്നും ശിഷ്യപ്രമുഖനാണെന്നും പറഞ്ഞ് അവർ ശാന്തരായി ഇരുന്നില്ല. പകരം അവർ പ്രാർത്ഥിച്ചു. ദൈവം മാലാഖയെ വിട്ടുകൊടുക്കുകയും ചെയ്തു.
സ്ഥിരതയോടെ പ്രാർത്ഥിക്കാൻ ഞങ്ങൾക്കും കൃപ നല്കണമേ എന്ന് അപേക്ഷിക്കാം.
ഡോ. ജോൺ ഡി.
5 Comments
Great!!!
Amen.. Good Massage……
god,s love is so wonderful …. love u jesus
Great I love you with all my strengh and knowledge
Great I love you JESUS
with all my strengh and knowledge