തളരാതിരിക്കാൻ ഓർക്കേണ്ടത്…

സന്തോഷത്തോടെയുള്ള ഒരു കപ്പൽയാത്ര. രാജ്യത്തിന്റെ കൊടി മിന്നിപ്പറക്കുന്നുണ്ട് കപ്പലിനുമുകളിൽ. പെട്ടെന്നുള്ള കാറ്റിൽ കൊടി താഴെവീണു. കപ്പിത്താന്റെ മകനുമുണ്ട്, യാത്രയിൽ. അവനത് സഹിച്ചില്ല. കൊടിമരത്തിൽ അള്ളിപ്പിടിച്ച് കയറി കൊടി നാട്ടി. എല്ലാവരും കയ്യടിച്ചു. അവനും സന്തോഷമായി. എന്നാൽ അവൻ താഴേക്ക് നോക്കിയപ്പോൾ പേടി തോന്നി. ചുറ്റും നോക്കിയപ്പോൾ പേടി കൂടി. എങ്ങനെ താഴെയിറങ്ങും? കടലിന്റെ പരപ്പും കൊടിമരത്തിന്റെ ഉയരവും അവനെ ഭയപ്പെടുത്തി. ‘പപ്പാ’ എന്ന് വിളിച്ച് കരയാൻ തുടങ്ങി. താഴേക്കിറങ്ങാനാവുന്നില്ല. പപ്പയ്ക്കത് സഹിക്കാനായില്ല. അയാൾ മുട്ടുകുത്തി, കരംകൂപ്പി പ്രാർത്ഥിച്ചു. എന്തുചെയ്യും?

പെട്ടെന്ന് ഒരു വെളിപാട് ലഭിച്ചതുപോലെ അയാൾ ചാടിയെഴുന്നേറ്റ് മകനോട് പറഞ്ഞു: ”മോനേ, താഴേക്കും ചുറ്റുവട്ടത്തേക്കും നോക്കണ്ട. മുകളിലേക്ക് നോക്കിക്കൊണ്ട് താഴേക്കിറങ്ങുക. മോന് പേടി വരില്ല.” ശരിയാണ്, ഉന്നതത്തിൽ കണ്ണുറപ്പിച്ചാൽ ഭയം വരില്ല. ഒന്നിനും നമ്മെ തോല്പ്പിക്കാനുമാവില്ല. അവൻ വളരെയെളുപ്പത്തിൽ താഴെയിറങ്ങി. കാണികളെല്ലാവരും പറഞ്ഞു, ”ഇനിമുതൽ ഉന്നതത്തിൽ നോക്കി ഈ ഭൂമിയിൽ ജീവിക്കാം.”

‘ചേച്ചീ, മുകളിലെ കമ്പിയിൽ പിടിക്ക്’ എന്ന് കണ്ടക്ടർമാർ ബസിൽ വിളിച്ചുപറയുന്നതോർക്കുന്നു. ആരാണ് മുകളിൽ പിടിയുള്ളവർ? സ്വാധീനമുള്ളവരെയാണ് മുകളിൽ പിടിയുള്ളവരായി പൊതുവെ പരിഗണിക്കുന്നത്. ഏതൊരു മനുഷ്യന്റെ സ്വാധീനത്തിനും പരിധിയുണ്ട്. പരിധിയില്ലാതെ സ്വാധീനിക്കാൻ കഴിഞ്ഞവൻ ഒരേയൊരാൾ; ദൈവപുത്രനായ ക്രിസ്തു. അവനിൽ പിടിയുറപ്പിച്ചവൻ പിന്നെ ആര് തള്ളിയിട്ടാലും വീഴില്ല, അവഗണിച്ചാലും നോവില്ല, ഇകഴ്ത്തിയാലും തളരില്ല. കൊടുങ്കാറ്റിലും നടുക്കടലിലും നിയന്ത്രണം കൈവിടാതെ നിൽക്കും.

കാരണം, യഥാർത്ഥ ഉന്നതത്തിൽ പിടിയുള്ളവനാണവൻ. ജീവിതവഞ്ചി കാറ്റിലും കോളിലുംപെട്ട് ഉഴലുമ്പോഴും ക്രിസ്തുവിന് മുൻപിൽ അവൻ ശാന്തനാകുന്നു. ”നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല. കർത്താവാണ് നിന്റെ കാവല്ക്കാരൻ, നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലതുഭാഗത്തുണ്ട്” (സങ്കീ. 121:3-5). യേശുവിനെക്കാൾ നല്ലൊരു തണൽവൃക്ഷമില്ല ഈ ഭൂവിലും വിണ്ണിലും.

വഞ്ചിയിൽ മറുകരയിലേക്ക് യാത്ര ചെയ്യുന്ന ശിഷ്യരുടെ ചിത്രം വിവരിക്കുന്നുണ്ട്, സുവിശേഷത്തിൽ (മർക്കോ. 4:35-40). കാറ്റും കോളും ശിഷ്യരെ അസ്വസ്ഥരാക്കി. മാത്രമല്ല, കാറിക്കൂവി അവർ നിലവിളിക്കാനും തുടങ്ങി. ദൈവത്തിന്റെ ശക്തിയും അധികാരവും അറിയാവുന്നവർ എന്തേ ദുരിതമുഖത്ത് അത് മറന്നുപോയി?

മറുകര താണ്ടുന്നവർ

അക്കരയിലേക്ക് യാത്രയാകുന്നവർ പിടിയുറപ്പിക്കേണ്ടത് ക്രിസ്തുവിലാണ്. കൂടെയുള്ള ക്രിസ്തുവിലേക്ക് നോക്കാതെ, കൂട്ടത്തിലുള്ളവരിലേക്കും ചുറ്റുപാടിലേക്കും തന്നിലേക്കുതന്നെയും ദൃഷ്ടിയുറപ്പിച്ചാൽ ഭയം നമ്മെ കീഴടക്കും. സാഹചര്യങ്ങളെ അവഗണിച്ചും ദൈവത്തിൽ കണ്ണുറപ്പിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. ”ഞാൻ കർത്താവിന്റെ കരങ്ങളിലാണ്” (സങ്കീ. 3:1). അതുകൊണ്ട്, ഞാൻ ഭയപ്പെടില്ലെന്ന് അവൻ പറയും.

യേശുവൊഴികെ വഞ്ചിയിലുണ്ടായിരുന്നവരൊക്കെ മുക്കുവരായിരുന്നു. യേശുവാകട്ടെ തച്ചനും. തീർച്ചയായും മുക്കുവർക്ക് നീന്തലറിയാം. അവർ കടലിന്റെ മക്കളാണ്. എന്നാൽ കൊടുങ്കാറ്റും കോളുമുണ്ടായപ്പോൾ അവർ ഭയപ്പെട്ടു. ഭയപ്പെടുമ്പോൾ അറിവുള്ളതുപോലും മറന്നുപോകും. സാഹചര്യം ഉണർത്തുന്ന ഭയത്തിനിടയിൽ തോണിയിലുള്ള ക്രിസ്തുവിനെക്കുറിച്ചുപോലും മറന്നുപോകുന്നു. നാമാരുടേതാണെന്ന് നാമറിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്കും അത് ബോധ്യപ്പെടുത്താനാവില്ല, നമ്മെ രക്ഷിക്കാനുമാവില്ല. നാം എല്ലാത്തിലുമുപരി, യേശുവിന്റേതാണെന്നറിയുക. അവിടുത്തെ മാത്രം സ്വന്തം.
ശക്തമായ ഒരു ഇടിമുഴക്കം പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ മുകളിലേക്ക് നോക്കി. അവരറിഞ്ഞു, ഉന്നതത്തിലേക്ക് നോക്കി മറുകര താണ്ടേണ്ടവർ ചുറ്റിലും നോക്കി പതറുന്നത് ശരിയല്ല. കൂടെയുള്ള യേശുവിനെ വിളിച്ചുണർത്തി.

രക്ഷയുടെ ദൈവം നിന്റെ കൂട്ടിനുണ്ടെന്ന് നീ മറക്കരുത്. അവൻ മയങ്ങിയാലും ഉറങ്ങില്ല. നിന്നിലുള്ള ആത്മശക്തിയെ ഉദ്ദീപിപ്പിക്കുക. പൗലോസ് ശിഷ്യനായ തിമോത്തിക്ക് നല്കിയ ഉപദേശം ശ്രദ്ധേയമാണ്: ”എന്റെ കൈവയ്പിലൂടെ നിനക്ക് ലഭിച്ച വരപ്രസാദം വീണ്ടും ഉജ്ജ്വലിപ്പിക്കുവിൻ” (2 തിമോ. 1:6). മറ്റൊരാളുടെയും ബലത്തിൽ അധികകാലം നിനക്ക് മുന്നോട്ടുപോകാനാവില്ല. നിന്റെ ഉള്ളിലും ജീവിതവഞ്ചിയിലുമുള്ള യേശുവിനെ വിളിച്ചുണർത്തുക. ഉള്ളിലെ തിരി അണഞ്ഞുപോയാൽ, ആരുടെയും വെളിച്ചത്തിൽ നമുക്ക് വഴി നടക്കാനാവില്ല.

വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകൾ എത്രയോ സുന്ദരം. ”ത്രേസ്യക്ക് തനിച്ചൊന്നും ചെയ്യാനാവില്ല. എന്നാൽ ത്രേസ്യയും യേശുവും ചേർന്നാൽ അസാധ്യമായി ഒന്നുമില്ല.” ജീവിതവഞ്ചിയിൽ യേശുവിനെ ചേർത്തുവച്ചാൽ കാറ്റിനും കോളിനും മാർഗതടസം സൃഷ്ടിക്കാനാവില്ല. മറുകര താണ്ടുവോളം സ്വസ്ഥത കൈവിടേണ്ടി വരികയുമില്ല.
‘പ്രത്യാശയിൽ രക്ഷ’ എന്ന ചാക്രികലേഖനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നുണ്ട്, ”ആരും നമ്മെ ശ്രവിക്കാത്തപ്പോഴും ദൈവം നമ്മെ ശ്രവിക്കുന്നു. നമുക്ക് ആരെയും വിളിക്കാനോ സംസാരിക്കാനോ കഴിയാത്തപ്പോഴും ദൈവത്തെ വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. ആരും നമ്മെ സഹായിക്കാനില്ലാത്തപ്പോൾ ദൈവം നമ്മെ സഹായിക്കുന്നു.”

ഈ ലോകം നമ്മെ ഭയപ്പെടുത്തുന്നുണ്ടാകാം. മാറിവരുന്ന നിയമവ്യവസ്ഥകൾ നമ്മെ അസ്വസ്ഥരാക്കിയേക്കാം. നാളയെക്കുറിച്ചുള്ള ആകുലതയിൽ ഇന്ന് ജീവിക്കാൻ മറന്നുപോകുന്നവരാകാം. ഒരു സ്വസ്ഥതയുമില്ലാത്ത രാവുകളിൽ നിലവിളികൾ മാത്രം സ്വന്തമാക്കി മണിക്കൂറുകൾ തള്ളിമാറ്റിയെന്നും വരാം. ഏകാന്തതയുടെ തടവറയിൽ ഏറെ വിഷമിച്ചിട്ടുണ്ടാകാം. നാം തളരരുത്. കൊടുങ്കാറ്റിനെ ഒടുക്കിയവൻ നമ്മുടെ ജീവിതവഞ്ചിയിലുണ്ട്. ഉന്നതത്തിൽ പിടിയുറപ്പിക്കുക.

കർത്താവായ യേശുവേ, കാറ്റിലും കോളിലുംപെട്ട് എന്റെ ജീവിതവഞ്ചിയും ഉഴലാറുണ്ട്. ചുറ്റും നോക്കി ഭയപ്പെടാറുമുണ്ട്. സാഹചര്യങ്ങളിലേക്ക് നോക്കാതെ, അങ്ങയിലേക്ക് നോക്കാൻ എനിക്ക് കൃപ തരണമേ. മനുഷ്യരിൽ പ്രതീക്ഷ വയ്ക്കാതെ ഉന്നതത്തിൽ പ്രത്യാശ വയ്ക്കാൻ എന്നെ പഠിപ്പിക്കണമേ, ആമ്മേൻ

റവ. ഡോ. റോയി പാലാട്ടി സി.എം.ഐ

9 Comments

  1. Shivago says:

    yes Lord want to look up…..Amennnnnnnn

  2. Shaija Pathrose says:

    Very good Message…

  3. Shaija Pathrose says:

    Very good Message .. thanks God…

  4. Jobin A J says:

    Good one.. Thank you.

  5. ashly anto says:

    amen

  6. Joby George says:

    good article…

  7. beth says:

    The above message made my eyes filled with tears …. that much touching feeling with those words of God. Many a times we dont remember the presence of God who is always with us in any circumstances… Thank you.

  8. Sr. Cicily says:

    We need you Jesus even to look up to you

  9. Tobin says:

    nice thanks god

Leave a Reply to Jobin A J Cancel reply

Your email address will not be published. Required fields are marked *