ആന്തരികനവീകരണത്തിന്റെ മുന്നൊരുക്കം

ഫ്രഞ്ചുകാരിയായ ഗബ്രീയേലെ ബോസിസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയയായ ‘മിസ്റ്റിക്’ എഴുത്തുകാരിയാണ്. എന്നാൽ മിസ്റ്റിക്കുകളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ തകർക്കുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. ആവൃതിക്കുള്ളിലെ സന്യാസജീവിതമോ വിജനമായ ഇടങ്ങളിലെ താപസജീവിതമോ ആയിരുന്നില്ല അവളുടേത്. പ്രശസ്തയായ നാടകകൃത്തും നടിയുമായിരുന്ന ഗബ്രീയേലെ അതീവ സുന്ദരിയും സമ്പന്നയും ആയിരുന്നു. യൂറോപ്പിലും അമേരിക്കയിലുമെല്ലാം നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്ന അവൾ തന്റെ തിരക്കുകൾക്കിടയിലും നിരന്തരം ദൈവവുമായി സംഭാഷണത്തിലേർപ്പെട്ടു.

തന്നെ എപ്പോഴും നയിച്ചിരുന്ന ആന്തരിക ശബ്ദത്തെ അവൾ പൂർണമായും അനുസരിച്ചു. യേശുവുമായുള്ള അവളുടെ സംഭാഷണങ്ങളുടെ കുറിപ്പുകൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിരക്കുകൾക്കിടയിലും ഒരാത്മാവിന് ദൈവവുമായുള്ള നിരന്തരബന്ധത്തിൽ എങ്ങനെ ജീവിക്കാമെന്നതിന്റെ ദൃഷ്ടാന്തമാണ് ഗബ്രീയേലെയുടെ ജീവിതം.

രണ്ടാം ലോകമഹായുദ്ധകാലം. ജർമനി ഫ്രാൻസിനെ കീഴടക്കിയെന്നറിഞ്ഞപ്പോൾ ഫ്രഞ്ചുകാരിയായ ഗബ്രീയേലെ മാതൃരാജ്യത്തിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. അപ്പോൾ അവളോട് സംസാരിക്കുന്ന ആന്തരികശബ്ദം ഇങ്ങനെ പറഞ്ഞു: ”ആത്മാക്കളുടെ രക്ഷയാണോ അതോ രാജ്യത്തിന്റെ രക്ഷയാണോ നീ ആഗ്രഹിക്കുന്നത്. ആത്മാക്കളുടെ രക്ഷയ്ക്ക് നീ കൂടുതൽ പ്രാധാന്യം കൊടുക്കണം. കാരണം, രാജ്യങ്ങളും ഭാഷകളും ഇല്ലാതാകും. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ ലോകത്തുണ്ടായിരുന്ന എത്രയോ രാജ്യങ്ങളും അവയിലെ ഭാഷകളും ഭൂമിയിൽനിന്ന് തിരോഭവിച്ചു. അതുപോലെ ഇന്നുള്ള പല രാജ്യങ്ങളും ഭാഷകളും നാളെ ഉണ്ടാകണമെന്നില്ല. എന്നാൽ, മനുഷ്യന്റെ ആത്മാവ് അനശ്വരമാണ്. അത് നിത്യതയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അത് നശിച്ചുപോകരുത്.

രാഷ്ട്രീയപരാജയങ്ങളും യുദ്ധപരാജയങ്ങളും സാമ്പത്തിക തകർച്ചയുമെല്ലാം ജനതകളെ എളിമയിലേക്ക് നയിക്കും. എളിമയിൽനിന്നാണ് ജീവിതത്തിന്റെ നവീകരണം ആരംഭിക്കുന്നത്. പരാജയങ്ങളിലൂടെ ഉണ്ടാകുന്ന എളിമപ്പെടുത്തൽ യഥാർത്ഥ മഹത്വം അന്വേഷിക്കാൻ ജനതകളെ പ്രാപ്തരാക്കും.”

നമ്മുടെ വഴികളും ദൈവത്തിന്റെ വഴികളും എത്രയോ വ്യത്യസ്തങ്ങളാണ്! ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ആത്മാക്കളുടെ നിത്യതയെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ നമ്മൾ താത്കാലിക നേട്ടങ്ങളും സന്തോഷങ്ങളും മാത്രം ലക്ഷ്യമാക്കുന്നു. അതിനാൽ ദൈവത്തിന്റെ പ്രവൃത്തികളെ മനസിലാക്കാനും നാം പരാജയപ്പെട്ടുപോകും.

സാമ്പത്തിക തകർച്ചകളും രോഗങ്ങളും ജീവിതപ്രയാസങ്ങളും ഇല്ലാതാകാൻ നാം പ്രാർത്ഥിക്കുന്നു. നമ്മുടെയും മറ്റുള്ളവരുടെയും പരാജയങ്ങളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനും നമ്മൾ ദൈവസഹായം ചോദിക്കുന്നു. എന്നാൽ ഈ ദുരിതങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും ദൈവം നമ്മിൽ ചെയ്യാനാഗ്രഹിക്കുന്ന വലിയ കാര്യം – ആന്തരികനവീകരണം – നമ്മിലും മറ്റുള്ളവരിലും ഉണ്ടാകാൻ നാം പ്രാർത്ഥിക്കാറുണ്ടോ? നവീകരണം സംഭവിക്കണമെങ്കിൽ വ്യക്തികളും സമൂഹങ്ങളും എളിമയിലേക്ക് വരണം. തകർച്ചകൾ യഥാർത്ഥത്തിൽ അനുഗ്രഹങ്ങളായിത്തീരുന്നത് അത് നമ്മിൽത്തന്നെയുള്ള ആശ്രയത്വം ഇല്ലാതാക്കാനും ദൈവത്തിൽ പൂർണമായും ആശ്രയിക്കാനും നമ്മെ പഠിപ്പിക്കുമ്പോൾ മാത്രമാണ്. തന്മൂലം നമ്മുടെ ആഗ്രഹത്തിനും കണക്കുകൂട്ടലിനും വിരുദ്ധമായി നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ ഭയപ്പെടരുത്. ദൈവം ഒരു വലിയ കാര്യം നമ്മിൽ പ്രവർത്തിക്കുവാൻ തുടങ്ങുന്നു. ആന്തരികനവീകരണത്തിനും അതുവഴി മഹത്വപൂർണമായ പുനരുത്ഥാനത്തിനും നമ്മെ ഒരുക്കുകയാണ്. ഈ കാഴ്ചപ്പാടോടെയാണ് നാം ദുരിതനിവാരണത്തിനായി പ്രാർത്ഥിക്കേണ്ടത്.

പ്രാർത്ഥന

കർത്താവേ… ആത്മാക്കളെ നവീകരിക്കാനും രക്ഷിക്കാനുമായി അവിടുന്ന് അനുവദിക്കുന്ന വേദനകളെയും പരാജയങ്ങളെയും ശരിയായി മനസിലാക്കാൻ ഞങ്ങൾക്ക് ജ്ഞാനം നല്കണമേ. ഞങ്ങളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങളിലൂടെ അങ്ങ് ഞങ്ങളോട് സംസാരിക്കുന്നതെന്താണെന്ന് വെളിപ്പെടുത്തിത്തന്നാലും. എല്ലാ അനുഭവങ്ങളും ഞങ്ങളെ കൂടുതൽ അങ്ങയോട് അടുപ്പിക്കാൻ പര്യാപ്തമാകട്ടെ. അതിന് വിഘാതമായി നില്ക്കുന്ന അഹങ്കാരത്തിന്റെയും താൻപോരിമയുടെയും എല്ലാ കോട്ടകളും തകർന്നുവീഴാനും ഞങ്ങളുടെ അപമാനങ്ങളും പരാജയങ്ങളും കാരണമായിത്തീരട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

2 Comments

  1. vincent says:

    എന്നെ ഒരുപാട് സ്പർശിച്ച ഒരു വാക്യം : ” ഞാൻ ദൈവമായത് കൊണ്ടാണോ എനിക്ക് വാത്സല്യം ( tenderness ) ആവശ്യമില്ലെന്ന് നീ ചിന്തിക്കുന്നത്,” ആത്മ മിത്രം 1937 ജൂൺ 26.

    വാത്സല്ല്യം കൊതിക്കുന്ന എന്റെ ദൈവം, എന്റെ കർത്താവ് !
    ഈ ഒരു ദൈവം മാത്രം മതി എനിക്ക്., വെറും സ്നേഹം മാത്രമായ ആ ദൈവത്തിനു പകരമായി എന്തുണ്ട്?

Leave a Reply

Your email address will not be published. Required fields are marked *