വത്തിക്കാൻ സിറ്റി: വിവാഹജീവിതത്തിലെ വിശ്വസ്തത വ്യക്തിസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നില്ലെന്നും സ്‌നേഹത്തെ അടിസ്ഥാനമാക്കിയുളള ഏതു ബന്ധത്തിന്റയും അടിസ്ഥാന തത്വമാണ് വിശ്വസ്തതയെന്നും ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഇന്ന് വിശ്വസ്തത പുലർത്തുന്നതിനോടുള്ള ആദരവ് കുറഞ്ഞിരിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
എന്ത് വില കൊടുത്തും സ്വന്തം സംതൃപ്തി തേടുന്ന മനോഭാവമാണ് ഇതിന് കാരണം. ഇതൊരു അവകാശമായി പലരും തെറ്റിദ്ധരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സ്വഭാവമായി ഈ നിലപാട് തെറ്റിദ്ധരിക്കപ്പെടുന്നു. കുടുംബം വാഗ്ദാനത്തിൻമേലാണ് പണിയപ്പെട്ടിരിക്കുന്നത്. ഭർത്താവും ഭാര്യയും തമ്മിലുള്ള വിശ്വസ്തത കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാനും പ്രായമായ മാതാപിതാക്കളെ പരിചരിക്കുവാനും ഏറ്റവും ദുർബലരായ കുടുംബാംഗങ്ങളെ ശ്രദ്ധിക്കുവാനുമുള്ള ഉത്തരവാദിത്വം കൂടി അവരിൽ ഭരമേൽപ്പിക്കുന്നു. വൈവാഹിക വാഗ്ദാനം എല്ലാ സന്തോഷവും ദുഃഖവും പങ്കുവയ്ക്കുവാൻ തക്കവിധമുള്ള വ്യാപ്തി കൈവരിക്കേണ്ടതുണ്ട്. തങ്ങളിൽ ഒതുങ്ങി നിൽക്കുന്ന കുടുംബം ആ വാഗ്ദാനത്തിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്; പാപ്പ ഓർമിപ്പിച്ചു.