കൃഷ്ണച്ചേച്ചി ചിരിച്ചതെപ്പോൾ?

എല്ലാവരും പള്ളിമുറ്റത്ത് കൂട്ടംകൂടി നില്ക്കുകയാണ്. പുല്ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ അരികിൽ കൊണ്ടുവന്നു വച്ചിട്ടുണ്ട്. എട്ടാം ക്ലാസുകാരൻ അരുൺമാത്രം എത്തിയിട്ടില്ല. വൈക്കോൽ കൊണ്ടുവരേണ്ടത് അരുണാണ്.
”സാരമില്ല, അരുൺ വരട്ടെ. അപ്പോഴേക്കും നമുക്ക് പണികൾ തുടങ്ങാം” സിസ്റ്ററിന്റെ വാക്കുകൾ കേൾക്കേണ്ട താമസം എല്ലാവരും റെഡിയായി. പുല്ക്കൂടിന്റെ പണി തുടങ്ങിയപ്പോഴാണ് അരുണിന്റെ വരവ്. കൈയിൽ വൈക്കോൽ നിറച്ച സഞ്ചിയുമുണ്ട്. അതു കണ്ടപ്പോൾ കൂട്ടുകാർക്ക് ആശ്വാസമായി. അവർ പണികൾ തുടർന്നു. എല്ലാം നോക്കി പുഞ്ചിരിയോടെ അച്ചനും അരികിൽ നില്ക്കുന്നുണ്ട്.

അരുൺ വന്ന് മുറ്റത്ത് സഞ്ചി വച്ചിട്ട് വേഗം പള്ളിക്കകത്തേക്കു കയറിപ്പോയി. അല്പസമയത്തിനകം ഇറങ്ങിവരികയും ചെയ്തു. ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്ന അച്ചൻ അരുണിനെ അടുത്തേക്കു വിളിച്ചു. പതുക്കെ നീങ്ങിനിന്ന് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.

***** ***** *****
പുല്ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം തയാറായിക്കഴിഞ്ഞപ്പോൾ എല്ലാവരും പള്ളിവരാന്തയിൽ ഇരുന്നു. കൊണ്ടുവന്ന ലഘുഭക്ഷണം അച്ചനും സിസ്റ്ററും കുട്ടികളുമെല്ലാം പങ്കുവച്ചു കഴിച്ചു. അങ്ങനെയിരിക്കുമ്പോൾ അച്ചൻ പറഞ്ഞു. ”പുല്ക്കൂടൊക്കെ മനോഹരമായിട്ടുണ്ട്. ഇനി ക്രിസ്മസ് കുർബാന കഴിഞ്ഞാൽ നമുക്ക് ഉണ്ണീശോയുടെ രൂപവും വയ്ക്കാം. പക്ഷേ ഞാനൊരു കാര്യം ചോദിച്ചോട്ടെ? ശരിക്കും ഈശോയെ വയ്‌ക്കേണ്ടതെവിടെയാണെന്നറിയാമോ?”

കുട്ടികളെല്ലാം മിഴിച്ചിരുന്നു. അവർക്കൊന്നും മനസിലായില്ല. അച്ചൻ വിശദീകരിച്ചു. ”ഞാനൊരു സംഭവം പറയാം. അപ്പോൾ നിങ്ങൾക്ക് മനസിലാകും. നമ്മുടെ അരുൺ വരാൻ വൈകിയതിന്റെ കാരണമാണ് ഞാൻ പറയാൻ പോകുന്നത്. അരുണിന്റെ വീട്ടിൽ വൈക്കോലില്ലാത്തതുകൊണ്ട് പശുവിനെ വളർത്തുന്ന അയൽവീട്ടിൽപ്പോയി. അവിടെച്ചെന്ന് ചോദിച്ചപ്പോൾ വീടിനു പിന്നിലെ വൈക്കോൽക്കൂനയിൽനിന്ന് എടുത്തോളാൻ അവിടത്തെ പാറുവാന്റി പറഞ്ഞു.

അങ്ങനെ പിന്നിലേക്കു ചെന്നപ്പോൾ അവിടെയതാ ഒരു മരച്ചുവട്ടിലെ കല്ലിൽ അവിടത്തെ കൃഷ്ണച്ചേച്ചി ഇരിക്കുന്നു. കരയുകയാണ്. എന്തിനാ കരയുന്നതെന്ന് അന്വേഷിച്ചപ്പോൾ കൃഷ്ണച്ചേച്ചി കാര്യം പറഞ്ഞു. അച്ഛൻ തലേന്ന് കുടിച്ചിട്ടാണ് വന്നത്. കൃഷ്ണച്ചേച്ചിയെ ഒരു കാര്യവുമില്ലാതെ വഴക്കു പറഞ്ഞു. പഠിച്ചുകൊണ്ടിരുന്ന പുസ്തകം കീറിക്കളഞ്ഞു. ‘കുടിക്കല്ലേ അച്ഛാ’ എന്നു പറഞ്ഞ് കരഞ്ഞപ്പോൾ ഇനിയും കുടിക്കുമെന്നും പറഞ്ഞത്രേ.

കാര്യമൊക്കെ കേട്ടപ്പോൾ അരുൺ ചേച്ചിയെ ആശ്വസിപ്പിച്ചു. ഈശോയുണ്ട് സഹായിക്കാൻ, പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞുകൊടുത്തു. ഈ ക്രിസ്മസ്‌കാലത്ത് മുഴുവൻ കൃഷ്ണച്ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് വാക്കും നല്കി. അതോടെ കൃഷ്ണച്ചേച്ചി പുഞ്ചിരിച്ചു. നിരാശപ്പെടാതെ പഠിക്കാനും തീരുമാനിച്ചു.

അരുൺ ചെയ്തത് എത്ര വലിയ കാര്യമാണെന്നറിയാമോ? വിഷമിച്ചിരുന്ന കൃഷ്ണച്ചേച്ചിക്ക് ഈശോയെ കൊടുത്തു. അപ്പോൾ ആ ചേച്ചിയുടെ കരച്ചിൽ മാറി ചിരി വന്നു. അരുണിന്റെ മനസിലും ഈശോയെ സൂക്ഷിക്കുന്നു. കണ്ടോ, അങ്ങനെ നമ്മുടെയും മറ്റുള്ളവരുടെയും മനസിൽ ഈശോക്ക് താമസിക്കാൻ ഇടം കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ക്രിസ്മസ് ഉണ്ടാകുന്നത്. നിങ്ങളും ഇനി അങ്ങനെ ചെയ്യില്ലേ?”

”ചെയ്യും, ഉറപ്പായും ചെയ്യും” കുട്ടിക്കൂട്ടം ഒരുമിച്ച് പറഞ്ഞു. കുറച്ചുനേരം അവിടെയിരുന്ന് അതേപ്പറ്റി സംസാരിച്ചു. പിന്നെ സന്തോഷത്തോടെ വീടുകളിലേക്ക് നടന്നു. മനസിൽ ഈശോയെ വയ്ക്കുന്ന യഥാർത്ഥ ക്രിസ്മസായിരുന്നു ആ കുരുന്നുമനസുകളിൽ അപ്പോൾ നിറഞ്ഞുനിന്നത്….

Leave a Reply

Your email address will not be published. Required fields are marked *