നിക്കോളാസ് ടാവലിക്ക് എന്ന ഫ്രാൻസിസ്‌ക്കൻ വൈദികൻ വിശുദ്ധനാട്ടിൽ ശുശ്രൂഷയ്ക്കായി എത്തുന്നത് 1384-ലാണ്. തീർത്ഥാടനത്തിന് വരുന്ന ക്രൈസ്തവരെ സഹായിച്ചും തീർത്ഥാടനസ്ഥലങ്ങൾ പവിത്രമായി കാത്തുസൂക്ഷിച്ചും ക്രിസ്തുവിന്റെ മരണോത്ഥാനങ്ങൾ നടന്ന മണ്ണിൽ അദ്ദേഹം സാക്ഷ്യജീവിതം നയിച്ചുവന്നു.
ക്രിസ്തുവിനെ അറിയാത്ത വിജാതീയരായ അനേകം മനുഷ്യർ ജറുസലേമിലും സമീപ പ്രദേശങ്ങളിലും വസിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ക്രിസ്തുവിന്റെ രക്ഷയും സ്‌നേഹവും അവരുമായി പങ്കുവയ്ക്കണം എന്ന ചിന്ത നിക്കോളാസിന്റെ ഹൃദയത്തിൽ ദൈവാത്മാവ് കോറിയിട്ടു. സുവിശേഷതീക്ഷ്ണതയാൽ ജ്വലിച്ച അദ്ദേഹത്തിന്റെ ആത്മാവിൽ പുതിയ കനലിടാൻ മറ്റ് മൂന്ന് ഫ്രാൻസിസ്‌ക്കൻ സഹോദരരെയും ദൈവം ഒരുക്കി. സ്വസ്ഥമായ ശുശ്രൂഷാജീവിതം ആ നാല് മിഷനറിമാർക്കും അസാധ്യമാകുംവിധം ദൈവാത്മാവ് അവരെ നയിച്ചു.
വിജാതീയരുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കാൻ പോകുന്ന സഹോദരർക്കായി വിശുദ്ധ ഫ്രാൻസിസ് അസീസി രണ്ട് മാർഗങ്ങളാണ് അനുശാസിച്ചിരുന്നത് (റൂൾ ഓഫ് 1221). ദൈവപിതാവിന്റെ മഹത്വത്തിനായി കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് എല്ലാ മനുഷ്യർക്കും വിധേയപ്പെട്ട് ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക (1പത്രോ 2:13-14)) എന്നതാണ് ആദ്യമാർഗം.
ശ്രോതാക്കളുടെ മാനസാന്തരത്തിനായി സകല മനുഷ്യരുടെയും സ്രഷ്ടാവായ ത്രിതൈ്വകദൈവത്തെക്കുറിച്ചും രക്ഷകനും വിമോചകനുമായ യേശുക്രിസ്തുവിനെക്കുറിച്ചും പരസ്യമായി പ്രസംഗിക്കുക എന്നതാണ് രണ്ടാമത്തെ വഴി. അത്രയും കാലം ആദ്യമാർഗം പിന്തുടർന്ന ആ നാല് ഫ്രാൻസിസ്‌ക്കൻ മിഷനറിമാരും വിജാതീയരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാൻ തീരുമാനിച്ചു. ആദ്യ വചനപ്രഘോഷണത്തിനായി അവർ തിരഞ്ഞെടുത്തതാകട്ടെ ജറുസലേമിൽത്തന്നെയുള്ള വിജാതീയരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നും.
അവിടേയ്ക്ക് കടന്നുചെന്ന് ക്രിസ്തുവിന്റെ സുവിശേഷം അവർ ധൈര്യപൂർവം പ്രസംഗിച്ചു. രക്ഷ പ്രാപിക്കുന്നതിനായി യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അവർ പ്രഖ്യാപിച്ചു. പെട്ടന്നുള്ള മിഷനറിമാരുടെ കടന്നുവരവും സുവിശേഷപ്രഘോഷണവും അധികാരം കയ്യാളിയിരുന്ന ആ വിജാതീയസമൂഹത്തെ അസ്വസ്ഥമാക്കി.
നിലപാട് മാറ്റണമെന്ന് ആ നാല് ഫ്രാൻസിസ്‌ക്കൻ സഹോദരരോടും വിജാതീയർ ആവശ്യപ്പെട്ടു. പിൻവാങ്ങാൻ തയാറാകാതിരുന്ന ആ ഫ്രാൻസിസ്‌ക്കൻ സഹോദരങ്ങളെ വലിയൊരു സമൂഹത്തിന്റെ മുമ്പിൽ വച്ച് 1391 നവംബർ 14-ന് ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തി.
1340-ൽ ക്രൊയേഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് നിക്കോളാസിന്റെ ജനനം. വിശുദ്ധനാട്ടിലെ ശുശ്രൂഷയ്ക്കായി വരുന്നതിന് മുമ്പ് ബോസ്‌നിയയിൽ അദ്ദേഹം 12 വർഷം മിഷനറിയായി പ്രവർത്തിച്ചു. നിക്കോളാസ് ഉൾപ്പെടെ 60 പേരടങ്ങുന്ന ആ മിഷനറി സംഘത്തിന്റെ പ്രവർത്തനത്താൽ 50,000-ത്തോളം പേരാണ് ബോസ്‌നിയയിൽ മാനസാന്തരപ്പെട്ടത്. യേശുവിന്റെ ബലിയുടെ തുടർച്ചയെന്നവണ്ണം വിശുദ്ധ നാട്ടിൽ ബലിയായി തീർന്ന ഈ നാൽവർ സംഘത്തെ 1970-ൽ പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്