ദൈവസ്‌നേഹത്തിന്റെ ആകൃതി

കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയം ചെയ്യും” (സങ്കീ. 32:10) എന്ന് തിരുവചനം വയിക്കുമ്പോൾ രണ്ട് ചോദ്യങ്ങൾ ഉയരുന്നു. ഒന്ന്: എങ്ങനെയാണ് കർത്താവിൽ ആശ്രയിക്കുന്നത്? രണ്ട്: എങ്ങനെയാണ് സ്‌നേഹം വലയം ചെയ്യുന്നത്?

സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തവരാണല്ലോ മറ്റുള്ളവരെ ആശ്രയിക്കുന്നത്. ഒരു കൊച്ചുകുഞ്ഞിന് തനിയെ ഒന്നും ചെയ്യാൻ കഴിവില്ല. അതുകൊണ്ട് അവൻ എല്ലാ കാര്യങ്ങൾക്കും അവന്റെ അമ്മയെ ആശ്രയിക്കുന്നു. കുഞ്ഞ് പൂർണമായും തന്നെയാണ് ആശ്രയിക്കുന്നതെന്ന് അമ്മയ്ക്കറിയാം. ഈ അറിവ് കുഞ്ഞിനെ ഗാഢമായി സ്‌നേഹിക്കുന്നതിന് അമ്മയെ പ്രേരിപ്പിക്കുന്നു. തന്റെ സമീപത്തായിരിക്കുവാനും തന്നോട് എപ്പോഴും ഒട്ടിച്ചേർന്നിരിക്കുവാനും ആഗ്രഹിക്കുന്ന കുഞ്ഞിനെ അമ്മ വാരിപ്പുണർന്ന് സ്‌നേഹിക്കുന്നു. തന്റെ കരവലയത്തിലൊതുക്കി മാറോട് ചേർത്തുപിടിക്കുന്നു.

കുഞ്ഞിന്റെ ശരീരം പൂർണമായി അമ്മയുടെ ശരീരത്തിലും കരവലയങ്ങൾക്കുമുള്ളിലായ അവസ്ഥ. കൂടുതൽ സ്‌നേഹം തോന്നുമ്പോൾ അമ്മമാർ കുഞ്ഞുങ്ങളെ ഇപ്രകാരം ഇറുകെ ചേർത്തു പിടിക്കാറുണ്ട്. ഇവിടെ അമ്മയുടെ സ്‌നേഹം കുഞ്ഞിനെ വലയം ചെയ്യുന്നു എന്നു പറയാം. മാതൃസ്‌നേഹത്തെ ഒരു വൃത്തത്തോട് ഉപമിക്കാറുണ്ട്. അതിന് തുടക്കമോ ഒടുക്കമോ ഇല്ല. വട്ടം ചുറ്റി പൊയ്‌ക്കൊണ്ടേയിരിക്കും. പൊതിഞ്ഞു പിടിക്കുന്ന സ്‌നേഹമാണത്. സുഖവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന സ്‌നേഹമാണത്.

കർത്താവിൽ ആശ്രയിക്കാം
ഇതുപോലെതന്നെയാണ് കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയം ചെയ്യുന്നതും. അത് അനുഭവിക്കണമെങ്കിൽ ഒരു കുഞ്ഞിന്റെ ആശ്രയത്വമനോഭാവം ഉണ്ടാകണം. ”എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹ. 15:5) എന്ന് ഈശോ തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. നാം പൂർണമായും ദൈവത്തിൽ ആശ്രയിക്കുന്നവരാകണം. ഒരു കുഞ്ഞിന്റെ ആശ്രയത്വമനോഭാവത്തോടെയും നിഷ്‌കളങ്കതയോടെയും തന്നെത്തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോൾ അവിടുത്തെ സ്‌നേഹം നമ്മെ വലയം ചെയ്യുന്ന അനുഭവം ഉണ്ടാകും. അമ്മയുടെ കരവലയത്തിൽ അമരുന്നതുപോലെ കുഞ്ഞാകണം.
”അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും” (ഏശ. 66:13) എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അമ്മ കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്നതുപോലെ അവിടുത്തെ സ്‌നേഹം നിന്നെ വലയം ചെയ്യും. ”പർവതങ്ങൾ ജറുസലേമിനെ ചൂഴ്ന്നു നിൽക്കുന്നതുപോലെ, കർത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയം ചെയ്യുന്നു” (സങ്കീ. 125:2).

കർത്താവിന്റെ സ്‌നേഹവലയത്തിൽ സംരക്ഷണവും സുരക്ഷിതത്വവുമുണ്ട്. വലയം ചെയ്യപ്പെടുന്ന അവസ്ഥയിൽ പുറമെനിന്ന് അപകടമൊന്നും ഏൽക്കുകയില്ലല്ലോ. ”നീ കർത്താവിൽ ആശ്രയിച്ചു; അത്യുന്നതത്തിൽ നീ വാസമുറപ്പിച്ചു; നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല. ഒരനർത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല” (സങ്കീ. 91:9-10). വലയം ചെയ്യുന്ന സ്‌നേഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതിന് തുടക്കമോ ഒടുക്കമോ ഇല്ലല്ലോ. അത് എന്നും ചുറ്റിക്കൊണ്ടിരിക്കുന്നു.
വലയം ചെയ്യുന്ന സ്‌നേഹവും അനന്തമാണ്. കർത്താവ് അരുളിചെയ്യുന്നു: ”എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്” (ജറെ. 31:3). ”എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടൻ… എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” (ജറെ. 31:20). തന്റെ ഓമനക്കുട്ടനെ മാറോടുചേർത്തണക്കുന്ന അമ്മയെപ്പോലെ ദൈവം തന്നിൽ ആശ്രയം വയ്ക്കുന്ന ഓരോ മകനെയും മകളെയും വാരിപ്പുണർന്ന് സ്‌നേഹിക്കുന്നു.

”അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവ് പകരുന്നു” (സങ്കീ. 119:130).

മാത്യു ജോസഫ് കരിപ്പാത്ത്

Leave a Reply

Your email address will not be published. Required fields are marked *