പുതുജീവിതം വേണമെങ്കിൽ

ഇന്നലെകളുടെ വേദനകളിൽ കുടുങ്ങിപ്പോകാതെജീവിതത്തെ പുതുതാക്കാൻ…

 

അന്ന് അവളുടെ വിവാഹമായിരുന്നു. വീടുമുഴുവൻ ആഘോഷമയം. ഒരുക്കങ്ങളെല്ലാം പൂർത്തിയാകാറായി. ഭംഗിയായി അലങ്കരിച്ച കേക്കും എത്തിക്കഴിഞ്ഞു. കുറച്ചുപേർ വധുവിനെ ഒരുക്കുന്ന തിരക്കിലാണ്. മനോഹരമായ വിവാഹ വസ്ത്രത്തിൽ അവൾ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായി കാണപ്പെട്ടു. ഈ തിരക്കുകൾക്കിടയിലാണ് ആരോ ആ കത്ത് അവളെ ഏൽപിക്കുന്നത്. അത് തന്നെ വിവാഹം ചെയ്യാൻ പോകുന്നയാളുടെ കത്താണ്. തിടുക്കത്തിൽ ആ കത്തു പൊട്ടിച്ചു വായിച്ചു. അയാൾ ആ വിവാഹത്തിൽനിന്നും പിൻമാറിയിരിക്കുന്നു.

സന്തോഷം തിരതല്ലിയ വീട് പെട്ടെന്നു മ്ലാനമായി. അന്ന് അവൾ ആ വിവാഹവസ്ത്രം മാറാൻ തയ്യാറായില്ല. പിറ്റേന്നും അവൾ അതു മാറിയില്ല. പിന്നീട് അവളുടെ ജീവിതത്തിൽ ഒരിക്കൽ പോലും ആരും അവളെ മറ്റൊരു വസ്ത്രത്തിൽ കണ്ടിട്ടില്ല. വിവാഹത്തിനൊരുക്കിയ ഭക്ഷണവും കേക്കുമെല്ലാം അവളുടെ ഊട്ടുമുറിയിൽ മേശയിൽ ദിവസങ്ങളോളം അങ്ങനെതന്നെയിരുന്നു. ക്ലോക്കുകൾ അവൾക്ക് ആ കത്തു കിട്ടിയ സമയംമാത്രം കാണിക്കുന്ന വിധത്തിൽ ക്രമീകരിക്കപ്പെട്ടു! പ്രശസ്ത ഇംഗ്ലിഷ് നോവലിസ്റ്റായ ചാൾസ് ഡിക്കൻസിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷൻസ് എന്ന നോവലിലാണ് മിസ്സ് ഹവിഷാം എന്ന പ്രസ്തുത കഥാപാത്രത്തെ നാംw-1 കാണുന്നത്.
ഈ കഥയിലേതുപോലെ നമ്മളും പലപ്പോഴും ചില വേദനിപ്പിക്കുന്ന അനുഭവങ്ങളിൽ കുടുങ്ങിപ്പോകാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാട്, ചില പരാജയങ്ങൾ, തിരസ്‌കരണങ്ങൾ, അപമാനങ്ങൾ… പാപത്തിൽ വീണതിന്റെ ഓർമ്മകൾ…ചില ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ അനുഭവങ്ങൾ…കാലമെത്ര കഴിഞ്ഞാലും മായാതെ അതങ്ങനെ മനസ്സിൽ തങ്ങി നില്ക്കാം. പക്ഷേ, എല്ലാം നവീകരിക്കാനും നന്മയ്ക്കായി മാറ്റാനും കഴിവുള്ള കർത്താവ് നമുക്ക് ഉറപ്പു തരുന്നുണ്ട്, ”കഴിഞ്ഞകാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ? ഞാൻ വിജനദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും”(ഏശ. 43:18-19)

കുടുങ്ങിപ്പോകാതിരിക്കാൻ
മധ്യവയസ്‌കരായ ഡോറിസ് ഫ്രാൻസിസും ഭർത്താവ് വിക്ടറും മകൾ നിക്കിയുമൊത്ത് ആശുപത്രിയിൽ പോകുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. തിരക്കിനിടയിൽ ഒരു കാർ അവരെ ഇടിച്ചു തെറിപ്പിച്ചു. ആ ദുരന്തത്തിൽ നിക്കി എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു. മകൾ മരിച്ചെന്നു കേട്ടപ്പോൾ ആ അമ്മ ബോധരഹിതയായി വീണുപോയി. മിക്കവാറും ദിവസങ്ങളിൽ അപകടം നടന്ന ആ സ്ഥലത്തു വന്നുനിന്ന് അവർ കരയും. ഒരു ദിവസം അവർ ഭർത്താവിനോടു പറഞ്ഞു. ഈ അപകടങ്ങൾ തടയാൻ നമുക്ക് എന്തെങ്കിലും ചെയ്താലോ?

അങ്ങനെ എല്ലാ ദിവസവും രാവിലെ റോഡിൽ ഏറ്റവും തിരക്കേറുന്ന സമയത്ത് അവർ ട്രാഫിക് നിയന്ത്രിക്കാൻ ആരംഭിച്ചു. ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും സഹകരിച്ചു തുടങ്ങി. ഡൽഹിയിലുള്ള ഖോരാ എന്ന ആ സ്ഥലം ഇപ്പോൾ ഒരു അപകടരഹിത മേഖലയാണ്. എല്ലാ ദിവസവും ദേവാലയത്തിൽ പോകുന്ന ഡോറിസ് പറയുന്നു: ”ഇപ്പോൾ ഞാൻ കരയാറില്ല. എന്റെ മനസ്സിൽ നല്ല ശാന്തിയാണ്. എനിക്കറിയാം, എന്റെ മകൾ നിക്കി സ്വർഗ്ഗത്തിൽനിന്നും പുഞ്ചിരി തൂകുന്നുണ്ട്.”

ഇങ്ങനെയുള്ള സംഭവങ്ങൾമാത്രമല്ല ചിലപ്പോൾ, സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധവും നമ്മെ കുടുക്കിയിടാം. ഇനി എനിക്ക് പുണ്യത്തിൽ വളരാൻ സാധിക്കുമോ എന്നു കരുതി തളർന്നിരിക്കുകയുമാകാം. പക്ഷേ നമുക്കായി നമ്മുടെ കർത്താവിന്റെ കരുണയുള്ള ഹൃദയം കാത്തിരിക്കുന്നുണ്ട്. ഫൗസ്റ്റീനാ പുണ്യവതിയോട് അവിടുന്ന് പറയുന്നതനുസരിച്ച്, ഏറ്റവും വലിയ പാപിക്കാണ് അവിടുത്തെ കരുണയിൽ ആശ്രയിക്കാൻ ഏറ്റവും യോഗ്യത.

ഒരു കുഞ്ഞ് താൻ അനുസരണക്കേടു കാണിച്ചല്ലോ, അമ്മ തന്നെ ശിക്ഷിച്ചാലോയെന്നു കരുതി ഭയന്ന് മാറി ഒളിച്ചിരുന്നാൽ അവനു തോന്നും അമ്മ തന്നോട് ഒരിക്കലും ക്ഷമിക്കില്ലായെന്ന്. എന്നാൽ ഇനി ഞാൻ അങ്ങനെ ചെയ്യില്ലാ എന്നു പറഞ്ഞ് ഓടിച്ചെന്നാൽ അമ്മ അവനെ സ്‌നേഹത്തോടെ ചേർത്തു പിടിക്കുകയും അവൻ ചെയ്തതൊക്കെ മറന്നു പോകുകയും ചെയ്യുന്നുവെന്ന് കൊച്ചുത്രേസ്യാ പുണ്യവതി നമ്മെ ഓർമ്മിപ്പിക്കുന്നു.

തിരികെ വരൂ, ഭയക്കേണ്ട
ഇതുപോലെ കർത്താവും നമുക്ക് ചിന്തിക്കാവുന്നതിലുമൊക്കെ അധികം കരുണയുള്ളവനാണ്. വചനം പറയുന്നു: ”കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെൺമയു ള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിളിപോലെ വെളുക്കും” (ഏശ. 1 :18)

പരാജയങ്ങളെ അതിജീവിച്ച് ചരിത്രത്തിൽ സ്ഥാനം നേടിയ എത്രയോ മഹത്‌വ്യക്തികളുണ്ട്. ആ പരാജയമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനം എന്നുപോലും ചിലർ പറയുന്നതു നാം കേട്ടിട്ടുണ്ടല്ലോ. ”കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും” (സുഭാ.3:5) എന്ന തിരുവചനം നമുക്കോർക്കാം. നമ്മുടെ ബുദ്ധി നമ്മെ പരാജയപ്പെടുത്തിയേക്കാം. കൂടെയുണ്ടാകുമെന്നു കരുതിയവർ പിന്മാറിയേക്കാം പക്ഷേ കർത്താവിന്റെ സ്‌നേഹം ഒരിക്കലും നമ്മെ പിരിയുകയില്ല. എത്രയോ ഭാഗ്യവാന്മാരാണ് നമ്മൾ!

വീണിടത്തുനിന്നും ശക്തി ആർജ്ജിച്ച് ജീവിതത്തെ വീണ്ടും പടുത്തുയർത്താൻ നമുക്ക് സർവ്വശക്തനായ ദൈവമാണ് കൂട്ടിനുള്ളത്. അവിടുന്ന് പറയുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്” (ജറെ. 29: 11)

അനു ജോസ്

Leave a Reply

Your email address will not be published. Required fields are marked *