ഈശോയുടെ വാക്കുകൾ ആഗ്ലെ എന്ന യുവതിയെ നയിച്ചത് ഒരു ഒളിച്ചോട്ടത്തിലേക്കാണ്.
പരിശുദ്ധമായ ആ ഒളിച്ചോട്ടത്തിന്റെ കഥ നമ്മെയും യഥാർത്ഥ ആനന്ദം കെത്താൻ സഹായിക്കും.
മേരി നിശ്ശബ്ദയായിരുന്ന് ഒരു തുണി തയ്ക്കുകയാണ്. സമയം സന്ധ്യയായി. എല്ലാ കതകുകളും അടച്ചിരിക്കുന്നു. നസറേത്തിലെ ആ ചെറിയ മുറിയിൽ മൂന്നു തീനാളങ്ങൾ കത്തുന്നുണ്ട്. ഈ സമയത്ത് പ്രധാന വാതിലിൽ ഒരു ചെറിയ മുട്ട് കേട്ടു. മേരി എഴുന്നേറ്റു കതകിനടുത്തു ചെന്ന് തുറക്കുന്നതിനു മുമ്പായി ചോദിച്ചു. ”ആരാണ് മുട്ടുന്നത്?”
നേരിയ ശബ്ദത്തിൽ മറുപടി വന്നു. ”ഒരു സ്ത്രീയാണ്. ഈശോയുടെ നാമത്തിൽ എന്നോടു കരുണ കാണിക്കണമേ.” മേരി കതകു തുറന്നു വിളക്കുയർത്തി ആ തീർത്ഥാടകയെ നോക്കി. തുണിയുടെ ഒരു കൂമ്പാരമാണ് മേരി കണ്ടത്. ”അകത്തു വന്ന് നിനക്കു വേണ്ടതെന്താണെന്നു പറയുക.”
”എനിക്കിപ്പോൾ വേണ്ടത് കാരുണ്യത്തിന്റെ കരങ്ങൾ എന്റെ നേരെ നീട്ടുക എന്നതാണ്. അവിടുന്നുതന്നെയാണാ കാരുണ്യം.” ഇത്രയും പറഞ്ഞിട്ട് അവൾ കരഞ്ഞു തുടങ്ങി. ”നീ ദുഃഖിതയാണെന്ന് ഇത്രയും പറഞ്ഞതിൽനിന്ന് എനിക്കു മനസ്സിലായി. അകത്തു വരൂ, എന്നിട്ടു പറയൂ.” അവൾ പറഞ്ഞു. ”എന്റെ നാഥേ, ഞാൻ പുറജാതിക്കാരിയാണ്. ഒരു വിശുദ്ധയാണെങ്കിൽപോലും യഹൂദരായ നിങ്ങൾക്ക് ഞാൻ അശുദ്ധയാണല്ലോ; യഥാർത്ഥത്തിൽ ഞാൻ രണ്ടിരട്ടി അശുദ്ധയാണ്; ഞാനൊരു വേശ്യയാണ്.”
”എന്റെ മകനിലൂടെ നീ എന്നെക്കാണുകയും നീ എന്റെ അടുത്തേക്കു വരുകയും ചെയ്യുന്നുവെങ്കിൽ പശ്ചാത്താപമുള്ള ഒരു ഹൃദയം നിനക്കുണ്ടായേ മതിയാകൂ. ദുഃഖിതരെ സ്വാഗതം ചെയ്യുന്ന ഭവനമാണിത്.”
മേരി അവളെ മുറിക്കുള്ളിലേക്കു കൂട്ടിക്കൊണ്ടു വന്ന് കതകടച്ചശേഷം അവളോട് ഇരിക്കാൻ നിർദ്ദേശിച്ചു. എന്നാൽ, അവൾ ഇരിക്കാനാഗ്രഹിച്ചില്ല. വിനയപൂർവ്വം കുനിഞ്ഞുനിന്നുകൊണ്ട് കരച്ചിൽ തുടർന്നു. അവളെ സമാധാനിപ്പിക്കാൻ മേരി ക്ഷമാപൂർവ്വം മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മേരി ആഗതയുടെ കൈയിൽ പിടിച്ചിരിക്കയാണ്. ഒടുവിൽ അവൾ കരച്ചിൽ നിറുത്തിപ്പറഞ്ഞു: എന്റെ പാപമോചനത്തിന്റെ സമയമാകയാൽ ഞാൻ എന്നെത്തന്നെ വെളിപ്പെടുത്താം.”
”അതെ, എന്റെ മകളേ.”
കേൾക്കാൻ കൊതിച്ച വിളി
”ഓ! അതെ, എന്നെ മകളേ എന്നു വിളിക്കൂ. എനിക്കൊരമ്മയുണ്ടായിരുന്നു. ഞാനവരെ വിട്ടുപോയി. അവർ ഹൃദയം പൊട്ടി മരിച്ചതായി പിന്നീടറിഞ്ഞു. എനിക്കൊരച്ഛനുണ്ടായിരുന്നു. അദ്ദേഹം എന്നെ ശപിച്ചു. അദ്ദേഹം പട്ടണത്തിലുള്ളവരോടു പറഞ്ഞു, ”എനിക്കിനി അങ്ങനെ ഒരു മകളില്ല. ഇനി ആരും എന്നെ മകളെന്നു വിളിക്കയില്ല. കഴിഞ്ഞ എട്ടു മാസമായി ഞാൻ കരഞ്ഞുകൊണ്ടു നടക്കുകയാണ്. എന്തെന്നാൽ എനിക്കു കാര്യങ്ങൾ മനസ്സിലായി. എന്റെ കൊള്ളരുതായ്മയെപ്പറ്റി എനിക്കു ബോധ്യംവന്നു. എനിക്കവയോടു വെറുപ്പു തോന്നി. കൂടുതൽ തിരിച്ചറിവ് എനിക്കുണ്ടായെങ്കിലും എന്റെ കണ്ണുനീർ ഇതുവരെയും എന്നെ ശുദ്ധീകരിച്ചില്ല. അതിനെ കഴുകിക്കളയുകയില്ല. ഓ അമ്മേ, എന്റെ കണ്ണുനീർ തുടയ്ക്കൂ. എന്റെ രക്ഷകന്റെ അടുത്തേക്കു പോകത്തക്കവിധം എന്നെ ശുദ്ധീകരിക്കൂ.” ”അതെ, എന്റെ മകളേ, ഞാൻ അങ്ങനെ ചെയ്യാം. നീ ഇവിടെ എന്റെ അടുത്തിരിക്കൂ, സമാധാനത്തോടെ സംസാരിക്കൂ.”
എന്നാൽ അവൾ മാതാവിന്റെ പാദങ്ങളിൽ ചേർന്ന് താഴെ ഇരുന്നു പറഞ്ഞു തുടങ്ങി:
”ഞാൻ സിറാക്കൂസിൽ നിന്നാണ്. 26 വയസു പ്രായമുണ്ട്. ധനവാനും മാന്യനുമായിരുന്ന ഒരു റോമാക്കാരന്റെ കാര്യസ്ഥനായിരുന്നു പിതാവ്. ഞാൻ ഏക മകളായിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായിരുന്ന ഞാൻ എല്ലാക്കാര്യത്തിലും വിജയം വരിച്ചു. എന്നാൽ, നല്ല കാര്യങ്ങളെക്കാൾ നിസ്സാര കാര്യങ്ങളെയാണു ഞാനിഷ്ടപ്പെട്ടിരുന്നത്. സിറാക്കൂസിൽ ഒരു വലിയ തീയേറ്ററുണ്ട്. അവിടെ പോകാനും നൃത്തം കാണാനും ഞാനിഷ്ടപ്പെട്ടിരുന്നു. എന്റെ വീട്ടുമുറ്റത്തെ പുൽത്തകിടിയിൽ അതിനെ അനുകരിച്ചു ഞാൻ നൃത്തം ചെയ്തു. അങ്ങനെ കലാപരമായ ഒരു ശില്പമായി പാറിപ്പറക്കുന്ന ഒരു ശലഭമായി വാഴ്ത്തപ്പെട്ടു. പണക്കാരായ സുഹൃത്തുക്കൾ എന്നെ അഭിനന്ദിച്ചു. അമ്മയ്ക്കും അഭിമാനമുണ്ടായിരുന്നു.”
”എനിക്കു പതിന്നാലു വയസ്സുള്ളപ്പോൾ വീടിന്റെ മുമ്പിലുള്ള കടൽത്തീരത്ത് ഞാൻ തനിയെ ആനന്ദനൃത്തം ചെയ്തത് ഒരു ചെറുപ്പക്കാരന്റെ കണ്ണുകൾ കണ്ടു. പിന്നെ എന്നെ ആസ്വദിച്ച കണ്ണുകൾ നൃത്തത്തിനപ്പുറത്തുള്ള ഇന്ദ്രിയസുഖത്തെപ്പറ്റി മനസ്സിലാക്കിത്തന്നു. അയാളുടെ വിശ്വസ്ത ഭാര്യയാവാനും പിതാവിനോടു സംസാരിക്കാനും ഞാനയാളെ നിർബന്ധിച്ചു. പക്ഷേ, അയാളുടെ നിർബന്ധപ്രകാരം അയാളോടുകൂടി റോമിലേക്ക് ഒളിച്ചോടേണ്ടിവന്നു. ആറുമാസത്തിനുശേഷം അയാളുടെ മൃഗീയത ചവിട്ടിക്കുഴച്ച ഒരു പഴന്തുണിയായി എന്നെ ഉപേക്ഷിച്ച് അയാൾ പോയി. പിന്നെ ഞാൻ ഒരു തെരുവു നൃത്തക്കാരിയായി ജീവിച്ചു. ഒരു നൃത്തഗുരു എന്നെ കണ്ടെത്തി. നൃത്തത്തിൽ പ്രഗത്ഭയാക്കി മാറ്റിയതോടൊപ്പം ഒരു വൃത്തികെട്ട പുഷ്പമായി ഞാൻ തിന്മയുടെ ആഴങ്ങളിലേക്കു പൊയ്‌ക്കൊണ്ടിരുന്നു.” മൂടുപടം അണിഞ്ഞ സ്ത്രീ ഉച്ചത്തിൽ കരഞ്ഞു. ”ഞാൻ സുന്ദരിയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ” എന്നു പറഞ്ഞ് അവൾ മുഖാവരണവും വലിയ മേൽവസ്ത്രവും മാറ്റി. അവൾ അത്രയ്ക്കു സുന്ദരിയായിരുന്നു. മാന്യമായ വസ്ത്രവും മെടഞ്ഞു കെട്ടിയ മുടിയും മനോഹരംതന്നെ.
”പിന്നീട് ഹേറോദേസിന്റെ വിശ്രമകാല വിനോദത്തിനായി എന്നെ ഇവിടെ കൊണ്ടുവന്നു. പിന്നെ ഷമ്മെ എന്നെ ഹെബ്രോണിലേക്കു കൊണ്ടുവന്നു. ഞാൻ ധനികയായി; എന്റെ ദേഹത്താകെ രത്‌നങ്ങളും അണിഞ്ഞിട്ടുണ്ടായിരുന്നു. എന്നാലും ഞാൻ അസ്വതന്ത്രയായിരുന്നു. ഒരു ദിവസം അങ്ങയുടെ പുത്രൻ ഹെബ്രോണിൽ വന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തകിടം മറിച്ചു. അദ്ദേഹം പൊയ്ക്കഴിഞ്ഞപ്പോൾ ആ വാക്കുകൾ എന്നിൽ നിറഞ്ഞുനിന്നു. പിന്നീടൊരിക്കലും അവ എന്നിൽ നിന്നുപോയിട്ടില്ല. അവിടെനിന്നു ഞാൻ ഓടി രക്ഷപ്പെട്ടു.”
ഒളിച്ചോട്ടം പരിശുദ്ധമായതിന്റെ രഹസ്യം
”ഓ! അതൊരു പരിശുദ്ധമായ ഒളിച്ചോട്ടമായിരുന്നു. രക്ഷകനെത്തേടി പാപത്തിൽനിന്നുള്ള ഒളിച്ചോട്ടം. ആ കാലയളവിൽ പിടിക്കപ്പെടാതിരിക്കാൻ മൂടുപടം ധരിച്ചു ഞാൻ നടന്നിരുന്നു. ആ മുഖംമൂടിക്കുള്ളിൽ ആഗ്ലെ സംസ്‌കരിക്കപ്പെടുകയും ചെയ്തു. മൂടുപടം ധരിച്ചു നടന്നിട്ടുപോലും കാമാസക്തരായ പുരുഷന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. അത്തരം സന്ദർഭങ്ങളിലൊക്കെ ഓടി രക്ഷപ്പെടുവാൻ എനിക്കു കഴിഞ്ഞു. രക്ഷകനെ തേടി നടന്ന കാലങ്ങളിൽ എന്റെ കൈയിലുള്ള അളവറ്റ സ്വർണ്ണം വിറ്റു ഞാൻ ജീവിച്ചിരുന്നു. രക്ഷകനെ പിന്തുടർന്ന് ‘തെളിവെള്ള’മെന്ന സ്ഥലത്ത് എത്തി ജീവന്റെ വചനങ്ങൾ ഞാൻ ശ്രവിച്ചു. അവിടെ എന്റെ കഷ്ടത വലുതായിരുന്നു. എന്നാൽ, എന്റെ കഷ്ടത അവിടുത്തെ പാദത്തിലെത്തിക്കുവാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല.”
”പ്രീശന്മാർ അദ്ദേഹത്തെ കെണിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവിടുന്നു പോയിക്കഴിഞ്ഞ് അവർക്ക് എന്നോടു പക തോന്നി. എന്നെ ദേഹോപദ്രവം ചെയ്ത് ഓടിച്ചുവിട്ടു. കീറിമുറിക്കപ്പെട്ട് രക്തമൊലിപ്പിച്ച്, രോഗിയായി ഞാൻ ഇവിടംവരെ എത്തി. ഇതാ ഞാൻ… എന്നോടു കരുണ കാണിച്ചാലും.”
”എന്റെ സ്ത്രീത്വത്തെപ്പറ്റി ഞാനും മറ്റുള്ളവരും മറന്നുകളയാൻ ഞാനെന്താണു ചെയ്യേണ്ടത്? പാപമോചനം ലഭിച്ചുകഴിഞ്ഞേ മരിക്കാവൂ എന്നാണെന്റെ ആഗ്രഹം.”
മാതാവു ചിന്താക്കുഴപ്പത്തിലായി. അമ്മ മനഃപ്രയാസത്തോടെ കരയുകയാണ്. ആ കണ്ണുനീർ പശ്ചാത്താപവിവശയായ ആ സ്ത്രീയുടെ ശരീരത്തിലേക്കു വീണുകൊണ്ടിരുന്നു. മാതാവു മന്ത്രിച്ചു. രക്ഷകരുടെ ജോലി എത്ര വിഷമമേറിയതാണ്.
ആഗ്ലേ പറഞ്ഞു: ”അങ്ങു വളരെ മുഷിച്ചിലിലാണ്, ഞാൻ പൊയ്‌ക്കൊള്ളാം.”
”എന്റെ മകളേ, അങ്ങനെയല്ല. നിന്നെ ചൊല്ലിയല്ല ഞാൻ കരഞ്ഞത്. ഈ ക്രൂരമായ ലോകത്തെ ഓർത്താണ്. ഞാൻ നിന്നെ പോകാനനുവദിക്കയില്ല. ഞാൻ നിന്നെ ഉയർത്തി എടുക്കാം. കൊടുങ്കാറ്റേറ്റ് എന്റെ വീടിന്റെ ഭിത്തിയിൽ വന്നടിച്ച ഒരു കൊച്ചു മീവൽപ്പക്ഷിയാണു നീ. എന്റെ മകളേ, സമയം വളരെ വൈകിയിരിക്കുന്നു. വന്നു വിശ്രമിക്കൂ, നിന്നെ ഞാൻ അന്തസുള്ള ഒരു വീട്ടിൽ പാർപ്പിക്കാം. എന്റേതുപോലുള്ള ഒരു വേഷം ഞാൻ നിനക്കു തരാം. അതു ധരിച്ചാൽ നീ ഒരു യഹൂദസ്ത്രീയെപ്പോലെ ഇരിക്കും.”
ആഗ്ലെ മാതാവിന്റെ മടിയിൽ തലവച്ച് കരം ചുംബിച്ചുകൊണ്ടു പറഞ്ഞു: ”അവർ എന്നെ തിരിച്ചറിയും.” ”ഹെയ്, അവർ തിരിച്ചറിയുകയില്ല. പാപമോചനത്തിനുവേണ്ടിയുള്ള യാത്രയ്ക്ക് നിന്നെ ഞാൻ ഒരുക്കാം. ഇതൊന്നും അറിയാത്ത ജനത്തിന് നീ വ്യത്യസ്തയും അജ്ഞാതയുമായിരിക്കും.” ആഗ്ലെ തന്റെ മുഖാവരണവും വലിയ കുപ്പായവും എടുക്കാൻ ശ്രമിച്ചു.
”അതവിടെ കിടക്കട്ടെ; നശിപ്പിക്കപ്പെട്ട ആഗ്ലെയുടെ വസ്ത്രങ്ങളാണവ.” മേരി അവളെ ജോസഫിന്റെ ചെറിയ മുറിയിലെത്തിച്ചു. ജോസഫ് മരിച്ച് നാളുകളായെങ്കിലും ആ മുറി ശുചിയായിത്തന്നെ കാണപ്പെട്ടു. ആഗ്ലെയുടെ പഴയ വേഷം ആരും കാണാത്തവിധം മറവു ചെയ്യാൻ സ്ഥലം കണ്ടുപിടിക്കാൻ കൈയിലിരുന്ന വിളക്കുമായി മേരി ചുറ്റും നോക്കി.
(ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്)