സ്പാനിഷ് വെള്ളക്കാരൻ ജുവാൻ പോറസിന് അന്ന എന്ന നീഗ്രോ സ്ത്രീയിൽ പിറന്ന കുഞ്ഞാണ് മാർട്ടിൻ ഡി പോറസ്. തെക്കേ അമേരിക്കയിൽ പെറു എന്ന രാജ്യത്ത് ലീമാ നഗരത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നുള്ള പരിഹാസം സഹിക്കവയ്യാതെ ജുവാൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. അന്ന കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തി.
സാധനം വാങ്ങാൻ അമ്മ കൊടുത്തയക്കുന്ന പണം യാചകർക്ക് കൊടുത്തിട്ട് മാർട്ടിൻ വീട്ടിലെത്തും. അമ്മ അവനെ ശകാരിക്കും, തല്ലും. എങ്കിലും അടുത്ത തവണയും അങ്ങനെതന്നെ ചെയ്യും. ഒരിക്കൽ മാർട്ടിൻ തന്റെ സഹോദരിയോട് പറഞ്ഞു: ”നമ്മുടെ തൊലിയുടെ നിറമല്ല, ആത്മാവിന്റെ നിറമാണ് പ്രധാനം. നമ്മുടെ ആത്മാവ് വെൺമയുള്ളതും ദൈവത്തെ പ്രസാദിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നതുമാണെങ്കിൽ നാം കറുത്തവരായി ജനിച്ചതുകൊണ്ടോ പിതാവ് നമ്മെ ഉപേക്ഷിച്ചതുകൊണ്ടോ ദുഃഖിക്കേണ്ടതില്ല.”
ദൈവികജ്ഞാനത്തിന്റെ ആ വാക്കുകൾ പറഞ്ഞ ആ ബാലനാണ് പിന്നീട് വിശുദ്ധ മാർട്ടിൻ ഡി പോറസ് എന്ന് പ്രശസ്തനായത്.