കൃപയൊഴുകുന്ന ഒരു രാവും കാത്ത്

കൃപ ലഭിച്ചവർക്കേ ശാന്തി കൈവരുകയുള്ളൂ.
എല്ലാ അശാന്തിയിൽനിന്നും വിടുതൽ നല്കാൻ പര്യാപ്തമായ ആ ദൈവകൃപ എങ്ങനെയാണ് സ്വന്തമാക്കാൻ കഴിയുക.

ഒരിക്കൽ ഒരു രാജാവ് തന്റെ രാജ്യത്തിലെ ഏറ്റവും മികച്ച ചിത്രകാരനെ കണ്ടെത്തുന്നതിന് ഒരു ചിത്രരചനാ മത്സരം നടത്തി. വളരെ മനോഹരമായ ഒത്തിരിയേറെ ചിത്രങ്ങളും അവയുടെ രചയിതാക്കളും മത്സരത്തിനെത്തി. വളരെ വർണശബളമായ മനോഹര ചിത്രങ്ങൾ! നോക്കിയാൽ ആരും നോക്കിയിരുന്നുപോകും. അത്രയേറെ മനോഹരമായിരുന്നു എല്ലാ ചിത്രങ്ങളും. അതിൽനിന്നൊരു ഒന്നാമനെ കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു. രാജാവ് ആദ്യംതന്നെ അക്കൂട്ടത്തിൽനിന്ന് ഏറ്റവും മനോഹരമായ പത്തുചിത്രങ്ങൾ തിരഞ്ഞെടുത്തു. ആ പത്തു ചിത്രങ്ങളിൽനിന്ന് ഏറ്റവും ഉത്തമമായ സന്ദേശം ലോകത്തിന് നല്കാൻ ഉതകുന്ന ഒരു മനോഹരചിത്രം രാജാവുതന്നെ തിരഞ്ഞെടുത്തു. അത് ഇപ്രകാരമുള്ള ഒന്നായിരുന്നു.

കനത്ത കാലവർഷംകൊണ്ട് ഭീതിപൂണ്ടു നില്ക്കുന്ന പ്രകൃതി. പുഴയുടെ അതിർത്തികളെ തകർത്തുകൊണ്ട് ഭീകരശബ്ദത്തോടെ അലറിപ്പായുന്ന മലവെള്ളം. ആ മലവെള്ളപ്പാച്ചിലിൽ കടപുഴകി വീണ ഒരു വൻവൃക്ഷം. അത് പകുതിയോളം പുഴയിൽ മുങ്ങിക്കിടന്നിരുന്നു. ആകപ്പാടെ ആ ചിത്രത്തിലേക്ക് നോക്കിയാൽ ഒരു ഭീകരാന്തരീക്ഷം ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും അനുഭവവേദ്യമാകും. പക്ഷേ, അതൊന്നുമല്ല ആ ചിത്രത്തെ സമ്മാനാർഹമാക്കിയത്. അലറിയൊഴുകുന്ന പുഴയുടെ ഭീകരശബ്ദത്തെ ഒട്ടും ഭയപ്പെടാതെ കടപുഴകി വീണ വൃക്ഷത്തിന്റെ മുങ്ങാത്ത കൊമ്പുകളിൽ ഒന്നിലിരുന്നുകൊണ്ട് ഒരു കൊച്ചുകിളി ഇമ്പമായി സ്വയം മറന്ന് പാടുന്നു. ഭീകരമായി മൂടിക്കെട്ടിയ പ്രകൃതിയോ ആരെയോ സംഹരിക്കാനെന്നമട്ടിൽ കലിതുള്ളിയൊഴുകുന്ന മലവെള്ള പാച്ചിലിന്റെ ഭീകരശബ്ദമോ ഒന്നും ആ കൊച്ചുകിളിയുടെ സമാധാനത്തെ ഒട്ടും തകർക്കുന്നില്ല. അത് പ്രകൃതിയുടെ എല്ലാ ഭീകരഭാവങ്ങളെയും അവഗണിച്ചുകൊണ്ട് സ്വയം മറന്ന് പാടുകയാണ്. ലോകത്തിന് ഏറ്റവും നല്ലൊരു സന്ദേശം കൊടുക്കുവാൻ കഴിഞ്ഞ ആ ചിത്രത്തിന്റെ രചയിതാവിനെ രാജാവ് ഒന്നാം സമ്മാനാർഹനായി തിരഞ്ഞെടുത്തു. അദ്ദേഹം ആ ചിത്രത്തിന് നല്കിയ അടിക്കുറിപ്പ് ഇതായിരുന്നു. ”ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.”

യേശുവിന്റെ ഈ ലോകത്തിൽ നിന്നുള്ള വേർപാടിന്റെ സമയം അടുത്തപ്പോൾ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു: ”ഞാൻ നിങ്ങൾക്ക് സമാധാനം w-3തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നല്കുന്നത്” (യോഹ. 14:27). ലോകത്തിന് ചിലപ്പോഴൊക്കെ ചില രീതിയിൽ സമാധാനം മനുഷ്യർക്ക് കൊടുക്കുവാൻ കഴിയും. എങ്ങനെയെന്നോ? എല്ലാം അനുകൂലമായി പരിണമിപ്പിച്ചുകൊണ്ട്. ഒരുവന് ഉന്നത വിദ്യാഭ്യാസവും അതിനുതക്ക ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടെന്നിരിക്കട്ടെ. അതോടൊപ്പം അവന്റെ പദവിക്ക് തക്കവിധത്തിൽ നല്ലൊരു വീടും സ്‌നേഹമുള്ള ഭാര്യയും സൽസ്വഭാവവും ബുദ്ധിസാമർത്ഥ്യവുമുള്ള രണ്ട് മക്കളും നല്ല ആരോഗ്യവും സഞ്ചരിക്കാൻ ഒരു നല്ല കാറും ആകുലപ്പെടാതെ ജീവിക്കുവാൻതക്ക ബാങ്ക് ബാലൻസും നല്ല സുഹൃത്ബന്ധങ്ങളും സമൂഹത്തിൽ മാന്യതയും അങ്ങനെ എല്ലാമെല്ലാം ഉള്ളപ്പോൾ അതിനുടമയായവന് നല്ലൊരു സമാധാനവും കൂടെ കുറച്ച് അഹങ്കാരവും തോന്നാം. ഇത് ലോകം നമുക്ക് തരുന്ന സമാധാനമാണ്. സ്‌നേഹവാനായ ഒരു ഭർത്താവും അനുസരണവും ആരോഗ്യവും സൗന്ദര്യവും ക്ലാസിൽ ഉയർന്ന റാങ്ക് മേടിക്കുന്ന കുട്ടികളും നല്ല വീടും കാറും വീതമായി കിട്ടിയ എസ്റ്റേറ്റും എല്ലാമുള്ളപ്പോൾ ഒരു സ്ത്രീക്ക് സന്തോഷവും സമാധാനവുമെല്ലാം തോന്നിയെന്നിരിക്കാം. പക്ഷേ, ഈ സമാധാനവും ലോകത്തിൽ എല്ലാം അനുകൂലമായി പരിണമിക്കുമ്പോൾ തോന്നുന്ന സമാധാനമാണ്. എന്നാൽ യേശു നല്കുന്ന സമാധാനം ഇത്തരത്തിൽ എല്ലാം അനുകൂലമായിരിക്കുമ്പോൾ മാത്രം നമുക്ക് ലഭിക്കുന്ന സമാധാനമല്ല. അനുകൂലങ്ങളിലും പ്രതികൂലങ്ങളുടെ നടുവിലുമെല്ലാം ഒരുപോലെ നമ്മുടെ ഉള്ളിൽ അവിടുന്ന് നല്കുന്ന സമാധാനമാണ്. ഞാൻ അഭ്യസ്ഥ വിദ്യനായി ഒരു ജോലിതേടി അലയുമ്പോഴും എന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നോട് വിപരീതമായി പെരുമാറുമ്പോഴും എന്റെ ഹൃദയത്തെ ദൈവത്തോട് ചേർത്തുനിർത്തുമ്പോൾ കിട്ടുന്ന സമാധാനമാണ്. എന്റെ മക്കൾ അനുസരണക്കേട് കാട്ടുമ്പോഴും അവർക്ക് ഉദ്ദേശിച്ച വിജയം ലഭിക്കാത്തപ്പോഴും അവർ തങ്ങളോട് എതിർത്തു സംസാരിക്കുമ്പോഴും എല്ലാം എന്റെ മനസിനെ ദൈവത്തോട് ചേർത്തുനിർത്തി പതറാതെ കാക്കുന്ന സമാധാനമാണ്. പരീക്ഷയിൽ ഉന്നതവിജയം കിട്ടുമ്പോൾ മാത്രം ലഭിക്കുന്ന ആശ്വാസമോ സമാധാനമോ അല്ല ക്രിസ്തു നല്കുന്ന സമാധാനം. ഉന്നത വിജയം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ പരീക്ഷയിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും പതറാതെ എന്നെ താങ്ങിനിർത്തുന്ന സമാധാനമാണ്. എനിക്ക് ആരോഗ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ എന്റെ ഹൃദയത്തെ ഭരിക്കുന്ന സമാധാനമാണത്. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുമ്പോഴും മണിമേടയിൽ കഴിയുന്നവർക്കുപോലും ഹൃദയത്തിൽ ലഭിക്കാത്ത സമാധാനമാണത്. വിശുദ്ധ പൗലോസ് ശ്ലീഹാ ഈ സമാധാനത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. ”അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാൻ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്” (2 കോറി. 12:10). വീണ്ടും അദ്ദേഹം പറയുന്നു ”വലിയ സഹനത്തിൽ, പീഡകളിൽ, ഞെരുക്കങ്ങളിൽ, അത്യാഹിതങ്ങളിൽ, മർദനങ്ങളിൽ, കാരാഗൃഹങ്ങളിൽ, ലഹളകളിൽ, അധ്വാനങ്ങളിൽ, ജാഗരണത്തിൽ, വിശപ്പിൽ, ശുദ്ധതയിൽ, ജ്ഞാനത്തിൽ, ക്ഷമയിൽ, ദയയിൽ, പരിശുദ്ധാത്മാവിൽ, നിഷ്‌കളങ്കസ്‌നേഹത്തിൽ, സത്യസന്ധമായ വാക്കിൽ, ദൈവത്തിന്റെ ശക്തിയിൽ, വലതുകൈയിലും ഇടതുകൈയിലുമുള്ള നീതിയുടെ ആയുധത്തിൽ, ബഹുമാനത്തിലും അപമാനത്തിലും, സത്കീർത്തിയിലും ദുഷ്‌കീർത്തിയിലും ഞങ്ങൾ അഭിമാനിക്കുന്നു” (2 കോറി. 6:4-8). മുൻപറഞ്ഞ കാര്യങ്ങളിൽ ഞങ്ങൾ സമാധാനമുള്ളവരാണ് എന്നല്ല പൗലോസ് ശ്ലീഹാ പറഞ്ഞത്. പിന്നെയോ ഒരു പടികൂടി കടന്ന് ‘ഞങ്ങൾ അഭിമാനിക്കുന്നു’ എന്നാണ്. എങ്ങനെ സാധ്യമാകുന്നു ഇങ്ങനെ അഭിമാനിക്കാൻ? പ്രിയപ്പെട്ടവരേ, ഈ സമാധാനവും സന്തോഷവും അഭിമാനവുമെല്ലാം യേശുക്രിസ്തുവിന്റെ ആത്മാവ് നല്കുന്നതാണ്. ഇത് സാക്ഷാൽ ദൈവകൃപയാണ്. ഈ വിധത്തിൽ കൃപ ലഭിച്ചവർക്കാണ് സമാധാനം എന്ന് ആദ്യത്തെ ക്രിസ്മസ് നാളിൽ മാലാഖമാർ പാടിയത്.

കൃപ ലഭിച്ചവർ ഭാഗ്യവാന്മാർ
കൃപ ലഭിച്ച ആദ്യത്തെ സമൂഹത്തെ നമുക്ക് ആട്ടിടയന്മാരിൽ കാണാനാകും. ആടുകൾക്കുവേണ്ടി ജീവൻപോലും ബലി കഴിക്കാൻ തയാറുള്ള കുറെ നല്ല ഇടയന്മാർ! ക്രിസ്മസ് രാത്രിയിൽ മരംകോച്ചുന്ന തണുപ്പിൽ അവർ പുതച്ചുമൂടി കിടന്നുറങ്ങുകയായിരുന്നില്ല. അവർ ആടുകളെ കാത്തുകൊണ്ട് ഉണർന്നിരിക്കുകയായിരുന്നു. ആ ത്യാഗം, ആ സന്മനസ് ദൈവം കണ്ടു. ആ ത്യാഗവും സന്മനസും ദൈവകൃപയെ അവരിലേക്കൊഴുക്കി. ഭൂമിയിൽ പിറന്നുവീണ രക്ഷകനെ നേരിൽ കണ്ട് ആരാധിക്കുവാനുള്ള ദൈവകൃപ ഏറ്റവും ആദ്യം ലഭിച്ചത് നിഷ്‌കളങ്കരായ ഈ ആട്ടിടയന്മാർക്കാണ്. അതുവരെ തങ്ങൾ ജീവൻ പണയംവച്ച് കാത്തുകൊണ്ടിരുന്ന ആട്ടിൻപറ്റങ്ങളെ ദൈവത്തിന്റെ കരങ്ങളെ നോക്കുവാനേല്പിച്ചിട്ട് അവർ പിറന്നുവീണ രക്ഷകനെ കാണാൻ ബത്‌ലഹേമിലേക്ക് യാത്രയായി. ദൈവത്തിലുള്ള നിഷ്‌കപടമായ വിശ്വാസമാണ് ഈ കൃപ നേടിക്കൊടുത്തത്.

മൂന്നു രാജാക്കന്മാർ
ഇവരും ദൈവകൃപ ലഭിച്ചവർതന്നെ. പൗരസ്ത്യ ദേശത്തുനിന്ന് യേശുവിന്റെ നക്ഷത്രംകണ്ട് മിശിഹായെ ആരാധിക്കാൻ ഇറങ്ങി പുറപ്പെട്ടവരായിരുന്നു അവർ. ലോകത്തിൽ എത്രയോ രാജാക്കന്മാർ ഉണ്ടായിരുന്നു ആ കാലത്ത്. പക്ഷേ, ഈ മൂന്നു ജ്ഞാനികളെമാത്രം ദൈവം തിരഞ്ഞെടുത്തു യേശുദർശനം നല്കാൻ. അതിനുള്ള കാരണവും വചനത്തിലുണ്ട്. അവർ മൂവരും യഹൂദന്മാരുടെ രാജാവിനെ ആരാധിക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ടവരായിരുന്നു. യേശുവിനെ വകവരുത്തുവാൻ ശ്രമിച്ച ഹേറോദേസ് രാജാവിന് കിട്ടാത്ത കൃപ ആ മൂവർക്കും ലഭിച്ചു. കാരണം അവർ നിഷ്‌കപടരായിരുന്നു.

നമ്മളിൽ പലരും ആത്മീയമായി ഉയരാൻ ആഗ്രഹിക്കുന്നവരും പരിശ്രമിക്കുന്നവരുമൊക്കെ ആയിരിക്കാം. എന്നാൽ നാം ആഗ്രഹിക്കുന്നതുപോലെയൊരു അഭിവൃദ്ധി നമ്മുടെ ആത്മീയ ജീവിതത്തിൽ എത്ര പരിശ്രമിച്ചിട്ടും കിട്ടാത്ത ഒരവസ്ഥയുണ്ടോ? ഒരുപക്ഷേ, നമ്മുടെ ഹൃദയത്തിന്റെ വിശുദ്ധിയില്ലായ്മയായിരിക്കാം അതിന് കാരണം. തിരുവചനങ്ങൾ നമ്മോട് സംസാരിക്കുന്നത് നമുക്ക് കേൾക്കാം. ”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. അത് ശോചനീയമായവിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണ് മനസിലാക്കാൻ കഴിയുക. കർത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെ. 17:10).
ജ്ഞാനികളായ മൂന്ന് രാജാക്കന്മാർ യേശുവിനെ കണ്ട് കുമ്പിട്ടാരാധിക്കാൻവേണ്ടി അവനെ തേടിയിറങ്ങി. എന്നാൽ, മറ്റൊരു രാജാവായ ഹേറോദേസ് ആകട്ടെ അവിടുത്തെ വധിക്കുവാൻവേണ്ടിയാണ് അവനെ ആരാധിക്കാനെന്ന വ്യാജേന ഇറങ്ങിപ്പുറപ്പെട്ടത്. അതുപോലെ ആത്മീയതയിൽ വളരണം, ഉയരണം എന്നുള്ള നമ്മുടെ ആഗ്രഹങ്ങൾക്ക് പിന്നിൽ ദൈവത്തിന്റെ മഹത്വവും സഹോദരങ്ങളുടെ നന്മയും ഒന്നുമായിരിക്കില്ല ഒരുപക്ഷേ നമ്മുടെ ലക്ഷ്യങ്ങൾ. അംഗീകാരവും പ്രശസ്തിയും സ്ഥാനമാനങ്ങളുമൊക്കെ ദൈവത്തെ ആരാധിക്കുക എന്ന നമ്മുടെ ലക്ഷ്യത്തിന് പിൻബലമാകുന്നെങ്കിൽ നമുക്കൊരിക്കലും ആത്മീയ ജീവിതത്തിൽ വളരാൻ കഴിഞ്ഞെന്നു വരികയില്ല. അതിനാൽ ദൈവകൃപ ഒഴുകുവാൻ തക്കവിധം നിഷ്‌കപടമായ ഒരു ഹൃദയം തരണമേയെന്ന് രക്ഷകന്റെ ജനനത്തിരുനാളിനുവേണ്ടി ഒരുങ്ങുന്ന ഈ നാളുകളിൽ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

കർത്താവാഗ്രഹിക്കുന്നത് ഹൃദയപരമാർത്ഥതയാണ്. പീലിപ്പോസാണ് നഥാനയേലിനെ യേശുവിന്റെ അടുത്തേക്ക് അയച്ചത്. നഥാനയേൽ യേശുവിന്റെ അടുത്തേക്ക് വരുന്നതുകണ്ട് യേശു അവനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ”ഇതാ നിഷ്‌കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ!” (യോഹ.1:47). നിഷ്‌കപടതയുള്ള ഒരു ജനത്തെയാണ് ഇസ്രായേലിൽനിന്ന് ദൈവം തേടുന്നത്. പുതിയ ഇസ്രായേലായ നമ്മിൽനിന്ന് ദൈവം തേടുന്നതും ഹൃദയപരമാർത്ഥതയാണ്. ‘പരമാർത്ഥ ഹൃദയർ ദൈവത്തെ ദർശിക്കും’ എന്ന വചനംതന്നെ ഇതിന് സാക്ഷ്യം നല്കുന്നു. യേശു തന്റെ പരസ്യജീവിതകാലത്ത് പാപികളോട് അതീവകാരുണ്യം പുലർത്തുന്നവനും അനുതാപത്തിന് പാപികളെ തേടിയിറങ്ങിയവനും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നവനുമൊക്കെയായിരുന്നു. പാപിയാണെന്ന കാരണത്താൽ തന്റെ അടുത്തേക്കുവന്ന ഒരുവനെപ്പോലും യേശു തള്ളിക്കളഞ്ഞില്ല. പക്ഷേ, താൻ പാപിയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ അതിനെക്കുറിച്ച് അനുതപിക്കണം എന്നുമാത്രമേ യേശു ആഗ്രഹിച്ചിരുന്നുള്ളൂ. ചുങ്കക്കാരനായിരുന്ന ലേവിയും മുണ്ടനായിരുന്ന സക്കേവൂസും പാപിനിയായിരുന്ന മഗ്ദലന മറിയവുമൊക്കെ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചവരായിരുന്നു. എന്നാൽ, തങ്ങൾ നീതിമാന്മാരാണെന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിച്ച് മറ്റുള്ളവരെ കുറ്റം വിധിച്ചിരുന്ന കപടഹൃദയരായിരുന്ന നിയമജ്ഞരെയും ഫരിസേയരെയും അവിടുന്ന് കർക്കശമായ ഭാഷയിൽത്തന്നെ വിമർശിച്ചു. അവരുടെ മുഖത്തുനോക്കിത്തന്നെ അവിടുന്നത് വിളിച്ചുപറയുകയും ചെയ്തു. ‘കപടഭക്തരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങൾക്ക് ദുരിതം’ എന്ന്. പക്ഷേ അവർ അനുതപിച്ചില്ല എന്നു മാത്രമല്ല, യേശുവിനെ വധിക്കുവാനുള്ള കെണികളൊരുക്കുകകൂടി ചെയ്തു. അനുതാപത്തിലൂടെ ലഭ്യമാകുന്ന
ദൈവകൃപ സ്വീകരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

അതിനാൽ ക്രിസ്മസിനുവേണ്ടി ഒരുങ്ങുന്ന ഈ കാലഘട്ടത്തിൽ നമുക്ക് കൃപക്കുമേൽ കൃപ സ്വീകരിക്കുവാൻ വേണ്ടി പരിശ്രമിക്കാം. അതിനുവേണ്ടി യഥാർത്ഥമായ പാപബോധവും പശ്ചാത്താപവും തരണമേയെന്ന് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാൽ മാത്രം മതി. പാപം ഉള്ളിലുള്ളപ്പോൾ ഹൃദയസമാധാനം അനുഭവിക്കാനാകില്ല. പാപവിമോചനത്തിലൂടെ മാത്രമേ ഹൃദയശാന്തി സ്വന്തമാക്കാനാകൂ. ദൈവം നല്കുന്ന ഏറ്റവും വലിയ കൃപയാണ് പാപത്തിൽനിന്നുള്ള വിടുതൽ. ഈ കൃപ കിട്ടാതെ ക്രിസ്മസിന്റെ സമാധാനം സ്വന്തമാക്കുക സാധ്യമല്ല. ജോസഫിനോട് ദൈവദൂതൻ പറഞ്ഞതിപ്രകാരമാണ് ”നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് മോചിപ്പിക്കും” (മത്താ. 1:21). അതിനാൽ ഈ ക്രിസ്മസിൽ പാപരഹിതമായ ഒരു ഹൃദയത്തിന്റെ ഉടമയാകാൻ നമുക്കുത്സാഹിക്കാം. ആഗതമാകുന്ന ക്രിസ്മസ് ദിനത്തിൽ മാലാഖമാർ നമ്മെ നോക്കിയും പാടട്ടെ ”അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.”

സ്റ്റെല്ല ബെന്നി

1 Comment

  1. Elsamma James says:

    Good!

Leave a Reply

Your email address will not be published. Required fields are marked *