നാശകരമായ ആന്തരികവും ബാഹ്യവുമായ ശക്തികൾക്കെതിരെ സ്വയം രക്ഷിക്കുന്ന സ്നേഹമാണ് ചാരിത്രപരമായ സ്നേഹം. തന്റെ ലൈംഗികതയെ ബോധപൂർവം സ്വീകരിക്കുകയും തന്റെ വ്യക്ത്വത്തിലേക്ക് അതിനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന വ്യക്തി ചാരിത്രമുള്ള വ്യക്തിയാണ്. ചാരിത്ര്യവും ആത്മനിയന്ത്രണവും ഒന്നല്ല. വിവാഹത്തിൽ സജീവ ലൈംഗികജീവിതം നയിക്കുന്ന വ്യക്തി ചാരിത്രമുള്ള വ്യക്തിയുമായിരിക്കണം. ഒരു വ്യക്തിയുടെ ശാരീരിക പ്രവർത്തനം ആശ്രയക്ഷമമായ വിശ്വസ്ത സ്നേഹത്തിന്റെ പ്രകാശനമായിരിക്കുമ്പോൾ അയാൾ ചാരിത്രത്തോടെ പ്രവർത്തിക്കുന്നു.
ചാരിത്രത്തെ ഭോഗാർത്തിയുമായി കൂട്ടിക്കുഴയ്ക്കരുത്. ചാരിത്രത്തോടെ ജീവിക്കുന്ന വ്യക്തി ഭോഗേച്ഛയുടെ കളിപ്പാട്ടമല്ല. അയാൾ ലൈംഗികതയിൽ ബോധപൂർവം സ്നേഹത്താൽ പ്രേരിപ്പിക്കപ്പെട്ടു ജീവിക്കുന്നു. ആ സ്നേഹത്തിന്റെ പ്രകാശനമായി അതിൽ ജീവിക്കുന്നു. ചാരിത്രരഹിതമായ പെരുമാറ്റം സ്നേഹത്തെ ദുർബലമാക്കുന്നു. അതിന്റെ അർത്ഥം ദുർജ്ഞേയമാക്കുകയും ചെയ്യുന്നു. കത്തോലിക്കാസഭ ലൈംഗികതയെക്കുറിച്ച് സമഗ്രവും സന്തുലിതവുമായ വീക്ഷണത്തിനുവേണ്ടി വാദിക്കുന്നു. ലൈംഗികാനന്ദം ആ വീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് നല്ലതും മനോഹരവുമാണ്. വ്യക്തിപരമായ സ്നേഹവും അതിലുണ്ട്. കുട്ടികളെ ജനിപ്പിക്കാൻ സന്മനസുണ്ടായിരിക്കുകയെന്ന അർത്ഥത്തിൽ ഫലപുഷ്ടിയും അതിൽ ഉൾക്കൊള്ളുന്നു. ലൈംഗികതയുടെ ഈ മൂന്നുവശങ്ങളും ഒന്നിച്ചു നിലകൊള്ളുന്നുവെന്നാണ് കത്തോലിക്കസഭ മനസിലാക്കുന്നത്. അതുകൊണ്ട്, ഒരു പുരുഷന് ലൈംഗികാനന്ദത്തിനുവേണ്ടി ഒരു സ്ത്രീയും പ്രേമഗാനങ്ങളെഴുതി അയച്ചുകൊടുക്കാൻ രണ്ടാമത് ഒരു സ്ത്രീയും കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി മൂന്നാമത് ഒരു സ്ത്രീയുമുണ്ടായിരുന്നാൽ അയാൾ മൂന്നുപേരെയും ചൂഷണം ചെയ്യുകയാണ്. അയാൾ യഥാർത്ഥത്തിൽ അവരിൽ ആരെയും സ്നേഹിക്കുന്നില്ല.
യുകാറ്റ്