ദൈവം നമുക്കിടയിലേക്ക് ഇറങ്ങിവരുന്ന വഴി ഏതാണ്?
ഒന്നര വയസുകാരിയായ കുഞ്ഞുപെൺകുട്ടി കളിക്കുകയായിരുന്നു. അവളുടെ കളിപ്പാട്ടങ്ങളിൽ ഒരു കൊച്ചു പേഴ്‌സുമുണ്ട്. അമ്മ പേഴ്‌സിൽ പണവും മൊബൈൽ ഫോണുമൊക്കെ വയ്ക്കുന്നത് അവൾ കാണാറുണ്ട്. അതിനാൽ അന്നത്തെ കളിക്കിടയിൽ കടലാസ് കഷ്ണങ്ങളും മറ്റും പേഴ്‌സിനകത്ത് കയറ്റിവച്ചു. കുറേനേരം അങ്ങനെ കളിച്ചു കഴിഞ്ഞപ്പോൾ അവൾക്കൊരു തോന്നൽ, അവളുടെ പാവക്കുട്ടിയെയും ആ പേഴ്‌സിൽ കയറ്റിവയ്ക്കണം.
കുറച്ചുനേരം അതിനായി അവൾ പരിശ്രമിച്ചു. പക്ഷേ പാവക്കുട്ടി പേഴ്‌സിന്റെ ഇരട്ടി വലുപ്പമുള്ളതാണ്. അതിനാൽ എത്ര പരിശ്രമിച്ചിട്ടും അവൾക്കത് പേഴ്‌സിൽ വയ്ക്കാൻ സാധിച്ചില്ല. ഒടുവിൽ അവൾ കരയാൻ തുടങ്ങി. അതുകേട്ടാണ് അമ്മ ശ്രദ്ധിച്ചത്. കരയുന്നതോടൊപ്പം പേഴ്‌സിൽ പാവക്കുട്ടിയെ തിരുകിക്കയറ്റാൻ ശ്രമിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ അമ്മക്ക് കാര്യം മനസിലായി. അവൾ ചെയ്യാൻ ശ്രമിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് മനസിലാക്കിക്കൊടുക്കാൻ എത്ര നോക്കിയിട്ടും അമ്മക്ക് കഴിഞ്ഞതുമില്ല.
ഒടുവിൽ വീടിനകത്ത് എവിടെയൊക്കെയോ തിരഞ്ഞ് ഒരു കുഞ്ഞുപാവയെ കണ്ടെത്തി പേഴ്‌സിനകത്ത് കയറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ അമ്മയുടെ മനസിൽ വിരിഞ്ഞ ആശയം കുഞ്ഞിന്റെ സങ്കടം തീർത്തു. ഒന്നോർത്താൽ സ്‌നേഹമയിയായ ഈ അമ്മയെപ്പോലെയല്ലേ പിതാവായ ദൈവവും. ത്രിതൈ്വകദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയിൽ മനസിലാക്കാൻ മനുഷ്യപ്രകൃതിക്ക് സാധിക്കാത്തതിനാൽ പുത്രൻ സ്വയം ചെറുതായി ഭൂമിയിൽ മനുഷ്യനായി ജനിക്കാൻ അനുവദിച്ചവനാണ് അവിടുന്ന്.
കുഞ്ഞിന്റെ സങ്കടം തീർക്കാൻ കുഞ്ഞുപാവയെ കണ്ടെത്തിക്കൊടുത്തതുപോലെ സകല സൃഷ്ടികളെയും ഉടയവനായ ദൈവപുത്രൻ ഒരു സാധാരണസൃഷ്ടിമാത്രമായിത്തീർന്നു. ഭൂമിയിൽ മനുഷ്യനായി ജനിച്ചു. അതും ദരിദ്രരിൽ ദരിദ്രനായി ഒരു കാലിത്തൊഴുത്തിൽ. ജീവിച്ചതും ഒരു സാധാരണമനുഷ്യനെപ്പോലെ. രാജകീയപ്രതാപത്തോടെ വാഴാൻ അവിടുത്തേക്ക് സാധിക്കുമായിരുന്നല്ലോ. എന്നാൽ എല്ലാ മനുഷ്യർക്കും പ്രാപ്യനാകാൻവേണ്ടി അവിടുന്ന് ഒരു സാധാരണക്കാരനായിത്തന്നെ ജീവിച്ചു. ദൈവം മനുഷ്യനായി താഴേക്കിറങ്ങുന്ന ഈ വഴി അളക്കാനാവാത്ത സ്‌നേഹത്തിന്റെ വഴിയത്രേ.
എന്തിനുവേണ്ടണ്ടണ്ടണ്ടി?
ദൈവം ദൈവികമഹത്വത്തിൽ പ്രത്യക്ഷനാകുകയാണെങ്കിൽ ആർക്ക് അവിടുത്തെ നോക്കാൻ കഴിയും? പഴയ നിയമത്തിൽ പല തവണ ദൈവം മനുഷ്യർക്ക് ദർശനം നല്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അപ്പോഴെല്ലാം അത് വളരെ ഭീതിജനകമായ അനുഭവമാണ്. ദാനിയേൽ പ്രവാചകന് ദൈവികദർശനമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്നവർ മഹാഭീതി പൂണ്ട് ഓടിപ്പോയി. പിന്നെ തനിച്ചായ ദാനിയേൽമാത്രമാണ് ദർശനം കാണുന്നത്. അപ്പോൾ ദാനിയേലിന്റെ ശക്തി ചോർന്നുപോയി. മുഖം തിരിച്ചറിയാൻവയ്യാത്തവിധം മാറിപ്പോയി, ശക്തിയറ്റു. അപ്പോൾ ഒരു സ്വരം കേട്ടു. ആ സ്വരം ശ്രവിച്ചപ്പോഴാകട്ടെ ദാനിയേൽ ബോധമറ്റ് നിലം പതിച്ചു (ദാനി. 10:7 -9).
ദൈവത്തെ നേരിട്ട് കാണണമെന്നില്ല, ദൈവികമഹത്വത്തിന്റെ ദർശനംപോലും ഒരു മനുഷ്യന് താങ്ങാനാകുകയില്ല. ദൈവസൃഷ്ടിമാത്രമായ സൂര്യനെ നഗ്നനേത്രങ്ങൾകൊണ്ട് നോക്കാൻപോലും നമുക്ക് സാധിക്കുകയില്ലാത്തതുപോലെ. അതുകൊണ്ട് ലോകത്തിന്റെ കണ്ണിൽ ഒരു അത്ഭുതശിശുവായിട്ടുപോലുമല്ല, അമ്മയിൽനിന്ന് പിറന്നുവീഴുന്ന സാധാരണ മനുഷ്യക്കുഞ്ഞായിത്തന്നെ ദൈവമായ യേശു പിറന്നുവീണു.
നിസ്സഹായനായ ആ കുഞ്ഞ് അമ്മയായ മറിയത്തിന്റെയും വളർത്തുപിതാവായ യൗസേപ്പിന്റെയും സംരക്ഷണത്തിൽ വളർന്നു. ആ കുഞ്ഞ് ദൈവപുത്രനാണെന്ന് അപ്പോൾ മനസിലാക്കിയവരാകട്ടെ നന്നേ ചുരുക്കവുമായിരുന്നു. തീർത്തും സാധാരണക്കാരായിരുന്ന അപ്പന്റെയും അമ്മയുടെയുംകൂടെ അവരനുഭവിച്ച സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കിട്ട് അവൻ വലുതായി.
സ്വയം വെളിപ്പെടുത്തേണ്ട സമയമായപ്പോൾ യേശു താൻ ദൈവപുത്രനാണെന്നും മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്ന് മോചിപ്പിക്കാൻ വന്ന രക്ഷകനാണെന്നും വെളിപ്പെടുത്തി. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് പരിഗണിക്കപ്പെട്ടിരുന്ന ഇസ്രായേൽജനത്തിനുമാത്രമല്ല വിജാതീയരായവർക്കും അവിടുന്ന് താനാരാണെന്ന് വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാവുന്നു. സമരിയാക്കാരിയുടെ സംഭവം ഉദാഹരണം.
യേശുവിന്റെ സ്‌നേഹഗീതങ്ങൾ
യേശുവിന്റെ ജീവിതത്തെക്കുറിച്ച് ബൈബിളിലില്ലാത്ത വിവരണങ്ങൾ ലഭിക്കുന്ന ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യിൽ സമരിയാക്കാരിയുമായുള്ള കണ്ടുമുട്ടലിന്റെ വിവരണമുണ്ട്. യഥാർത്ഥത്തിൽ, ഫോട്ടിനായി എന്നു പേരുള്ള അവളെ കാണാനും അതുവഴി അവൾക്കും അനേകം സമരിയാക്കാർക്കും രക്ഷകൻ വന്നെന്ന അറിവു കൊടുക്കാനും സ്വയം പരിചയപ്പെടുത്താനുമാണ് യേശു അവിടേക്കു ചെല്ലുന്നത്. യാത്ര ചെയ്തു ക്ഷീണിച്ച് അവിടെ കിണറ്റിൻകരയിൽ അവിടുന്ന് ഇരിക്കുന്നു. അപ്പോഴാണ് ഫോട്ടിനായി വെള്ളമെടുക്കാനായി അവിടേക്ക് വരുന്നത്.
കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് യേശു അവളുമായുള്ള സംഭാഷണം ആരംഭിക്കുന്നു. അതായത് അവളുടെ ജീവിതത്തിലേക്ക് തീർത്തും സാധാരണമായി കടന്നുചെല്ലുകയാണ് അവിടുന്ന്. പിന്നീട് ജീവജലം അവൾക്കു കൊടുക്കാമെന്ന് പറയുന്നു. അത്ഭുതപ്പെട്ടുപോകുന്ന ഫോട്ടിനായി ആ ജീവജലം ചോദിക്കുമ്പോൾ അതിനുമുൻപ് അവളുടെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെടുന്നു. തനിക്കു ഭർത്താവില്ല എന്നവൾ പറഞ്ഞപ്പോൾ യേശു അത് സമ്മതിച്ചുകൊടുത്തുകൊണ്ടു പറയുകയാണ്, ”ശരിയാണ്. നിനക്ക് അഞ്ചു ഭർത്താക്കൻമാർ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവൻ നിന്റെ ഭർത്താവല്ല.” (യോഹ. 4:18) തന്റെ ജീവിതത്തിലെ രഹസ്യം അറിയുന്ന ആ അപരിചിതനെക്കുറിച്ച് അവൾ ആശ്ചര്യപ്പെടുകയാണ്.
ആ ആശ്ചര്യത്തിൽനിന്നാണ് യേശു താൻ രക്ഷകനായ ക്രിസ്തു ആണെന്ന ബോധ്യത്തിലേക്ക് അവളെ നയിക്കുന്നത്. ഒടുവിൽ താൻ കണ്ടെത്തിയ രക്ഷകനെ അവൾ തന്റെ നാട്ടുകാർക്ക് പരിചയപ്പെടുത്തുകകൂടി ചെയ്യുന്നു. അവരും അവിടുത്തെ സ്വീകരിക്കുന്നു. യേശു താൻ ദൈവമായിരിക്കേ ആരാധനാലയങ്ങളിലും ഇസ്രായേൽക്കാരുടെയിടയിലും മാത്രം നിന്നിരുന്നെങ്കിൽ സമരിയാക്കാർ തങ്ങളെയും സ്വീകരിക്കുന്ന ഒരു ദൈവത്തെ എങ്ങനെ മനസിലാക്കും?
ഇവിടെയാണ് ദൈവികസ്‌നേഹം
പ്രകടമാകുന്നത്. തന്റെ കുഞ്ഞിനുവേണ്ടി ചെറിയ പാവക്കുട്ടിയെ കണ്ടെത്തി നല്കിയ അമ്മയെപ്പോലെ സമരിയാക്കാരിക്കു മനസിലാകുന്ന ഭാഷയിൽ തന്റെ ദൈവത്വം യേശു വെളിപ്പെടുത്തുന്നു. ലോകമെങ്ങുമുള്ള സകല മനുഷ്യർക്കും വേണ്ടിയുള്ള രക്ഷയാണ് താനെന്ന്
പ്രഖ്യാപിക്കുകയാണ് അവിടുന്ന്. രക്ഷയായ യേശുവിനെ സ്വാഗതം ചെയ്യുന്ന മനസുകളിലേക്കാണ് അവിടുന്ന് പ്രവേശിക്കുക. അങ്ങനെ മനസുകളിൽ ക്രിസ്തു പിറക്കുമ്പോൾ ക്രിസ്മസ് ഉണ്ടാകുന്നു.
യേശുവിനെ അറിയുന്ന, അവിടുത്തെ ദൈവമായി വരവേൽക്കുന്ന മനസുകളിലേക്ക് സ്‌നേഹത്തിന്റെ വഴികൾ രൂപപ്പെടും. ആ വഴിയിലൂടെ ദൈവം
ഇറങ്ങിവരും. അങ്ങനെ ക്രിസ്തു പിറക്കുന്ന, ദൈവകൃപയുടെ പ്രകാശം പരക്കുന്ന, ക്രിസ്മസ് രാവുകളുണ്ടാകും.