‘ഇവർ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ…?’

43 മിനിറ്റ് വെറും മൂന്ന് മിനിറ്റായി അനുഭവപ്പെടുന്ന ആനന്ദകരമായ സന്ദർഭങ്ങൾ നമുക്കും വേണ്ടേ?

ഞങ്ങളുടെ ഇടവകയിൽ ആദ്യമായി കരിസ്മാറ്റിക് ധ്യാനം നടന്നത് 1994-ലാണ്. സ്വാഭാവികമായും ഞാൻ അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചില്ല. എന്നാൽ ധ്യാനം നടത്തിയ ബ്രദറും ടീമംഗങ്ങളും ഞങ്ങളുടെ വീട്ടിൽ ഭക്ഷണത്തിനെത്തി. ആദ്യദിവസം അവർ വീട്ടിൽവന്ന് ഭക്ഷണം കഴിഞ്ഞ് ദേവാലയത്തിലേക്ക് പോകാൻ തുടങ്ങുമ്പോൾ ബ്രദർ ചോദിച്ചു: ”ജർമൻ അച്ചായൻ (അന്ന് നാട്ടിൽ ഞാനങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) എന്താണ് പള്ളിയിൽ വരാത്തത്?”
ഞാനെന്തോ പറഞ്ഞ് തടിതപ്പി. നാളെ നിശ്ചയമായും വരണം എന്നവർ പറഞ്ഞു. അവരെ അടുത്ത ദിവസവും കാണേണ്ടിവരുമല്ലോ എന്ന ചിന്തയിൽ – പഴി തീർക്കാനായി രാവിലെ ദേവാലയത്തിൽ പോയി. ധ്യാനത്തിൽ സംബന്ധിക്കാൻ പരിപാടിയില്ലായിരുന്നു. അവരെ എന്റെ സാന്നിധ്യം അറിയിച്ച് തിരിച്ചുവരണം എന്നുമാത്രമേ വിചാരിച്ചിരുന്നുള്ളൂ. അപ്പോൾ പത്ത് കല്പനകളുടെ വിശദമായ ഒരു ക്ലാസ് ആയിരുന്നു അച്ചൻ എടുത്തുകൊണ്ടിരുന്നത്. കേൾക്കുവാൻ ഒരു രസം തോന്നി. പള്ളിക്ക് അകത്ത് കയറിയിരുന്ന് അല്പസമയം ക്ലാസ് കേൾക്കാമെന്ന് വിചാരിച്ചു. ഏകദേശം മൂന്നുമണിക്കൂറോളം ക്ലാസ് കേട്ടുകഴിഞ്ഞപ്പോഴാണ് എനിക്ക് പരിസരബോധംപോലും ഉണ്ടായത്.

ക്ലാസുകളെല്ലാം എന്റെ സ്വഭാവങ്ങളെക്കുറിച്ചായിരുന്നുവെന്ന് തോന്നി. എന്തോ ഒരു ഭയം ഉള്ളിൽ അനുഭവപ്പെട്ടു. അപ്പോഴാണ് നാളെ കുമ്പസാരം ഉണ്ടെന്നും അതിലൂടെ എന്റെ ഭയത്തിന് കാരണമായവയെല്ലാം എടുത്തുമാറ്റപ്പെടും എന്നും അറിഞ്ഞത്. അവിടെയും ഈവിധമായ വൈകാരിക അനുഭവങ്ങളിൽ എന്റെ ബുദ്ധി എന്നെ സഹായിക്കാൻ വന്നു. വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോൾ എനിക്ക് തോന്നിയ പാപബോധമോ കുറ്റബോധമോ എല്ലാം മാറ്റിക്കളയുന്ന ഒരു ചിന്ത എന്നെ നയിക്കാൻ തുടങ്ങി. ആ ചിന്ത വളരെ ശക്തമായിരുന്നു.

അതിങ്ങനെ ആയിരുന്നു: ”ഇതെല്ലാം അവർ പുലമ്പുന്ന കുറെ അസത്യങ്ങളാണ്. അവർ ഒന്നും അറിയാത്ത കുറെ സാധാരണ മനുഷ്യരാണ്. എന്നാൽ ഞാൻ വലിയ കഴിവുകളുള്ള അസാധാരണ വ്യക്തിത്വമാണ്.” ഈ അഹങ്കാരത്തിൽ ഞാൻ എന്റെ ധ്യാനം അപ്പോൾ നിർത്തുമായിരുന്നു. അപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്വരം ഞാൻ കേട്ടു. ”ഇവർ പറഞ്ഞത് വല്ലതും സത്യം ആണെങ്കിൽ നിന്റെ കാര്യം പോക്കാണ്.”

സത്യമാണെങ്കിൽ
ചിരിച്ച് തള്ളാവുന്ന ഒരു സാധാരണ വചനം. പക്ഷേ, അത് എനിക്കേറ്റ ഒരു വലിയ പ്രഹരം ആയിരുന്നു. ഞാൻ വിറച്ചുപോയി. ഒരു കൊച്ചുകുട്ടിയെപ്പോലെ ഭയപ്പെട്ടു. അപ്പോൾ ആ ആശ്വാസവചനം കേട്ടു: ”നാളെ കുമ്പസാരമാണ്. അതോടെ നിനക്ക് നിർഭയനായ ഒരു പുതിയ സൃഷ്ടിയായി തീരാമല്ലോ.” എത്ര ആശ്വാസം തോന്നിയ നിമിഷങ്ങൾ. വീട്ടിൽ ചെന്നപ്പോൾ മുതൽ വീണ്ടും കുമ്പസാരിക്കാനുള്ള മടി എന്നെ ഗ്രസിക്കുവാൻ തുടങ്ങി. ഇതുവരെ കള്ളക്കുമ്പസാരം നടത്തിയിരുന്ന ഞാൻ അച്ചന്റെ അടുത്തുചെന്ന് ശരിയായി കുമ്പസാരിക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. അപ്പോൾ എന്റെ മനസിൽ വീണ്ടും തോന്നിച്ചു, ഈ ജനത്തെ മുഴുവൻ കുമ്പസാരിപ്പിക്കാൻ അനേകം വൈദികർ വരും. ആ കൂട്ടത്തിൽ അധികം ശബ്ദം കേൾക്കാത്ത, പ്രായമായ വൈദികരും കാണും. അവിടെ ധൈര്യമായി, സ്വസ്ഥമായി കുമ്പസാരിക്കാമല്ലോ എന്ന്. ഈ ചിന്ത വീണ്ടും എന്നെ ആശ്വസിപ്പിച്ചു.

രാത്രി അധികം ഉറങ്ങിയില്ല. പിറ്റേന്നത്തെ കുമ്പസാരവും മറ്റു ചിന്തകളുമായി രാത്രി കഴിച്ചുകൂട്ടി. ആത്മശോധന അല്ലായിരുന്നു അത്. രാവിലെതന്നെ പള്ളിയിൽ പോയി. അധികം ആളുകൾ എത്തിയിട്ടില്ലാത്ത, എനിക്ക് യോജിച്ചതെന്ന് തോന്നിയ, ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു പുരോഹിതന്റെ മുന്നിൽ ഞാൻ എന്തെല്ലാമോ പറഞ്ഞു. ഈ പുരോഹിതൻ എന്റെ മുഖത്ത് നോക്കിയില്ല. ഒരു മൂന്നുമിനിറ്റ് നല്ലതുപോലെ കുമ്പസാരിച്ചു എന്നെനിക്ക് തോന്നി. എന്റെ ഹൃദയത്തിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. അത്രയായിരുന്നു ഈ ഭയങ്കര സമയം.

അച്ചൻ എന്നോട് എന്തെല്ലാമൊക്കെയോ പറഞ്ഞു. ഞാൻ അവിടെനിന്ന് രക്ഷപെട്ട് തിരിച്ച് ദേവാലയത്തിലേക്ക് കയറിപ്പോകുമ്പോൾ, ഒരു വലിയ ആശ്വാസം എന്നെ കീഴടക്കിയിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത സന്തോഷത്തിൽ, സ്വാതന്ത്ര്യത്തിൽ ആയിരുന്നു. അതുകൊണ്ട് എന്നെ ശ്രദ്ധിച്ചുനില്ക്കുകയായിരുന്നു എന്നു തോന്നിയ എന്റെ വികാരിയച്ചനോട് ഞാൻ വെറുതെ ഒരു രസത്തിനുവേണ്ടി ചോദിച്ചു, ”അച്ചാ, ആരാണ് ആ കുമ്പസാരക്കൂട്ടിൽ ഇരുന്ന് കുമ്പസാരിപ്പിക്കുന്നത്?” അച്ചൻ എന്റെ മുഖത്ത് കുറെനേരം സൂക്ഷിച്ച് നോക്കി.
തമാശയല്ല
പതിയെ എന്റെ കൈയിൽപിടിച്ച് എന്റെ വാച്ചിൽ നോക്കി പറഞ്ഞു: ”പാപ്പച്ചാ (എന്റെ വീട്ടിലെ പേര്), പാപ്പച്ചൻ 43 മിനിറ്റ് നിന്റെ സ്‌നേഹിതൻ ഫാ. ജയിംസ് പാറവിളയുടെ മുൻപിൽ പോയി വിശുദ്ധ കുമ്പസാരം നടത്തിയിട്ട് എന്നോട് ചോദിക്കുകയാണോ ആരാ നിന്നെ കുമ്പസാരിപ്പിച്ചത് എന്ന്.” അച്ചൻ വിചാരിച്ചുകാണും ഞാൻ കളിതമാശ പറയുകയാണെന്ന്. ജയിംസച്ചൻ എന്റെ തൊട്ടടുത്ത ദേവാലയത്തിലെ വികാരിയും എനിക്ക് അടുത്ത ബന്ധമുള്ള അച്ചനുമായിരുന്നു അപ്പോൾ. 43 മിനിറ്റ് ഞാൻ കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചു എന്ന സത്യം എനിക്കൊരിക്കലും ഗ്രഹിക്കാൻ സാധിച്ചില്ല.

അച്ചനോട് ഒന്നും പറയാതെ ഞാൻ ദേവാലയത്തിൽ പോയി. ജയിംസച്ചൻ ഇരിക്കുന്ന കുമ്പസാരക്കൂട്ടിലേക്ക് നോക്കിയിരുന്നു. കാരണം വികാരിയച്ചന് തെറ്റിയതായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. തലേന്ന് ഞാൻ മദ്യപിച്ചിരുന്നെങ്കിൽ അതിന്റെ ലഹരി മാറാത്തതിനാലാണെന്നെങ്കിലും കരുതാമായിരുന്നു, പക്ഷേ തലേന്ന് ഞാൻ മദ്യപിച്ചിരുന്നില്ല. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ ജയിംസച്ചൻ കുമ്പസാരക്കൂട്ടിൽനിന്ന് ഇറങ്ങിവരുന്നു.

എനിക്കൊന്നും മനസിലാകുന്നില്ല. മൂന്നുമിനിറ്റ് കുമ്പസാരിക്കാൻ പോയ ഞാൻ അറിയാതെ 43 മിനിറ്റ് സ്‌നേഹിതനായ ഒരു പുരോഹിതനെ തിരിച്ചറിയാതെ അദ്ദേഹത്തോട് എന്റെ പാപങ്ങൾ ഏറ്റുപറയുന്നു. അന്ന് അത് ജയിംസച്ചൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ കുമ്പസാരിക്കുമായിരുന്നില്ല. എങ്കിൽ ഇന്ന് ഞാൻ ഒരുപക്ഷേ ഈ ലോകത്തിൽതന്നെ കാണുമായിരുന്നില്ല. (കുറെ നാളുകൾ കഴിഞ്ഞ് ഈ സംഭവങ്ങൾ ഞാൻ ജയിംസച്ചനോടും അന്നത്തെ ഞങ്ങളുടെ വികാരിയായിരുന്ന മാടപ്പള്ളി അച്ചനോടും പങ്കുവച്ചപ്പോൾ അവർ ഇങ്ങനെ ഒരു കാര്യം ഓർക്കുകപോലും ചെയ്യുന്നില്ല! ഇതെല്ലാം ഞാനും എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചു).
ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എന്റെ ഭാര്യ സൂസിയുടെയും കുഞ്ഞുങ്ങളുടെയും മുഖം ഒന്നു കാണേണ്ടതായിരുന്നു, എത്ര ആനന്ദപ്രദം. അന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ധ്യാനഗുരുക്കന്മാരോട് എന്റെ കുമ്പസാര അനുഭവങ്ങൾ പങ്കുവച്ചു. ജർമനച്ചായൻ ഇനിയും ഇതുപോലെ എന്തെല്ലാം അനുഭവിക്കാൻ പോകുന്നുവെന്ന് അവർ തമാശരൂപേണ പറഞ്ഞു. ധ്യാനം കഴിഞ്ഞുപോകുമ്പോൾ കൊല്ലത്ത് അടുത്ത ആഴ്ചയിൽ നടക്കുന്ന ആന്തരികസൗഖ്യ ധ്യാനത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞു. അത് ദൈവഹിതമെന്ന് ഞാനറിഞ്ഞില്ല. ഉടനെ ധ്യാനത്തിൽ സംബന്ധിക്കുവാനായി ബുക്ക് ചെയ്തു. അതുവരെ താമസിച്ചുള്ള ധ്യാനത്തിൽ കൂടിയിട്ടില്ലായിരുന്നു ഞാൻ.

ജർമൻ അച്ചായന്റെ ‘മരണം’
ധ്യാനത്തിന് നല്ല തയാറെടുപ്പോടെതന്നെ പോയി. നാലുജോഡി ഷൂസ്, മൂന്നുപെട്ടി നിറയെ വസ്ത്രങ്ങൾ…. വലിയൊരു പിക്‌നിക്ക് ആയിരിക്കും എല്ലാം എന്ന ചിന്തയിൽ ചെന്നപ്പോൾ കണ്ടത് – അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. കൊല്ലത്തുള്ള സാധാരണ തൊഴിലാളികളായ (മീൻ പിടുത്തക്കാർ) നാനൂറോളം പേർ. അരോചകമായ സ്തുതിപ്പിന്റെ ബഹളം. പാത്രം തനിയെ കഴുകണം. കിടക്കാൻ ഡോർമിറ്ററി… ഒന്നും അംഗീകരിക്കുവാൻ ജർമനിയിൽ കുടുംബസമേതം ജീവിച്ച ഈ ‘ജർമൻ അച്ചായന്’ കഴിയില്ലായിരുന്നു. തിരിച്ചുപോകാനായി ആലോചിക്കുമ്പോൾ അവർ എനിക്ക് മാത്രമായി മുറി തന്നു. സൗകര്യംപോലെ ധ്യാനഹാളിൽ വന്നാൽ മതിയെന്നും പറഞ്ഞു. എനിക്ക് മുറിയിൽ ഇരുന്നാൽ ക്ലാസുകൾ എല്ലാം കേൾക്കാമായിരുന്നു. എന്തായാലും ക്ലാസിൽ കയറാതെതന്നെ നാലുദിവസം കഴിഞ്ഞു. നാലാംദിവസം വലിയൊരു ആർപ്പും ബഹളവും ഹാളിൽ കേൾക്കുന്നത് എന്താണെന്നറിയാൻ മുറിയിൽനിന്ന് ഇറങ്ങിയപ്പോൾ കണ്ടത് – എല്ലാവരും കൈകൾ ഉയർത്തി വലിയ ശബ്ദത്തിൽ എനിക്കന്ന് മനസിലാകാൻ കഴിയാതിരുന്ന എന്തൊക്കെയോ വിളിച്ചുപറയുന്നു.

ചിലർ കരയുന്നു, ചിലർ കയ്യടിക്കുന്നു. നിർത്തുന്ന ലക്ഷണം കണ്ടില്ല. ഭാഷാവരവും സ്തുതിപ്പും ഒന്നും എനിക്കന്ന് അറിയില്ലായിരുന്നു. ഹാളിൽ കയറിയിട്ട് ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോൾ ഏറ്റവും പുറകിൽ ഞാനും മുട്ടു കുത്തി, കൈകൾ ഉയർത്തി. വലിയ ശബ്ദത്തിൽ ‘ആബാ പിതാവേ’ എന്നായിരുന്നു ഞാൻ പറഞ്ഞതെന്ന് ഇപ്പോഴും ഓർമയുണ്ട്. വിശ്വാസംകൊണ്ടൊ ന്നുമല്ല. എല്ലാവരും ചെയ്തപ്പോൾ ഞാനും ചെയ്തു അത്രമാത്രം. ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ എല്ലാവരും കൈകൾ താഴ്ത്തി മൗനമായിരിക്കുക എന്ന ധ്യാനഗുരുവിന്റെ സന്ദേശം കേട്ടു.

ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ലജ്ജിച്ച, ഭൂമിയോളം ചെറുതായ, മരിച്ചാൽ മതി എന്നുപോലും ചിന്തിച്ച കുറെ നിമിഷങ്ങളായിരുന്നു അത്. കൈകൾ താഴ്ത്തി എല്ലാവരും മൗനമായി മുട്ടുകുത്തി നില്ക്കുമ്പോൾ, ഇതിനകം അവരുടെ നോട്ടപ്പുള്ളിയായ ഞാൻ – (റേബാൻ ഗ്ലാസ്, വലിയ കൊമ്പൻമീശ, നീട്ടിവളർത്തിയ മുടി, റാഡോ വാച്ച്, കൈയിൽ ബ്രേസ്‌ലറ്റ്, കഴുത്തിൽ വലിയ സ്വർണമാല, സ്വർണം കെട്ടിയ രുദ്രാക്ഷമാല, മാലയിൽ ഞാൻതന്നെ എഴുതിയ മന്ത്രതകിട് – ത്രിപുരസുന്ദരി എന്ന ഏലസ്) കൈകൾ താഴ്ത്താൻ സാധിക്കാതെ, സ്തുതിപ്പ് നിർത്താൻ കഴിയാതെ നിസഹായനായ അവസ്ഥയിൽ ഉറക്കെ കരയുന്നത് കണ്ട് അവർ ആരാധനയുടെ സമയത്തും ആർത്തുചിരിച്ചു.

എന്നിലെ ‘ഞാൻ’ ഭാവങ്ങൾ കത്തിപ്പോകുന്ന അവസ്ഥ. നാല് മിനിറ്റോളം എന്റെ ഈ അവസ്ഥ അങ്ങനെ തുടർന്നു. അപ്പോൾ ഗാനശുശ്രൂഷകൻ ‘ജർമനച്ചായാ നിർത്ത്, സ്തുതിപ്പ് തീർന്നു’ എന്ന് പറഞ്ഞപ്പോൾ എനിക്ക് കൈപോലും താഴ്ത്താൻ സാധിക്കാത്ത അവസ്ഥ അവരുണ്ടോ അറിയുന്നു. അദ്ദേഹം എന്റെ ശിരസിൽ കൈകൾവച്ചു. കൈകൾ താഴ്ന്നു, ശബ്ദം നിലച്ചു. എല്ലാം ശാന്തം. പരിഹാസങ്ങളും നിലച്ചു. വീണ്ടും എല്ലാവരും നിശബ്ദർ. എന്നിൽ ആ നിമിഷം ഒരു ജർമൻ അച്ചായൻ മരിക്കുകയായിരുന്നു. ‘എല്ലാവരെയുംപോലെ ഞാനും’ എന്ന വികാരം ജനിക്കുകയായിരുന്നു. ധ്യാനമെല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന് എല്ലാ അനുഭവങ്ങളും പങ്കുവച്ചു. ഉടനെ സൂസിയെയും കുഞ്ഞുങ്ങളെയും കുറെ ആളുകളെയുംകൊണ്ട് ധ്യാനത്തിന് പോയി. ആ കാലഘട്ടത്തിൽ ഞാൻ സ്വന്തമായി വാഹനമോടിച്ച് എല്ലാ ആഴ്ചയിലും നാട്ടുകാരിൽ അനേകരെ ധ്യാനത്തിന് കൊണ്ടുപോകാൻ തുടങ്ങി.

ധ്യാനഗുരുക്കന്മാരുടെ ഇടയിൽ എന്റെ ഈ സംഭവം ഒരു വാർത്തയായി. അവരെല്ലാവരും എന്നെയൊരു സാക്ഷ്യം പറയുവാനായി വിളിച്ചു. വിശ്രമം ഇല്ലാതെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഞാൻ ധ്യാനടീമുകളോടുകൂടെയായി. എന്തുകൊണ്ടോ എന്റെ പഴയ സ്‌നേഹിതന്മാരുമായി ഞാൻ ഇടപെട്ടില്ല. ആരും ശത്രുക്കളായി മാറിയില്ല. അവരെല്ലാം ഇന്നും മിത്രങ്ങൾതന്നെ. പക്ഷേ, അവരോട് സഹകരിക്കാൻ, പാർട്ടികളിൽ പങ്കെടുക്കാൻ എനിക്ക് തോന്നിയില്ല. എന്തുകൊണ്ടോ, മദ്യം പൂർണമായി ഞാൻ മറന്നു. യാതൊരു ആഗ്രഹവും അതിനോട് തോന്നിയിട്ടേ ഇല്ല ഇന്നുവരെ…! പ്രെയ്‌സ് ദ ലോർഡ്.

ജോസഫ് ഈശോ

Leave a Reply

Your email address will not be published. Required fields are marked *