ചെറുതായത് നന്നായി

ആടുകൾക്ക് കാവൽ കിടക്കാനുണ്ടാക്കിയ ആ കൂടാരത്തിന്റെ മൂലയിൽ സാമുവൽ ഇരുന്നു. പന്ത്രണ്ടു വയസേയുള്ളൂ അവന്. കൂടെയുള്ള മറ്റ് ഇടയൻമാരുടെയത്രയും പ്രായവും കഴിവുമില്ലല്ലോ എന്നോർത്ത് അവന് പലപ്പോഴും വിഷമമാണ്.

പെട്ടെന്നാണ് ചന്ദ്രൻ കൂടുതൽ പ്രകാശിക്കുന്നത് കണ്ടത്. അവന് ആകെ പേടി തോന്നി. പക്ഷേ പെട്ടെന്ന് മനസിൽ എന്തോ ഒരു മാറ്റം. സന്തോഷം വന്നു നിറയുന്നതുപോലെ. പുഞ്ചിരിച്ചുകൊണ്ട് എല്ലാവർക്കുമൊപ്പം അവൻ പുറത്തിറങ്ങി. അപ്പോഴതാ ദൈവദൂതൻമാർ ആകാശത്ത്. അതിമനോഹരമായ ദൃശ്യമായിരുന്നു അത്. മിശിഹായായ രക്ഷകൻ പിറന്നിരിക്കുന്നുവെന്നും ബേത്‌ലഹേമിന്റെ പിൻഭാഗത്തുള്ള കാലിക്കൂട്ടിൽ പുല്‌ത്തൊട്ടിയിൽ അവനെ കാണാമെന്നും അവർ അറിയിച്ചു.
ഇടയക്കൂട്ടം രക്ഷകനെ കാണാൻ യാത്രയായി. സാമുവലിന്റെ ഭയവും സങ്കടവുമെല്ലാം എവിടെയോ പോയി മറഞ്ഞതുപോലെ… അവനാണ് ഏറ്റവും മുന്നിൽ നടന്നത്. കാലിക്കൂട്ടിലെത്തിയപ്പോൾ രക്ഷകന്റെ അമ്മയായ മേരി അവനെ ചേർത്തുപിടിച്ച് ഉണ്ണിയെ കാണിച്ചുകൊടുത്തു.

ചെറുതായതിലും കഴിവു കുറഞ്ഞതിലും സാമുവലിന് അന്നാദ്യമായി സന്തോഷം തോന്നി. അതുകൊണ്ടാണല്ലോ മേരിയോടു ചേർന്നുനിന്ന് ഉണ്ണീശോയെ കാണാൻ
കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *