അന്ന എന്ന ആലീസ് അത്ഭുതലോകം തീർത്തതെങ്ങനെയെന്ന് കാണുക.
നമുക്കും ഇത്തരത്തിൽ അത്ഭുതലോകങ്ങൾ സൃഷ്ടിക്കാം.
സ്നേഹവാരിധിയായിരുന്നു ആ ബിഷപ്. ആ സ്‌നേഹക്കടലിൽനിന്ന് സ്‌നേഹം ഇഷ്ടംപോലെ അദ്ദേഹം തന്റെ കൂടെയുള്ളവർക്ക് നല്കി. ഒരിക്കൽ അതിഥിയായി വന്നത് ഒരു കള്ളനായിരുന്നു. മുൻവിധികളില്ലാതെ അദ്ദേഹം അവനെയും സ്വീകരിച്ചു. വയറുനിറച്ച് ഭക്ഷണവും മനസ് നിറയെ സ്‌നേഹവും അദ്ദേഹം നല്കി. മാത്രവുമല്ല, തന്റെ സ്വന്തം മുറിയിൽ അന്തിയുറങ്ങാൻ അനുമതി നല്കുകയും ചെയ്തു. അർദ്ധരാത്രി അവനിലെ കള്ളൻ ഉണർന്നു.
ബിഷപ്പിന്റെ അലമാരയിലെ വെള്ളി മെഴുകുതിരിക്കാലുകൾ അവനെ മാടി വിളിക്കുന്നതുപോലെ അവന് തോന്നി. അവൻ ആ പ്രലോഭനത്തിന് കീഴടങ്ങി. പുറത്തുകടന്ന അവനെ കൈയോടെ പോലിസുകാർ പിടികൂടി. തൊണ്ടിമുതലുമായി ബിഷപ്പിന്റെ മുൻപിൽ കള്ളനെ ഹാജരാക്കിയ പോലിസുകാരോട് ”ഞാൻ അവ സമ്മാനമായി അവന് നല്കിയതായിരുന്നല്ലോ” എന്ന് പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിയത് കള്ളനായിരുന്നു. ഒരിക്കലും കുറ്റപ്പെടുത്താത്ത ആ സ്‌നേഹപ്രവാഹത്തിൽ അവൻ മുങ്ങിയെഴുന്നേറ്റത് ഒരു പുതിയ മനുഷ്യനായിട്ടാണ്. പ്രസിദ്ധ ഫ്രഞ്ച് നോവലിസ്റ്റും കവിയുമായിരുന്ന വിക്ടർ ഹ്യൂഗോയുടെ പ്രസിദ്ധമായ നോവലിലെ ബിഷപ്പിന്റെ കഥയാണിത്.
ഈ കഥ ഇപ്പോൾ ഓർക്കുവാനുള്ള കാരണം ഇത് പ്രാവർത്തികമാക്കിയ ഒരു ധീരവനിതയുടെ ജീവിതകഥ വായിച്ചതാണ്. 2015 മാർച്ച് ആറിലെ ‘കാത്തലിക് ഹെരാൾഡ്’ എന്ന ഇംഗ്ലീഷ് മാസികയിൽ അവരെക്കുറിച്ച് ഒരു വിവരണമുണ്ട്. ‘ആലീസിന്റെ അത്ഭുതലോകത്തിൽ’ എന്നാണ് ആ ലേഖനത്തിന്റെ ശീർഷകം. അവരുടെ പേര് ആലീസ് തോമസ് എല്ലിസ് എന്നാണ്. വളരെ പ്രസിദ്ധയായ ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ആലീസ്. അന്ന എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്. അനേക എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച് വളർത്തിയ ഒരു എഴുത്തുകാരികൂടിയാണ് അന്ന. എന്നു പറഞ്ഞാൽ, മറ്റുള്ളവർ വളരുന്നതിൽ പലർക്കുമുള്ളതുപോലെ ‘കണ്ണിൽക്കടി’ അവർക്കില്ല. അതിൽ സന്തോഷവും അഭിമാനവുമേ ഉള്ളൂ. ഒരു വലിയ മനസിന്റെ അടയാളമാണല്ലോ അത്.
കഥയിങ്ങനെ:
ഒരു ദിവസം അവരുടെ വീട്ടിൽ ഒരു കുട്ടിക്കള്ളൻ കടന്നുകൂടി. പരിചയക്കുറവുകൊണ്ടാകണം ഒന്നും മോഷ്ടിക്കുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കൈയോടെ പിടികൂടപ്പെടുകയും ചെയ്തു. നമ്മുടേതിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനമായിരുന്നു അന്നയുടേത്. നമ്മളാണെങ്കിൽ അവനെ ഉടനെ ഒന്ന് കൈകാര്യം ചെയ്യും. എന്നിട്ട് തുടർ അന്വേഷണത്തിനായി പോലിസിനെ വിളിച്ച് ഏല്പിക്കും.
പക്ഷേ, അന്ന ചെയ്തത് മറ്റൊന്നാണ്. അവർ അവനോട് സ്‌നേഹത്തോടെ സംസാരിച്ചു. അപ്പോൾ അവന്റെ കണ്ണുകളിലൂടെ കണ്ണീർ ധാരയായി ഒഴുകുവാൻ തുടങ്ങി. കൊടിയ ദാരിദ്ര്യമാണ് അവനെ മോഷ്ടാവാക്കിയതെന്ന് മനസിലാക്കിയ അന്ന വിക്ടർ ഹ്യൂഗോയുടെ ബിഷപ്പിന്റെ പാതയിലൂടെ നടന്നു. അവന് വയറുനിറയെ ഭക്ഷണം നല്കി, സ്‌നേഹം അവനിലേക്ക് ചൊരിഞ്ഞു. ആ രാത്രി അവിടെ കിടക്കുവാൻ കിടക്ക നല്കി. ആ സ്‌നേഹം അവനെ രൂപാന്തരപ്പെടുത്തി.
നമ്മുടെ കർത്താവായ യേശുക്രിസ്തു പഠിപ്പിച്ചതും പ്രാവർത്തികമാക്കിയതുമായ നിസ്വാർത്ഥ സ്‌നേഹത്തിന്റെ സന്ദേശം എത്ര അർത്ഥവത്താണെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. തിന്മയ്ക്ക് പകരം തിന്മ ചെയ്യുമ്പോൾ തിന്മ വളരുകയേ ഉള്ളൂ. എന്നാൽ തിന്മയ്ക്ക് പകരം നന്മ ചെയ്യുമ്പോൾ തിന്മ കീഴടങ്ങുന്നു. ആദ്യത്തേത് വളരെ എളുപ്പമാണ്. എന്നാൽ രണ്ടാമത്തേത് താരതമ്യേന ദുഷ്‌കരവും. എന്നാൽ, ദൈവത്തിന്റെ കൃപ സമൃദ്ധമായി ലഭിക്കുമ്പോൾ അത് വളരെ എളുപ്പമായിത്തീരുമെന്ന് മാത്രമല്ല, ഒരു ജീവിതചര്യ കൂടിയായിത്തീരും.
ദൈവത്തിന്റെ മകനും മകളുമായിത്തീരുവാനുള്ള കഴിവ് ദൈവം എല്ലാവർക്കും നല്കിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഇപ്രകാരം നാം വായിക്കുന്നു. ”തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകുവാൻ അവൻ കഴിവ് നല്കി” (യോഹ.1:12). എന്നാൽ ആ കഴിവ് യാഥാർത്ഥ്യമാകുന്നത് നമ്മുടെ ബോധപൂർവമായ സ്‌നേഹത്തിന്റെ പ്രവൃത്തികൾമൂലമാണ്. ”അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും.” എന്താണ് അതിനുള്ള വഴി? ”ശത്രുക്കളെ സ്‌നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” (മത്താ. 5:44). ഇതാണ് യേശു കാണിച്ച മാർഗം.
അനുഗ്രഹത്തിന്റെ മാർഗം
ദൈവമക്കൾക്ക് ഇവിടെ ഒരു ചോയ്‌സ് ഇല്ല. ഇത് ചെയ്‌തേ മതിയാവൂ. ഇതാണ് അനുഗ്രഹത്തിന്റെ മാർഗം. ഇത് പ്രാവർത്തികമാക്കുമ്പോൾ വലിയ സ്വസ്ഥതയും സമാധാനവും അനുഭവിക്കാൻ സാധിക്കും. ഉദാഹരണമായി നിങ്ങളുടെ അയൽക്കാരൻ നിങ്ങൾക്കെതിരായി ഏതെങ്കിലുമൊരു തിന്മ ചെയ്യുന്നു. തിന്മയ്ക്ക് പകരം തിന്മ ചെയ്യുകയാണ് ലോകനീതി. പക്ഷേ, ഒന്നോർക്കണം. അയാൾ അർഹിക്കുന്നത് ദൈവനീതിയാണ്. അയാൾ ഇപ്രകാരം ചെയ്യുന്നത് ക്രിസ്തുവിന്റെ സ്‌നേഹം അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്. ഇത് അയാൾക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാനുള്ള ഒരു അവസരമായിട്ട് കാണുക.
ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹം പ്രാവർത്തികമാക്കുമ്പോൾ അയാളുടെ ഹൃദയത്തെ അത് സ്പർശിക്കും. അയാൾ യേശുക്രിസ്തുവിനെ അറിയാനിടയാകും. നമ്മുടെ ജീവിതവും അനുഗ്രഹിക്കപ്പെടും. നേരെമറിച്ച് പ്രതികാരത്തിന്റെ വഴിയിലൂടെ നാം പോകുമ്പോൾ നമ്മുടെയും അയാളുടെയും ജീവിതങ്ങൾ അസ്വസ്ഥത നിറഞ്ഞതാകും. സന്തോഷകരമായ കുടുംബജീവിതത്തിന്റെയും രഹസ്യമിതാണ്.
ജീവിതപങ്കാളി കോപിച്ച് സംസാരിക്കുന്നുവെന്ന് വിചാരിക്കുക. ഇങ്ങോട്ട് പറയുന്നതിന്റെ അഞ്ചിരട്ടി അങ്ങോട്ട് പറയുവാനാണ് തോന്നുക. അത് കൂടുതൽ പ്രശ്‌നങ്ങളിലേക്കേ നയിക്കുകയുള്ളൂ. എന്നാൽ, ശാന്തമായി സ്‌നേഹത്തോടെ പ്രതികരിക്കുവാൻ ശ്രമിക്കുക. യേശുവിന്റെ വഴിയിലൂടെ നടക്കുക. ആ വ്യക്തിക്ക് മാനസാന്തരം നിശ്ചയമായും ഉണ്ടാകും. ഇന്ന് വിവാഹമോചനങ്ങൾ പതിവില്ലാത്തവിധം പെരുകുന്നത് എന്തുകൊണ്ടാണ്? ഇപ്രകാരം തിന്മയ്ക്ക് പകരം നന്മ നല്കുവാൻ സാധിക്കാത്തതുകൊണ്ടുതന്നെ.
ഉന്നതമായ ഒരു ജീവിതദർശനം കാത്തുസൂക്ഷിക്കുന്നവർക്കേ ഇപ്രകാരം ചെയ്യുവാൻ സാധിക്കുകയുള്ളൂ. എല്ലാം ഇവിടംകൊണ്ട് തീരുന്നുവെന്ന് കരുതുന്നവർക്ക് പ്രതികാരം ചെയ്യുവാൻ ഒരു കൂസലുമില്ല. അവർക്ക് ലക്ഷ്യമാണ് പ്രധാനം. അത് നേടുവാൻ ഏത് മോശമായ മാർഗവും ഉപയോഗിക്കാം. എന്നാൽ എന്റെ ജീവിതം ഇവിടംകൊണ്ട് തീരുന്നില്ല. അവസാനം ഒരു വിധിയുണ്ട്. ഞാൻ വിധിയാളനായ ദൈവത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടവനാണ്. എന്റെ ജീവിതത്തിന്റെ കണക്ക് ഞാൻ ബോധിപ്പിക്കേണ്ടവനാണ് എന്ന ചിന്തയുള്ള ഒരു വ്യക്തി വളരെ കരുതലോടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ദൈവനീതിയുടെ വഴിയിൽ നടക്കുവാൻ അയാൾ ബദ്ധശ്രദ്ധനായിരിക്കും. മനുഷ്യന് മരണമുണ്ടെന്നും മരണം നിത്യജീവനിലേക്കുള്ള വാതിലാണെന്നും ചിന്തിക്കുന്നവർക്ക് ശത്രുത മനസിൽ സൂക്ഷിക്കുവാൻ സാധിക്കുകയില്ല. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു: ”ജീവിതാന്തം ഓർത്ത് ശത്രുത അവസാനിപ്പിക്കുക” (പ്രഭാ. 28:6). വീണ്ടും ഇപ്രകാരം പറയുന്നു: ”അയൽക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും” (പ്രഭാ. 28:2). തിന്മയ്ക്ക് പകരം നന്മ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷകന്റെ പുസ്തകം 28-ാം അധ്യായം ഒന്നുമുതൽ ഏഴുവരെ വായിച്ച് ധ്യാനിക്കുന്നത് നല്ലതാണ്.
വീണ്ടും ആലീസിലേക്ക്
നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആലീസ് തോമസ് എല്ലിസ് എന്ന എഴുത്തുകാരിയുടെ ജീവിതത്തിലേക്ക് മടങ്ങിവരാം. എന്തുകൊണ്ട് തിന്മയ്ക്ക് പകരം നന്മ ചെയ്യുവാൻ അവർക്ക് സാധിച്ചു? മരണാനന്തര ജീവിതത്തെക്കുറിച്ച് അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവരുടെ ജീവിതത്തിൽ സങ്കടകരമായ അനുഭവങ്ങളുണ്ടായി. പക്ഷേ, അവയെല്ലാം സമചിത്തതയോടെ സ്വീകരിക്കുവാൻ അവർക്ക് സാധിച്ചു.
റോസലിൻഡ് എന്ന അവരുടെ മകൾ ശൈശവത്തിൽ മരിച്ചു. വീണ്ടും ജോഷ്വാ എന്ന മകൻ പത്തൊൻപതാം വയസിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് അനേക നാളുകൾ അബോധാവസ്ഥയിൽ കഴിഞ്ഞ് ഈ ലോകത്തോട് വിടവാങ്ങി. പക്ഷേ, ലോകത്തിന്റെ ദൃഷ്ടിയിൽ ദുരന്തങ്ങൾ എന്ന് തോന്നുന്ന ഇവയ്‌ക്കൊന്നും അവരുടെ ദൈവവിശ്വാസത്തെ ഇളക്കുവാൻ സാധിച്ചില്ല. മകളുടെ മരണശേഷം അവരുടെ സുഹൃത്ത് റിച്ചാർഡ് ഇൻഗ്രാംസിന് അവൾ ഇപ്രകാരം എഴുതി: മരണം എല്ലാറ്റിന്റെയും അവസാനമല്ല.
യൂറോപ്പിൽ ഇക്കാലത്ത് അപൂർവമായ സന്തോഷകരമായ, നീണ്ട ഒരു വിവാഹജീവിതമായിരുന്നു അവരുടേത്. ഭർത്താവ് കോളിൻ ഹേക്രാഫ്റ്റുമൊത്ത് നീണ്ട നാൽപത് വർഷങ്ങൾ സന്തോഷകരമായ ഒരു കുടുംബജീവിതം അവർ നയിച്ചു. 1994-ൽ അവരുടെ ഭർത്താവ് മരണമടഞ്ഞു. പക്ഷേ, അവർ പറഞ്ഞത് ഭർത്താവിന്റെ മരണത്തിൽ കഠിനമായ ഒരു മനോവേദന അവർക്ക് അനുഭവപ്പെട്ടില്ല എന്നാണ്. മരണം ഒരു കടന്നുപോകൽ മാത്രമാണെന്ന് അവർക്കറിയാമായിരുന്നു. അവരുടെ വാക്കുകൾ ഇപ്രകാരമാണ്: ”നിങ്ങൾ ആദ്യം പോയി. ഞാൻ നിങ്ങളുടെ പിന്നാലെ വരും.”
പ്രിയപ്പെട്ടവരേ, ഈ കാലഘട്ടത്തിൽ നിത്യവിധിയെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള ബോധ്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ദുഷ്ടാരൂപിയുടെ ഒരു തന്ത്രമാണ്. എല്ലാം ഈ ലോകംകൊണ്ട് തീരുകയാണെന്ന ചിന്ത വന്നാൽ എങ്ങനെ വേണമെങ്കിലും ജീവിക്കാമല്ലോ. സത്യത്തെ മറച്ചുവച്ച്, അസത്യത്തെ സത്യമായി അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ജാഗ്രതയോടെ ആയിരിക്കാം. ഓർക്കുക ഇതൊരു തീക്കളിയാണ്. അപകടത്തിലാകുന്നത് നമ്മുടെ ആത്മരക്ഷയാണ്.
അതിനാൽ ദൈവഭയത്തോടെ ജീവിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. എന്താണ് കർത്താവിനെ ഭയപ്പെടുന്ന ഒരു വ്യക്തിയുടെ അടയാളം. വിശുദ്ധ ബൈബിൾ ഇപ്രകാരം പറയുന്നു: ”കർത്താവിനെ ഭയപ്പെടുന്നവൻ ഹൃദയംകൊണ്ട് പശ്ചാത്തപിക്കുന്നു” (പ്രഭാ. 21:6). സ്വന്തം ആത്മാവിന്റെ രക്ഷയെക്കുറിച്ച് ചിന്തയുള്ള ഒരു വ്യക്തി നിരന്തരമായ മാനസാന്തര അനുഭവത്തിലായിരിക്കും. തിന്മയ്ക്ക് പകരം എപ്പോഴും എല്ലാ നാളുകളിലും നന്മ ചെയ്യുക എന്നത് അയാളുടെ ഒരു ജീവിതചര്യയായി മാറും. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം:
നന്മസ്വരൂപനായ എന്റെ ദൈവമേ, ഞാൻ അങ്ങയെ എന്റെ ഹൃദയത്തിൽ ആരാധിക്കുന്നു. അങ്ങയുടെ സ്വഭാവത്തിൽ എന്നെയും പങ്കുചേർക്കണമേ. നന്മ ചെയ്യുവാൻ, നന്മ ചിന്തിക്കുവാൻ എന്നെ പരിശീലിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. എപ്പോഴും സത്യം തിരിച്ചറിയുവാനും സത്യത്തിന്റെ വശത്ത് നിലകൊള്ളുവാനും എന്നെ അനുഗ്രഹിക്കണമേ. അന്ത്യവിധിയെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള ബോധ്യങ്ങൾ എന്റെ മനസിൽ എപ്പോഴും സൂക്ഷിക്കുവാൻ കൃപ നല്കിയാലും. അത് എന്നെ നിരന്തരം നയിക്കുന്ന ഒരു ദീപമാകട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നന്മനിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ.മാത്യു