സ്തുതിഗീതങ്ങൾ വിടരുന്നതെങ്ങുനിന്ന്?

അനുഗൃഹീത എഴുത്തുകാരനായിരുന്ന ബൊർഹാം ഒരിക്കൽ ഒരു പെൺകുട്ടി വളരെ ആകർഷകമായി ഒരു ഗാനം ആലപിക്കുന്നത് കേട്ടു. എന്നാൽ, പാട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം അതൃപ്തനും നിഷേധാത്മകനുമായിത്തീർന്നു. സമാനചിന്തയും അനുഭവവും ഉണ്ടായ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അതെക്കുറിച്ച് നിരീക്ഷിച്ചതിങ്ങനെയാണ്: ഏതെങ്കിലും ഒരു ദിവസം അവളുടെ ഹൃദയത്തിന് തകർച്ചയുണ്ടാകും. അതിനുശേഷം അവൾ ആ ഗാനം ആലപിക്കുന്നത് ശ്രവിച്ചാൽ, താങ്കൾക്ക് സംതൃപ്തിയും മതിപ്പുമുണ്ടാകും. അദ്ദേഹം ഉദ്ദേശിച്ചത് സഹനം അവളെ വിനയാന്വിതയും ഗാനാത്മകതയിൽ കഴിവുള്ളവളും ആക്കിത്തീർക്കുമെന്നാണ്.
‘മുറിക്കപ്പെടൽ’ അനുഗ്രഹത്തിലേക്ക് നയിക്കുന്ന ദൈവികവഴിയാണ്. ഏശയ്യായെ ശ്രദ്ധിക്കൂ: ”ഞാൻ പറഞ്ഞു; എനിക്ക് ദുരിതം! ഞാൻ നശിച്ചു, എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു. അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽനിന്ന് കൊടിൽകൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്റെ അടുത്തേക്ക് പറന്നുവന്നു. അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ട് പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശ. 6:5-7).

ബൈബിൾ വിവരിക്കുന്ന നേട്ടങ്ങൾക്ക്, മുറിക്കപ്പെടൽ ഒരു വ്യവസ്ഥപോലെയാണ്. യാക്കോബ് മല്പ്പിടുത്തത്തിലൂടെ മുടന്തനാക്കപ്പെട്ടു കഴിഞ്ഞപ്പോൾ ദൈവം അവന്റെ പേര് ഇസ്രായേൽ എന്നു മാറ്റി (ഉൽപ. 32:28). ഇവിടെ ഇസ്രായേൽ എന്ന പേരിന്റെ അർത്ഥം ദൈവത്തിന്റെ രാജകുമാരൻ എന്നാണ്.
ഏശയ്യാ, കർത്താവിനെ ഉന്നതനും അവർണനീയമാംവിധം ഉയർത്തപ്പെട്ടവനുമായി കണ്ടപ്പോൾ, തന്റെ പാപകരമായ അവസ്ഥയെ ഓർത്ത് ഏറ്റം എളിമപ്പെട്ടു. ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ഒരു മിന്നൽക്കാഴ്ച അദ്ദേഹത്തിന്റെ അഹങ്കാരത്തെയും സ്വയംപര്യാപ്തതാ ബോധത്തെയും ഇല്ലാതാക്കി. ആദ്യമായി പ്രവാചകന് മുറിക്കപ്പെടലിന്റെ അനുഭവമുണ്ടായി. അതോടുകൂടി ശുശ്രൂഷിക്കാനുള്ള കർത്താവിന്റെ വിളിക്ക് ഉത്തരമരുളാൻ അവൻ പ്രാപ്തനായി. വിശുദ്ധ പൗലോസിനെ ശ്രദ്ധിക്കൂ: ”ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും… എന്തെന്നാൽ, ഞാൻ ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ ശക്തനായിരിക്കുന്നത്” (2 കോറി. 12:9-10).

കാൽവരിക്കുരിശിൽ മുറിക്കപ്പെട്ട ഈശോയുടെ തിരുശരീരവും അവിടുന്ന് ചിന്തിയ തിരുരക്തവും വഴിയാണ് നാം ശുദ്ധീകരിക്കപ്പെട്ടത്. വൈഷമ്യങ്ങൾ നമ്മെ മുറിപ്പെടുത്തുമ്പോൾ, നമ്മുടെ ആശ്രയം മുഴുവൻ ഈശോയിൽ അർപ്പിക്കുക. അവിടുന്ന് നമ്മുടെ മുറിവ് അനുഗ്രഹമാക്കി മാറ്റും. ഈശോയുടെ ജീവിതം മുറിക്കപ്പെടലിന്റെ ജീവിതമായിരുന്നു. സുവിശേഷങ്ങൾ അത് വെളിപ്പെടുത്തുന്നു. ലേഖനങ്ങൾ അത് വിശദീകരിക്കുന്നു. ദൈവത്തെ തേടുക, രക്ഷയിലേക്കുള്ള മാർഗമാണ്. അത് നമ്മളിലെ ദൈവോന്മുഖതയെ ത്വരിപ്പിക്കുന്നു.

ഏഷ്യാക്കാരനായ ഒരു ബുദ്ധമതാനുയായി വിശുദ്ധ മത്തായിയുടെ സുവിശേഷം വായിച്ചതിനുശേഷം അദ്ദേഹത്തിന്റെ അഭിപ്രായം സംക്ഷേപിച്ചതിങ്ങനെയാണ്: ”ക്രിസ്തുവിന്റെ ചരിത്രം ഒരത്ഭുതമാണ്. അവിടുന്ന്, പറഞ്ഞറിയിക്കാൻ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ്. അവിടുത്തെ പ്രവൃത്തികളും പ്രബോധനങ്ങളും ദൈവത്തിന്റേതുമാത്രമാണെന്ന് നിസംശയം പറയാം.”

ദ്വിമാനവാഗ്ദാനം
മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ രണ്ടു പ്രത്യേക മാനങ്ങൾ നിറഞ്ഞുനിൽക്കുന്നതായി സങ്കീർത്തകൻ ചൂണ്ടിക്കാണിക്കുന്നു: ‘ശക്തിയും സമാധാനവും.’ അദ്ദേഹം പറയുന്നു: ”കർത്താവ് തന്റെ ജനത്തിന് ശക്തി പ്രദാനം ചെയ്യട്ടെ! അവിടുന്ന് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ!” (സങ്കീ. 29:11). 29-ാം സങ്കീർത്തനത്തെ ‘കൊടുങ്കാറ്റിന്റെ സങ്കീർത്തനം’ എന്ന് വ്യാഖ്യാതാക്കൾ വിശേഷിപ്പിക്കാറുണ്ട്. അത്, ഇളകി മറിയുന്ന തിരമാലകളെയും മുഴങ്ങുന്ന ഇടിയെയും കത്തുന്ന അഗ്നിയെയും ലബനോനിലെ ദേവദാരു മരങ്ങളുടെ പതനത്തെയും വിവരിക്കുന്നു. ഒപ്പം, മേഘങ്ങൾക്കിടയിലെ മഴവില്ലുപോലെയും കൊടുങ്കാറ്റു കഴിഞ്ഞുള്ള ശാന്തതപോലെയും ദൈവജനത്തിന് ശാന്തിയും സമാധാനവും ലഭ്യമാകുന്നതിനെ അത് ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ, അതിലെ സത്യം മനുഷ്യന് യാഥാർത്ഥ്യമായിത്തീരുന്നു.

1555-ൽ നിക്കൊളാസ് റിഡ്‌ലേ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചതിന്റെ പേരിൽ ശത്രുക്കൾ അദ്ദേഹത്തെ ബന്ധിച്ച് ചുറ്റും വിറകുവച്ച് തീ കത്തിച്ച് കൊന്നു! വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേരാത്രി, അദ്ദേഹത്തിന്റെ സഹോദരൻ ആശ്വാസത്തിനും സഹായത്തിനുംവേണ്ടി അദ്ദേഹത്തോടൊപ്പം ജയിൽമുറിയിൽ കഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അത് നിരസിച്ചുകൊണ്ട് അദ്ദേഹം സഹോദരനോട് പറഞ്ഞു: എല്ലാ രാത്രിയിലെയുംപോലെ എനിക്ക് ശാന്തമായി ഉറങ്ങണം. ദൈവം തരുന്ന സമാധാനം അറിഞ്ഞനുഭവിക്കുക എത്രയോ ആനന്ദദായകമാണ്. ഭൂമിയിലെ ജീവിതം വിട്ട് സ്വർഗത്തിലെ സന്തോഷത്തിൽ പ്രവേശിക്കുവാൻ ഞാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് പറയുന്നു: ”അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി. 4:7).

മുറിവേല്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ദൈവം
ജോബ് പറയുന്നു: ”അവിടുന്ന് മുറിവേല്പ്പിക്കും; എന്നാൽ, വച്ചുകെട്ടും. അവിടുന്ന് പ്രഹരിക്കും; എന്നാൽ, അവിടുത്തെ കരം സുഖപ്പെടുത്തും” (ജോബ് 5:18). പ്രസിദ്ധ എഴുത്തുകാരനായിരുന്ന എ.ജെ.ഗോർഡന്റെ ആത്മീയ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: നിങ്ങൾ വൃക്ഷക്കൊമ്പുകളിൽ കൂടുകെട്ടുന്ന കുരുവികളെ ശ്രദ്ധിക്കുക. ആരെങ്കിലും അതിന്റെ കൂട് നശിപ്പിച്ചാൽ, ആ കൊച്ചുപക്ഷി അവിടെത്തന്നെ വീണ്ടും കൂടുകെട്ടും. എന്നാൽ, പല പ്രാവശ്യം അതിന്റെ കൂട് നശിപ്പിച്ചാൽ, അത് കൂടുകെട്ടാൻ പുതിയ സ്ഥാനം കണ്ടുപിടിക്കും. ആർക്കും എളുപ്പത്തിൽ നശിപ്പിക്കാൻ പറ്റാത്തവിധത്തിൽ വളരെ ഉയരത്തിൽ, വൃക്ഷക്കൊമ്പുകളുടെ അഗ്രത്ത് അത് കൂടുണ്ടാക്കും.

ഗോർഡൻ പറയുന്നു: കുരുവിപ്പക്ഷികളിൽനിന്ന് പാഠം ഉൾക്കൊണ്ട്, ക്രൈസ്തവരായ നാം ഉന്നതങ്ങളിലേക്ക് ചിന്തകൾ ഉയർത്തണം. ക്രിസ്തുസാദൃശ്യത്തിലേക്കും പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലേക്കും കൂടുതൽ കൂടുതൽ വളരുവാൻ, നമ്മുടെ ഹൃദയസ്പന്ദനങ്ങൾ – ചിന്തകളും ആഗ്രഹങ്ങളും താല്പര്യങ്ങളും – ഏറെ ദൈവോന്മുഖമാക്കണം. വിശുദ്ധ പൗലോസ് പറയുന്നു: ”സഹോദരരേ, സന്തോഷിക്കുവിൻ. നിങ്ങളെത്തന്നെ നവീകരിക്കുവിൻ… സമാധാനത്തിൽ ജീവിക്കുവിൻ. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (2 കോറി. 13:11).

പ്രശ്‌നങ്ങളെ അതിജീവിക്കാൻ
പ്രശസ്തിയാർജിച്ച കവിയായിരുന്ന ആൽഫ്രഡ് ടെന്നിസൺ, തനിക്ക് എൺപതിനുമേൽ പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിലെ ആൾഡ്‌വർത്തിലുള്ള വേനൽക്കാല വസതിൽനിന്ന് വൈറ്റ് ദ്വീപിലുള്ള ശീതകാലസദനത്തിലേക്ക് താമസം മാറ്റി. യാത്ര ചെയ്തിരുന്ന ബോട്ട് കടലിടുക്ക് കടക്കുമ്പോൾ, കൊടുങ്കാറ്റുമൂലം തിരമാലകൾ ബോട്ടിലേക്ക് ആഞ്ഞടിക്കുകയും ബോട്ട് ഒരു മണൽത്തിട്ടയിൽ ഉരയുകയും ചെയ്തു. എന്നാൽ, അത് അദ്ദേഹത്തിന്റെ കടന്നുപോക്കിനെ തടസപ്പെടുത്തിയില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. സംരക്ഷണത്തിനായി അദ്ദേഹം ഒരു നഴ്‌സിനെ നിയമിച്ചു.
യാദൃശ്ചികമെന്ന് തോന്നിയേക്കാം, ആ നഴ്‌സ് സംസാരത്തിനിടയിൽ അദ്ദേഹത്തോട് പറഞ്ഞു: സാർ, അങ്ങ് വളരെയേറെ കവിതകൾ രചിച്ചിട്ടുണ്ട്. പക്ഷേ, സ്തുതിഗീതങ്ങൾ നന്നേ ചുരുക്കം! അങ്ങ് രോഗശയ്യയിലായിരിക്കുന്ന ഇപ്പോൾ, ദൈവത്തിന് സ്തുതികൾ അർപ്പിക്കുന്ന ഒരു ഗീതം രചിച്ചാൽ അത് അങ്ങേക്കെന്നപോലെ ഇവിടെയുള്ള രോഗികൾക്കും ഹൃദയാവർജകമായിരിക്കും. ആ രാത്രിയിൽ, അദ്ദേഹം തന്റെ ഹൃദയത്തിലും മനസിലും നിറഞ്ഞുനിന്നിരുന്ന ദൈവസ്തുതികൾ ഒരു ഗീതമായി കടലാസിൽ പകർത്തി.

ജീവിതമാകുന്ന സമുദ്രയാത്രയെക്കുറിച്ചും അതിന്റെ അന്ത്യത്തിൽ രക്ഷകനായ ഈശോയെ മുഖാമുഖം കാണുന്നതിനെക്കുറിച്ചുമായിരുന്നു പ്രസ്തുത ഗീതം. സങ്കീർത്തകൻ പറയുന്നു: ”അവിടുന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ ശമിച്ചു. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്നവരെ എത്തിച്ചു” (സങ്കീ. 107:29-30). പിറ്റേദിവസം പ്രഭാതത്തിൽ സ്തുതിഗീതം പകർത്തിയ കടലാസ് നഴ്‌സിനെ ഏല്പിച്ചുകൊണ്ട് ടെന്നിസൺ പറഞ്ഞു: ”ഇത് എന്റെ ഹൃദയത്തിൽ നിറഞ്ഞുനില്ക്കുന്ന ദൈവസ്തുതികളാണ്. മരണം അമംഗളമായി തോന്നിയേക്കാം. പക്ഷേ, നിത്യജീവനിലേക്കുള്ള കവാടം തുറക്കുന്നത് അതാണ്. ടെന്നിസന്റെ ഈ ചിന്തകളുടെ വെളിച്ചത്തിൽ സങ്കീർത്തനവചനം വീണ്ടും ഓർക്കാം: ”അവർ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു” •

റവ.ഡോ. ഐസക്ക് ആലഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *