പിശാചിനെ ഭയപ്പെടുത്തുന്ന ഒരു ‘വർഷം’

കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനായോട് ഒരിക്കൽ സാത്താൻ ഇങ്ങനെ പറഞ്ഞു: ”സർവശക്തന്റെ മഹാകാരുണ്യത്തെക്കുറിച്ച് നീ ഉദ്‌ഘോഷിക്കുമ്പോൾ ഒരായിരം ആത്മാക്കൾ ഒരുമിച്ചുണ്ടാക്കുന്നതിനെക്കാൾ വലിയ ഉപദ്രവമാണ് നീ എന്നോട് ചെയ്യുന്നത്. കാരണം, ഏറ്റവും വലിയ പാപിപോലും പ്രത്യാശയും ശരണവും വീണ്ടെടുക്കുകയും ദൈവത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നതിന് ദൈവകരുണയെക്കുറിച്ചുള്ള അറിവ് കാരണമാകും” (വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറി -1167).

ദൈവം നല്ലവനാണെന്ന് അംഗീകരിക്കാൻ സാത്താൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആദിമാതാപിതാക്കളെപ്പോലും ദൈവത്തിന്റെ നന്മയിൽ സംശയം ജനിപ്പിച്ചുകൊണ്ടാണ് സാത്താൻ തെറ്റിലേക്ക് ആകർഷിച്ചത്. ഇന്നും അനേകർ കുറ്റബോധത്തിലും നിരാശയിലും ദൈവനിഷേധത്തിലും ആത്മീയ സന്തോഷമില്ലാത്ത അവസ്ഥയിലും ബന്ധിക്കപ്പെട്ടു കിടക്കുന്നത് ദൈവത്തിന്റെ മഹാകാരുണ്യത്തെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ്. പലരും പാപകരമായ ജീവിതത്തിൽത്തന്നെ തുടരുന്നതിന്റെ കാരണം തങ്ങളുടെ ജീവിതം ശരിയല്ല എന്നറിയാത്തതല്ല. പ്രത്യുത ഈ അവസ്ഥയിൽനിന്നും രക്ഷപ്പെടാൻ തങ്ങൾക്കാവില്ല; ദൈവത്തിന്റെ കരുണയും ക്ഷമയും തങ്ങൾക്ക് അപ്രാപ്യമാണ് എന്ന ചിന്തയാണ്.

വിശുദ്ധ ഫൗസ്റ്റീനായോട് കർത്താവ് പറഞ്ഞു: എന്റെ കാരുണ്യത്തിനായി അപേക്ഷിക്കുന്ന ഏറ്റവും വലിയ പാപിയെപ്പോലും എനിക്ക് ശിക്ഷിക്കാനാകില്ല. പകരം ഞാനവരെ എന്റെ അനന്തമായ കരുണയാൽ നീതീകരിക്കും. വിധിയാളനായി ഞാൻ ആഗതനാകുന്നതിന് മുമ്പായി എന്റെ കരുണയുടെ വാതിൽ ഞാൻ മലർക്കെ തുറന്നിടും. കരുണയുടെ വാതിലിലൂടെ പ്രവേശിക്കാൻ വിസമ്മതിക്കുന്നവരാകട്ടെ എന്റെ നീതിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടതായും വരും (ഡയറിക്കുറിപ്പുകൾ -1146).

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ‘കരുണയുടെ വർഷം’ ഫൗസ്റ്റീനായ്ക്ക് ലഭിച്ച വെളിപാടുകളുടെ വെളിച്ചത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. കർത്താവിന്റെ കരുണ സ്വയം സ്വീകരിക്കാനും മറ്റുള്ളവർക്ക് കൊടുക്കാനുമുള്ള ഈ വിശുദ്ധവത്സരത്തിൽ ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിന് നാം എങ്ങനെ കാട്ടിക്കൊടുക്കും?

ഒന്നാമതായി നാംതന്നെ ദൈവകരുണയുടെ ആഴവും അപാരതയും ഗ്രഹിക്കാൻ പരിശ്രമിക്കണം. ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയുടെ സന്തോഷവും സ്വാതന്ത്ര്യവും നമ്മിലുണ്ടാകണം. മനഃസാക്ഷി കുറ്റപ്പെടുത്താത്ത, നിരാശയാൽ പീഡിതമല്ലാത്ത, പ്രത്യാശ നിറഞ്ഞ ജീവിതമാണ് ദൈവകരുണ സ്വന്തമാക്കിയവന്റെ അടയാളം.

രണ്ടാമതായി, കർത്താവിന്റെ കരുണയെപ്രതി നമ്മളെ വേദനിപ്പിച്ച എല്ലാവരോടും ഹൃദയപൂർവം ക്ഷമിക്കണം. ”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36). ഈ വചനത്തിന്റെ വെളിച്ചത്തിൽ, ആർക്കും കരുണ നിഷേധിക്കുവാൻ നമുക്കവകാശമില്ല. വാശി, നീരസം, ശത്രുത, പ്രതികാരം ഇവയിൽനിന്നെല്ലാം തിരിച്ചുവരാനും കാരുണ്യത്തിന്റെ പ്രവൃത്തികൾ നിർവഹിക്കാനുമുള്ളതാണ് കരുണയുടെ വത്സരം.

മൂന്നാമതായി, ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ലോകമെങ്ങും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പ്രഘോഷിക്കപ്പെടണം. നാശത്തിന്റെ വഴിയിലൂടെ ചരിക്കുന്ന ലോകത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ കാരുണ്യപ്രവൃത്തി സുവിശേഷം കൊടുക്കുക എന്നതാണ്. ജീവകാരുണ്യപ്രവൃത്തികൾ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് പകരമാവില്ല. ക്രിസ്തുവിന്റെ മനുഷ്യാവതാരവും കുരിശുമരണവും പുനരുത്ഥാനവും വഴിയാണ് ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിൽ ഏറ്റവും അധികമായി വെളിപ്പെട്ടത്. അവനിൽ വിശ്വസിക്കാതെ കരുണയുടെ ദൈവത്തെ അനുഭവിക്കാനാവില്ല. ”വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽനിന്നുമാണ്” (റോമാ 10:17). അതിനാൽ കരുണയുടെ വർഷത്തിൽ ദൈവകരുണയുടെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കാൻ നമുക്ക് തയാറാകാം.

കരുണാവത്സരം സാത്താൻ പരാജയപ്പെടാനും ആത്മാക്കൾ രക്ഷിക്കപ്പെടാനും ലോകം നവീകരിക്കപ്പെടാനും ഇടയാക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവേ, അങ്ങയുടെ കരുണയുടെ ആഴം ഞങ്ങൾക്ക് മനസിലാക്കിത്തരണമേ. കാരുണ്യവാനും കൃപാനിധിയുമായ ഒരു ദൈവമുണ്ടെന്ന് ലോകം മുഴുവനും അറിയാൻ ഈ വിശുദ്ധ വത്സരം കാരണമാകട്ടെ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *