മനു മിടുക്കനാണ്

മനു ആകെ ദേഷ്യത്തിലും സങ്കടത്തിലുമായിരുന്നു. കാരണം മറ്റൊന്നുമല്ല. ടീന മനുവിനെ മണ്ടനെന്നു വിളിച്ചു. വിളിക്കാനൊരു കാരണവുമുണ്ടായി. ടീച്ചർ ഉച്ചഭക്ഷണത്തിനുള്ള ഇടവേളക്കു മുൻപ് പഠിപ്പിച്ചുകൊണ്ടിരുന്ന കണക്ക് മനുവിന് മനസിലായില്ല. അതിനാൽ ആ കണക്ക് മനസിലായ ടീനയെ പറഞ്ഞേല്പിച്ചു, മനുവിന് പറഞ്ഞുകൊടുക്കാൻ.

ഉടനെതന്നെ ടീന മനുവിനടുത്തേക്കു ചെന്നു. വേഗത്തിൽ കണക്ക് പറഞ്ഞുകൊടുത്തു. അതുകഴിഞ്ഞ് വേഗം ഭക്ഷണം കഴിച്ച് അല്പസമയം കളിക്കാമല്ലോ എന്നോർത്താണ് അവൾ തിരക്കിട്ട് പറഞ്ഞുകൊടുത്തത്. പക്ഷേ വേഗത്തിൽ പറഞ്ഞതിനാൽ മനുവിന് ടീച്ചർ പഠിപ്പിച്ചതിനെക്കാൾ ഒട്ടും കൂടുതലായി മനസിലായില്ല. ടീനക്ക് ദേഷ്യം വന്നു. മനുവിനെ മണ്ടനെന്നു പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കു പോയി.

മനുവിന് ടീനയോട് എതിർത്തു പറയണമെന്നുണ്ടായിരുന്നു. പക്ഷേ കണക്ക് മനസിലാവാത്തതിന്റെ ചമ്മൽ കാരണം അവൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ മനസ്സിൽ വിഷമം തങ്ങിനിന്നു. അന്നവൻ പിന്നെ കളിക്കാനും പോയില്ല. അങ്ങനെ ദേഷ്യവും സങ്കടവും കടിച്ചമർത്തി വാടിയ മുഖവുമായി ഇരിക്കുമ്പോഴാണ് കണക്ക് പഠിപ്പിക്കുന്ന സീനടീച്ചർ വീണ്ടും ക്ലാസിലേക്ക് വന്നത്. മനുവിനോട് കണക്ക് മനസിലായോ എന്നന്വേഷിക്കാൻ വന്നതാണ്.
ടീച്ചറിനെ കണ്ടപ്പോൾ മനു തന്റെ മനസിലെ സങ്കടമെല്ലാം തുറന്നുപറഞ്ഞു. ടീച്ചർ അവനെ ആശ്വസിപ്പിച്ചുകൊണ്ട് കണക്ക് വീണ്ടും സാവധാനത്തിൽ പറഞ്ഞുകൊടുത്തു. അപ്പോൾ മനുവിന് എല്ലാം മനസിലായി. അത്തരത്തിൽ ഒരു ചോദ്യംകൂടി കൊടുത്തപ്പോൾ വേഗത്തിൽ അവൻ ഉത്തരം കണ്ടെത്തി. ആ സമയം ടീച്ചർ ഒരു ചോദ്യം. ”ഇനി പറഞ്ഞേ. മനു മണ്ടനാണോ?”

മനു ഒരു ചിരിയോടെ പറഞ്ഞു. ”അല്ല”
”പിന്നെ എന്തിനാണ് ടീന മണ്ടനെന്നു വിളിച്ചാൽ വിഷമിക്കുന്നത്. ശരിക്കും മനു മിടുക്കനല്ലേ?”
മനു ഒന്നും പറയാതെ ചമ്മിയ ഒരു ചിരി ചിരിച്ചു. ടീച്ചർ തുടർന്നു, ”ഒരാൾ നമ്മൾ മോശമാണെന്നു പറഞ്ഞതുകൊണ്ട് നമ്മൾ മോശക്കാരാവുന്നില്ല. ദൈവം സൃഷ്ടിച്ച എല്ലാവരും, എല്ലാ വസ്തുക്കളും നല്ലതാണ്. അതിനാൽ പ്രാർത്ഥിക്കുക, സാധിക്കുന്നതുപോലെ പരിശ്രമിക്കുക. എന്നിട്ട് വിജയിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ ഇരിക്കുക. നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യുക എന്നതാണ് വലിയ കാര്യം, കേട്ടോ. ഇനി ആരെങ്കിലും കളിയാക്കിയെന്നോർത്ത് വിഷമിച്ചിരിക്കരുത്.”

സീനടീച്ചർ തിരികെ പോയപ്പോൾ മനുവിന്റെ മനസ് സന്തോഷം കൊണ്ട് തുടികൊട്ടി. പിന്നെ അവൻ കളിക്കാനോടി.

Leave a Reply

Your email address will not be published. Required fields are marked *