”ആരെയാണ് നീ നിന്ദിക്കുകയും ശകാരിക്കുകയും ചെയ്തത്?” (ഏശയ്യാ 37:23)

ഇരുപത്തിയഞ്ചാം വയസിൽ ഇസ്രായേലിന്റെ രാജാവായി ഭരണമേറ്റ വ്യക്തിയാണ് ഹെസക്കിയാ. 29 വർഷം അദ്ദേഹം രാജാവായി ഭരിച്ചു. ദാവീദിനെപ്പോലെ കർത്താവിന്റെ മുമ്പിൽ നീതി പ്രവർത്തിച്ച രാജാവായിരുന്നു ഹെസക്കിയാ. അദ്ദേഹം കർത്താവിനോട് ഒട്ടിനിന്നു. അവിടുന്ന് മോശക്ക് നല്കിയ കല്പനകൾ പാലിക്കുകയും അവിടുത്തെ പിൻതുടരുകയും ചെയ്തു. കർത്താവ് അദ്ദേഹത്തോടുകൂടി ഉണ്ടായിരുന്നു. അവന്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂർണമായി (2 രാജാ. 18:1-7).

ഹെസക്കിയാ രാജാവിന്റെ പതിനാലാം ഭരണവർഷം അസീറിയാ രാജാവായ സെന്നാക്കെരിബ് ഒരു വലിയ സൈന്യത്തെ റബ്ഷക്കയുടെ നേതൃത്വത്തിൽ ജറുസലേമിൽ ഹെസക്കിയാ രാജാവിന്റെ നേർക്ക് അയച്ചു. റബ്ഷക്കയുടെ അടുത്ത് ഹെസക്കിയാ രാജാവ് അയച്ച ദൂതന്മാർവഴി സെന്നാക്കരിബ് ഹെസക്കിയാ രാജാവിനോട് ചോദിച്ചു: ഏതെങ്കിലും ജനതയുടെ ദേവൻ അസീറിയാ രാജാവിന്റെ കൈയിൽനിന്നും സ്വന്തം ജനത്തെ രക്ഷിച്ചിട്ടുണ്ടോ?… ജറുസലേമിനെ എന്റെ കൈയിൽനിന്നും കർത്താവ് രക്ഷിക്കുമെന്ന് പിന്നെ എങ്ങനെ കരുതാം? (ഏശ. 36:1-20).

ഈ സന്ദേശവും വെല്ലുവിളികളും ദൈവത്തെ അവഹേളിക്കുന്ന വാക്കുകളും കേട്ട് ഹെസക്കിയാ വസ്ത്രം കീറി ചാക്ക് ഉടുത്ത് കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ചു. കൊട്ടാരം വിചാരിപ്പുകാരനെയും കാര്യവിചാരകനെയും ശ്രേഷ്ഠ പുരോഹിതന്മാരെയും ചാക്ക് ഉടുപ്പിച്ച് ഏശയ്യാ പ്രവാചകന്റെ അടുത്തേക്ക് ഹെസക്കിയാ അയച്ചു. അവർ വഴി വിവരങ്ങൾ അറിയിച്ചു. ഏശയ്യാ പ്രവാചകന്റെ പ്രാർത്ഥന അപേക്ഷിച്ചു. അപ്പോൾ ഏശയ്യാ പ്രവാചകൻവഴി കർത്താവ് ഇങ്ങനെയൊരു സന്ദേശം ഹെസക്കിയാക്ക് നല്കി: അസീറിയാ രാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചു പറഞ്ഞ വാക്കുകേട്ട് പേടിക്കേണ്ട. അവൻ ഒരു കിംവദന്തി കേട്ട് സ്വന്തം നാട്ടിലേക്ക് പോകത്തക്കവിധം അവനിൽ ഞാൻ ഒരു ആത്മാവിനെ നിക്ഷേപിക്കും. സ്വന്തം ദേശത്തുവച്ച് വാളിനിരയാകാൻ ഞാൻ അവന് ഇടവരുത്തും (ഏശ. 37:6-7).

ഹെസക്കിയാ കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് പ്രാർത്ഥിച്ചു: ഞങ്ങളുടെ ദൈവമായ കർത്താവേ, അവന്റെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. അങ്ങുമാത്രമാണ് കർത്താവ് എന്ന് ഭൂമിയിലെ സകല ജനപദങ്ങളും അറിയട്ടെ!
അപ്പോൾ, സെന്നാക്കരിബിന് കർത്താവ് താഴെ പറയുന്ന സന്ദേശം ഏശയ്യാ പ്രവാചകൻവഴി നല്കി: ”ആരെയാണു നീ നിന്ദിക്കുകയും ശകാരിക്കുകയും ചെയ്തത്? ആർക്കെതിരേയാണ് നീ ഉച്ചത്തിൽ സംസാരിക്കുകയും അഹങ്കാരത്തോടെ കണ്ണുയർത്തുകയും ചെയ്തത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരായി!” (ഏശ. 37:23). തുടർന്ന് സെന്നാക്കരിബിനായി ഇങ്ങനെയൊരു സന്ദേശം നല്കി: ”നീ എന്നോടു കോപിക്കുകയും നിന്റെ അഹങ്കാരം ഞാൻ അറിയുകയും ചെയ്തതുകൊണ്ട് ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും കടിഞ്ഞാൺ നിന്റെ വായിലും ഇട്ട്, വന്നവഴിക്കുതന്നെ നിന്നെ തിരിച്ചോടിക്കും” (ഏശ. 37:29).

പിന്നീട്, കർത്താവിന്റെ ദൂതൻ അസീറിയാ രാജാക്കന്മാരുടെ പാളയത്തിൽ കടന്ന് 185000 പേരെ വധിച്ചു. അതിരാവിലെ ഇതുകണ്ട സെന്നാക്കരിബ് തിരിച്ചുപോയി നിനിവേയിൽ വസിച്ചു. തന്റെ ദേവനായ നിസ്‌റോക്കിന്റെ ക്ഷേത്രത്തിൽ ആരാധന നടത്തുമ്പോൾ സെന്നാക്കരിബിനെ അദ്ദേഹത്തിന്റെ പുത്രന്മാർ വധിച്ചു (ഏശ. 37:36-38).

മേൽ വിവരിച്ച സംഭവങ്ങളിൽ നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, സെന്നാക്കരിബ് എന്ന അസീറിയൻ രാജാവിന്റെ അഹങ്കാരം. രണ്ട്, അദ്ദേഹം ദൈവത്തെ നിന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ. മൂന്ന്, ഇതിൽ ദൈവത്തിനുണ്ടായ കോപം. നാല്, പ്രതിസന്ധിസമയത്ത് ഹെസക്കിയാ ദൈവസന്നിധിയിൽ നടത്തിയ പ്രാർത്ഥന.

അഞ്ച്, ദൈവം സെന്നാക്കരിബിന് നല്കുന്ന ശിക്ഷ. എന്റെ ഒരു സേനാനായകനെയെങ്കിലും തിരിച്ചോടിക്കുവാൻ കഴിയുമോ എന്ന് വെല്ലുവിളിച്ച സെന്നാക്കരിബിന്റെ 185000 ഭടന്മാരെ ദൈവം അയച്ച ദൂതൻ വധിച്ചു. സാക്ഷാൽ സെന്നാക്കരിബ് തന്നെ തിരിച്ചോടി. മക്കൾ തന്നെ അദ്ദേഹത്തെ വധിച്ചു.. അഹങ്കരിക്കുന്നവരുടെ അധഃപതനം… അഹങ്കരിക്കുന്നവരുടെ അന്ത്യം. കർത്താവിനോട് ഒട്ടിനിൽക്കുകയും കർത്താവ് അവനോട് കൂടെ ഉണ്ടായിരിക്കുകയും ചെയ്തപ്പോൾ ഹെസക്കിയായ്ക്ക് ഉണ്ടായ വിജയം… ചിന്തിക്കുവാൻ, ധ്യാനിക്കുവാൻ, തിരുത്തുവാൻ, പ്രചോദനം സ്വീകരിക്കുവാൻ…. നിരവധി കാര്യങ്ങൾ.
നമുക്കും ദൈവത്തോട് ഒട്ടിനില്ക്കാം. കർത്താവ് നമ്മോടും ചേർന്നുനില്ക്കട്ടെ. അപ്പോൾ നമ്മുടെ ഉദ്യമങ്ങളെ ദൈവം ഐശ്വര്യപൂർണമാക്കും.

ഫാ. ജോസഫ് വയലിൽ സി.എം.ഐ

1 Comment

  1. Elsamma James says:

    Good one that never ever be proud. അഹങ്കരിക്കുന്നവരുടെ അധഃപതനം… അഹങ്കരിക്കുന്നവരുടെ അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *