ജപമാലയേന്തി സ്വർഗത്തിലേക്ക്… വാഴ്ത്തപ്പെട്ട സ്ഫറിനൊ ഗിമനസ് മാലാ

ആ കാഴ്ച ഗിമനസിന് കണ്ട് നിൽക്കാനാവുന്നതിലും അപ്പുറമായിരുന്നു. ബാർബസ്‌ട്രോയിലെ തെരുവിലൂടെ ഒരു വൈദികനെ പട്ടാളക്കാർ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഗവൺമെന്റ് നടത്തിയ ക്രൈസ്തവപീഡനത്തിന്റെ ഭാഗമായിരുന്നു വൈദികനെതിരെയുള്ള അതിക്രമം. തനിക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ കൂട്ടാക്കാതെ ഗിമനസ് പട്ടാളക്കാരെ തടഞ്ഞു. ജിപ്‌സി വിഭാഗക്കാരുടെ ഇടയിൽ നിന്ന് ആദ്യമായി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട സ്ഫറിനൊ ഗിമനസ് മാലായുടെ രക്തസാക്ഷിത്വത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരുന്നു അത്.

തങ്ങളുടെ ദൗത്യത്തിന് വിഘ്‌നം വരുത്തിയ ഗിമനസിനെ പട്ടാളക്കാർ അറസ്റ്റ് ചെയ്തു. ആയുധങ്ങൾ വല്ലതും കൈയിലുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു നാടോടിയുടെ കയ്യിൽ എന്ത് ആയുധമാണുണ്ടാവുക എന്ന ജിജ്ഞാസയോടെ ചുറ്റും കൂടിയ പട്ടാളക്കാർക്ക് മുൻപിൽ അദ്ദേഹം ജപമാല എടുത്ത് ഉയർത്തി. തടവറയിൽ കഴിഞ്ഞപ്പോഴും ജപമാല പ്രാർത്ഥനയിലൂടെയാണ് അദ്ദേഹം ശക്തി സംഭരിച്ചത്. ഇതു മനസിലാക്കിയിട്ടാവണം ജപമാല പ്രാർത്ഥന ഉപേക്ഷിച്ചാൽ ഗിമനസിനെ വിട്ടയക്കാമെന്ന് പട്ടാളക്കാർ വാഗ്ദാനം ചെയ്തു.

ജപമാല ഉപേക്ഷിക്കുന്നതിനെക്കാൾ നല്ലത് തടവറയിൽത്തന്നെ കഴിയുന്നതാണെന്നായിരുന്നു ഗിമനസിന്റെ തീരുമാനം. 1936 ഓഗസ്റ്റ് എട്ടാം തിയതി ബാർബസ്‌ട്രോയിലെ സെമിത്തേരിയിൽവച്ച് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി. ‘ക്രിസ്തുരാജൻ നീണാൾ വാഴട്ടെ’ എന്ന പ്രഘോഷണത്തോടെ വെടിയേറ്റ് വീണ അദ്ദേഹത്തിന്റെ കൈയിൽ അപ്പോഴുമുണ്ടായിരുന്നു ഒരു ജപമാല!

1861 ഓഗസ്റ്റ് 26ന് സ്പാനിഷ് ജിപ്‌സി മാതാപിതാക്കളിൽ നിന്നാണ് സ്ഫറിനൊ ഗിമനസ് മാലാ ഭൂജാതനായത്. ‘എൽ പെലെ’ എന്നും വിളിപ്പേരുണ്ടായിരുന്ന ഗിമനസ് സ്വയം നെയ്‌തെടുത്ത കൊട്ട വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ചെറുപ്പത്തിൽ നിത്യവൃത്തി കഴിച്ചത്. ജിപ്‌സി യുവതിയായ ലെറിഡായെ ജിപ്‌സി ആചാരപ്രകാരം വിവാഹം ചെയ്ത ഗിമനസ് പിന്നീട് കത്തോലിക്കാ ദേവാലയത്തിൽ വിവാഹം നടത്തി കൗദാശികമായ സാധുത നേടി. അന്നുമുതൽ ഗിമനസ് ദൈവാലയത്തിലെ നിത്യസന്ദർശകനായി മാറി. ജീവിതത്തിന്റെ നല്ല കാലഘട്ടമെല്ലാം കാലി വ്യാപാരത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. കുതിരകളുടെ സംരക്ഷണത്തിലും ഗിമനസ് അവഗാഹം നേടി. സാമ്പത്തികമായും സാമൂഹ്യമായും നല്ല നിലയിലേക്കുയർന്ന ഗിമനസ് തനിക്ക് കിട്ടിയ അനുഗ്രഹങ്ങൾ ആവശ്യമുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഭാര്യയുടെ മരണശേഷം ഒരു വൈദികന്റെ കീഴിൽ അദ്ദേഹം മതബോധകനായി പ്രവർത്തിക്കാനാരംഭിച്ചു. കഥകളിലൂടെ കുട്ടികൾക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. ഫ്രാൻസിസ്‌ക്കൻ മൂന്നാം സഭയിലും വിൻസെന്റ് ഡി പോൾ സംഘടനയിലും അംഗമായ അദ്ദേഹം എല്ലാ വ്യാഴാഴ്ചകളിലെയും രാത്രി ആരാധനയിൽ മുടങ്ങാതെ പങ്കെടുത്തുവന്നു.

ഒരിക്കൽ കെട്ടിച്ചമച്ച ഒരു മോഷണക്കുറ്റത്തിന് അദ്ദേഹത്തെ അധികാരികൾ ജയിലിൽ അടയ്ക്കുകയുണ്ടായി. അന്നദ്ദേഹത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയിൽ ഇപ്രകാരം പറഞ്ഞു – ‘എൽ പെലെ കള്ളനല്ല. അദ്ദേഹം വിശുദ്ധ സ്ഫറിനൊയാണ്, എല്ലാ ജിപ്‌സികളുടെയും മാതൃക.’ 1997 മെയ് 4-ാം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഫറിനൊയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോൾ ആ അഭിഭാഷകന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ നിറവേറുകയായിരുന്നു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *