യേശു നിൽക്കുന്നു

ഘാതകർ തന്നെ കല്ലെറിയുമ്പോൾ യേശു ‘നിൽക്കുന്ന’തായി സ്‌തേഫാനോസ് കണ്ടു എന്ന് അപ്പസ്‌തോല പ്രവർത്തനങ്ങൾ 7:56-ൽ നാം വായിക്കുന്നു. അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഞാനറിയാതെതന്നെ യേശുവിന്റെ നില്പ്പ് എന്നെ അലട്ടാൻ തുടങ്ങി. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ യേശു സ്‌തേഫാനോസിന്റെ മരണസമയത്ത് എഴുന്നേറ്റ് നിൽക്കുകതന്നെ ചെയ്തു എന്നുള്ളത് സത്യം.

കാരണം, പിതാവിന്റെ സ്‌നേഹം അതിന്റെ പൂർണതയിൽ നിറഞ്ഞുനിൽക്കുന്ന യേശുവിന് എങ്ങനെ തന്റെ മകന്റെ കല്ലേറുകൊണ്ട് രക്തമൊഴുകുന്ന മുറിവുകണ്ട് ഇരിക്കാനാവും? ഏത് അപ്പനാണ് മകൻ കൺമുൻപിൽ കൊല്ലപ്പെടുന്നതുകണ്ട് ഇരിപ്പുറയ്ക്കുക? തീർച്ചയായും സ്‌നേഹമുള്ള അപ്പനാണെങ്കിൽ എഴുന്നേറ്റുപോകും.

ഗലീലിയിലുടനീളം സഞ്ചരിച്ച യേശു തന്റെ പരസ്യജീവിതകാലത്ത് പല സ്ഥലങ്ങളിലുംവച്ച് പലരാലും പിടിച്ചുനിർത്തപ്പെട്ടിട്ടുണ്ട്. ലാസർ സംസ്‌കരിക്കപ്പെട്ട് നാലുദിവസത്തിനുശേഷം ഗ്രാമത്തിലേക്ക് വരുന്ന യേശു മർത്തായുടെ ആവലാതികളുടെ മുൻപിൽ നിന്നുപോകുന്നത് സുവിശേഷത്തിൽ നമുക്ക് കാണുവാൻ സാധിക്കും. പിന്നീട് തിരികെ വീട്ടിൽചെന്ന് സഹോദരിയായ മറിയത്തെ ഗുരുവിന്റെ അടുക്കലേക്ക് പറഞ്ഞുവിടുമ്പോഴും യേശു ലാസറിന്റെ വേർപാടിൽ അതേ നിൽപ്പുതന്നെ തുടരുന്നു. ”മർത്താ കണ്ട സ്ഥലത്തുതന്നെ അവൻ നിൽക്കുകയായിരുന്നു” (യോഹ. 11:30).

നിലവിളികൾക്കു മുന്നിൽ

മനുഷ്യന്റെ നിലവിളികൾക്കുമുമ്പിൽ നിന്നുപോകുന്ന, മുഖം തിരിക്കാത്ത കാരുണ്യവാനാണ് യേശു. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ വഴിയരികിലിരിക്കുന്ന അന്ധയാചകന്റെ നിലവിളിക്ക് മുമ്പിലും യേശു നിന്നുപോകുന്നു. ”യേശു അവിടെ നിന്നു” (ലൂക്കാ 18:40). യേശു എവിടെയൊക്കെ നിന്നിട്ടുണ്ടോ അവിടെയൊക്കെ അനുഗ്രഹങ്ങൾ ചൊരിയപ്പെട്ടു. നമ്മുടെയൊക്കെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കടന്നുവരാത്തതിന്റെ കാരണവും ചിലപ്പോൾ അതായിരിക്കാം – നിന്റെ പ്രാർത്ഥന യേശുവിനെ നിർത്തുവാൻ ശക്തിയുള്ളതല്ല.

ചില സമയങ്ങളിൽ ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ ഒരു നെടുവീർപ്പ് മതി അവൻ നിൽക്കുവാൻ. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കൂടെ നടന്ന ദൈവം നിന്റെ ഒരു ക്ഷണം പ്രതീക്ഷിച്ച് കൂടെത്തന്നെയുണ്ട്. ”അവനാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവർ അവനെ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കുവാൻ കയറി” (ലൂക്കാ 24:28-29).

യേശുവിന്റെ ഉത്ഥാനശേഷം, രാത്രിയുടെ യാമങ്ങളിൽ പഴയ പണിയ്ക്കിറങ്ങിത്തിരിക്കുന്ന പത്രോസിനും കൂട്ടുകാർക്കും മീൻ കിട്ടാതെ വരുന്ന അവസരത്തിൽ കടൽക്കരയിൽ തന്റെ പ്രിയപ്പെട്ടവരെ കാത്തുനിൽക്കുന്ന യേശുവിനെ കാണാം. ”ഉഷസ്സായപ്പോൾ യേശു കടൽക്കരയിൽ വന്നുനിന്നു” (യോഹ. 21:4). തങ്ങൾക്കായി പ്രാതലൊരുക്കി കാത്തിരിക്കുന്ന ഗുരുവിനെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്ന ശിഷ്യന്മാർ നമ്മുടെയൊക്കെ പ്രതീകങ്ങളാണ്.

ഓരോ ദിവസവും അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുവാൻ യേശു എഴുന്നേറ്റുനിൽക്കുന്നു. കർത്താവ് മോശയോട് അരുൾചെയ്യുന്നു: അവിടെവച്ച് ഞാൻ നിന്നെ കാണും. ‘കൃപാസനത്തിന് മുകളിൽനിന്ന് സാക്ഷ്യപേടകത്തിന് മീതെയുള്ള കെരുബൂകളുടെ നടുവിൽ ‘നിന്നു’ ഞാൻ നിന്നോട് സംസാരിക്കും’ (പുറ. 25:22). നമ്മെ കാണാനും നമ്മോട് സംസാരിക്കുവാനും ഓരോ പരിശുദ്ധ കുർബാനയിലും യേശു എഴുന്നേറ്റുനിൽക്കുന്നു. വൈദികന്റെ കരങ്ങളിൽ ഉയർത്തപ്പെടുന്ന അപ്പം നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറക്കപ്പെടണം. ഇസ്രായേൽ ജനത്തിന് മുൻപിലും പിൻപിലും കാവൽനിന്ന ദൈവം നിന്റെ വിളിക്ക് കാതോർത്ത് നിൽക്കുന്നു.

”ഒരു കുഞ്ഞാട് സീയോൻ മലയിൽ നിൽക്കുന്നത് ഞാൻ കണ്ടു” (വെളി. 14:1). അതെ, പ്രധാനാചാര്യന്റെ, ന്യായാധിപസംഘത്തിന്റെ, പീലാത്തോസിന്റെ, ഹേറോദേസിന്റെ – ഇവരുടെയെല്ലാം മുമ്പിൽ വിചാരണയ്ക്ക് നിൽക്കപ്പെട്ട കുഞ്ഞാടിന്റെ നമ്മോടുള്ള സ്‌നേഹം നമ്മെ നോക്കി നിൽക്കുന്നു. നിൽക്കുന്നതാണ് സ്‌നേഹം: നിൽക്കുന്ന സ്‌നേഹത്തിനേ വീഴാതെ നമ്മെ താങ്ങിനിർത്തുവാൻ കഴിയൂ. അതെ, യേശു നിനക്കുവേണ്ടി നിൽക്കുന്നു, നിന്നെ ഉറ്റുനോക്കിക്കൊണ്ട്…

അരുൺ കെ. ചാക്കോ

1 Comment

  1. Elsamma James says:

    വൈദികന്റെ കരങ്ങളിൽ ഉയർത്തപ്പെടുന്ന അപ്പം നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറക്കപ്പെടണം.

    Some new information. Thank you. Good one.

Leave a Reply to Elsamma James Cancel reply

Your email address will not be published. Required fields are marked *