അമൂല്യനിധി പാഴാകാതെ

പുതിയൊരു വീടുപണിക്കൊരുങ്ങിയപ്പോഴേ തീരുമാനിച്ചു മഴവെള്ള സംഭരണി വേണം, സോളാർ ഊർജം പ്രയോജനപ്പെടുത്തണം, ബയോഗ്യാസ് ഉപയോഗിക്കണം എന്നൊക്കെ. വീടുപണിയുടെ ഭാഗമായി ഇതെല്ലാം ശരിയാക്കി. ഒരു തുള്ളി മഴവെള്ളം പുറത്തുകളയാതെ സംഭരിച്ച് ശുദ്ധീകരിച്ച് കുടിവെള്ളമായും മറ്റ് വീട്ടാവശ്യങ്ങൾക്കായും ഉപയോഗിക്കുന്നു. വലിയ മഴക്കാലത്ത് മിച്ചം വരുന്നത് കിണറ്റിലേക്ക് ഒഴുക്കി സംഭരിക്കുന്നു.

കുളിക്കാനും പാത്രം കഴുകാനുമുള്ള ചൂടുവെള്ളം സോളാർ ഊർജം പാകപ്പെടുത്തുന്നു. അടുക്കള മാലിന്യങ്ങൾ പാചകവാതകമായി അടുക്കളയിൽ തിരിച്ചെത്തുന്നു. ഇനിയും എന്തെങ്കിലും പാഴായിപ്പോകുന്നുണ്ടോ എന്നന്വേഷിച്ചപ്പോഴാണ് വീടിന്റെ വിശാലമായ ടെറസ് വിജനമായിരിക്കുന്നത് ശ്രദ്ധിച്ചത്. അവിടവും പച്ചക്കറികൃഷികൊണ്ട് സജീവമാക്കി. ഓരോ സംവിധാനങ്ങളും ഫലം തരാനും തുടങ്ങി; ദൈവത്തിന് സ്തുതി!

ദൈവം നമുക്ക് ഈ ജീവിതത്തിൽ തന്നിരിക്കുന്ന എല്ലാംതന്നെ നല്ലതാണെന്നും അതുകൊണ്ടുതന്നെ ഒന്നിനെയും നശിപ്പിക്കാനോ പാഴാക്കിക്കളയാനോ പാടില്ലെന്നുള്ള ബോധ്യം കിട്ടിയിട്ട് കുറെ നാളുകളായി. അങ്ങനെ ചിന്തിക്കാനുള്ള കാരണം ഒന്നേയുള്ളൂ – അത് എനിക്ക് സൃഷ്ടിക്കാൻ കഴിയാത്തതാണ് എന്ന സത്യം. ഉപയോഗയോഗ്യമായ ഒരു തുണ്ടുകടലാസോ കുടിവെള്ളമോ വൈദ്യുതിയോ ഭക്ഷണമോ അങ്ങനെ എല്ലാംതന്നെ ഇതുപോലെ കരുതുന്നു. ദാനമായി കിട്ടിയതൊക്കെ ദാതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുമ്പോഴാണ് ‘സംതൃപ്തി’ ഒരു കൃപയായി നമ്മിൽ നിറയുന്നത്.

വീണ്ടും അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ഫലദായകമായി മാറ്റാവുന്ന എന്തെങ്കിലും സാധ്യതകളുണ്ടോ? ദൈവം സൗജന്യദാനമായി തന്ന എന്തെങ്കിലും പാഴായി പോകുന്നുണ്ടോ? ഈ അന്വേഷണം പ്രാർത്ഥനയായി മുകളിലേക്കയച്ചപ്പോൾ ദൈവം എന്റെ ഉൾക്കണ്ണുകളെ തുറന്നു. പിന്നീടുണ്ടായത് ഒരു ഹാഗാർ അനുഭവമായിരുന്നു. വിശപ്പു സഹിക്കാതെ വേദനിക്കുന്ന കുഞ്ഞിനോടൊപ്പം കരഞ്ഞുകൊണ്ടിരുന്ന ഹാഗാറിന്റെ കണ്ണുകൾ ദൈവം തുറന്നു. അവൾ ഒരു കിണർ കണ്ടു (ഉൽപ. 21:19). ജീവന്റെ വലിയൊരു സാധ്യതയായിരുന്നു അവൾക്ക് ആ കിണർ!

ഞാൻ കണ്ട കിണർ

ദൈവം എന്റെ ഉൾക്കണ്ണുകളെ തുറന്നപ്പോൾ ഞാൻ കണ്ട ജീവദായകമായ കിണറിന്റെ പേര് ‘സമയം’ എന്നായിരുന്നു. എന്റെ ആഗ്രഹംകൊണ്ടോ പരിശ്രമംകൊണ്ടോ കിട്ടാൻ സാധിക്കാത്തതും ദൈവത്തിന്റെ ദയയിൽനിന്നുമാത്രം എനിക്ക് കിട്ടുന്നതുമായ അമൂല്യനിധി! സോളാർ ഊർജത്തെക്കാളും മഴവെള്ളത്തെക്കാളും ടെറസിലെ പച്ചക്കറികളെക്കാളും വിലയുള്ള നിധിയല്ലേ സമയം! എന്റെ ജീവിതത്തിൽ പാഴായിപ്പോകുന്ന വിലയേറിയ സമയത്തെപ്പറ്റി അപ്പോഴാണ് ഞാൻ ചിന്തിച്ചുതുടങ്ങിയത്. അത് വലിയൊരു തിരിച്ചറിവായിരുന്നു.

ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ എത്രയെത്ര സന്ദർഭങ്ങളിലാണ് സമയം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പാഴായിപ്പോകുന്നത്! പലപ്പോഴും ആ പാഴാക്കലിന് ഉത്തരവാദി നമ്മളല്ലായിരിക്കാം. നമ്മുടെ പരിധിക്കപ്പുറത്തും പലപ്പോഴും സമയം വെറുതെ കളയേണ്ടിവരുന്നുണ്ട്; അല്ലെങ്കിൽ ഒന്നും ചെയ്യാത്ത ആ സമയങ്ങൾ വേറെ എന്തൊക്കെയോ നല്ലത് ചെയ്യാമായിരുന്നു എന്ന നഷ്ടബോധം നമ്മെ അലട്ടാറുണ്ട്. നിരവധി യാത്രകൾക്കിടയിൽ, ഓരോ കാര്യങ്ങൾക്കായി നീണ്ട ക്യൂവിൽ നിൽക്കേണ്ടിവരുമ്പോൾ, ബസിനും ട്രെയിനിനുംവേണ്ടി കാത്തുനിൽക്കുമ്പോൾ, വിരുന്നുകാരെ പ്രതീക്ഷിച്ചിരിക്കുമ്പോൾ, പവർകട്ട് മാറാൻ കാത്തിരിക്കുമ്പോൾ, ഓരോ കാര്യങ്ങൾ ചെയ്തുകിട്ടാൻ ഓഫിസുകളിൽ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരുമ്പോൾ അങ്ങനെ നമ്മുടെ ജീവിതത്തിൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് സന്ദർഭങ്ങളുണ്ട്.

അവിടെയെല്ലാം പാഴായിപ്പോകുന്നത് വിലപ്പെട്ട സമയങ്ങളാണല്ലോ!
ഇനിമേൽ ഈ സമയങ്ങൾ ഒരിക്കലും നഷ്ടപ്പെട്ടുപോകാൻ അനുവദിക്കരുത്. നഷ്ടപ്പെടാവുന്ന ഈ മണിക്കൂറുകൾ നമുക്ക് ലാഭമാക്കി മാറ്റാം. മറ്റുള്ളവരെയും നമ്മുടെ ദുരവസ്ഥയെയും പഴിക്കുന്ന ഈ സമയങ്ങൾ അനുഗ്രഹത്തിന്റെ നിമിഷങ്ങളാക്കി മാറ്റാം.

ഒരായിരം നിയോഗങ്ങൾ

ഒരായിരം പ്രാർത്ഥനാ നിയോഗങ്ങളാണ് നമുക്കുള്ളത്. നമുക്കുവേണ്ടി, മറ്റ് കുടുംബാംഗങ്ങൾക്കുവേണ്ടി, ഗർഭസ്ഥ ശിശുക്കൾക്കുവേണ്ടി, കുട്ടികൾക്കും യുവജനങ്ങൾക്കുംവേണ്ടി, ദമ്പതിമാർക്കുവേണ്ടി, വൃദ്ധജനങ്ങൾക്കുവേണ്ടി, പാപികളുടെ മാനസാന്തരത്തിനായി, വൈദികർക്കും സമർപ്പിതർക്കുംവേണ്ടി, നേതാക്കന്മാർക്കുവേണ്ടി, രോഗികൾക്കും പട്ടിണിപ്പാവങ്ങൾക്കുംവേണ്ടി, അങ്ങനെ ലോകം മുഴുവനുംവേണ്ടി, ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി… എങ്കിലും ഏതു കാര്യത്തിനുവേണ്ടിയാണോ ഇങ്ങനെയുള്ള ഇടവേളകൾ ചെലവഴിക്കേണ്ടി വരുന്നത് അങ്ങനെയുള്ള ആവശ്യങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കുവാൻ സാധിക്കും.

ഉദാഹരണത്തിന്, ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ, ആ ആശുപത്രിയിൽ നമ്മോടൊപ്പമായിരിക്കുന്ന എല്ലാ രോഗികളെയും അവരെ ചികിത്സിക്കുന്ന ഡോക്‌ടേഴ്‌സിനെയും ശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാരെയും നമുക്ക് സമർപ്പിച്ച് പ്രാർത്ഥിക്കാനെളുപ്പമാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, മറ്റെല്ലാ യാത്രക്കാരെയും കരമാർഗവും ജലമാർഗവും വിമാനത്തിലും ആ സമയം യാത്ര ചെയ്യുന്നവരെയും ഏത് ആവശ്യത്തിനുവേണ്ടി യാത്ര ചെയ്യുന്നുവോ അതെല്ലാം സമർപ്പിച്ച് ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിക്കാൻ സാധിക്കും. യാത്രകൾ സഫലമാകുന്നതിന് മുൻകൂട്ടി ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിക്കാനാവും. ഗവൺമെന്റ് ഓഫിസുകളിൽ നീണ്ട ക്യൂവിൽ നിന്ന് ബോറടിക്കുമ്പോൾ ഓർക്കുക – എല്ലാ ജീവനക്കാർക്കുവേണ്ടിയും പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടവരാണ്. അതിനുവേണ്ടിയുള്ള സമയമാണ് ദൈവം തന്നിരിക്കുന്നത്.

നമ്മുടെ ദേശത്തുനിന്നും നാട്ടിൽനിന്നും രാജ്യത്തുനിന്നും ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ‘പരിമളമിയലും ധൂപംപോൽ’ പ്രാർത്ഥനകൾ സ്വർഗത്തിലേക്കുയരുമ്പോൾ സ്വർഗത്തിലിരുന്ന് ദൈവം കാണുന്നത് പ്രാർത്ഥനാനിർഭരമായ ഒരു ലോകത്തെയാണ്. ആ ദൈവത്തിന് ലോകത്തിന്റെമേൽ കരുണ കാണിക്കാതിരിക്കുവാൻ സാധിക്കുമോ? നമ്മുടെ പ്രാർത്ഥന കേട്ടില്ല എന്ന് നടിക്കാനാവുമോ? നമ്മുടെ പ്രാർത്ഥനകൾ പാഴായിപോകുമോ എന്ന് തെല്ലും സംശയിക്കരുത്. യേശുനാഥന്റെ വാക്കുകൾതന്നെ നമുക്ക് വിശ്വസിക്കാം: ”എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും” (യോഹ. 14:14).

വിലയുണ്ട്

പ്രാർത്ഥനയ്ക്ക് ഫലമുള്ളതുകൊണ്ടല്ലേ മാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട് റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടതും ജനം പ്രാർത്ഥിച്ച് റഷ്യയെ മാനസാന്തരപ്പെടുത്തിയതും. പ്രാർത്ഥനകൾക്ക് തീർച്ചയായും ശക്തിയുണ്ട്, ഫലമുണ്ട്. യേശുനാഥൻതന്നെ തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുകയും പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റി പലപ്പോഴും ഓർമിപ്പിക്കുകയും ചെയ്തിരുന്നു. ”വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കുവിൻ” (മത്താ. 9:37-38). അവിടുന്ന് വീണ്ടും പറഞ്ഞു: ”പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ” (ലൂക്കാ 22:46).
ആയതിനാൽ, ജീവിതത്തിൽ വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങൾ പ്രാർത്ഥനകളായി നമുക്ക് സ്വർഗത്തിലേക്കുയർത്താം. പാഴായിപ്പോകേണ്ട സമയങ്ങൾ ഫലദായകമാക്കാം.

സ്വർഗത്തെ ഭൂമിയിലേക്കിറക്കുന്ന അനുഗ്രഹനിമിഷങ്ങളാക്കാം. ‘ഈശോയേ’ എന്നു വിളിക്കാനുള്ള ഒരു നിമിഷംപോലും നഷ്ടപ്പെടുത്താതിരിക്കാം. ഇതാണ് യേശുക്രിസ്തുവിൽ നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം. ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ” (1 തെസ. 5:16-18).

ഓ ദൈവമേ, അങ്ങ് ഞങ്ങൾക്ക് തരുന്ന ഓരോ നിമിഷത്തെയും ഓർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിൽ ഒന്നും ചെയ്യാനാവാതെ പാഴാക്കിക്കളഞ്ഞ നിമിഷങ്ങളെയോർത്ത് ഞങ്ങൾ ദുഃഖിക്കുന്നു. ഇനിയെങ്കിലും ഇരട്ടി തീക്ഷ്ണതയോടെ ഈ സമയങ്ങളെ പ്രാർത്ഥനാനിമിഷങ്ങളാക്കി, ഞങ്ങൾക്കും ലോകത്തിനുംവേണ്ടി പ്രാർത്ഥിക്കുവാനുള്ള വലിയ കൃപ ഞങ്ങൾക്ക് തരണമേ ആമ്മേൻ.

ജോൺ തെങ്ങുംപള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *