ഇരുൾ മാറ്റിയ ആ കാഴ്ച

അയൽക്കാരന്റെ മനസിലെ ഇരുൾ നീക്കിപ്രകാശം നിറച്ചത് ദിവ്യമായ ഒരു കാഴ്ചയാണ്.

എന്റെ അയൽക്കാരനായ ഒരു സഹോദരനുണ്ട്. അദ്ദേഹം ക്രൈസ്തവ കുടുംബത്തിൽ ജനിച്ച് വളർന്നതാണ്. എന്നാൽ അദ്ദേഹത്തിന് ദൈവത്തിൽ വിശ്വാസമില്ല. ദേവാലയത്തിൽ പോവുകയില്ല, ദിവ്യകാരുണ്യത്തോട് ഭക്തിയില്ലായ്മ, ജപമാല പോലും ചൊല്ലുവാൻ അദ്ദേഹത്തിന് ഇഷ്ടമില്ല. ഒരു ദിവസം ഞാൻ സ്‌കൂൾവിട്ട് ടൗണിൽക്കൂടി വരുകയായിരുന്നു. അപ്പോൾ അദ്ദേഹത്തെ കണ്ടുമുട്ടി.

സംസാരിച്ചുകൊണ്ടിരിക്കവേ ഞാൻ അദ്ദേഹത്തോട് എനിക്കൊരു വൈദികനാകണം എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം എന്റെ വാക്കുകൾക്കെതിരായിരുന്നു. കാരണം, വിശ്വാസത്തിന്റെ ഒരു കണികപോലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഇല്ലായിരുന്നു. എന്നാൽ എനിക്കുറപ്പുണ്ടായിരുന്നു ആ ചേട്ടൻ തിരിച്ചുവരുമെന്ന്. ഞാൻ അദ്ദേഹത്തെ കൂട്ടി അടുത്തുള്ള ഇടവക ദേവാലയത്തിൽ കൊണ്ടുപോയി. ആ ദിവ്യസക്രാരിയിലേക്ക് നോക്കിയിരിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു.

എന്നോടുള്ള താൽപര്യത്താലായിരിക്കാം അദ്ദേഹം അപ്രകാരം ചെയ്തു. വിശ്വാസമില്ലാത്ത ആ കണ്ണുകളിൽ വിശ്വാസത്തിന്റെയും ഭക്തിയുടെയും ധാരകൾ കണ്ണീരായി ഒഴുകുന്നതാണ് പിന്നീട് ഞാൻ കണ്ടത്. അന്ന് എന്നോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ”എന്നിലേക്ക് പ്രകാശം കടന്നുവന്നു. ആ പ്രകാശം വന്നത് ദിവ്യകാരുണ്യത്തിൽനിന്നാണ്. പ്രകാശത്തിന്റെ നടുക്ക് ചോര വിയർത്ത് മുൾമുടി ചൂടിയ ഒരാളുടെ മുഖം ഞാൻ കണ്ടു. അത് യേശുതന്നെയാണ്.”
വിനീതനായി ദിവ്യസക്രാരിയിൽ ആയിരിക്കുന്ന ഈശോയുടെ ഇഷ്ടങ്ങളെന്താണ്? ആദിമ ക്രൈസ്തവർ ജീവിച്ചതുപോലെ നാം ജീവിക്കുന്നതല്ലേ അവിടുത്തേക്ക് പ്രീതികരം. ആദിമക്രൈസ്തവരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നമുക്ക് അപ്പസ്‌തോല പ്രവർത്തനങ്ങളിൽ കാണുവാൻ സാധിക്കും. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയമോടും ഒരാത്മാവോടെയും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് കരുതിയില്ല (അപ്പ. പ്രവ. 4:32). അതിനാൽ ആദിമക്രിസ്ത്യാനികൾ ജീവിച്ചതുപോലെ നാമും ജീവിക്കണം. അസൂയയുടെയോ മാത്സര്യത്തിന്റെയോ കണികകൾപോലും അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല. എന്നാൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ക്രൂരതകൾക്കും മറ്റ് അശുദ്ധചിന്തകൾക്കും അടിമയായിരിക്കുന്ന സമൂഹത്തിലെ നാം ഓരോരുത്തരുടെയും ഹൃദയവികാരവിചാരങ്ങളെ പരിശോധിച്ചറിയുന്നവനാണ് യേശു.

അല്പസമയമെങ്കിലും…

സമൂഹത്തിലെ പാപങ്ങൾക്ക് അറുതിയില്ല. പിന്നെയും പിശാച് ഈ ഭൂമിയെ വലയം ചെയ്തിരിക്കുകയാണ്. നാം ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അവിടുത്തേക്കുവേണ്ടി മാറ്റിവയ്ക്കാറുണ്ടോ? ക്രൈസ്തവരായ നമുക്ക് എത്ര അവസരങ്ങളാണ് അവിടുന്ന് കനിഞ്ഞുനൽകുന്നത്. പലവിധ ധ്യാനങ്ങളിലൂടെയും നിത്യാരാധന ചാപ്പലുകളിലൂടെയും പലവിധത്തിലും ദിവ്യകാരുണ്യനാഥന്റെ അനുഭവം ഉണ്ടായിട്ടുണ്ട്.

അവിടുന്ന് കരുണയുള്ളവനാണ്. അതുകൊണ്ടല്ലേ ഈശോ നേരത്തെ പരമാർശിച്ച ചേട്ടന്റെ ജീവിതത്തിലേക്ക് മാനസാന്തരത്തിന്റെ കതിരുകൾ അയച്ചത്. ക്രൈസ്തവരായ നാം ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ആ സർവശക്തന്റെ സഹായം തേടിയാൽ അവിടുന്ന് നമുക്ക് വേണ്ട എല്ലാ സഹായങ്ങളും പ്രദാനം ചെയ്യും. അവിടുന്ന് അന്ധകാരം നിറഞ്ഞ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് അന്ധകാരത്തെ അകറ്റി പ്രകാശം നിറയ്ക്കുന്നു.

നാം ഓരോരുത്തരും ചിന്തിക്കേണ്ട വലിയ സത്യമുണ്ട്. എന്തിനുവേണ്ടിയാണ് അപമാനമേറ്റ്, പീഡകൾ സഹിച്ച് മാനവർക്കുവേണ്ടി അവിടുന്ന് കുരിശിൽ മരിച്ചത്? ഈ ചോദ്യത്തിന് ക്രൈസ്തവരായ നമുക്ക് നൽകുവാനുള്ളത് ഒരു ഉത്തരമാണ്. നമ്മോടുള്ള സ്‌നേഹത്താൽ പീലാത്തോസിന്റെ വീട്ടിൽനിന്നും ഗാഗുൽത്താവരെ കടുത്ത ശാരീരികവേദനകൾ സഹിച്ച് സഞ്ചരിച്ചു. പീഡകൾ സഹിച്ച് മരിച്ച് ഉയിർത്തെഴുന്നേറ്റ് ലോകാവസാനംവരെ നമ്മോടൊത്ത് ആയിരിക്കുവാൻ അവിടുന്ന് പരിശുദ്ധ കുർബാന സ്ഥാപിച്ചു. അങ്ങനെ ജീവിക്കുന്ന ഒരപ്പമായി നമ്മോടുകൂടെ അവിടുന്ന് ആയിരിക്കുന്നു. അതിനാൽ നമുക്ക് ദിവ്യകാരുണ്യ ഭക്തിയിൽ വളരാം. നമ്മുടെ മക്കളെയും ദിവ്യകാരുണ്യ ഭക്തിയിൽ വളർത്താം.

ബദർ അമൽ ഇരുമ്പനത്ത് എം.എസ്.റ്റി

Leave a Reply

Your email address will not be published. Required fields are marked *