”ദൈവമേ… ഓർമിപ്പിച്ചതിന് നന്ദി!”
മംഗലാപുരത്ത് ഡിഗ്രി പഠനത്തിന്റെ സമയം. നാലാം സെമസ്റ്റർ പരീക്ഷയുടെ റിസൽറ്റ് വന്നപ്പോഴായിരുന്നു എല്ലാം തലകീഴ് മറിഞ്ഞത്. ആറു വിഷയങ്ങളിൽ മൂന്നെണ്ണത്തിന് ഞാൻ തോറ്റിരിക്കുന്നു. അധ്യയനജീവിതത്തിലെ ആദ്യത്തെ തോൽവി! എല്ലാം നന്നായി പഠിച്ചിട്ടും എന്തുകൊണ്ട് ഞാൻ തോറ്റുപോയി… പരാതി ഈശോയോടായിരുന്നു. കുറേ നേരം കഴിഞ്ഞ് മനസ് ശാന്തമായപ്പോൾ ഉള്ളിൽ അവിടുത്തെ സ്വരം മുഴങ്ങുന്നതായി തോന്നി… ”നീ പിന്നിലേക്ക് തിരിഞ്ഞുനോക്കുക. എന്തു മാറ്റമാണ് നിനക്ക് സംഭവിച്ചത്?”
ഞാൻ സ്വയം ഓർത്തുനോക്കി. പുതിയ ഫ്രണ്ട്സ്… പുതിയ ലോകം. നാട്ടിൽ ഞാൻ ദൈവത്തോടു ചേർന്നു ജീവിച്ചു. ഇപ്പോഴാകട്ടെ ഞായറാഴ്ച ഒന്നു പള്ളിയിൽ പോകും എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. എന്റെ മാറ്റം ഞാൻ സ്വയം തിരിച്ചറിഞ്ഞു. ഈശോയോട് മാപ്പു ചോദിച്ചു. പിന്നീട് വിജയകരമായി പഠനം പൂർത്തിയാക്കി.
വർഷങ്ങൾക്കുശേഷം എനിക്കിപ്പോൾ ഒന്നേ പറയാനുള്ളൂ… ”ദൈവമേ, തോൽവികൊണ്ടുള്ള ആ ഓർമ്മപ്പെടുത്തലിന് ഒരായിരം നന്ദി!”
ജോസഫ്