ദൈവത്തിന് ഭിക്ഷ കൊടുക്കുന്നവർ

ദൈവത്തിന് കൊടുക്കുന്നതും ദൈവത്തെപ്രതി കൊടുക്കുന്നതും അനേകമിരട്ടിയായി മടക്കിക്കിട്ടും.എന്നിട്ടും നാം കൊടുക്കാൻ മടിക്കുന്നതെന്തുകൊണ്ട്?

ടാഗോറിന്റെ ഗീതാഞ്ജലിയിൽ പ്രജാവത്സലനായ ഒരു രാജാവിന്റെയും ഒരു ഭിക്ഷുവിന്റെയും കഥ വർണിക്കുന്നുണ്ട്. രാജാവിന് പ്രജകളോടുള്ള സ്‌നേഹം വളരെ വലുതാകയാൽ പ്രജകൾക്ക് ക്ഷേമമോ എന്നറിയാൻ രാജാവ് കൂടെക്കൂടെ പ്രജകളെ നേരിട്ട് സന്ദർശിച്ച് അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക പതിവായിരുന്നു. അങ്ങനെ ഒരു ദിവസം രാജാവ് തന്റെ രഥത്തിൽ പ്രജകളെ സന്ദർശിക്കാനിറങ്ങി. എല്ലാവരും ആഹ്ലാദാവേശങ്ങളോടെ രാജാവിനെ എതിരേറ്റു. വഴിവക്കിൽ തന്നെ കാത്തിരുന്നവർക്ക് സമ്മാനമായി രാജാവ് സ്വർണനാണയങ്ങൾ വാരി വിതറി.

ഇതെല്ലാം കണ്ട ഭിക്ഷു തനിക്കും രാജാവ് എന്തെങ്കിലും സമ്മാനം തരുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ രഥം ഭിക്ഷു കാത്തിരുന്ന സ്ഥലത്തെത്തി. രാജാവ് ആ ഭിക്ഷുവിനെ കണ്ടപ്പോൾ തന്റെ രഥം നിർത്തി. തനിക്ക് സ്വർണനാണയങ്ങൾ സമ്മാനം തരാനായിരിക്കും എന്നാണ് അവൻ കരുതിയത്. അത്ഭുതമെന്ന് പറയട്ടെ, രാജാവ് ഭിക്ഷുവിന്റെ നേരെ യാചനാരൂപത്തിൽ തന്റെ കരങ്ങൾ നീട്ടുകയാണ് ചെയ്തത്. ഇതാ ദരിദ്രനും അഗതിയുമായ തന്റെനേരെ കൈനീട്ടി രാജാവ് യാചിക്കുന്നു.

ഭിക്ഷുവിന് ആദ്യം അത് വിശ്വസിക്കാനായില്ല. തനിക്കെന്തെങ്കിലും തരേണ്ട രാജാവ് എന്നോട് എന്തെങ്കിലും തരാനായി തന്റെ നേരെ കൈനീട്ടി നില്ക്കുന്നു. ഭിക്ഷുവിനാകെ വെപ്രാളമായി. ഒപ്പം സങ്കടവും നിരാശയും. അയാൾ തന്റെ സഞ്ചിയിൽ കൈയിട്ട് പരതി. അതിനുള്ളിൽ അന്ന് യാചിച്ചു കിട്ടിയ കുറച്ച് ധാന്യമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അയാൾ എന്തുചെയ്‌തെന്നോ? ധാന്യത്തിൽനിന്നും ഒരു മണി ധാന്യമെടുത്ത് യാചകഭാവത്തിൽ നിന്ന രാജാവിന്റെ കൈയിൽ വച്ചുകൊടുത്തു. രാജാവ് പുഞ്ചിരിയോടെ യാചകന് നന്ദി പറഞ്ഞ് രഥത്തിൽ മുന്നോട്ടു യാത്രയായി.

ഭിക്ഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ തന്നെത്തന്നെ ശപിച്ചുകൊണ്ട് ആ മരത്തണലിൽ കുത്തിയിരുന്നു. രാജാവ് തന്നെ സന്ദർശിക്കുന്ന ദിവസം തന്റെ തെണ്ടലും അലച്ചിലും അവസാനിക്കുമെന്നാണ് പാവം ഭിക്ഷു കരുതിയത്. പക്ഷേ, തന്നെ മാത്രം സമ്മാനം നല്കാതെ ഒഴിവാക്കിയ രാജാവിനെയോർത്ത് അയാൾക്ക് സങ്കടവും അമർഷവും തോന്നി. അന്നത്തെ തെണ്ടൽ മതിയാക്കി അയാൾ തന്റെ കൂരയ്ക്കുള്ളിൽ ചെന്നു. ഭിക്ഷയായി കിട്ടിയ ധാന്യം അളന്നു നോക്കുവാനായി അയാൾ തന്റെ സഞ്ചിയിൽനിന്ന് ധാന്യം കുടഞ്ഞിട്ടപ്പോൾ അതാ അതിനിടയിൽ ഒരു സ്വർണധാന്യമണി! അയാൾക്ക് മനസിലായി താൻ രാജാവിന് കൊടുത്ത ആ ഒരു ധാന്യമണിയാണ് സ്വർണമണിയായി രൂപപ്പെട്ടിരിക്കുന്നതെന്ന്. അപ്പോൾ അയാളുടെ ഹൃദയം തേങ്ങി. ദൈവമേ, ഞാനെന്റെ ധാന്യം മുഴുവൻ നല്കിയില്ലല്ലോ? നല്കിയിരുന്നെങ്കിൽ ആ ധാന്യം മുഴുവൻ സ്വർണമായി തിരികെ കിട്ടുമായിരുന്നല്ലോ എന്നോർത്ത് അയാൾ വിലപിച്ചു.

ഈശോ പറഞ്ഞു: ”കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടതരും” (ലൂക്കാ 6:38). ഈ കഥയിൽ നാം കണ്ട ആ ഭിക്ഷു ചിലപ്പോൾ നമ്മുടെയൊക്കെ പ്രതീകമായിരിക്കാം. നമ്മുടെ ജീവിതത്തിലും നിരവധിയായ നന്മകളും ദാനങ്ങളും ദൈവം തന്നിരിക്കുന്നു. എന്നാൽ ദൈവം നല്കിയതെന്തെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടി വരുമ്പോഴാണ് നമ്മുടെ യഥാർത്ഥമായ സ്വഭാവം പുറത്തുവരിക.

ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് ഞാൻ അടുത്തുള്ള ഇടവകയിലെ പ്രയർ ഗ്രൂപ്പിലേക്ക് കടന്നുചെന്നത്. ആ ഇടവകയിൽ പ്രയർഗ്രൂപ്പിലും മാതൃസംഘത്തിലും മറ്റ് ഇടവക കാര്യങ്ങളിലുമെല്ലാം സജീവമായി പ്രവർത്തിക്കുന്ന വളരെ ധനികയായ ഒരു അമ്മച്ചി ഉണ്ടായിരുന്നു. ആ അമ്മച്ചിക്ക് എന്നോട് ഒത്തിരി ഇഷ്ടവുമായിരുന്നു. ഞാൻ സഹായം ചോദിച്ചാൽ അമ്മച്ചി തീർച്ചയായും കൈയയച്ചുതരും എന്നായിരുന്നു എന്റെ ഉള്ളിലെ ഒരു ഉറപ്പ്.

അതനുസരിച്ച് ഞാൻ അമ്മച്ചിയോട് പറഞ്ഞു. ഇത്തവണ എറണാകുളത്തുവച്ച് നടക്കുന്ന യൂത്ത് കൺവെൻഷന് ഈ ഇടവകയിൽനിന്ന് കുറെ യുവതിയുവാക്കൾ പോകാൻ ഒരുങ്ങിയിട്ടുണ്ട്. ഒരാൾക്ക് മുന്നൂറിൽ കൂടുതൽ രൂപ ആവശ്യമുണ്ട്. വളരെയേറെ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത ദരിദ്രരായ യുവജനങ്ങളും നമ്മുടെ ഈ ഇടവകയിലുണ്ട്. അങ്ങനെയുള്ള ഒരാളെ ഈശോയെപ്രതി അമ്മച്ചി സ്‌പോൺസർ ചെയ്യുമോ? അതുകേട്ടപ്പോഴേ അമ്മച്ചിയുടെ മുഖം വാടി.

അതുവരെയുണ്ടായിരുന്ന പ്രസരിപ്പ് എങ്ങോ പോയിമറഞ്ഞു. ഭാഷാവരവും മധ്യസ്ഥപ്രാർത്ഥനാവരവും ദർശനവരവും എല്ലാമുള്ള അമ്മച്ചി അന്നത്തെ പ്രയർ മീറ്റിംഗിൽ നിശബ്ദയായിരുന്നു. ഞാൻ വീണ്ടും അമ്മച്ചിയെ ഓർമിപ്പിച്ചു. അമ്മച്ചീ, ഞാൻ പറഞ്ഞ കാര്യം മറക്കല്ലേ. അവർ വിഷാദത്തോടെ തലയാട്ടി. പിറ്റേ ആഴ്ചയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അപ്പോഴതാ എന്നെ കണ്ടപ്പോൾ പൂപോലെ ചിരിക്കുന്ന അമ്മച്ചി. അമ്മച്ചി എന്നെ പള്ളിമുറ്റത്തുനിന്നും കൈയ്ക്ക് പിടിച്ച് ഒരു മൂലയിലേക്ക് കൊണ്ടുപോയി. എന്നിട്ട് എന്നോട് സ്വരംതാഴ്ത്തി ഇപ്രകാരം പറഞ്ഞു: അതേ മോളെ, വീട്ടിലങ്ങനെ നീക്കിയിരിപ്പായിട്ട് അധികമൊന്നുമില്ല. പിന്നെ അനാവശ്യ കാര്യങ്ങൾക്ക് അധികം പണം ചെലവാക്കുന്നത് വീട്ടിലെ അപ്പച്ചന് ഒട്ടും ഇഷ്ടവുമല്ല. പിന്നെ മോളല്ലേ ചോദിച്ചത്, അതുകൊണ്ട് തരാതിരിക്കാൻ പറ്റുമോ.

ഓ, ഇത് കൈയിലിരിക്കട്ടെ എന്നു പറഞ്ഞ് അമ്മച്ചി ഒരു പത്തുരൂപാനോട്ട് എന്റെ കൈയിൽ തിരുകിവച്ച് കൈ ഭദ്രമായി അടച്ചിട്ട് ഇത്രയുംകൂടി പറഞ്ഞു: ഞാനിത്രയും തന്നുവെന്ന് ആരോടും പറയേണ്ട. ഇനിയുള്ള എല്ലാ കാര്യത്തിനും എന്നോട് ചോദ്യം തുടങ്ങും. എന്റെ കൊച്ചേ നമ്മുടെ കാര്യം നമുക്കല്ലേ അറിയാവൂ…! എന്നാൽ കൂലിപ്പണിക്ക് പോയിരുന്ന രോഗികളായ ചിലർ തങ്ങൾക്ക് മരുന്ന് മേടിക്കാനുള്ള പൈസപോലും നീക്കിവയ്ക്കാതെ ആ കൺവെൻഷന് ദരിദ്രരായ യുവതിയുവാക്കളെ കൊണ്ടുപോകാൻവേണ്ടി ദാനം ചെയ്തു എന്നതുകൂടി കൂട്ടിവായിക്കുമ്പോഴേ ധനികയായ, പൊതുകാര്യപ്രസക്തയായ, ആ അമ്മച്ചി ചെയ്തതിന്റെ അർത്ഥശൂന്യത നമുക്ക് മനസിലാക്കാൻ കഴിയൂ.

തിരുവചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് ശ്രദ്ധിക്കൂ. ”സത്യമിതാണ്: അല്പം വിതയ്ക്കുന്നവൻ അല്പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും. ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവർത്തിക്കാൻ. വൈമനസ്യത്തോടെയോ നിർബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂർവം നല്കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങൾ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാൻ കഴിവുറ്റവനാണ് ദൈവം. എഴുതപ്പെട്ടിരിക്കുന്നതുപോലെ അവൻ വാരി വിതറി. അവൻ ദരിദ്രർക്കു ദാനംചെയ്തു. അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. വിതക്കാരനു വിത്തും ഭക്ഷിക്കാൻ അപ്പവും കൊടുക്കുന്നവൻ നിങ്ങൾക്കു വിതയ്ക്കാനുള്ള വിത്തു തരുകയും അതിനെ വർധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും. നിങ്ങൾ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാ വിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും” (2 കോറി. 9:6-11).

ആദിമ ക്രൈസ്തവസമൂഹം

യഥാർത്ഥ സമർപ്പണത്തിന്റെയും പങ്കുവയ്ക്കലിന്റേതുമായ ഉത്തമമാതൃക നമുക്ക് ആദിമ ക്രൈസ്തവസമൂഹത്തിൽ ദർശിക്കുവാൻ കഴിയും. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ അതിന്റെ വ്യക്തമായ ദർശനം നമുക്ക് ലഭിക്കുന്നുണ്ട്. ”വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു…. അവരുടെയിടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക അപ്പസ്‌തോലന്മാരുടെ കാല്ക്കലർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു” (അപ്പ.പ്രവ. 4:32-35). ഇന്നും ഉദാരമായി ദാനം ചെയ്യുന്നവർ നമ്മുടെ ഇടയിലുണ്ട് എന്ന കാര്യം നമ്മൾ വിസ്മരിച്ചുകൂടാ.

112പക്ഷേ, വളരെ വിരളമായി മാത്രമാണത്. ആർക്കാണ് നാം ദാനം നല്കുന്നതെന്ന വ്യക്തമായ ബോധ്യം നമുക്ക് ഇല്ലാത്തപ്പോഴാണ് ദാനം നല്കാൻ അഥവാ പങ്കുവയ്ക്കാൻ നാം മടിക്കുന്നത്. ദരിദ്രനിലൂടെ അഥവാ ആവശ്യക്കാരനിലൂടെ നമുക്കുനേരെ കൈനീട്ടുന്നത് കർത്താവായ യേശുവാണ് എന്ന കാര്യം നാം തിരിച്ചറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ദാനം ചെയ്യുവാനുള്ള നമ്മുടെ വിമുഖതയുടെ ഒരു പ്രധാന കാരണം. സുഭാഷിതങ്ങൾ 19:17-ൽ ഇപ്രകാരം പറയുന്നു: ”ദരിദ്രരോടു ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്നു ആ കടം വീട്ടും.” വീണ്ടുമിതാ അവിടുന്നു പറയുന്നു: ”ദരിദ്രന്റെ നിലവിളിക്ക് ചെവി കൊടുക്കാത്തവന് വിലപിക്കേണ്ടി വരും. അത് ആരും കേൾക്കുകയുമില്ല.”

പാവങ്ങൾക്ക് കൊടുക്കുന്നത് ഈശോയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ് അല്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യുന്നവൻ കർത്താവിനുതന്നെയാണ് ചെയ്യുന്നത് എന്ന ധാരണ ചെറുപ്രായത്തിലേ നമ്മുടെ ഉള്ളിൽ വേരു പാകേണ്ട ഒന്നാണ്. ദൈവത്തിന്റെ പ്രത്യേക കാരുണ്യത്താൽ ചെറുപ്രായത്തിലേ ആ നല്ല ബോധ്യം എന്റെയുള്ളിലുറക്കുവാൻ ദൈവം തിരുവുള്ളമായി. എന്റെ അമ്മച്ചിയും വല്യമ്മച്ചിയും ആന്റിമാരും അക്കാര്യം എന്നോട് വിവിധ സാഹചര്യങ്ങളിലൂടെ ഓർമിപ്പിക്കുമായിരുന്നു. മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോൾ ഒരു പള്ളിപ്പെരുന്നാൾ ദിവസം എനിക്ക് പള്ളിയിൽനിന്നും അമ്പതുപൈസ കളഞ്ഞുകിട്ടി. ഞാനത് എന്റെ ഉടുപ്പിന്റെ പോക്കറ്റിലിട്ടു.

അതുകൊണ്ട് ഐസ്‌ക്രീം മേടിക്കാമല്ലോ എന്നായിരുന്നു അതു സ്വന്തമാക്കുമ്പോൾ എന്റെ ചിന്ത. എന്നാൽ ആ പൈസ എന്റെ പോക്കറ്റിൽ വന്ന നിമിഷം മുതൽ അരുതാത്തതെന്തോ ചെയ്തതുപോലുള്ള മാനസികവ്യഥയാൽ ഞാൻ കരയാൻ തുടങ്ങി. കരച്ചിൽ നിറുത്താതെ വന്നപ്പോൾ ആന്റിയെന്നെ വീട്ടിൽ കൊണ്ടുവന്നു. വഴിനീളെ ഞാൻ കരഞ്ഞു. വീട്ടിൽ ചെന്നും ഞാൻ കരഞ്ഞു. എന്റെ കരച്ചിലിന്റെ കാരണമറിയാതെ വീട്ടിലുള്ളവർ വിഷമിച്ചു. അവർ എന്നെ ആശ്വസിപ്പിച്ചു. അടി കിട്ടുകയില്ല എന്ന് ബോധ്യമായപ്പോൾ ഞാൻ എന്റെ കരച്ചിലിന്റെ കാരണം പറഞ്ഞു. എന്റെ പോക്കറ്റിൽനിന്ന് അമ്പതുപൈസയെടുത്ത് ആന്റിയുടെ കൈയിൽ കൊടുത്തു. ആന്റി ആ പൈസ എന്നെക്കൊണ്ട് തിരുഹൃദയ രൂപത്തിനുമുമ്പിൽ വയ്പ്പിച്ചിട്ട് വീട്ടിൽ വന്ന ഒരു ധർമ്മക്കാരന് കൊടുപ്പിച്ചു. ആന്റി എന്നോട് പറഞ്ഞു: പള്ളിയിൽനിന്ന് എടുത്ത പൈസ ഈശോയുടേതാണ്. അത് അന്നേരംതന്നെ ഭണ്ഡാരത്തിൽ ഇടേണ്ടതായിരുന്നു. അല്ലെങ്കിൽ ധർമ്മം കൊടുക്കണമായിരുന്നു. ഈശോയുടെ മുമ്പിൽ വച്ചിട്ട് അത് നമ്മൾ പാവങ്ങൾക്ക് നല്കുമ്പോൾ ഈശോയ്ക്കുതന്നെയാണ് നല്കുന്നത്. എനിക്ക് സന്തോഷമായി. ഈശോയ്ക്ക് പൈസ കൊടുക്കാൻ കഴിഞ്ഞല്ലോ.

ഈശോയ്ക്ക് നല്കാൻ

പിന്നീടെല്ലാം കൈയിൽ പൈസ കിട്ടുമ്പോൾ ഞാനത് ഈശോയുടെ തിരുഹൃദയത്തിന് മുമ്പിൽ വച്ചിട്ട് പാവങ്ങൾക്ക് നല്കുമായിരുന്നു. അന്നൊരിക്കൽ എനിക്ക് എട്ടാം ക്ലാസിലേക്ക് പ്രമോഷൻ കിട്ടിയ സമയം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയിൽ എന്റെ ദരിദ്രനായ ഈശോയെ കണ്ടെത്തുവാൻ ദൈവമെനിക്ക് ഇടവരുത്തി.

ഞാനന്ന് ഉച്ചയ്ക്ക് ചോറുണ്ണാനായി കൈ കഴുകുവാൻ പോവുകയായിരുന്നു. അന്ന് വളരെ വൈകിയാണ് ഞാൻ കൈ കഴുകുവാൻ പോയത്. അപ്പോഴതാ സ്‌കൂളിലെ തൂണും ചാരി വിദൂരതയിലേക്ക് കണ്ണുംനട്ട് ഒരു അഞ്ചാം ക്ലാസുകാരി. ഞാനവളുടെ അടുത്തു ചെന്നു. പാറിപ്പറന്ന മുടി. കുഴിഞ്ഞ കണ്ണുകൾ, ഒട്ടിയ വയർ. മൂക്കട്ട ഒലിക്കുന്ന മുഖം. മുഷിഞ്ഞ വസ്ത്രങ്ങൾ. എന്റെയുള്ളിൽ അനുകമ്പ തോന്നി. ഞാൻ അടുത്തുചെന്ന് ചോദിച്ചു: മോളെന്താണ് ഭക്ഷണം കഴിക്കാൻ പോകാത്തത്? അവൾ പറഞ്ഞു: എനിക്ക് ഭക്ഷണമില്ല ചേച്ചി. അതെന്താ ഭക്ഷണം കൊണ്ടുവരാത്തത്? ഞാൻ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല കുറച്ചുനേരത്തേക്ക്. പിന്നീട് അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വീട്ടിലിന്ന് അരി വച്ചില്ല. എനിക്ക് വീണ്ടും പാവം തോന്നി. ഞാനെന്റെ ഭക്ഷണം അവൾക്ക് കൊടുത്തു. അവൾ സന്തോഷത്തോടെ അതു വാങ്ങി കഴിച്ചു. ഉച്ചയ്ക്കുള്ള ഭക്ഷണസമയം ഞാൻ പള്ളിയിൽ ചെന്നിരുന്ന് പ്രാർത്ഥിച്ചു. അന്ന് ഞാനോർത്തു ഇത് ഒരു ദിവസത്തെ മാത്രം സംഭവമെന്ന്. പിറ്റേദിവസം ഞാൻ കൈ കഴുകാൻ പോകുമ്പോഴും ആ കുട്ടി ഇന്നലെ കണ്ട അതേ സ്ഥലത്ത് അതേ രൂപത്തിൽ! ഞാൻ ചെന്ന് തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. മോൾക്കിന്നും ഭക്ഷണമില്ലേ? അവൾ പറഞ്ഞു: ഇല്ല ചേച്ചി.

ഞങ്ങളുടെ വീട്ടിൽ ഒരിക്കലും രാവിലെ കഞ്ഞി വയ്ക്കില്ല. വൈകുന്നേരം വയ്ക്കുന്ന കഞ്ഞിയിൽ കുറച്ച് ബാക്കി കാണും. അതിലെ വറ്റ് രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ അനുജന് അമ്മ കൊടുക്കും. കഞ്ഞിവെള്ളം ഞാൻ കുടിക്കും. അങ്ങനെയാണ് എല്ലാ ദിവസവും. ആ കുഞ്ഞിന്റെ വാക്കുകൾ എന്റെയുള്ളിൽ ഒരു ഇടിവെട്ടായി മിന്നിക്കയറി. ഒപ്പം സന്തോഷവും. ഈ കുട്ടി ഈ വർഷത്തിലൊരിക്കലും ഉച്ചഭക്ഷണം കൊണ്ടുവരികയില്ല. ആ പാവപ്പെട്ട കുഞ്ഞിന്റെ മുഖത്ത് ഞാനെന്റെ യേശുവിനെ കണ്ടു. അങ്ങനെ ആ വർഷം മുഴുവനും എന്റെ ഉച്ചയൂണ് അവൾ കഴിച്ചു. ഞാനോ ആ സമയം ദേവാലയത്തിലെ സക്രാരിയുടെ മുമ്പിലും. പ്രിയപ്പെട്ടവരേ, ആ നാളുകളിൽ ഉച്ചയ്ക്ക് പള്ളിയിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ എനിക്ക് അല്പംപോലും വിശന്നില്ല. മൃഷ്ടാന്നഭോജനം കിട്ടിയ മനുഷ്യന്റെ സംതൃപ്തിയായിരുന്നു മനസുനിറയെ. ആ വർഷം പിന്നിട്ടപ്പോൾ എന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. ഞാൻ പോയതിനുശേഷം എന്റെ സഹപാഠികളിൽനിന്നും കേട്ടറിഞ്ഞതനുസരിച്ച് ആ കുട്ടിക്ക് ഉച്ചഭക്ഷണം കൊടുക്കുവാൻ ഒരു പൊതി കൂടുതൽ കൊണ്ടുവരുന്ന ഒരു സംവിധാനം സ്‌കൂളധികൃതർ നടപ്പാക്കി (അന്ന് യു.പി സെക്ഷനിൽ ഉച്ചക്കഞ്ഞി കൊടുക്കുന്ന സമ്പ്രദായം തുടങ്ങിയിട്ടില്ല).

പ്രിയപ്പെട്ടവരേ, ആ ഒരു വർഷം മുഴുവൻ കത്തിക്കാളുന്ന വിശപ്പുള്ള പ്രായത്തിൽ എനിക്കെന്റെ ഉച്ചഭക്ഷണം വേണ്ടായെന്ന് വയ്ക്കാനുള്ള കരുത്ത് കിട്ടിയത് ആരും എന്നെ ഉപദേശിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടല്ല. പിന്നെയോ ”പാവങ്ങൾക്ക് കൊടുക്കുന്നത് ഈശോയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്” എന്ന ആന്റിയുടെ വാക്കുകളാണ്. ആ വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ വിശ്വസിച്ചു. എന്റെ ഉള്ളിൽ കയറി സ്ഥാനം പിടിച്ച ആ ബോധ്യമാണ് ഇന്നും എന്നെ നയിക്കുന്നത്. ഈ ഒരു ബോധ്യമില്ലായ്മ നമ്മെ കൊടുക്കുവാൻ മടിയുള്ളവരാക്കിത്തീർക്കും. ”ദരിദ്രർക്കു ദാനം ചെയ്യുന്നവൻ ക്ഷാമം അനുഭവിക്കുകയില്ല; അവരുടെ നേരേ കണ്ണടയ്ക്കുന്നവനു ശാപത്തിനുമേൽ ശാപമുണ്ടാകും” (സുഭാ. 28:27).

പ്രവൃത്തിയിലും സത്യത്തിലും

തിരുവചനം നമ്മോട് സംസാരിക്കുന്നത് കേൾക്കൂ. ”ലൗകികസമ്പത്ത് ഉണ്ടായിരിക്കെ, ഒരുവൻ തന്റെ സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടക്കുന്നെങ്കിൽ അവനിൽ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്” (1 യോഹ. 3:17). പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിർജീവമാണ് എന്ന് തിരുവചനത്തിലൂടെ കർത്താവ് നമ്മെ ഓർമപ്പെടുത്തുന്നു. ”എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജീവമാണ്” (യാക്കോ. 2:14-17).

പ്രിയപ്പെട്ടവരേ, ഇതാ ദൈവകാരുണ്യത്തിന്റെ ഒരു പുത്തനാണ്ട് നമുക്ക് മുമ്പിൽ മിഴിതുറന്നിരിക്കുന്നു. ഇന്നലെകളിൽ ചെയ്യാൻ കഴിയാതെപോയ നന്മകളെയോർത്ത് കരയാൻ ദൈവം നമ്മോടാവശ്യപ്പെടുന്നില്ല. പകരം നമ്മുടെ പിന്നിലുള്ളവയെ വിസ്മരിച്ച്, മുന്നിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറുവാൻ (ഫിലി. 3:13) അവിടുന്ന് ആഹ്വാനം ചെയ്യുന്നു. വീണ്ടുമിതാ തിരുവചനം നമ്മോട് ആവശ്യപ്പെടുന്നു: ”അനാഥർക്കു പിതാവും അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനും ആയിരിക്കുക; അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാൾ വലിയ സ്‌നേഹം അവിടുന്ന് നിന്നോട് കാണിക്കുകയും ചെയ്യും” (പ്രഭാ. 4:10). ധനികനായ ഭിക്ഷുവിന് പറ്റിയ അബദ്ധം ഇന്നലെകളിൽ നമുക്കും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ നാളെകളിൽ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ നാം ഒരിക്കലും അനുവദിക്കരുത്. മുഴുവനും നല്കാൻ കഴിയാതെ പോയല്ലോ എന്ന വിലാപം ഈ കരുണയുടെ വർഷത്തിന്റെ (2016-ന്റെ) അവസാനത്തിൽ നമ്മിൽനിന്നും കേൾക്കാനിടവരാതിരിക്കട്ടെ. ഇന്നലെകളിൽ നമുക്കറിവില്ലായിരുന്നു.

സാരമില്ല, നാഥൻ ക്ഷമിക്കും. പക്ഷേ, ഇന്ന് നമുക്ക് ചെയ്യേണ്ടതെങ്ങനെയെന്ന് അറിവുണ്ട്. അതിനാൽ ”ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു” (യാക്കോ. 4:17) എന്ന വചനം ഈ വർഷത്തിലെ നമുക്കുള്ള മുന്നറിയിപ്പായിരിക്കട്ടെ. ഒരുപക്ഷേ ഒരു വർഷം കൂടി ചുവടിളക്കി വളമിട്ടുനോക്കാം എന്ന തോട്ടക്കാരന്റെ നിലവിളിയിൽ ആയുസ് നീട്ടിക്കിട്ടിയ ഭിക്ഷുക്കളായിരിക്കാം നമ്മളിൽ പലരും. അതിനാൽ നന്മ ചെയ്യാൻ വേണ്ട അവസരം നമുക്ക് ലഭിച്ചിരിക്കയാൽ നമുക്കുത്സാഹത്തോടെ അത് നിറവേറ്റാം. അപ്പോൾ ദൈവം നമ്മെ നോക്കി പറയും ”എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ എനിക്കു വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്ന സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്തു വന്നു. ….. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കുതന്നെയാണു ചെയ്തു തന്നത്” (മത്താ. 25:34-40).

ദൈവകാരുണ്യത്തിന്റെ ഈ വർഷം ദൈവത്തിന്റെ കരുണ സ്വീകരിക്കുവാൻ മാത്രമല്ല, കരുണ കൊടുക്കുന്നവരാകാൻകൂടി നമുക്ക് പരിശ്രമിക്കാം.

സ്റ്റെല്ല ബെന്നി

2 Comments

  1. JOLLY says:

    GOOD MSG… LET US TRY TO DO THE SAME.

Leave a Reply

Your email address will not be published. Required fields are marked *