സമ്പുഷ്ടമായ പുതുവർഷത്തിന്…

കുറച്ചുനാളുകൾക്കുമുൻപ് ഒരു വൈദികൻ തനിക്കുണ്ടായ മാനസിക വിഷമം പങ്കുവച്ചത് ഓർത്തുപോകുന്നു. നല്ല ആസ്തിയും വരുമാനവുമൊക്കെയുള്ള ഒരു വലിയ ഇടവകയിലെ വികാരിയച്ചനാണ് അദ്ദേഹം. അരക്കോടി രൂപയിലേറെയായിരുന്നു ആ വർഷത്തെ ദേവാലയത്തിലെ വരവ്-ചെലവ് കണക്കുകൾ. ദേവാലയകാര്യങ്ങൾ എല്ലാം സജീവം. ഇടവകജനങ്ങളെല്ലാം സഭാസ്‌നേഹികൾ. എന്നാൽ, ആ വൈദികന്റെ വിഷമം ഇതൊന്നുമല്ല. ഒരുകോടി രൂപയ്ക്കടുത്ത് വരവ്-ചെലവുകൾ നടത്തിയിട്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു രൂപപോലും ഇടവകയിൽനിന്നും ആ കഴിഞ്ഞ വർഷം ചെലവഴിച്ചില്ല.

ഓരോ കമ്മിറ്റി മീറ്റിംഗുകളിലും ഓരോരോ ജീവകാരുണ്യ പ്രവർത്തന ആശയങ്ങൾ അച്ചൻ മുന്നോട്ടു വച്ചിരുന്നു. പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനം, വീടില്ലാത്തവർക്കുള്ള ഭവനനിർമാണം, വിവാഹസഹായനിധി എന്നിങ്ങനെയായിരുന്നു അച്ചന്റെ ആശയങ്ങൾ. എന്നാൽ അച്ചന്റെ ആശയങ്ങളെല്ലാം ഓരോ തവണയും കമ്മിറ്റിയംഗങ്ങളും ബഹുഭൂരിപക്ഷം ഇടവകാംഗങ്ങളും പൊളിച്ചടുക്കി. പള്ളി കൂടുതൽ മോടി പിടിപ്പിക്കണം, ഇടവകയ്ക്കായി കുറച്ച് പുതിയ സ്ഥലം വാങ്ങണം, ലക്ഷങ്ങൾ വില വരുന്ന സ്വർണം പൂശിയ കൊടിമരം സ്ഥാപിക്കണം എന്നിങ്ങനെയാണ് അവരുടെ ആഗ്രഹങ്ങളെന്ന് വളരെ മനോവിഷമത്തോടെയാണ് അദ്ദേഹം പങ്കുവച്ചത്.

ആ വൈദികൻ പങ്കുവച്ച അവസ്ഥ നമുക്കൊന്ന് വിചിന്തനം ചെയ്യാം. നമ്മുടെ ദൈവസ്‌നേഹം, കൂദാശാനുഷ്ഠാനങ്ങൾ, പ്രാർത്ഥനകൾ, സഹോദരസ്‌നേഹം, ഉപവി പ്രവർത്തനങ്ങൾ ഇവയിലേക്കെല്ലാം നമുക്കൊന്ന് കണ്ണോടിക്കാം. ഈ മേഖലയിൽ എല്ലാം അനുദിനം മുന്നേറുമ്പോഴും നാം ശ്രമിക്കുന്നത് യഥാർത്ഥ ക്രിസ്താനുകരണം തന്നെയാണോയെന്ന് ചിന്തിക്കാം. അതോ മേല്പറഞ്ഞ വികാരിയച്ചന്റെ ഇടവകാംഗങ്ങളെപ്പോലെ, മോടി പിടിപ്പിക്കാനും അതിരുകൾ വിസ്തൃതപ്പെടുത്താനും സ്വർണം പൂശിയ ആത്മീയത കൊണ്ടുനടക്കാനുമൊക്കെയാണോ നാം ശ്രദ്ധിക്കുന്നത്? ആഡംബരവും സൗന്ദര്യവും സ്വർണപ്രഭയും ക്രിസ്തുവിന്റെ നാമത്തിൽ നാം തിരഞ്ഞെടുത്താൽ, അത് ക്രിസ്താനുകരണം ആകുമോ? ഇല്ല; പകരം ക്രിസ്ത്യാനി എന്ന ലേബലിൽ നാം നമ്മെത്തന്നെയും ക്രിസ്തുവിനെയും കബളിപ്പിക്കാൻ ശ്രമിക്കുന്നു. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ ആത്മീയജീവിതമേഖലകളെ ആത്മാർത്ഥമായി നമുക്കൊന്ന് വിശകലനം ചെയ്യാം.

ദൈവസ്‌നേഹം

എന്താണ് ദൈവസ്‌നേഹം എന്ന് ഒറ്റവാക്കിൽ, ലളിതമായി വിശുദ്ധ യോഹന്നാൻ ശ്ലീഹാ തന്റെ ഒന്നാം ലേഖനത്തിൽ 5:3-ൽ പറഞ്ഞുതരുന്നു: ”ദൈവത്തെ സ്‌നേഹിക്കുകയെന്നാൽ അവിടുത്തെ കല്പനകൾ അനുസരിക്കുകയെന്ന് അർത്ഥം.” ഏതൊരാളെയും സ്‌നേഹിക്കുകയെന്നാൽ, അയാൾ പറഞ്ഞിട്ടുള്ളവ മാനിക്കുകയും അദ്ദേഹത്തിന്റെ ജീവിതശൈലി നമ്മുടെ ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്നതാണ്. ഈ രണ്ടു കാര്യങ്ങൾ ദൈവത്തെ സ്‌നേഹിക്കുന്നതിലും നമ്മൾക്ക് അനിവാര്യമായി വേണ്ടതാണ്.

ദൈവകല്പനകൾ പാലിക്കുന്നതിൽ നാം എത്രമാത്രം ആത്മാർത്ഥതയുള്ളവരാണെന്ന് നമുക്ക് പരിശോധിക്കാം. ദൈവകല്പനകളെല്ലാം പൂർണമായി പാലിച്ച് ജീവിക്കുവാൻ നമുക്കിതുവരെ സാധിച്ചിട്ടില്ലെങ്കിലും അവയെല്ലാം ദൈവസ്‌നേഹത്തെപ്രതി പാലിക്കേണ്ടതാണ്. അതിനായി ശ്രമിക്കേണ്ടതാണ് എന്നൊരു അവബോധം നമ്മളിലെല്ലാം ആവശ്യമാണ്. എന്നാൽ നാമെല്ലാം ചെയ്യുന്നത് നമുക്കോരോരുത്തർക്കും പാലിക്കാനാകുന്ന ദൈവകല്പനകൾ മാത്രം തിരഞ്ഞെടുത്ത്, അവയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു. തനിക്ക് ഭാരമായ കല്പനകൾ അവഗണിച്ച്, പല പല ന്യായങ്ങൾ നിരത്തി അതിനെ ന്യായീകരിക്കുന്നു.

ഉദാഹരണത്തിന്, മദ്യത്തോട് ആസക്തിയുള്ള വ്യക്തി, മദ്യപാനത്തെ ന്യായീകരിക്കുന്ന വചനഭാഗങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽനിന്നും തിരഞ്ഞെടുക്കുന്നു, ന്യായീകരണം നടത്തുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അവിടുത്തെ കാലാവസ്ഥ അനുസരിച്ച് ഏവരും മദ്യം അല്പം കഴിക്കുന്നവരാണ് എന്നൊക്കെ വിശദീകരണവും തരുന്നു. അതുപോലെതന്നെ കുറ്റം പറയുന്ന, മറ്റുള്ളവരെ വിധിക്കുന്ന സ്വഭാവമുള്ളവർ, ആ ശീലങ്ങൾ മാറ്റാതെ, സത്യം കണ്ടാൽ തുറന്നു പറയണം, തെറ്റ് കണ്ടാൽ സ്വരം ഉയർത്തണം എന്നീ ന്യായങ്ങൾ നിരത്തുന്നു.

ഇതുപോലെ ഏതെങ്കിലുമൊക്കെ ന്യായീകരണങ്ങളും ദൈവകല്പനകളുടെ വളച്ചൊടിക്കലുകളും നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ട്. ഈ നാളുകളിൽ ഇങ്ങനെയുള്ള നമ്മുടെ വൈകല്യങ്ങൾ നമുക്ക് അംഗീകരിക്കാം. നോമ്പുനാളുകളിൽ മാത്രം നമ്മുടെ ദൈവസ്‌നേഹം ഒതുങ്ങാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. നോമ്പിന്റെ ദിനങ്ങളിൽമാത്രം എല്ലാ കല്പനകളും പാലിക്കുന്നവരാണെങ്കിൽ, ബാക്കിവരുന്ന ബഹുഭൂരിപക്ഷം ദിനങ്ങളിൽ നാം ദൈവത്തെ സ്‌നേഹിക്കാത്തവരായി മാറുന്നു. ആ ദുർഗതി നമുക്കുണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

കൂദാശാനുഷ്ഠാനങ്ങൾ

കൂദാശാജീവിതത്തിൽ ഏറെ മുൻപന്തിയിലായിരിക്കുമ്പോഴും നമുക്ക് ചിന്തിക്കാം; നാം വെറും കൂദാശ അനുഷ്ഠിക്കുന്നവർ മാത്രമോ? ഒരു കൂദാശയായി മാറാൻ നാം ശ്രമിക്കാറുണ്ടോ? തിരുസഭ നിഷ്‌കർഷിക്കുന്നതുകൊണ്ട്, കൂദാശകളിൽ പങ്കെടുത്തില്ലെങ്കിൽ പാപമാകും എന്നൊക്കെയുള്ളതുകൊണ്ടാണോ നാം കൂദാശകൾ അനുഷ്ഠിക്കുന്നത്? അങ്ങനെയെങ്കിൽ നാം കൂദാശ അനുഷ്ഠിക്കുന്നവർ മാത്രം. ആഘോഷങ്ങൾ നിറഞ്ഞ കൂദാശകളിൽ പ്രത്യേകിച്ച് മാമോദീസ, ആദ്യകുർബാനസ്വീകരണം, വിവാഹം എന്നീ കൂദാശാ-ദായക ദിനങ്ങളിൽ നാമെല്ലാവരും ആത്മീയമായി അധഃപതിച്ചിരിക്കുന്നു എന്നു പറയാതിരിക്കാനാകില്ല.

ഇത്തരം ദിനങ്ങളിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഭക്ഷണ പാർട്ടികളിലും വസ്ത്രധാരണത്തിലുമൊക്കെ നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. കൂദാശയെയും ബലിയായി മുറിയപ്പെടുന്ന, രക്തം ചിന്തുന്ന ഈശോയെയും നാം അറിയാതെ മറന്നുപോകുന്നു. സാധാരണ ദിനങ്ങളിൽ ദേവാലയത്തിനുള്ളിൽനിന്ന് വിശുദ്ധ ബലിയർപ്പിക്കുന്ന നാം, വിവാഹവും പെരുന്നാളും പോലുള്ള ആഘോഷദിനങ്ങളിലും ദേവാലയത്തിനുള്ളിൽ കയറാതെ പുറത്തുനിന്ന് കൂദാശ വീക്ഷിക്കുന്നവർ മാത്രമാകുന്നു. ഇത്തരം ദിനങ്ങളിൽ പ്രദക്ഷിണങ്ങളിലും വെടിമരുന്ന് പ്രകടനങ്ങളിലും കലാ-സന്ധ്യകളിലും നാം കൂടുതൽ ശ്രദ്ധിക്കുന്നു.

ദാരിദ്ര്യത്തെ മണവാട്ടിയായും ലാളിത്യത്തെ ജീവിതശൈലിയായും മാറ്റിയ വിശുദ്ധരുടെ തിരുനാളുകൾപോലും ആഡംബരത്തിലും സമ്പദ്-സമൃദ്ധിയിലും നാം ആഘോഷിക്കുന്നു. വിവാഹവേളകളിൽ കഴിച്ചുതീർക്കാനാവാത്ത തരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ ഒരുക്കുവാനും എണ്ണിത്തീർക്കാനാവാത്തവിധം ആളുകളെ ക്ഷണിച്ചുവരുത്തുവാനും നാമെല്ലാം മത്സരിക്കുന്നു. സകല മഹത്വത്തിന്റെയും ഉടയൻ, സകല അധികാരങ്ങളുടെയും ദൈവപുത്രൻ, തന്നെത്തന്നെ ശൂന്യനാക്കിയതിന്റെയും പുല്ക്കൂട്ടിൽ പിറന്നതിന്റെയും ഓർമ ഈ നാളുകളിൽ നമ്മിൽ നിറയട്ടെ.

തിരുനാൾ ദിനങ്ങളിൽ ക്രിസ്തുചൈതന്യം നിറഞ്ഞുനില്ക്കട്ടെ. കൂദാശകളിൽ, കണ്ണ് നിറഞ്ഞ് നാം പങ്കെടുക്കട്ടെ. ആഘോഷങ്ങളിൽ ലാളിത്യം കൈവരട്ടെ. പിശുക്കുന്നതിന്റെ ഭാഗമായിട്ടല്ല, പകരം ധാരാളിത്തം എന്ന പാപം ഒഴിവാക്കുന്നതിന്റെ ഭാഗമായി. ആഘോഷങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ ആവശ്യത്തിന് മാത്രമാകട്ടെ. ഒപ്പം, നമ്മുടെ ക്ഷണങ്ങളിലും മിതത്വം ഉണ്ടാകട്ടെ. ഒരു വ്യക്തി, അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു ചടങ്ങിന് നമ്മെ ക്ഷണിച്ചില്ലെങ്കിൽ, ആ വ്യക്തിക്കെതിരെ പിറുപിറുക്കാതെ മിതത്വത്തിന്റെ, കാലിത്തൊഴുത്തിന്റെ ചൈതന്യം ആ വ്യക്തി സ്വീകരിച്ചതിൽ നമുക്ക് സന്തോഷിക്കാം. ആ തുറവിയും നമുക്കുണ്ടാകട്ടെ. ഈ തരത്തിലുള്ള സഭാ-കൂദാശാ ജീവിതമാണ് ഈശോയ്ക്ക് ഇഷ്ടമാവുക; ക്രിസ്താനുകരണമാവുക.

പരസ്‌നേഹം

സ്‌നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് പുല്‌ത്തൊഴുത്തിൽ നമുക്ക് കാണാനാവുക. സ്വർഗത്തിലുള്ള സകല മഹത്വങ്ങളും നമ്മോടുള്ള സ്‌നേഹത്താൽ വിട്ടിട്ട് പുല്ക്കൂട്ടിൽ വന്നുപിറന്ന യേശുവിന്റെ സ്‌നേഹം വർണിക്കാൻ ആർക്കു സാധിക്കും. അടിച്ചമർത്തപ്പെട്ടവരെയും രോഗികളെയും പാപികളെയും ദരിദ്രരെയും ഒക്കെ തന്നിലേക്ക് ചേർത്തുവച്ചതായിരുന്നു ഈശോയുടെ പരസ്‌നേഹജീവിതം. നമുക്കും ശ്രമിക്കാം; സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെ കൂടുതൽ സ്‌നേഹിക്കാൻ, അവരെ നമ്മുടെ ജീവിതത്തോട് അല്പം ചേർത്തുവയ്ക്കാൻ.

”നേരത്തേതന്നെ ചോദ്യവും ഉത്തരവും പുറത്തായ പരീക്ഷയിലാണ് എന്നും ഇന്നും ക്രിസ്ത്യാനികളായ നാം തോറ്റുകൊണ്ടിരിക്കുന്നത്.” വിശുദ്ധ മത്തായി 25:35-ൽ ആ ചോദ്യങ്ങൾ നമുക്ക് കാണാനാകും. എനിക്ക് വിശന്നു, നീ ഭക്ഷിക്കാൻ തന്നോ? എനിക്ക് ദാഹിച്ചു, കുടിക്കാൻ തന്നോ? ഞാൻ പരദേശിയായിരുന്നു, നീ എന്നെ സ്വീകരിച്ചോ? ഞാൻ കാരാഗൃഹത്തിലായിരുന്നു, എന്നെ സന്ദർശിച്ചോ? ഞാൻ നഗ്നനായിരുന്നു, എന്നെ ഉടുപ്പിച്ചോ? ചോദ്യങ്ങളെല്ലാം ചുരുക്കിപ്പറഞ്ഞാൽ ഇത്രയേ ഉള്ളൂ. ”നീ നിന്റെ സഹോദരനെ അവനുവേണ്ട രീതിയിൽ സ്‌നേഹിച്ചോ?” അതെ, അവസാന വിധിനാളിലെ പരീക്ഷയുടെ വിഷയം ‘സ്‌നേഹ’മാണ്.

ചങ്കത്ത് കൈവച്ച് ചിന്തിക്കാം. നാം സ്‌നേഹിച്ചുതുടങ്ങിയിട്ടുണ്ടോ? ക്രിസ്തുവിനെ സ്‌നേഹിച്ചു തുടങ്ങണമെങ്കിൽ, നമുക്ക് ചുറ്റുമുള്ള എളിയ സഹോദരരെ സ്‌നേഹിച്ചു തുടങ്ങണം. അതല്ലേ ഈശോ പറഞ്ഞത് ”എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നി ങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നത്” (മത്താ. 25:40).
അവസാനമായി, സഹോദരസ്‌നേഹത്തിന്റെ പുതിയ നിർവചനമായി ഈശോ പറഞ്ഞ ചെറിയ കഥ ഓർക്കാം.

ധനവാന്റെയും ലാസറിന്റെയും കഥ. സാരാംശം ഇത്രമാത്രം – നിന്റെ സമ്പത്തിന്റെ പത്തുശതമാനം നീ പങ്കുവച്ചില്ലെങ്കിലും സാരമില്ല; പക്ഷേ, നീ തിന്നു കുടിച്ച് കഴിയുമ്പോൾ നിന്റെ പടിവാതില്ക്കലോ അയല്പക്കങ്ങളിലോ ബന്ധുഗൃഹങ്ങളിലോ ആരുംതന്നെ ലാസറിനെപ്പോലെ കിടക്കരുതേ… അഭിമാനത്തോടെ, നമുക്കാർക്കും പറയാൻ കഴിയില്ല; ലാസറുമാർ എന്റെ പടിവാതില്ക്കൽ ഇല്ലെന്ന്. കണ്ണടയ്ക്കാം നമുക്ക്. ആന്തരികനേത്രങ്ങളാൽ രക്ഷകനായ പൊന്നുണ്ണിയെ കാണാം. എളിയവനായ അവനെപ്പോലെ എളിയവരാകാം. നിസാരരെ പരിഗണിക്കുന്ന സ്‌നേഹത്തിന്റെ കാര്യസ്ഥരാകാം. സ്‌നേഹം നിറഞ്ഞ കരുണയാൽ സമ്പുഷ്ടമായ പുതുവർഷങ്ങളുണ്ടാകട്ടെ. അപ്പോൾ നമുക്ക് യഥാർത്ഥസംതൃപ്തി കണ്ടെത്താൻ സാധിക്കും.

രഞ്ജു എസ്.വർഗീസ്

1 Comment

  1. Lissy says:

    Very good article to open our eyes.

Leave a Reply

Your email address will not be published. Required fields are marked *