അനുഗ്രഹം സ്വീകരിക്കണമെങ്കിൽ…

വിശുദ്ധരുടെ തലമുറയിലെ അംഗങ്ങളാകുന്നതിലൂടെ നമുക്ക് അനുഗ്രഹം സ്വീകരിക്കാം. എങ്ങനെയാണ് ആ തലമുറയിലെ അംഗങ്ങളാകുന്നത്?

പാപവും പരിഹാരവുമെന്ന മേഖലയിലാണ് നമ്മൾ വെളിച്ചം തേടുന്നത്. നമ്മുടെ പാപത്തിന് യേശു പരിഹാരംചെയ്തു എന്നു പറയുന്നത് ഏത് അർത്ഥത്തിലാണ് എന്നു നോക്കാം. ഒരു തലമുറയിൽനിന്ന് വേറൊരു തലമുറയിലേക്ക് പാപത്തിന് ഒരു ഒഴുക്കുണ്ട്. ഒരു വ്യക്തിയിൽനിന്നു വേറൊരു വ്യക്തിയിലേയ്ക്കും അതിനൊരു ഒഴുക്കുണ്ട്. ഈ ഒഴുക്ക് ആരാണ് തടയുന്നത് എന്നു ചോദിച്ചാൽ അത് ആരും തടയുന്നില്ല എന്നതാണ് സത്യം.
ആരും തടയാനില്ലാത്ത ഒരു സാഹചര്യത്തിലാണ് ദൈവം തന്നെ ഈ ഭൂമിയിലേയ്ക്ക് വന്ന് ഈ ഒഴുക്കിനെ തടയുന്നത്. ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ പത്താം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്: ”ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാൽ, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു;… പുസ്തകത്തിന്റെ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാൻ പറഞ്ഞു; ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ ഞാൻ വന്നിരിക്കുന്നു” (ഹെബ്രാ 10:5-7). പാപത്തിന്റെ ഈ ഒഴുക്ക് തടയുന്നത് ശരീരമെടുത്ത പുത്രൻ തമ്പുരാൻ പാടുപീഡകൾ സഹിച്ചതുവഴിയാണ്.

ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം മൂർത്തരൂപം പ്രാപിക്കുന്നത് ശരീരത്തിലാണ്. അതിന്റെ പരിണതഫലം മറ്റൊരു ശരീരത്തിലേയ്ക്ക് വരും. ഉദാഹരണത്തിന് ഒരാളിൽ തോന്നിയ ഒരു ദേഷ്യം അവസാനം ഒരു അടിയിൽ കലാശിക്കുന്നു. അടികൊള്ളുന്ന ആളിലേയ്ക്ക് ഒരു കെടുതിയായിട്ട് അതു കടന്നുപോകുന്നു. ആ വ്യക്തിയ്ക്ക് അത് താങ്ങാൻ ശേഷിയില്ലാത്തതുകൊണ്ട് അയാൾ ഒന്നുകിൽ തിരിച്ചുകൊടുക്കും, അല്ലെങ്കിൽ അതിന്റെ മുറിവുമായി നടക്കും. പിന്നീടുള്ള അവസരങ്ങളിൽ തന്നെ വേദനിപ്പിക്കുന്ന എല്ലാവർക്കുമായി അയാൾ അത് കൊടുക്കും.

ഹിറ്റ്‌ലറിന്റെ സ്വഭാവത്തെക്കുറിച്ചു പഠിക്കുമ്പോൾ മനസിലാക്കാനാവുന്നത്, ചെറുപ്പത്തിൽ വളരെയേറെ മാനസികമുറിവുകൾ അയാൾക്ക് കിട്ടിയിരുന്നു എന്നാണ്. തന്നെ മുറിപ്പെടുത്തിയവരോട് പ്രതികാരം ചെയ്യാൻ അന്നു സാധിച്ചില്ല. അതുകൊണ്ടാണ് പിന്നീട് അനേകലക്ഷങ്ങളെ കൊന്നൊടുക്കിയ കൊടുംക്രൂരതയിലേക്ക് അയാൾപോയത്. ക്രൂരസ്വഭാവമുള്ള ഏതു വ്യക്തിയിലേയ്ക്ക് നോക്കിയാലും ഇങ്ങനെ ഒരു പശ്ചാത്തലം കാണാൻ സാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം.

പാപത്തിന്റെ ഒഴുക്ക് നിർത്താൻ

അതുകൊണ്ട,് പാപത്തിന്റെ മൂർത്തരൂപമായ പീഡനം ആരെങ്കിലും സന്തോഷത്തോടെ ഏറ്റുവാങ്ങിയാൽ അവിടം കൊണ്ട് അതിന്റെ ഒഴുക്കു നിലയ്ക്കുന്നു. കൃപയുള്ളവർക്കു മാത്രമേ ഇങ്ങനെ ഒഴുക്കിനെ തടയാൻ പറ്റുകയുള്ളൂ. പാപത്തിന്റെ ഈ ഒഴുക്കിനെ തടയാൻ പാപമുള്ള ഒരാൾക്കു കഴിയുകയില്ല. അതുകൊണ്ടാണ് പഴയനിയമത്തിൽ, കൃപയില്ലാത്ത ലോകത്തിൽ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞത്. നിനക്കതു താങ്ങാൻ ശക്തിയില്ലാത്തതുകൊണ്ട് നീ അതു തിരിച്ചു കൊടുത്തേക്കുക. തല്ലുന്നവനെ കൊല്ലുന്ന ഒരു കാലത്ത് ദൈവം ഇടപെട്ടുകൊണ്ടുപറഞ്ഞു: തല്ലുന്നവനെ തല്ലിയാൽ മതി, അതിനപ്പുറം പോകരുത്. കാരണം അവനെക്കൊണ്ട് താങ്ങാൻ ശേഷിയില്ല. പാപം ഉള്ള ഒരാൾക്ക് ഒരിക്കലും പാപത്തെ താങ്ങാൻ അല്ലെങ്കിൽ പാപത്തെ ഏറ്റുവാങ്ങാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് ദൈവപുത്രൻ ഈ ഭൂമിയിൽ വന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, മഷിയിൽ മുങ്ങിക്കിടക്കുന്ന ഒരു ബ്ലോട്ടിംഗ്‌പേപ്പർ ഒരിക്കലും മഷി ഒപ്പിയെടുക്കുന്നില്ല, വീണ്ടും മഷി അങ്ങോട്ടു പരത്തുകയേയുള്ളൂ.

116

എന്നാൽ മഷിയില്ലാത്ത ഉണങ്ങിയ ശുദ്ധമായ ബ്ലോട്ടിംഗ് പേപ്പറാണെങ്കിൽ മഷി ഒപ്പിയെടുക്കും. അതുപോലെ പാപം ഇല്ലാത്ത ഒരാൾക്കു മാത്രമേ പാപം ഏറ്റെടുക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ടാണ് യേശുവിനെക്കുറിച്ച് സ്‌നാപകയോഹന്നാൻ പറഞ്ഞത്: ഇതാ ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

യേശു പാപം ഏറ്റുവാങ്ങി. യേശു പാപം ഏറ്റുവാങ്ങിയതുകൊണ്ടാണ് പാപത്തിന്റെ ഒഴുക്ക് ഇവിടെ അവസാനിക്കുന്നത്. അപ്പോൾ യേശുവിൽ പാപം വന്ന് അടിഞ്ഞുകൂടി. അതുകൊണ്ടാണ് പാപം വഹിച്ചു വഹിച്ച് അവൻ പാപിയായി എന്നല്ല, പാപം ആയി എന്നു പറയുന്നത്. ”എന്തെന്നാൽ, അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി” (2കോറി. 5:21). പാപമാക്കി എന്നാൽ, വിരൂപനാക്കി എന്നർത്ഥം. അതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പറയുന്നത്: ”അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു… അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു”(ഏശ. 53:3). അവനെ ഒന്നുനോക്കിയവർ രണ്ടാമത് നോക്കിയില്ല എന്നു സാരം. അത്രമാത്രം അവൻ വിരൂപനാക്കപ്പെട്ടു; എന്നു പറഞ്ഞാൽ അത്രമാത്രം അവൻ പാപം ഏറ്റുവാങ്ങി. അങ്ങനെ യേശു പാപം ഏറ്റുവാങ്ങുന്നവരിൽ ഒന്നാമതായി.

ക്രമക്കേടുകൾക്ക് പരിഹാരം

പാപത്തിന്റെ മൂർത്തരൂപത്തിന് നിരവധി മേഖലകളുണ്ട്. നേരിട്ട് ഒരു വ്യക്തി നമ്മെ ഉപദ്രവിക്കുന്നത് പാപത്തിന്റെ മൂർത്തരൂപമാണ്. പാപം മൂലം ഈ ഭൂമിയിൽ ഉണ്ടായ ക്രമക്കേട്, ആ ക്രമക്കേടിന്റേതായ പരിണതഫലങ്ങൾ. ഒരു ഭൂമികുലുക്കം, സുനാമി, രോഗാണുക്കളുടെ ആക്രമണം, അങ്ങനെയുണ്ടാകുന്നതെല്ലാം വാസ്തവത്തിൽ പാപത്തിന്റെ മൂർത്തരൂപമാണ്; അതിന്റെ പരിണതഫലങ്ങളാണ്.

അപ്പോൾ പാപത്തിന്റെ മൂർത്തരൂപമാണെങ്കിലും അതിന്റെ പരിണതഫലമാണെങ്കിലും ആരെങ്കിലും സന്തോഷത്തോടെ അത് ഏറ്റുവാങ്ങിയാൽ, അതു രക്ഷാകരമാവും. പാപമില്ലാത്തവർക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. എന്നുപറഞ്ഞാൽ യേശുവിന്റെ പാപമോചനം സ്വീകരിച്ചവർക്കുമാത്രം. ഈ പാപമോചനം സ്വീകരിച്ചവർ ഈ സഹനം ഏറ്റുവാങ്ങിയാൽ അത് ആരുടെ പാപത്തിന്റെ ഫലമായിട്ടാണോ ഉണ്ടാകുന്നത് അവർക്ക് രക്ഷ അഥവാ പാപമോചനം കിട്ടുന്നതിന് കാരണമാകും. ഇതു സ്വീകരിക്കുന്ന വ്യക്തിക്ക് യേശുക്രിസ്തുവിനോട് ഗാഢമായ ബന്ധമുണ്ടാകും.

ലോകത്തിന്റെ മഹത്വം ഇല്ലാതാകുന്നതിനനുസരിച്ച് ദൈവത്തിന്റെ മഹത്വം നമ്മിൽ വളരും. ഞാൻ പാപം ഏറ്റു വാങ്ങുമ്പോൾ ലോകത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മദർ തെരേസ ലോകപാപത്തിന്റെ ദുരന്തഫലത്തെയാണ് തന്റെ ശുശ്രൂഷയിലൂടെ ഏറ്റുവാങ്ങിയത്. കാരണം, ഇവിടെ വ്യവസ്ഥാപിതമായ സാമൂഹികനീതി ഇല്ല. ഉള്ളവർ ഇഷ്ടംപോലെ ചെലവാക്കുന്നു, ദുരുപയോഗിക്കുന്നു. ഇല്ലാത്തവനുമായി പങ്കുവെയ്ക്കാൻ തയാറാകുന്നില്ല. അങ്ങനെവരുമ്പോഴാണ് പാവങ്ങൾ പാവങ്ങളായിട്ടു പോകുന്നത്. ഇന്ന് അങ്ങനെയുള്ള ഒരു ഡിസ്ഓർഡർ ഇവിടെയുണ്ട്. അങ്ങനെയുള്ള ഡിസ്ഓർഡറിനെ ഓർഡറാക്കിയെടുക്കുന്നത് പാപത്തിന്റെ പരിണതഫലത്തെ ഏറ്റുവാങ്ങുമ്പോഴാണ്.

വേറൊരുതരത്തിൽ ഇവിടെ പാപം ഡിസ്ഓർഡർ ഉണ്ടാക്കുന്നുണ്ട്. ലൈംഗികഅരാജകത്വത്തിലൂടെ ഇഷ്ടംപോലെ ജീവിക്കുന്നവർ ഇവിടെ ഭയാനകമായ ക്രമക്കേട് വരുത്തുന്നുണ്ട്. ആ ഡിസ്ഓർഡറിനെ ഓർഡറാക്കുന്നത് ബ്രഹ്മചാരികളാണ്. അതുകൊണ്ടാണ് സഭ എപ്പോഴും ബ്രഹ്മചാരികളെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നത്. വൈദികജീവിതത്തിലും സന്യാസജീവിതത്തിലും മാത്രമല്ല ബ്രഹ്മചര്യം വേണ്ടത്. വിവാഹജീവിതത്തിലും ബ്രഹ്മചര്യത്തിനു സ്ഥാനമുണ്ട്. അങ്ങനെ ക്രമീകൃതമായ രീതിയിൽ ജീവിക്കുമ്പോൾ ഈ പറയുന്ന ഡിസ്ഓർഡർ ഇല്ലാതാകുന്നു.

ദാരിദ്ര്യവ്രതമെടുത്ത് ജീവിക്കുന്നവർ എന്താണ് ചെയ്യുന്നത്? സമ്പന്നർ ഇവിടെ ഉണ്ടാക്കിവിടുന്ന ഒരു ഡിസ്ഓർഡറുണ്ട്. ധൂർത്തിലൂടെയും അമിതമായ ഉപഭോഗത്തിലൂടെയും അവർ ഇവിടെ ഒരു ഡിസ്ഓർഡർ ഉണ്ടാക്കുന്നുണ്ട്. ഓസോൺപാളി പൊളിഞ്ഞെന്നുപറയുന്നത് വാസ്തവത്തിൽ ഒരു ഡിസ്ഓർഡറാണ്. അത് ഒരു ധൂർത്തിന്റെ ഭാഗം കൂടിയാണ്; ഒരു സംശയവുമില്ല. ഈ ഭൂമിയേയും അനന്തര തലമുറകൾക്കു കൂടിയുള്ള നിക്ഷേപങ്ങളെയും ആർത്തിയോടെ കുത്തിമാന്തി ഉപയോഗിച്ചുകളയുകയാണ് ഇന്നുള്ളവർ ചെയ്യുന്നത്. അതെല്ലാം ഇവിടെ ഒരു ഡിസ്ഓർഡർ ഉണ്ടാക്കുന്നുണ്ട്. ആ ഡിസ്ഓർഡർ ഇല്ലാതാകണമെങ്കിൽ ദാരിദ്ര്യവ്രതമനുഷ്ഠിച്ച് ഉള്ളതുപോലും, അനുവദനീയമായതുപോലും വേണ്ടന്നുവെച്ച് ജീവിക്കുന്ന ആളുകളുണ്ടാവണം. അവിടെയൊക്കെ അവർ ഒരു ബാലൻസ് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
അതുപോലെ അനുസരണവ്രതമനുസരിച്ച് ജീവിക്കുന്നവർ ഇവിടെ ഒരു ഡിസ്ഓർഡറിനെ ഓർഡറാക്കി മാറ്റുന്നു അല്ലെങ്കിൽ പരിഹരിക്കുന്നു. ഇവിടെ, ആരെയും ധിക്കരിച്ചു നടക്കുന്ന ഒരു സമൂഹമുണ്ട്.

അവരൊക്കെ ഇവിടെ ഉണ്ടാക്കിവിടുന്ന ഒരു വലിയ ഡിസ്ഓർഡർ ഉണ്ട്. അതിനെ അനുസരണത്തോടുകൂടി ജീവിക്കുന്നവർ ഓർഡറാക്കി മാറ്റുന്നു. അതൊക്കെ പാപത്തിന്റെ പരിഹാരമാണ്. അപ്പോൾ യേശുക്രിസ്തുവും അവിടുത്തെ സഭയും അഥവാ അവിടുത്തെ മൗതികശരീരവും ഈ ഒരു പരിഹാരപ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ലോകത്തിന് രക്ഷയുടെ അനുഭവമുണ്ടാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് മുമ്പ് സൂചിപ്പിച്ച ഒരു കാര്യമുണ്ട്, പഴയ തലമുറയിൽ നിന്ന് പാപം കടന്നു വരുന്ന കാര്യം. സഭ നമ്മെ വളരെ വ്യക്തമായി പഠിപ്പിക്കുന്നതും വചനത്തിന്റെ പിൻബലത്തോടെ പറയാൻ പറ്റുന്നതുമായ ഒരു കാര്യമാണിത്.

കൃപയുടെ ആനന്ദത്തിലേക്ക് വരാം

”എന്നാൽ പാപം പോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!” (റോമാ 5:15). ഒരു മനുഷ്യന്റെ പാപം മൂലം പാപവും പാപത്തിന്റെ ശമ്പളമായ മരണവും എല്ലാവരെയും ബാധിച്ചെങ്കിൽ യേശുക്രിസ്തുവെന്ന ഒരു മനുഷ്യനിലൂടെ വന്ന കൃപ അതുപോലെ തന്നെ എല്ലാവർക്കും ബാധകമാണ്. അപ്പോൾ യേശുക്രിസ്തുവിലൂടെ കൃപയുടെ ഒരു ഓർഡർ വരികയാണ്. അത് എല്ലാവരെയും അനുകൂലമായി ബാധിക്കുന്നു. ഉദാഹരണത്തിന് ആരൊക്കെ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടുവോ അവരെല്ലാം ഒരു പുതിയ കുടുംബത്തിലെ അംഗങ്ങളാകുന്നു.

വിശുദ്ധരുടെ കുടുംബത്തിലേക്ക് അവർ മാറുകയാണ്. ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവിടുമ്പോൾ അവൾ ഭർത്താവിന്റെ കുടുംബത്തിലെ അംഗമാകുന്നു. അവളോടു ചോദിച്ചാൽ അവൾ ഭർത്താവിന്റെ വീട്ടുപേരേ പറയുകയുള്ളൂ.
യേശുക്രിസ്തുവിനോട് ഗാഢമായി ഐക്യപ്പെടുന്ന ഒരു വ്യക്തി പൂർവതലമുറയിൽ നിന്ന് മാറി വിശുദ്ധരുടെ കൂട്ടായ്മയിലാകുന്നു. പുണ്യവാന്മാരുടെ കൂട്ടായ്മയിൽ നമ്മൾ വിശ്വസിക്കുന്നുണ്ട്. അവർ വിശുദ്ധരുടെ കുടുംബത്തിലേക്ക് പറിച്ചുനടപ്പെട്ടതുകൊണ്ട് അവരുടെ പൂർവികർ വിശുദ്ധരാണ്. വിശുദ്ധരിൽനിന്ന് വരാനുള്ളത് എന്താണ്? അനുഗ്രഹം മാത്രമേ അവരിൽനിന്ന് വരാനുള്ളൂ. അപ്പോൾ യേശുവിലൂടെ, യേശുവിൽനിന്ന് വിശുദ്ധരിലൂടെ നമ്മിലേക്ക് കൃപ ഒഴുകുന്നുണ്ട്. ഉദാഹരണത്തിന്, എനിക്കു വിശ്വാസം എവിടെ നിന്നുകിട്ടി? വിശ്വാസം സ്വീകരിച്ചവരിൽ നിന്ന്. അവർക്ക് എവിടെ നിന്നു കിട്ടി? അവർക്കു മുമ്പേ സ്വീകരിച്ചവരിൽനിന്ന്. അങ്ങനെ പോകുമ്പോൾ നമ്മൾ മാർ തോമാശ്ലീഹായിൽ എത്തുന്നു.

പരിശുദ്ധകന്യകാമറിയത്തിലെത്തുന്നു. യേശുവിലെത്തുന്നു. അങ്ങനെയാണെങ്കിൽ തീർച്ചയായും നമ്മുടെ പൂർവതലമുറ വിശുദ്ധരായതുകൊണ്ട് വിശുദ്ധരിൽ നിന്നു വരാനുള്ളത് അനുഗ്രഹങ്ങൾ മാത്രമാണ്.

(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച’ക്രിസ്തുപരമാർത്ഥം’ എന്ന പുസ്തകത്തിൽനിന്ന്)

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി.

1 Comment

  1. Elsamma James says:

    Very hard to understand!!!പാപമാക്കി എന്നാൽ, വിരൂപനാക്കി എന്നർത്ഥം( ?)

Leave a Reply

Your email address will not be published. Required fields are marked *