ഇരുമ്പ് മെഴുകാക്കുന്നവർ

ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനൊന്നാമന്റെ മകൾ ആനി രാജകുമാരി ഒരുദിനം തോഴിമാരുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു. അടുത്തുള്ള ചെറിയ വനമേഖലയ്ക്കുള്ളിൽ, വൃക്ഷങ്ങൾക്കിടയിൽ അവർ വലിയ ഒരു പ്രകാശം കണ്ടു. പ്രകാശത്തിന്റെ ഉറവിടം തേടിച്ചെന്ന രാജകുമാരിയെയും തോഴിമാരെയും ആ കാഴ്ച അമ്പരപ്പിച്ചു. കണ്ണടയ്ക്കാൻ മറന്ന് അവർ നിശ്ചലരായി നോക്കിനിന്നുപോയി. ഒരു ഗുഹയ്ക്കുള്ളിൽ പ്രകാശത്തിൽ കുളിച്ചു വായുവിലുയർന്ന് നില്ക്കുന്ന മനുഷ്യരൂപം. വിവരമറിഞ്ഞ രാജാവും കൊട്ടാര-ദേശവാസികളും ഓടിക്കൂടി ഇക്കാഴ്ച അത്ഭുതത്തോടെ നോക്കിനിന്നു. അന്തരീക്ഷത്തിൽ ഉയർന്നു പ്രകാശിക്കുന്ന രൂപം അവർ സാവധാനം തിരിച്ചറിഞ്ഞു. തങ്ങളോടൊപ്പം വസിക്കുന്ന പവോളയിലെ വിശുദ്ധ ഫ്രാൻസിസ്.

രോഗിയും മരണാസന്നനുമായ ലൂയി രാജാവിനെ മരണത്തിനൊരുക്കാൻ സിക്റ്റസ് നാലാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ഫ്രാൻസിലെ രാജകൊട്ടാരത്തിൽ താമസിച്ചു വരികയായിരുന്നു വിശുദ്ധൻ. അദ്ദേഹം പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തതാകട്ടെ കൊട്ടാരത്തിനടുത്തുള്ള ഗുഹയും. സ്ഥിരമായി അനേക മണിക്കൂറുകൾ അദ്ദേഹമവിടെ പ്രാർത്ഥിച്ചിരുന്നു, എന്നാൽ മറ്റാരും- രാജാവോ വിശുദ്ധന്റെ സഹസന്യാസിമാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ചെറുപ്രായത്തിൽത്തന്നെ പരിസരംമറന്നുള്ള പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ഫ്രാൻസിസിന്റെ ശരീരം പ്രകാശിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ലൂയിയുടെ കൊട്ടാരത്തിൽ താമസിക്കവേ, രാജാവ് വിശുദ്ധനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. പാതിരാത്രിയിൽ മറഞ്ഞിരുന്ന് വിശുദ്ധന്റെ മുറി നിരീക്ഷിച്ച രാജാവ് കണ്ടത് മറ്റൊരു രംഗമാണ്. രാജാവു നല്കിയ പതുപതുത്ത മെത്തയും കൊത്തുപണികളുള്ള കട്ടിലും തൊടാതെ, ഒപ്പമുള്ള രണ്ടു സന്യാസിമാരുടെ നടുവിലായി വെറും നിലത്തു കിടന്നുറങ്ങുന്ന വിശുദ്ധ ഫ്രാൻസിസ്. കരങ്ങൾ കൂപ്പിപ്പിടിച്ച് പ്രാർത്ഥിക്കുന്നതുപോലെ കിടക്കുന്ന വിശുദ്ധന്റെ ശരീരത്തിൽനിന്നും പ്രകാശം പ്രവഹിക്കുന്നു. അത് ആ മുറി മുഴുവൻ പ്രകാശിപ്പിക്കുന്നതായാണ് രാജാവ് കാണുന്നത്.

”ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും” (ലൂക്കാ 11:36) എന്ന് ഈശോ നമുക്കുറപ്പു നല്കുന്നുണ്ട്. ഒപ്പം അപ്രകാരം പ്രകാശമായിത്തീരാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഈശോയ്ക്ക് നമ്മെക്കുറിച്ചുള്ള വലിയ ആഗ്രഹമാണതെന്ന് അവിടുത്തെ വാക്കുകൾ ശ്രദ്ധിച്ചാലറിയാം.

”നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (മത്താ. 5:14) എന്ന് അവിടുന്ന് പ്രഖ്യാപിക്കുമ്പോഴും ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്താ. 5:16) എന്ന് നിർദേശിക്കുമ്പോഴുമൊക്കെ നാം ജ്വലിക്കുന്ന പ്രകാശമാകണമെന്ന അവിടുത്തെ തീക്ഷ്ണമായ പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്. ”കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവൻ” (യോഹ. 5:35) എന്ന് യേശു സ്‌നാപക യോഹന്നാനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. തന്മൂലമാണ് സ്‌നാപകന് യേശുവിന് വഴിയൊരുക്കാൻ സാധിച്ചത്. വെളിച്ചമില്ലാത്തവൻ എങ്ങനെ വഴിയൊരുക്കും. വഴിയൊരുക്കുന്നവനും അതുവഴി വരുന്നവരും വഴിതെറ്റുകയും അന്ധകാരത്തിൽ നിപതിക്കുകയുമില്ലേ?

നാം മറ്റുള്ളവർക്കു പ്രകാശമാകുമ്പോൾ അതുവഴി ദൈവം മഹത്വപ്പെടുമല്ലോ. ലൂയി രാജാവ് ആദ്യമൊക്കെ ഫ്രാൻസിസ് പവോളയെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഉറങ്ങുമ്പോൾ പോലും രാജാവ് വിശുദ്ധനെ നിരീക്ഷിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസിൽ വസിക്കുകയും പ്രവഹിക്കുകയും ചെയ്യുന്ന ദൈവിക പ്രകാശം ദർശിച്ച രാജാവ് ദൈവത്തിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുകയും അതു വെളിപ്പെടുത്താൻ അവിടുന്ന് ഉപകരണമാക്കിയ ഫ്രാൻസിസിലെ വിശുദ്ധി ബോധ്യപ്പെടുകയും ചെയ്തു.

പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും വിശുദ്ധൻ പ്രകാശിച്ചിരുന്നു, അഥവാ ഉറങ്ങുമ്പോഴും അദ്ദേഹം പ്രാർത്ഥിക്കുകയായിരുന്നു- ദൈവവുമായി സംസാരിക്കുകയായിരുന്നു. കാരണം പ്രകാശമായ ദൈവത്തോട് സംസാരിക്കുന്നവരാണല്ലോ പ്രകാശിക്കുന്നത്.

നാമെന്തു ചെയ്യണം?

”ദൈവം പ്രകാശമാണ്” എന്ന് തിരുവചനം സാക്ഷിക്കുന്നു (1 യോഹ. 1:5). ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവൻ അറിഞ്ഞില്ല. അഹറോനും ഇസ്രായേൽജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതുകണ്ട് അവനെ സമീപിക്കാൻ ഭയപ്പെട്ടു… ഇസ്രായേൽജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു (പുറ. 34:29,30,35).

ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശപൂരിതമാകാൻ, വിളക്കുപോലെ വെളിച്ചമേകാൻ നാമും ചെയ്യേണ്ടത് ദൈവത്തോട് സംസാരിക്കുകയാണ്, അവിടുത്തോടൊത്ത് വസിക്കുകയാണ്. അവിടുത്തേക്കായി മുഴുവൻ നല്കിക്കൊണ്ട്, ഒന്നും മാറ്റിവയ്ക്കാതെ, അവിടുത്തെ പ്രകാശം അഥവാ പ്രകാശമായ ദൈവം നമ്മിൽ നിറയാനും പ്രവഹിക്കാനുമായി സ്വയം വിട്ടുകൊടുക്കുക. അവിടുത്തേക്ക് നമ്മിൽ നിറയാനും പ്രകാശിക്കാനുമാകാത്തവിധം നമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതു നീക്കം ചെയ്തു വിശുദ്ധീകരിക്കുക. അശുദ്ധിയും അന്ധകാരത്തിന്റെ പ്രവൃത്തികളുമുള്ളിടത്ത് ദൈവം പ്രകാശിക്കില്ലല്ലോ.

മാലാഖമാർ പ്രകാശിക്കുന്നതെങ്ങനെ?

കാരാഗൃഹത്തിലായിരുന്ന പത്രോസിനെ രക്ഷിക്കാൻ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ ”ആ മുറിയാകെ പ്രകാശം നിറഞ്ഞു” എന്ന് അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:7 ൽ കാണാം. ദൈവദൂതർ ദൈവത്തോടൊത്ത് നിരന്തരം വസിക്കുകയും അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുമ്പോൾ അവർ പ്രകാശിക്കാതിരിക്കുന്നതെങ്ങനെ? ”അവിടുത്തെ നോക്കിയവർ (പോലും) പ്രകാശിതരായി” (സങ്കീ. 34:5).
”ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നു” (വെളി. 22:5) എന്ന് തിരുവചനം വെളിപ്പെടുത്തുന്നു. തിന്മ പ്രവർത്തിക്കാതെ നാം എത്ര സൂക്ഷിച്ചാലും എത്രമാത്രം നന്മകൾ പ്രവർത്തിച്ചാലും നമുക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല, മേല്പറഞ്ഞ തിരുവചനപ്രകാരം ദൈവമാണ് നമ്മിൽ പ്രകാശിക്കുന്നത്. ദൈവത്തോടൊപ്പമായാലേ പ്രകാശിക്കൂ.

പാർലറിൽ അഗ്നി

കൊറോട്ടയിലെ സിസ്റ്റേഴ്‌സിന് ദൈവസ്‌നേഹത്തെക്കുറിച്ച് ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ ജറാർദ് മജെല്ല. ദൈവസ്‌നേഹാഗ്നിയാൽ അദ്ദേഹത്തിന്റെ ഹൃദയം കത്തിജ്വലിച്ചു. നെഞ്ചിൽ എരിഞ്ഞ അഗ്നിയുടെ ചൂട് ശമിപ്പിക്കാൻ അദ്ദേഹത്തിന് തണുത്തവെള്ളത്തിൽ കുളിക്കേണ്ടിവന്നു. ചില അവസരങ്ങളിൽ സൂര്യനെപ്പോലെ പ്രകാശവും ചൂടും ഉള്ളവനായിത്തീർന്നു ജറാർദ്. ഇരുമ്പ് ഗെയ്റ്റ് അദ്ദേഹത്തിന്റെ കയ്യിൽ മെഴുകുപോലെ വഴങ്ങി. ശരീരം മുഴുവൻ പ്രകാശിച്ച്, അദ്ദേഹം നിന്നിരുന്ന പാർലർ അഗ്നിയിൽ മുങ്ങിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രകാശമായ ദൈവത്തിന്റെ പതിപ്പുകളാകാൻ സൃഷ്ടിക്കപ്പെട്ടവരാണ് പ്രകാശത്തിന്റെ -ദൈവത്തിന്റെ – മക്കളായ നാമോരോരുത്തരും. നമ്മിൽ എവിടെയെങ്കിലും ദൈവം പ്രകാശിക്കാത്തതുണ്ടെങ്കിൽ അന്ധകാരം നീക്കി, ശുദ്ധിചെയ്ത്, അവിടെയും ദൈവം പ്രകാശിക്കാനായി വിട്ടുകൊടുക്കാം. ”അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു” (ഏശ. 9:2). നാം അന്ധകാരത്തിലാണെങ്കിലും ആഗ്രഹമുണ്ടെങ്കിൽ നമുക്കായി ഉദിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പ്രകാശം കാണാൻ സാധിക്കും. കൂരിരുട്ടിലാണെങ്കിലും നമുക്കുമേൽ ഉദിക്കാൻമാത്രം ദൈവപുത്രൻ നമ്മെ സ്‌നേഹിക്കുന്നു. മനസുവച്ചാൽ നമുക്കതു സ്വന്തമാക്കാനാകും, പ്രകാശിക്കാനാകും.

വിശുദ്ധാത്മാക്കൾക്ക് ലഭിച്ച ദർശനങ്ങളനുസരിച്ച്, വിശുദ്ധരെല്ലാം സ്വർഗപ്രവേശനം നടത്തിയത് പ്രഭാപൂരിതരായാണ്. ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗത്തിൽ പ്രവേശിക്കുന്നവരും അഭൗമികമായ പ്രകാശത്താൽ പൂരിതരായിരുന്നു. അന്ധകാരം ഒട്ടും ഇല്ലാതെ, പൂർണമായി പ്രകാശിച്ചാൽ മാത്രമേ പ്രകാശമായ ദൈവത്തിനടുക്കലെത്താനും അവിടുത്തോടൊപ്പം സദാ വസിക്കാനും സാധിക്കൂ. അഥവാ സ്വർഗപ്രവേശനത്തിനും സ്വർഗത്തിന്റെ നാഥനായ ദൈവപിതാവിനൊപ്പമുള്ള ജീവിതത്തിനും യോഗ്യരാകുകയുള്ളൂ. സൂര്യൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും പ്രകാശിപ്പിക്കുന്നതുപോലെ ദൈവമായ കർത്താവിന്റെ പ്രകാശം നമ്മിലും പ്രകാശിച്ച് നമുക്കും ദൈവത്തിന്റെ ചന്ദ്രനും നക്ഷത്രങ്ങളുമാകാം, അനേകർക്ക് വെളിച്ചമാകാം, ദൈവത്തിന്റെ മഹത്വമാകാം. വിശുദ്ധ ജീവിതം നയിക്കുന്ന സമർപ്പിതർ ചന്ദ്രനെപ്പോലെയും വിശുദ്ധ ജീവിതം നയിക്കുന്ന ക്രൈസ്തവ വിശ്വാസികൾ നക്ഷത്രങ്ങളെപ്പോലെയുമാണെന്ന് ഉണ്ണീശോ ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുകൊടുക്കുകയുണ്ടായി.

നിത്യപ്രകാശമായ ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുന്ന നാം എത്രയധികമായി പ്രകാശിക്കേണ്ടിയിരിക്കുന്നു! പ്രകാശിക്കാത്തതെന്തായിരിക്കാം?

ആൻസിമോൾ ജോസഫ്‌

1 Comment

  1. Ashbin says:

    It was a great experience reading this article.
    നിത്യപ്രകാശമായ ദിവ്യകാരുണ്യനാഥനെ സ്വീകരിക്കുന്ന ഞങ്ങളും അവിടുത്തെ പ്രകാശത്തിൽ ആയിരിക്കാൻ അനുഗ്രഹിക്കണേ നാഥാ…

Leave a Reply

Your email address will not be published. Required fields are marked *