മിനിയുടെ ഉത്തരം

അപ്രതീക്ഷിതമായാണ് ആ ഫോൺകോൾ വന്നത്. പെട്ടെന്ന് ആ സ്വരം മനസിലായില്ലെങ്കിലും പിന്നീട് ആ സ്വരം ഞാൻ തിരിച്ചറിഞ്ഞു. അത് മിനിയായിരുന്നു. വളരെ യാദൃശ്ചികമായാണ് മിനിയെ പരിചയപ്പെട്ടത്. ഒരു ബസ്‌യാത്രയിൽ, മിനിയുടെ അടുത്തിരുന്ന ഒരു സഹോദരി എഴുന്നേറ്റ് പോവുകയും തൊട്ടടുത്ത് നില്ക്കുകയായിരുന്ന ഞാൻ ആ സീറ്റിൽ ഇരിക്കുകയും ചെയ്തു.

കുറച്ചുദൂരം കഴിഞ്ഞ് മിനിയോട് സംസാരിക്കാമെന്ന് വിചാരിച്ചപ്പോൾ അവൾ വിദൂരതയിലേക്ക് കണ്ണുംനട്ട് എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സംസാരത്തിന് ഒരു തുടക്കമിടാനെന്നവിധം എവിടെയാണ് പോകേണ്ടതെന്ന് ഞാൻ അന്വേഷിച്ചു. പെട്ടെന്ന് ഒരു ഞെട്ടലോടെ എന്റെ മുഖത്തുനോക്കി അവൾക്ക് പോകേണ്ട സ്ഥലം എന്നോട് പറഞ്ഞു. വീണ്ടും അവളോട് സംസാരിക്കണമെന്ന് തോന്നി. അതിനാൽ അവളുടെ പേരും കുടുംബാംഗങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ബിസിനസുകാരനായ തന്റെ ഭർത്താവിനെക്കുറിച്ചും സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെക്കുറിച്ചും സാവധാനം എന്നോട് സംസാരിക്കാൻ തുടങ്ങി. സ്വന്തം വീട്ടിൽ പോയി മാതാപിതാക്കളെ കണ്ട് തിരിച്ചുവരികയാണെന്നും പറഞ്ഞു. സംസാരത്തിനിടയിൽ അവളുടെ മുഖത്ത് ഒരു വിഷാദഭാവം നിഴലിക്കുന്നതായി എനിക്ക് തോന്നി.
ഏകദേശം ഒന്നരമണിക്കൂർ കഴിഞ്ഞ് മിനിക്ക് ഇറങ്ങാൻ സമയമായപ്പോൾ എന്റെ ഫോൺനമ്പറും പേരും ചോദിച്ചുവാങ്ങി. പിന്നീട് ഞാൻ ആ സംഭവം മറന്നുപോവുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ വിളി. വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ആ വിഷമം എന്നോട് പങ്കുവച്ചു. താനൊരു എയ്ഡ്‌സ് രോഗിയാണെന്നും ഭർത്താവും മക്കളും ഈ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും അവൾ പറഞ്ഞു. ഭർത്താവിൽനിന്നാണ് ഈ രോഗം ബാധിച്ചത്. ഏകദേശം രണ്ടു വർഷമായി ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. എനിക്കൊന്നും മറുപടി പറയാൻ കഴിഞ്ഞില്ല.

ഒരു ആശ്വാസത്തിനെന്നവിധം അവൾ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ചുകൊണ്ടിരുന്നു. ജീവിതത്തോടുള്ള മനോഭാവം എന്താണെന്ന് അവളോട് ഒരിക്കൽ ഞാൻ ചോദിച്ചു. മിനിയുടെ മറുപടി ഇപ്രകാരമായിരുന്നു: ”ഈ രോഗം ഞാൻ തെറ്റ് ചെയ്തിട്ട് എനിക്ക് കിട്ടിയതല്ല. ദൈവം തന്നതാണ്. ഞാൻ ഇത് സന്തോഷത്തോടെ സ്വീകരിക്കുന്നു. എനിക്ക് ആരോടും ഒരു പരാതിയുമില്ല.” അവൾ ഇന്നും സന്തോഷത്തോടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നു. മിനിയുടെ ഉത്തരം എന്നെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഒപ്പം കണ്ണു തുറപ്പിക്കുന്ന അനുഭവവുമായിരുന്നു അതെനിക്ക്.

”ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല… എനിക്കു ലജ്ജിക്കേണ്ടി വരികയില്ലെന്ന് ഞാനറിയുന്നു”

(ഏശയ്യാ 50:7)

സിസ്റ്റർ റോമിയ കുര്യൻ യു.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *