പരിശുദ്ധ ദൈവമാതാവ് ലോകത്തിന്റെ പല ഭാഗങ്ങളിൽ പലർക്കും പ്രത്യക്ഷപ്പെടുന്നതായി നമുക്ക് അറിയാം. എന്നാൽ ഈശോ നേരിട്ട് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നല്കുന്നത് അപൂർവമാണ്. അത്തരത്തിലുള്ള അപൂർവമായൊരു വലിയ കൃപ ലഭിച്ച വ്യക്തിയാണ് സെഗതാഷ്യ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ റുവാണ്ട എന്ന രാജ്യത്ത് ജീവിച്ച സാധുബാലനായിരുന്നു സെഗതാഷ്യ. അവന്റെ ജീവിതത്തെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം എഴുതപ്പെട്ടിട്ടുണ്ട്; അതിന്റെ ശീർഷകം ‘ദ ബോയ് ഹൂ മെറ്റ് ജീസസ്’ എന്നാണ്.
മെക്കാനിക്കൽ എഞ്ചിനിയറും എഴുത്തുകാരിയും റുവാണ്ടൻ വംശജയുമായ ഇമ്മാക്കുലി ഇലിബഗൈസ ആണ് എഴുത്തുകാരി. ‘കിബ്‌ഹോയിലെ സെഗതാഷ്യ: ഈശോയെ കണ്ടുമുട്ടിയ ബാലൻ’ എന്ന പേരിൽ പ്രസ്തുത ഗ്രന്ഥം മർഗരീറ്റ മലയാളത്തിലേക്കും തർജമ ചെയ്തിട്ടുണ്ട്.
അത്യന്തം പ്രചോദനാത്മകമാണ് സെഗതാഷ്യയുടെ ജീവിതം. വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് അവൻ ജനിച്ചത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ വളരെ ക്ലേശിച്ചിരുന്നു അവന്റെ മാതാപിതാക്കൾ. നിസ്വാർത്ഥനും നിഷ്‌കളങ്ക മനഃസാക്ഷിയുള്ളവനുമായിരുന്നു അവൻ. മാതാപിതാക്കളെയും സഹോദരങ്ങളെയും തന്നെക്കാൾ അധികമായി അവൻ സ്‌നേഹിച്ചിരുന്നു. അവർക്കുവേണ്ടി എന്ത് ത്യാഗപ്രവൃത്തികൾ ചെയ്യാനും അവൻ ഒരുക്കമായിരുന്നു.
അവർ വേദനിക്കുന്നത് അവന് സഹിച്ചിരുന്നില്ല. ഒരിക്കൽ വീട്ടിൽ പട്ടിണി വന്നപ്പോൾ അവൻ ആരെയും അറിയിക്കാതെ ഒരു ധനികന്റെ വീട്ടിൽ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യുവാൻ പോയി. വീട്ടിൽനിന്ന് മാറിനില്ക്കുന്നത് അവന് വലിയ സങ്കടമുള്ള കാര്യമായിരുന്നു. എങ്കിലും അവന്റെ അധ്വാനംകൊണ്ട് വീട്ടിലേക്കാവശ്യമായ അരിയും പയറും ഒരാൾവഴി അവൻ എത്തിച്ചു.
നിഷ്‌കളങ്കത ഇഷ്ടപ്പെടുന്നവൻ
ഈ നിഷ്‌കളങ്ക ബാലന് ഈശോ പ്രത്യക്ഷപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. 1982 ജൂലൈ രണ്ടാം തിയതിയാണ് അത് സംഭവിച്ചത്. നല്ല വെയിലുള്ള ദിവസം. വെയിലുകൊണ്ട് ക്ഷീണിച്ചതിനാൽ വിശ്രമിക്കുവാനായി അവനൊരു മരത്തിന്റെ കീഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവൻ ഒരു ശബ്ദം കേട്ടു. ആരോ തന്നെ വിളിക്കുന്നതുപോലെ അവന് തോന്നി. വളരെ മൃദുവും സ്‌നേഹം നിറഞ്ഞതുമായിരുന്നു ആ പുരുഷശബ്ദം. ആ ശബ്ദം എവിടെനിന്നാണ് വന്നതെന്നറിയുവാൻ അവൻ തിരിഞ്ഞു. വീണ്ടും അവൻ കേട്ടു: ‘എന്റെ കുഞ്ഞേ, ഇതാ ഇവിടെ.’ ഈശോ അതാ അവന്റെ മുൻപിൽ. അവിടുന്ന് അവനോട് ചോദിച്ചു: ‘ലോകത്തിന് നല്കാൻ ഒരു സന്ദേശം നല്കിയാൽ നീ അത് ലോകത്തെ അറിയിക്കുമോ?’ പറ്റില്ല എന്ന് പറയുവാൻ അവന് സാധിക്കുമായിരുന്നില്ല.
ദൈവവിളി ലഭിക്കുന്നവനിൽനിന്ന് ദൈവം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അന്ധമായ അനുസരണമാണ്. മറ്റുള്ളവരുടെ മുൻപിൽ ഭോഷനാകുവാൻ തയാറുള്ളവനേ അത് സാധിക്കൂ. വലിയ കാര്യങ്ങൾ ഏല്പിക്കുന്നതിന് മുൻപ് ചെറിയ കാര്യങ്ങളിൽ അനുസരണയുള്ളവനാണോ എന്നാണ് ദൈവം നോക്കുന്നത്. സെഗതാഷ്യയുടെ കാര്യത്തിലും അതാണ് ദൈവം ചെയ്യുന്നത്. അവിടുന്ന് പറഞ്ഞു: ”ഞാൻ യേശുക്രിസ്തുവാകുന്നു. ഭാവിയിൽ മനുഷ്യർക്ക് ഞാൻ നല്കുന്ന സന്ദേശങ്ങൾ പറയുവാൻ നീ യഥാർത്ഥത്തിൽ പ്രാപ്തനാണെന്ന് തെളിയിക്കുവാൻ, നീ ഇപ്പോൾ മി. ഹ്യൂബർട്ടിന്റെ വയലിൽ പണി ചെയ്യുന്നവരുടെ അടുത്തേക്ക് പോവുക. അവരോട് ഈ സന്ദേശം പറയുക. യുഗാന്ത്യം ആസന്നമാണെന്നും യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ഹൃദയങ്ങളെ പശ്ചാത്താപത്താൽ കഴുകി വിശുദ്ധീകരിക്കണമെന്നും പറയുക.”
യേശു പറഞ്ഞതുപോലെ സെഗതാഷ്യ ചെയ്തു. എന്നാൽ ചിലർ അവനെ പരിഹസിച്ചു. മറ്റുചിലർ അവന്റെ വാക്കുകളെ ശ്രവിച്ചു. അവനെ പരിഹസിക്കുവാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പരിഭ്രമിച്ച് ഓടിപ്പോയപ്പോൾ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുപോയത് അവൻ അറിഞ്ഞില്ല. അങ്ങനെ മറ്റുള്ളവരുടെ മുൻപിൽ പൂർണ നഗ്നനായിട്ടായിരുന്നു അവൻ പ്രസംഗിച്ചത്. യേശുവിനുവേണ്ടി അപമാനം സ്വീകരിക്കുവാൻ തയാറുള്ളവനേ ഉത്തമനായ ഒരു വചനപ്രഘോഷകനാകുവാൻ സാധിക്കുകയുള്ളൂ. ആദിമസഭയിലെ അപ്പസ്‌തോലന്മാർക്ക് ഈ മനോഭാവം ഉണ്ടായിരുന്നുവല്ലോ. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: ”അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുന്നിൽ നിന്നു പുറത്തുപോയി” (അപ്പ. പ്രവ. 5:41).
യേശുവിനെ അന്ധമായി അനുസരിക്കുവാൻ തയാറാകുന്ന ഒരുവനെ അവിടുന്ന് എല്ലാക്കാലത്തും വളരെ ശക്തമായി ഉപയോഗിക്കും. അവന്റെ സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലും അവയൊക്കെ അനുകൂലമാക്കുവാൻ സർവശക്ത ദൈവമായ യേശുവിന് സാധിക്കും. സെഗതാഷ്യയുടെ മാതാപിതാക്കൾ ക്രൈസ്തവർ ആയിരുന്നില്ല. യേശുവിനെക്കുറിച്ച് അവർ കേട്ടിട്ടുപോലുമില്ലായിരുന്നു. ബൈബിൾ അവൻ കണ്ടിട്ടില്ല. ഇനി, കണ്ടിട്ടുണ്ടെങ്കിൽത്തന്നെ വായിക്കുവാൻ അവന് അറിഞ്ഞുകൂടായിരുന്നു. കാരണം, അവൻ സ്‌കൂളിന്റെ പടി കയറിയിട്ടില്ല. അങ്ങനെയുള്ള നിരക്ഷരനായ ആ ബാലനെ യേശു തന്നെ വിശുദ്ധ ബൈബിൾ പഠിപ്പിച്ചു. പണ്ഡിതന്മാർ പ്രസംഗിക്കുന്നതിലും ആധികാരികമായും ആവേശത്തോടെയും അവൻ റുവാണ്ടയുടെ പല ഭാഗങ്ങളിലും യേശുവിന്റെ കല്പന അനുസരിച്ച് വചനം പ്രഘോഷിക്കുവാൻ തുടങ്ങി. അവന്റെ പ്രസംഗങ്ങൾ ആയിരങ്ങളെ ആകർഷിച്ചു. അവരിൽ വൈദികരും സന്യസ്തരും ബിഷപ്പുമാർപോലുമുണ്ടായിരുന്നു.
ഭാഷകളുടെ അതിരു ഭേദിക്കാൻ
അതിനുശേഷം യേശു അവനെ വിദേശരാജ്യങ്ങളിലേക്ക് അയച്ചു. അവൻ അടുത്ത രാജ്യമായ ബറൂണ്ടിയിൽ വചനം പ്രസംഗിക്കുവാൻ പോയി. ഇവിടെ ഒരു പ്രശ്‌നമുണ്ടായി. അവിടുത്തെ ഭാഷ അവന് അറിഞ്ഞുകൂടാ. തന്മൂലം ഒരു വിവർത്തകന്റെ സഹായത്തോടെയാണ് അവൻ വചനം നല്കിയത്. പക്ഷേ, അവനൊരു ആശങ്ക. വിവർത്തകൻ യേശു നല്കിയ സന്ദേശങ്ങൾ കൃത്യമായാണോ ജനത്തിന് നല്കുന്നത്. ഇവിടെ ഇന്നത്തെ വചനപ്രഘോഷകർക്ക് അനുകരിക്കാവുന്ന ഒരു വലിയ കാര്യം ചെയ്തു. അവൻ ഇപ്രകാരം യേശുവിനോട് പ്രാർത്ഥിച്ചു: ”യേശുവേ, ഇവിടുത്തെ ഭാഷ (സ്വാഹിലി) മനസിലാക്കുവാൻ എനിക്ക് കൃപ നല്കണമേ. ഇവിടുത്തെ ഭാഷയിൽ പ്രസംഗിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. കാരണം വാക്കുകൾ തെറ്റിയാൽ ഒരാൾ സ്വർഗത്തിന് പകരം നരകത്തിൽ പോകുവാൻ വഴിയുണ്ട്.” പ്രാർത്ഥന കേൾക്കുന്നവനാണ് യേശു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾത്തന്നെ സ്വാഹിലിയിലെ ഏതാനും വാക്കുകളുടെ അർത്ഥം മനസിലാക്കുവാൻ അവന് കൃപ ലഭിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ വിവർത്തനം മുഴുവൻ മനസിലാക്കുവാൻ സാധിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സ്വാഹിലി ഭാഷയിൽ വചനം പ്രഘോഷിക്കാൻ അവന് സാധിച്ചു. എന്തൊരു അത്ഭുതം. വിവിധ ഭാഷകൾ സംസാരിക്കുന്നവരോട് സംസാരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭാഷ ഒരു തടസമല്ല. ആവശ്യമുള്ള നേരത്ത്, ആവശ്യമുള്ളത് ഒക്കെയും തന്റെ ശുശ്രൂഷകന് ദൈവം ഇന്നും നല്കിക്കൊണ്ടിരിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
ഈ കാലഘട്ടത്തിൽ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും യേശു സെഗതാഷ്യയിലൂടെ വ്യക്തമാക്കി. ജനങ്ങൾ അംഗീകരിക്കുന്ന കാര്യങ്ങളല്ല പ്രസംഗിക്കേണ്ടത്, പ്രത്യുത ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഉദാഹരണമായി സെഗതാഷ്യ പ്രസംഗിച്ച സയറിൽ ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നു. സംസ്‌കാരവും പാരമ്പര്യവും അത് നല്ലതാണെന്ന് കരുതിയിരുന്നു. എന്നാൽ, ബഹുഭാര്യാത്വം തെറ്റാണെന്നും അത് ദൈവതിരുമനസിന് എതിരാണെന്നും പഠിപ്പിക്കുവാൻ യേശു അവനോട് ആവശ്യപ്പെട്ടു. എല്ലായിടത്തും കേൾവിക്കാർ അവനെ കൂവി കളിയാക്കി. പക്ഷേ, അവൻ അചഞ്ചലനായിരുന്നു. കാരണം അവൻ യേശുവിന്റെ ശബ്ദമായിരുന്നല്ലോ.
ഒരു ദൈവശുശ്രൂഷകൻ എല്ലാവരേക്കാളുപരി യേശുവിനായി ജീവിതം സമർപ്പിച്ചവനായിരിക്കണമെന്ന വിലയേറിയ ചിന്തയും സെഗതാഷ്യയുടെ ജീവിതം നമുക്ക് നല്കുന്നുണ്ട്. അവൻ കോംഗോയിലെ ഒരു വിദൂര ദേശത്ത് പ്രസംഗിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ പ്രിയപ്പെട്ട അമ്മയുടെ വിയോഗവാർത്ത അവൻ ശ്രവിച്ചത്. അതിനുമുൻപ് അവന്റെ രണ്ട് സഹോദന്മാർ മരിച്ചിരുന്നു. അവൻ വീട്ടിലേക്ക് തിരിച്ചു, അവന്റെ അപ്പൻ ആകെ തകർന്ന നിലയിലായിരുന്നു. തീവ്രമായ ദുഃഖം അദ്ദേഹത്തെ വല്ലാതെ ഞെരുക്കിയിരുന്നു. എന്നാൽ, ഒരു രാത്രിപോലും തികച്ച് അവന് അപ്പന്റെകൂടെ ചെലവഴിക്കുവാൻ സാധിക്കുമായിരുന്നില്ല. കാരണം അവന്റെ ദൗത്യം അവന് പൂർത്തിയാക്കേണ്ടിയിരുന്നു. അവന്റെ ശുശ്രൂഷ പൂർത്തിയാക്കുവാൻ അവൻ ഉടനെ മടങ്ങി.
പ്രിയപ്പെട്ടവരേ, തിന്മയും അശുദ്ധിയും നിറഞ്ഞ ഈ കാലഘട്ടത്തിൽ യേശുവിന്റെ പ്രകാശം പകരുവാൻ അവിടുന്ന് നിങ്ങളെ വിളിക്കുന്നു. നിങ്ങളുടെ പരിമിതികളൊന്നും അതിന് തടസമല്ല. ഇതാ ഞാൻ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. അവിടുന്ന് നിങ്ങളെ എടുത്ത് ആവശ്യമുള്ള സ്ഥലത്ത്, വേണ്ടവിധത്തിൽ ഉപയോഗിക്കും. അതിനുള്ള കൃപയ്ക്കായി
നമുക്ക് പ്രാർത്ഥിക്കാം:
യേശുവേ, ജീവിക്കുന്ന ദൈവമേ, അങ്ങയെ അറിയുവാൻ എനിക്ക് കൃപ നല്കിയതിന് നന്ദി പറയുന്നു. എന്നാൽ, അങ്ങയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത കോടിക്കണക്കിന് മനുഷ്യർ എന്റെ ഉറക്കം കെടുത്തുന്നു. അവരോട് കരുണയായിരിക്കണമേ. അവർക്കുവേണ്ടി ഞാൻ എന്തു ചെയ്യണമെന്ന് എന്നോട് പറയണമേ. അങ്ങ് എന്നെ എടുത്താലും. അങ്ങയുടെ ശക്തമായ ഉപകരണമായി ഞാൻ മാറട്ടെ. ജനതകൾ അങ്ങയുടെ പ്രകാശം കാണട്ടെ. അതുമാത്രമാണ് എന്റെ പ്രാർത്ഥന. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, സകല ജനതകളും യേശുവിനെ അറിയുവാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.
കെ.ജെ. മാത്യു