വത്തിക്കാൻ സിറ്റി: ദൈവത്തിനും അവിടുത്തെ സ്‌നേഹത്തിനും കുടുംബത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കണമെന്നും അല്ലാത്ത പക്ഷം സ്വാർത്ഥത കുടുംബത്തിലെ സമാധാനവും ആനന്ദവും അപകടത്തിലാക്കുമെന്നും മാർപാപ്പയുടെ മുന്നറിയിപ്പ്. കുടുംബത്തിലെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവച്ചപ്പോഴാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ശക്തവും ഐക്യമുള്ളതുമായ കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് കുടുംബങ്ങൾ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണകളും നേരിടുന്ന ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് പാപ്പ പറഞ്ഞു. കരുണയുടെ വിശുദ്ധ വർഷത്തിൽ തിരുക്കുടുംബത്തിന്റെ സാക്ഷ്യജീവിതവും ഉദാഹരണവും കുടുംബങ്ങളുടെ ജൂബിലിയ്ക്കുള്ള മാർഗരേഖയായി പാപ്പ ചൂണ്ടിക്കാണിച്ചു.
കുടുംബങ്ങൾ സ്‌നേഹത്തിന്റെയും ജീവന്റെയും പ്രത്യേക കൂട്ടായ്മയായിരിക്കണമെന്നാണ് ദൈവത്തിന്റെ പദ്ധതിയെന്ന് പാപ്പ തുടർന്നു. കുട്ടികളെ ദൈവത്തിന്റെ ദാനമായി സ്വാഗതം ചെയ്യുവാൻ മറിയവും ജോസഫും പഠിപ്പിക്കുന്നു. ഓരോ പുതിയ കുഞ്ഞും ലോകത്തിന് ഒരു പുതിയ പുഞ്ചിരിയാണ് സമ്മാനിക്കുന്നത്. കുടുംബത്തിൽ യഥാർത്ഥത്തിൽ അനുഭവവേദ്യമാകുന്ന സന്തോഷം യാദൃശ്ചികമല്ല. കുടുംബാംഗങ്ങൾ തമ്മിലുള്ള ആഴമായ ഐക്യത്തിന്റെ ഫലമാണത്. പരസ്പരമുള്ള സാമീപ്യവും ജീവിതയാത്രയിൽ പരസ്പരം നൽകുന്ന പിന്തുണയുമാണ് കുടുംബം ആസ്വാദ്യകരമാക്കുന്നത്. ദൈവസാന്നിധ്യാനുഭവത്തിലും എല്ലാവരെയും സ്വാഗതം ചെയ്യുന്ന ദൈവസ്‌നേഹത്തിലും കരുണയിലും പരസ്പരം പുലർത്തുന്ന സഹിഷ്ണുതയിലും അത് എപ്പോഴും വേരൂന്നിയിരിക്കുന്നു; മാർപാപ്പ വിശദീകരിച്ചു.
ഒരോ ദിവസത്തിന്റെയും ആരംഭത്തിലും അവസാനത്തിലും കുട്ടികളുടെ നെറ്റിയിൽ കുരിശടയാളം വരച്ചുകൊണ്ട് മാതാപിതാക്കൾ അവരെ അനുഗ്രഹിക്കണമെന്ന് പാപ്പ നിർദേശിച്ചു. അവരെ അനുഗ്രഹിക്കുക എന്ന് പറഞ്ഞാൽ ദൈവത്തിന് അവരെ ഭരമേൽപ്പിക്കുക എന്നാണർത്ഥം. അതിലൂടെ ദൈവം അവരെ ദിവസം മുഴുവൻ താങ്ങുകയും വഴിനടത്തുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പ് കുടുംബങ്ങൾ പ്രാർത്ഥിക്കുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. അതുവഴി ദൈവത്തിന്റെ ദാനങ്ങൾ ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്ക്കുവാൻ അവർക്ക് സാധിക്കും. പാപ്പ വ്യക്തമാക്കി.