ആൽഫിൻ ബസ് യാത്രയിലായിരുന്നു. അവധിക്ക് അമ്മാവന്റെ വീട്ടിൽ പോകുകയാണ്. അവിടെയെത്താൻ ഒരു മണിക്കൂറോളം യാത്ര ചെയ്യണം. ആദ്യമായിട്ടാണ് തനിയെ അത്ര ദൂരം യാത്ര ചെയ്യുന്നത്. പക്ഷേ അപ്പ നിർബന്ധം പറഞ്ഞു ഏഴാം ക്ലാസ് കഴിഞ്ഞതിനാൽ ഇനി തനിയെ യാത്ര ചെയ്തു പഠിക്കണമെന്ന്. അപ്പതന്നെയാണ് ബസ് കയറ്റിത്തന്നതും.
ഇറങ്ങുന്നിടത്തുനിന്ന് അമ്മാവന്റെ മകനായ അപ്പുചേട്ടൻ വന്ന് കൂട്ടിക്കൊണ്ടുപോവും. അതിനാൽ പേടിക്കാനൊന്നുമില്ല. ഈ ചിന്തകളോടെ വഴിയരികിലുള്ള കാഴ്ചകളൊക്കെ കണ്ട് ഇരിക്കുമ്പോഴാണ് അടുത്ത് ഒരു ആൺകുട്ടി വന്നിരുന്നത്. ചുളിഞ്ഞ ഷർട്ടും പാറിപ്പറന്ന മുടിയുമൊക്കെയുള്ള ഒരു കുട്ടി. കണ്ടപ്പോഴേ ആൽഫിന് അവനെ ഇഷ്ടപ്പെട്ടില്ല. അതിനാൽ പിന്നെ അവൻ ആ കുട്ടിയെ നോക്കിയതുപോലുമില്ല.
കുറച്ചുനേരം അങ്ങനെ കഴിഞ്ഞപ്പോഴാണ് കണ്ടക്ടർ വന്നത്. ടിക്കറ്റിനുള്ള തുകകൂടാതെ വേറെ കുറച്ച് രൂപയുംകൂടി അപ്പ ആൽഫിന്റെ കൈയിൽ കൊടുത്തിരുന്നു. അത് ഭദ്രമായി ഷർട്ടിന്റെ പോക്കറ്റിൽ വച്ചു. അതോടൊപ്പം ഇറങ്ങാനുള്ള സ്ഥലത്തിന്റെ പേര് മറന്നുപോകാതിരിക്കാൻ അത് എഴുതിയ ഒരു തുണ്ട് കടലാസും.
എല്ലാം എടുക്കാനായി പോക്കറ്റിൽ കൈയിട്ടപ്പോൾ പോക്കറ്റിൽ കടലാസ്മാത്രമേയുള്ളൂ. ആൽഫിൻ ആകെ വിളറി. അടുത്തിരിക്കുന്ന കുട്ടി ശ്രദ്ധിക്കുന്നുണ്ട്. അതുകണ്ടപ്പോൾ ആൽഫിന് ചമ്മലും തോന്നി. പെട്ടെന്ന് പോക്കറ്റിൽനിന്ന് ഒരു അമ്പതുരൂപാ നോട്ടെടുത്ത് ആ കുട്ടി കണ്ടക്ടർക്കു നേരെ നീട്ടി. ആൽഫിന് പോകേണ്ട സ്ഥലത്തേക്ക് രണ്ടു ടിക്കറ്റ് ആവശ്യപ്പെട്ടു. ആൽഫിൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. കണ്ടക്ടർ ടിക്കറ്റ് നല്കി അടുത്ത സീറ്റിനടുത്തേക്ക് പോയി.
ആൽഫിൻ വിളറിയ മുഖത്തോടെ ആ കുട്ടിയെ നോക്കി. ”താങ്ക് യൂ” അവന്റെ സ്വരം വളരെ നേർത്തതായിരുന്നു.
”ഓകെ, അതൊന്നും സാരമില്ല. ബസിൽവച്ച് എന്റെയും പണം പോയിട്ടുണ്ട്. അതാ എനിക്ക് വേഗം മനസിലായത്. കടലാസിലെ സ്ഥലപ്പേര് നോക്കി ടിക്കറ്റ് പറഞ്ഞതും അതുകൊണ്ടാ.”
”അപ്പോൾ എവിടെയാ ഇറങ്ങേണ്ടത്?”
”എനിക്ക് അതിനു തൊട്ടുമുൻപത്തെ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. അതു സാരമില്ല.”
”സോറി, എന്താ പേര്?” ആൽഫിൻ മടിച്ചുമടിച്ചു ചോദിച്ചു.
”എന്റെ പേര് ജോയേൽ”
”എന്റെ പേര് ആൽഫിൻന്നാ” ആൽഫിൻ സ്വയം പരിചയപ്പെടുത്തി.
”എവിടെപ്പോയതാ?”
”ടൗണിൽ.”
”എന്തിനാ, സാധനങ്ങൾ വാങ്ങാനാണോ?”
”അല്ല, അമ്മ ഉണ്ടാക്കുന്ന പൂക്കൂടകൾ കടയിൽ കൊണ്ടുപോയിക്കൊടുക്കാൻ.”
”അതെന്താ അപ്പ പോകാത്തത്?”
”എനിക്ക് അപ്പയില്ല. അമ്മമാത്രമേയുള്ളൂ. അപ്പ ഞാൻ കുഞ്ഞായിരിക്കുമ്പോഴേ മരിച്ചുപോയി.” ജോയേലിന്റെ മറുപടി കേട്ടപ്പോൾ ആൽഫിന് വിഷമം തോന്നി.
”ആ, എനിക്കിറങ്ങാറായി. ശരി കേട്ടോ” ജോയേൽ പെട്ടെന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. ബസ് നിർത്തിയപ്പോൾ ഇറങ്ങിയിട്ട് ആൽഫിനെ നോക്കി കൈവീശിക്കാണിക്കുകയും ചെയ്തു.
ആൽഫിൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ബസിറങ്ങിയപ്പോഴേ കാത്തുനില്ക്കുന്ന അപ്പുച്ചേട്ടനെ കണ്ടു. അപ്പുച്ചേട്ടനോട് ആദ്യം പറഞ്ഞത് ബസിൽവച്ചുണ്ടായ കാര്യങ്ങളാണ്. അപ്പുച്ചേട്ടന് ജോയേലിനെ അറിയാമത്രേ. അവർ ഒരു സ്കൂളിലാണ് പഠിക്കുന്നത്. അതുകേട്ടപ്പോൾ ആൽഫിന് സന്തോഷമായി.
പിറ്റേന്ന് അവർ ഒരുമിച്ച് ജോയേലിന്റെ വീട്ടിൽപ്പോയി. ജോയേൽ ആൽഫിന്റെ ഏറ്റവും നല്ല കൂട്ടുകാരനായി മാറുകയും ചെയ്തു.