മനുഷ്യബോംബെന്ന് വിളിക്കപ്പെടുന്ന ചാവേറുകളെക്കുറിച്ച് നാമൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ക്രിസ്തുവിന് വേണ്ടി ചാവേറുകളായവരെക്കുറിച്ചോ? സ്വന്തം ശരീരം ഛിന്നഭിന്നമാക്കപ്പെടുമെന്ന് ഉറപ്പുള്ളപ്പോഴും ക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം അറിയിക്കുവാനായി ജപ്പാനിലേക്ക് കടന്നുചെന്ന് രക്തസാക്ഷിത്വം വരിച്ച മിഷനറിമാരെ അപ്രകാരം മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഒരു വ്യത്യാസം മാത്രം. സ്വശരീരം നശിപ്പിക്കപ്പെട്ടപ്പോഴും ഇവർ സ്വന്തം ആത്മാവിനെയും മറ്റനേകം ആത്മാക്കളെയും ക്രിസ്തുവിനായി നേടി.
ഏറ്റവും കിരാതമായ ദണ്ഡനമുറകളാണ് 17-ാം നൂറ്റാണ്ടിൽ ജപ്പാനിൽ സുവിശേഷം പ്രഘോഷിക്കാനെത്തിയ മിഷനറിമാരെ കാത്തിരുന്നത്. തന്നെ ജീവനോടെ അഗ്നിയിൽ ദഹിപ്പിക്കാൻ പോവുകയാണെന്ന വാർത്ത അത്യാഹ്ലാദത്തോടെ സ്വീകരിക്കുകയും ആ അംഗീകാരത്തിനായി ദൈവത്തിന് നന്ദി പറയുകയും ചെയ്ത ജാപ്പനീസ് മിഷനറിയാണ് ഫാ. ചാൾസ് സ്പിനോളാ.
”ക്രിസ്തുവിനെപ്രതിയുള്ള സഹനം എത്ര മധുരതരമാണ്! അതിന്റെ മാധുര്യം എനിക്ക് വാക്കുകളിൽ വിവരിക്കാനാവില്ല. എന്റെ ശരീരം കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ മരണം അടുത്തു വരുന്തോറും എന്റെ സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്വർഗത്തിൽ വിശുദ്ധരോടൊപ്പം അടുത്ത ഈസ്റ്റർ ആഘോഷിക്കാൻ സാധിച്ചിരുന്നെങ്കിൽ…” ജപ്പാനിലെ തടവറയിൽനിന്ന് ഫാ. ചാൾസ് സ്പിനോളാ അയച്ച കത്തിലെ വാചകങ്ങളാണിത്.
തടവറയിൽനിന്ന് ബന്ധുവിനയച്ച കത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു-” തനിക്ക് ശുശ്രൂഷ ചെയ്യുന്ന ആത്മാക്കളെ ദൈവം ഒരുക്കുന്നതിന്റെ രുചി നിനക്ക് അനുഭവിക്കാൻ സാധിച്ചിരുന്നുവെങ്കിൽ! ലോകത്തിന്റെ സകല സുഖസൗകര്യങ്ങളും അപ്പോൾ നീ ശപ്തമായി കണക്കാക്കും. ഇപ്പോൾ ഞാൻ യേശുക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനാകാൻ ആരംഭിച്ചിരിക്കുന്നു. അവനോടുള്ള സ്നേഹത്തെപ്രതിയാണ് ഇപ്പോൾ തടവറയിലായിരിക്കുന്നത്. ഇവിടെ ധാരാളം സഹനങ്ങളുണ്ട്. വിശപ്പുകൊണ്ട് ബോധം മറയുന്ന അവസരത്തിൽ അവിടുന്നെന്നെ ആശ്വസിപ്പിക്കുന്നു. മറ്റ് രോഗങ്ങൾ കൂടാതെ നൂറോളം ദിവസമായി വിട്ടുമാറാത്ത പനി പിടികൂടിയിട്ടുണ്ട്. ഈ സമയമൊക്കെയും എന്റെ ഹൃദയം ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. എന്റെ ഹൃദയത്തിനുൾക്കൊള്ളാവുന്നതിലും അപ്പുറമുള്ള ആനന്ദമാണത്. ഇതുപോലൊന്ന് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. സ്വർഗത്തിന്റെ കവാടത്തിൽ എത്തിയ അനുഭവം.”
1564-ൽ സ്പെയിനിലെ മാഡ്രിഡിലാണ് ചാൾസ് സ്പിനോളായുടെ ജനനം. കുലീന കുടുംബത്തിലെ അംഗമായിരുന്ന ചാൾസിന്റെ അമ്മാവനായിരുന്നു നോളയിലെ ബിഷപ്. 1594-ൽ ജസ്യൂട്ട് വൈദികനായി അഭിഷിക്തനായ ചാൾസ് 1602-ലാണ് ജപ്പാനിലെത്തിയത്. മിഷനറിമാരെയെല്ലാം ജപ്പാൻ പുറത്താക്കുന്നതുവരെ വളർന്നുവരുന്ന ക്രൈസ്തവസമൂഹത്തിൽ അദ്ദേഹം ശുശ്രൂഷ ചെയ്തു. 1614-ൽ വിദേശ മിഷനറിമാരോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. നാലു വർഷക്കാലം പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞെങ്കിലും 1618-ൽ അദ്ദേഹത്തെ അധികാരികൾ കണ്ടെത്തി തടവിലടച്ചു. ജയിലിലെ സഹനങ്ങളുടെ നാല് വർഷങ്ങൾ ദൈവത്തിലാനന്ദിച്ചുകൊണ്ടാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിന്റെ കത്തുകൾ സാക്ഷ്യപ്പെടുത്തുന്നു.
1622 സെപ്റ്റംബർ പത്താം തിയതി 50 പേരടങ്ങുന്ന സംഘം രക്തസാക്ഷിത്വം വരിച്ചു. ഫാ. ചാൾസ് സ്പിനോളാ ഉൾപ്പെടെ 25 പേരെ ജീവനോടെ ചുട്ടെരിച്ചപ്പോൾ ബാക്കിയുള്ളവരെ കഴുത്തു വെട്ടി കൊലചെയ്യുകയാണുണ്ടായത്. 1867-ൽ ഫാ.ചാൾസ് സ്പിനോളായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്