സ്‌നേഹത്തിന്റെ കാണാപ്പുറങ്ങൾ

സംഘാടകർ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമായിരുന്നു യുവജനങ്ങളുടെ സമ്മേളനത്തിന് ലഭിച്ചത്. പുതിയ തലമുറയ്ക്ക് മാതാപിതാക്കളിൽനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിധത്തിലുള്ള ആശയങ്ങൾക്കായിരുന്നു കൂടുതൽ സ്വീകാര്യത ഉണ്ടായത്. അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരുന്നു മുഖ്യ പ്രഭാഷകൻ. പപ്പ സ്‌നേഹത്തോടെ ആശ്ലേഷിച്ചതായി എന്റെ ഓർമയിൽ ഇല്ല. എങ്കിലും ഞാനദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്നു. എന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സ്‌നേഹിക്കാത്ത പിതാവിനെ എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് അറിയാൻ യുവജനങ്ങൾ കാതുകൂർപ്പിച്ചു.

ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷദിവസങ്ങൾ ഞങ്ങളുടെ വീട്ടിൽ ഒരിക്കലും ആഹ്ലാദത്തിന്റെ അവസരങ്ങൾ ആയിരുന്നില്ല. പപ്പ മദ്യപിച്ച് ലക്കുകെട്ടായിരിക്കും വരുന്നത്. പിന്നീട് മരണവീടിന്റെ അവസ്ഥയായിരിക്കും. ഞങ്ങൾക്കെല്ലാം പപ്പയെ ഭയമായിരുന്നു. ആഘോഷാവസരങ്ങളിൽ കൂട്ടുകാർ മാതാപിതാക്കളോടൊപ്പം ദേവാലയത്തിൽ പോകുന്നതും അവർക്ക് പുതിയ കളിപ്പാട്ടങ്ങൾ ലഭിക്കുന്നതുമൊക്കെ കൊതിയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ജോലി സ്ഥലത്തുനിന്നും ശനിയാഴ്ച വൈകുന്നേരം പപ്പ വീട്ടിൽ എത്തുന്നതും മദ്യപിച്ചായിരുന്നു. ഞങ്ങളുടെ എന്തെങ്കിലും കുറവുകൾ ചൂണ്ടിക്കാട്ടി വഴക്കുപറയുന്നതും പതിവായിരുന്നു. വീട്ടിലെ അരക്ഷിതാവസ്ഥ കൂടുതൽ ബാധിച്ചത് ഇളയവനായിരുന്ന എന്നെയായിരുന്നു.

അമ്മ ഞങ്ങളെ ഉപേക്ഷിച്ചുപോകുമോ എന്നതായിരുന്നു അക്കാലത്തെ എന്റെ മറ്റൊരു പേടി. ഒരു ദിവസം ഉച്ചസമയത്ത് സ്‌കൂളിന്റെ മുമ്പിലുള്ള റോഡിലൂടെ പോയ ബസിൽ പച്ചനിറമുള്ള സാരി ധരിച്ച ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. അമ്മയ്ക്ക് ആ നിറമുള്ള സാരി ഉണ്ടായിരുന്നു. അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോകുകയാണെന്ന് കരുതി ഞാൻ ഉറക്കെ കരഞ്ഞു. ടീച്ചർ എത്ര ആശ്വസിപ്പിച്ചിട്ടും എന്റെ കരച്ചിൽ നിന്നില്ല. വൈകുന്നേരം ബെല്ലടിച്ചപ്പോൾ വീട്ടിലേക്ക് ഓടുകയായിരുന്നു. ഞാൻ ചെല്ലുമ്പോൾ അമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. പപ്പ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഉറക്കെ കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. കുട്ടികൾ ശബ്ദം ഉണ്ടാക്കുന്നത് പപ്പയ്ക്ക് ദേഷ്യമായിരുന്നു.

മുതിർന്നപ്പോൾ ഞങ്ങൾ പപ്പയെ അവഗണിച്ചുതുടങ്ങി. മക്കളുടെ പ്രതികരണത്തിൽ മാറ്റങ്ങൾ വരുന്നത് അമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഒരു ദിവസം അമ്മ പപ്പയുടെ ദുരിതപൂർണമായ ബാല്യത്തെപ്പറ്റി ഞങ്ങളോട് പറഞ്ഞു. ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്നു പപ്പ. ഏതോ ഒരു അനാഥാലയത്തിലായിരുന്നു അദ്ദേഹം പിന്നീട് വളർന്നത്. ലോകത്തെ ശത്രുതയോടെ കാണാൻ അവിടുത്തെ ദുരനുഭവങ്ങൾ കാരണമായി. അത് മദ്യപാനത്തിലേക്കും പരുക്കൻ സ്വഭാവത്തിലേക്കും എത്തിച്ചു. നമ്മൾ മാത്രമേ പപ്പയെ സ്‌നേഹിക്കാൻ ഈ ലോകത്തിൽ ഉള്ളൂ എന്നു പറഞ്ഞാണ് അമ്മ അന്നത്തെ സംഭാഷണം പൂർത്തിയാക്കിയത്.

പപ്പ വരാൻ ആദ്യമായി കാത്തിരുന്നത് ആ ആഴ്ചയായിരുന്നു. മുതിർന്ന മക്കളുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റം പപ്പയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അധികം വൈകാതെ ഹൃദയസ്തംഭനം മൂലം പപ്പ മരിച്ചു. പപ്പ എത്ര ക്രൂരമായി പെരുമാറിയിട്ടുണ്ടെങ്കിലും ഞാൻ ഇപ്പോഴും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. പപ്പയുടെ ഭൂതകാലം അറിഞ്ഞതുകൊണ്ട് മാത്രമല്ല, എനിക്ക് ജന്മം നൽകാൻ ദൈവം തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണെന്ന കാരണത്താൽക്കൂടിയാണ് എന്നു പറഞ്ഞായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *