മുപ്പതുവയസുള്ള രാജേഷ് കൈകാൽ വേദനയും പനിയുമായിട്ടാണ് സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. ശക്തമായ പനി എന്തെന്നറിയാൻ അവിടെ അഡ്മിറ്റ് ചെയ്തു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ രോഗിയുടെ നില വളരെ മോശമായി. പലപ്പോഴും ബോധരഹിതനാവുന്നു. സംസാരിക്കുന്നില്ല. ഭക്ഷണവും മരുന്നും ട്യൂബിലൂടെ മാത്രം. കിഡ്‌നിയും ഹൃദയവും ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോട് ശരീരം പ്രതികരിക്കാതെ വന്നപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞു ‘ഇനി സാധ്യത വളരെ കുറവാണ്. ദൈവംതന്നെ പ്രവർത്തിക്കണം. അറിയിക്കേണ്ടവരെ അറിയിച്ചോളൂ.’ ആ സാധു കുടുംബത്തിന് താങ്ങാവുന്നതിൽ അധികം ആയിരുന്നു അത്. കാരണം, ആ കുടുംബത്തിന്റെ അത്താണിയാണ് രാജേഷ്. രോഗികളായ മാതാപിതാക്കളെയും സഹോദരിയെയും പരിപാലിക്കുന്നത് രാജേഷിന്റെ ചെറിയ ശമ്പളത്തിൽനിന്നാണ്. രാജേഷിന്റെ അവസ്ഥ അറിയിച്ചപ്പോൾ അവർ ഇടിവെട്ടേറ്റതുപോലെ സ്തബ്ധരായി.
ഉടനെ ആ സാധുകുടുംബം അവൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയെ വിവരങ്ങൾ അറിയിച്ചു. അവർ വലിയ സ്‌നേഹത്തോടെ ഓടിയെത്തി രാജേഷിനെ ഒരു പ്രശസ്ത ആശുപത്രിയിൽ എത്തിച്ചു. അഞ്ചുദിവസം ഐ.സി യൂണിറ്റിൽ തീവ്രപരിചരണം നടത്തിയിട്ടും രാജേഷിന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. അവസാനം വെന്റിലേറ്ററിലേക്ക് മാറ്റി. ഓരോ ദിവസവും വളരെ മോശമായിത്തന്നെ കാര്യങ്ങൾ നീങ്ങിയപ്പോൾ ഡോക്ടർമാർ കൈ മലർത്തി. പിന്നീട് അബോധാവസ്ഥയിലായ രാജേഷിന് ഇനി ഒന്നും ചെയ്യാനില്ലെന്നും മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. രാജേഷിനെ എനിക്ക് നന്നായി അറിയാമെന്നതുകൊണ്ട് അനുജൻ എന്നോട് രാജേഷിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വിവരിച്ചു. ഉടനെ പ്രാർത്ഥനാസഹായത്തിനായി ശാലോമിലേക്ക് വിളിച്ചു. അതുപോലെ വ്യക്തിപരമായ പ്രാർത്ഥനകളും ആരംഭിച്ചു. ആ സാധു കുടുംബമാകട്ടെ ഉരുകിയ മനസും നുറുങ്ങിയ ഹൃദയവുമായി ആശുപത്രിയുടെ ചാപ്പലിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ‘ഞങ്ങൾക്കിനി ആരുമില്ല, സഹായിക്കാൻ അങ്ങുമാത്രമേ ഉള്ളൂ.’
അത്ഭുതങ്ങൾ തുടങ്ങുകയായിരുന്നു. പ്രാർത്ഥനയ്ക്ക് മറുപടിയെന്നോണം 24 മണിക്കൂറിനുള്ളിൽ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാജേഷ് കണ്ണു തുറന്നു. മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. പൾസും ഹൃദയമിടിപ്പും രേഖപ്പെടുത്തുന്ന മെഷീനിൽ കാര്യങ്ങൾ വ്യത്യാസപ്പെട്ടതിന്റെ സൂചനകൾ വന്നു. ഡോക്ടർമാർക്ക് ഉത്സാഹമായി. അവർ പറഞ്ഞു, ”നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടിരിക്കുന്നു.” അടുത്ത ദിവസങ്ങളിൽ രാജേഷ് സംസാരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, കർത്താവ് രാജേഷിനെ തൊട്ട് സൗഖ്യത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് ആരോഗ്യവാനായി കമ്പനിയിൽ ജോലി ചെയ്യുകയും ദൈവം നല്കിയ അത്ഭുതസൗഖ്യത്തെ കാണുന്നവരോട് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഇതാ ഞാൻ – പ്രാർത്ഥനയ്ക്ക് ഉത്തരം
യേശുവിനോടൊപ്പമാണ് ശിഷ്യർ അക്കരയ്ക്ക് പോകാൻ തോണിയിൽ യാത്ര ചെയ്തത്. കർത്താവ് കൂടെയുണ്ടായിട്ടും വഞ്ചി ആടിയുലഞ്ഞു. കൊടുങ്കാറ്റിലും തിരമാലകളിലുംപെട്ട് വഞ്ചിയുടെ നിയന്ത്രണം പോയി. തോണിയിൽ വെള്ളം കയറി മുങ്ങുവാൻ പോകുകയാണ്. അവസാന സമയമാണ്. അമരത്ത് ഉറങ്ങിക്കൊണ്ടിരുന്ന യേശുവിനെ ശിഷ്യർ ഉണർത്തി നിലവിളിച്ച് പറഞ്ഞു: ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നു, രക്ഷിക്കണേ… പിന്നീട് തമ്പുരാൻ എല്ലാം നിയന്ത്രിച്ച് പ്രശാന്തത ഉണ്ടാക്കുന്നു. സ്‌നേഹമുള്ളവരേ, നമ്മൾ തമ്പുരാനോടുകൂടെ അവിടുത്തെ വചനത്തിൽ ആശ്രയിച്ച് ജീവിക്കുമ്പോഴും ജീവിതം ആടിയുലയാം. എല്ലാം അവസാനിച്ചുവെന്ന് തോന്നിപ്പോകാം. എന്നാൽ, സത്യം അതല്ല. സത്യദൈവത്തെ വിളിച്ച് നാം ഉണർത്തുമ്പോൾ, ചങ്കുരുകി കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ, ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി തരും (ഏശ. 58:9; മത്താ. 8:23-27).
കർത്താവ് വഴിതുറക്കുന്നവനാണ്. അവൻതന്നെ വഴി ആയതുകൊണ്ട് (യോഹ. 14:6) അവനിൽ ആശ്രയം വയ്ക്കുകയാണ് വേണ്ടത്. അവൻ പോകുന്നിടത്തെല്ലാം അവന്റെ ആത്മാവ് ചലിക്കുന്നിടത്തെല്ലാം വഴികൾ താനേ തുറക്കും. ഒരു വഴിയും അവന്റെ മുൻപിൽ അടഞ്ഞിരിക്കുകയില്ല.
പൗലോസിനെയും സീലാസിനെയും തിന്മയുടെ ശക്തികൾ പീഡിപ്പിച്ച് കാരാഗൃഹത്തിലാക്കി കൈകാലുകൾക്ക് ചങ്ങലയിട്ടു. എന്നാൽ, കർത്താവിനുവേണ്ടി പീഡ അനുഭവിക്കുവാൻ യോഗ്യരായതിൽ സന്തോഷിച്ച് സ്തുതിച്ചുകൊണ്ടിരുന്നപ്പോൾ ജയിലറ കുലുങ്ങി. ”ജയിലിന്റെ അടിത്തറ കുലുങ്ങി. എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞുവീണു” (അപ്പ.പ്രവ. 16:25-26). പ്രിയമുള്ളവരേ, തിന്മയുടെ ഒരു ശക്തിക്കും അവസാന വിജയം ഉണ്ടാകില്ല. കർത്താവിൽ ആശ്രയിക്കുന്ന നമ്മെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കുകയില്ല. ഒരു വാതിലുകൾക്കും നിത്യമായി നമ്മെ അടച്ചിടാനും സാധിക്കില്ല. ചങ്ങലകൾ പൊട്ടുകയും വാതിലുകൾ തുറക്കപ്പെടുകയും ചെയ്യും. കാരണം, ഉത്ഥാനം ചെയ്ത കർത്താവ് ലോകത്തെയും തിന്മയുടെ ശക്തികളെയും നിഷ്പ്രഭമാക്കിയവനാണ്. അവൻ ഇന്നും ജയാളിയായി ജീവിക്കുന്നു. സങ്കീർത്തനം 107:16-ൽ പാടുന്നു ”അവിടുന്ന് പിച്ചള വാതിലുകൾ തകർക്കുന്നു. ഇരുമ്പ് ഓടാമ്പലുകളെ ഒടിക്കുന്നു.” അപ്പ.പ്രവ. 5:17-19 ലും 12:6-11 ലും കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിലുകൾ തുറന്ന് ശിഷ്യരെ പുറത്തുകൊണ്ടുവന്നതും അവരോട് പരസ്യമായി ജീവന്റെ വചനം പ്രസംഗിക്കാൻ ആവശ്യപ്പെടുന്നതും വായിക്കാവുന്നതാണ്.
ജീവിതാനുഭവങ്ങൾ
പലരുടെയും സഹായത്തോടെയും ഔദാര്യത്തോടെയുമാണ് എന്റെ പഠിത്തം പൂർത്തിയാക്കിയത്. പാസായതിനുശേഷം ജോലിക്കായി അനേകം വാതിലുകൾ മുട്ടി. പലരോടും യാചിച്ചു. ഒന്നും നടന്നില്ല. കഷ്ടപ്പാടും കടബാധ്യതകളും ദാരിദ്ര്യവുംകൊണ്ട് ജീവിതം വഴിമുട്ടി. മുന്നോട്ടുപോകാൻ ഒരു വഴിയുമില്ല. അപ്പൻ അടുത്തുള്ള നാൽക്കവലയിൽ പോയിട്ടുവന്ന് അമ്മയോട് പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്; ഒന്നും നടന്നില്ല, ഇനി എന്താ ചെയ്യുക? അങ്ങനെ ദുരിതങ്ങളുടെ നീർക്കുഴിയിൽ അകപ്പെട്ടിരിക്കുമ്പോഴാണ് പിടിക്കാൻ ഒരു കച്ചിത്തുരുമ്പ് എന്നപോലെ മദ്രാസിലെ ഒരു കമ്പനിയിൽനിന്ന് ഇന്റർവ്യൂ കാർഡ് വരുന്നത്. എന്നാൽ, ജോലി കിട്ടുമോ എന്ന് ഒരു ഉറപ്പും ഇല്ല. കിട്ടിയില്ലെങ്കിൽ ആ ചെലവിന്റെ കൂടി ബാധ്യത കുടുംബം താങ്ങേണ്ടിവരും. സ്വർണമെന്ന് വീട്ടിൽ പറയാനുണ്ടായിരുന്നത് അമ്മയുടെ കാതിലെ ചെറിയ കമ്മലായിരുന്നു. ഏതായാലും അത് വിറ്റിട്ടാണ് ഇന്റർവ്യൂവിന് പോകേണ്ടിയിരുന്നത്.
അങ്ങനെയിരുന്നപ്പോൾ വല്ല്യപ്പന്റെ വീട്ടിൽ ഒരു ആശാരി ചെറിയ പണിക്കായി വന്നു. വിവരം അറിഞ്ഞ അദ്ദേഹം പറഞ്ഞു ”നിങ്ങൾ വിഷമിക്കേണ്ട. ഈ കമ്പനിയിലെ വലിയൊരു ഉദ്യോഗസ്ഥൻ എന്റെ വീടിനടുത്താണ് താമസിക്കുന്നത്. അവരുടെ വീട്ടിൽ പണിക്ക് ഞാൻ പോയിട്ടുണ്ട്. വളരെ സ്‌നേഹവും ദയയുമുള്ള ആ സാർ കാര്യങ്ങൾ നടത്തിത്തരും.” ഇതുകേട്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. കുടുംബ സംരക്ഷകനായ യൗസേപ്പിതാവിനെയാണ് ആ ആശാരിയിൽ ഞങ്ങൾ ഓർത്തുപോയത് (യൗസേപ്പിതാവ് മരപ്പണിക്കാരൻ ആയിരുന്നല്ലോ). പ്രിയപ്പെട്ടവരേ, പിന്നീട് ഈ സാർ വഴിയായിട്ടാണ് ജോലിക്ക് പ്രവേശിക്കുന്നതും അങ്ങനെ ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടതും. ആ സമയത്ത് വന്ന ആശാരിയാണ് ദൈവദൂതനെപ്പോലെ വഴി തുറന്നുതന്നത്.
ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതും എല്ലാം അവസാനിക്കുന്നിടത്താണ് കർത്താവ് ആരംഭിക്കുന്നത് എന്നാണ്. ഇനി മുന്നോട്ടുപോകാൻ വഴിയൊന്നുംതന്നെ ഇല്ല. ഇവിടംകൊണ്ട് എല്ലാം അവസാനിച്ചു എന്ന് മനുഷ്യരും ബുദ്ധിജീവികളും വിധിയെഴുതി തള്ളുമ്പോൾ കർത്താവ് പ്രവർത്തിക്കാൻ ആരംഭിക്കുന്നു. കാരണം, സ്വർഗത്തിലെ ദൈവത്തിന്റെ ശക്തി മനുഷ്യർ തിരിച്ചറിയേണ്ടതുണ്ട്.
ചെങ്കടലും ജോർദാനും ജെറീക്കോയും
ഇസ്രായേൽമക്കൾ ചെങ്കടലിന്റെ മുന്നിലെത്തി. ഇനി മുന്നോട്ട് യാത്ര ചെയ്യുവാൻ വഴിയില്ല. വഴിയടഞ്ഞു. പിന്നോട്ട് പോകുവാൻ നിർവാഹമില്ല. കാരണം, ഫറവോയുടെ പട്ടാളം കൊന്നൊടുക്കുവാനും വീണ്ടും അടിമകളാക്കുവാനും ആർത്തട്ടഹസിച്ച് വരുന്നു. മുന്നോട്ടും പിന്നോട്ടും പോകാൻ ആവാതെ വന്നപ്പോൾ അവർ മുകളിലേക്ക് കണ്ണുകളുയർത്തി ദൈവത്തെ വിളിച്ചു. ദൈവം പ്രവർത്തിച്ചു. ചെങ്കടൽ രണ്ടായി. ഒരു പുതിയ വഴി അവർക്ക് ലഭിച്ചു. അപ്പോൾ നന്ദിയുടെ പുതിയ പാട്ടും കർത്താവിനായി അവർ പാടി. അതെ, സ്‌നേഹമുള്ളവരേ, ചെങ്കടലിലും വഴി തുറന്നവൻ നമ്മുടെ ദുഃഖസാഗരങ്ങളിൽ നമ്മെ രക്ഷിക്കുവാൻ മതിയായവനാണ്. നമ്മുടെ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. അവന്റെ മുൻപിൽ ഏത് ജോർദാനും വറ്റും, ജെറീക്കോ കോട്ടകളെല്ലാം തകർന്നുവീഴും. നമ്മെ മുന്നോട്ട് വഴി നടത്തും.
വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ മനോഹരമായ ഒരു ഭാഗമുണ്ട്. അത് ഇപ്രകാരമാണ്: ”ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ അവർ യേശുവിന്റെ ശവകുടീരത്തിലേക്ക് പോയി. അവർ (മഗ്ദലനമറിയം, യാക്കോബിന്റെ അമ്മ, സലോമി) തമ്മിൽ പറഞ്ഞു, ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റുക? എന്നാൽ അവർ നോക്കിയപ്പോൾ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അത് വളരെ വലുതായിരുന്നുതാനും (മർക്കോ. 16:2-4). വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ആരാണ് മാറ്റിയത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്; കർത്താവിന്റെ ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന്, കല്ല് ഉരുട്ടിമാറ്റി.”
കർത്താവിൽ ആശ്രയിക്കുന്നവരേ, നമ്മുടെ മുന്നിലുള്ള വലിയ ഭാരം (കല്ല്) എങ്ങനെ നീക്കുമെന്ന് ആലോചിച്ച് നമ്മൾ ഉത്ക്കണ്ഠപ്പെടേണ്ട. കർത്താവിന്റെ മഹത്വത്തിനായി, നമ്മുടെ രക്ഷയ്ക്കുവേണ്ടി അവിടുന്ന് തക്കസമയത്ത് പ്രവർത്തിച്ചുകൊള്ളും. യേശു പറഞ്ഞു ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” ”നിങ്ങളുടെ ഹൃദയം കലങ്ങേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കുവിൻ.”
പി.ജെ.ജോസഫ്, ഇടപ്പള്ളി