സൗഖ്യം സ്വന്തമാക്കാൻ

രോഗമുള്ളപ്പോഴാണ് സൗഖ്യം ആവശ്യമായിരിക്കുന്നത്.  
അതിനാൽ നാം രോഗാവസ്ഥയിലാണോ എന്ന് ആദ്യം തിരിച്ചറിയാം.

ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സഹായിച്ചുകൊണ്ടിരിക്കേ, കോളിംഗ്‌ബെൽ അടിച്ചു. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന കത്തിയും പാത്രവുമൊക്കെ അവിടെവച്ച് വേഗം ചെന്ന് നോക്കിയപ്പോൾ ഒരു സഹോദരൻ രസീത് ബുക്ക് നീട്ടി വിവരങ്ങൾ പറഞ്ഞു. അത് കുഷ്ഠരോഗികളുടെ ക്ഷേമത്തിനായുള്ള സംഘടനയുടെ രസീതായിരുന്നു. തുക കൊടുത്ത് രസീത് വാങ്ങിച്ചുവച്ച് ബാക്കി ജോലിയ്ക്കായി പോയി. ജോലികളുടെ ഇടയിലും തുടർന്നും പ്രാർത്ഥനയ്ക്ക് ചെന്നപ്പോഴും ഭക്ഷണം കഴിച്ചപ്പോഴും എന്നുവേണ്ട പലപ്പോഴായി മനസിലേക്ക് ഒരു ചിന്ത വന്നുകൊണ്ടിരുന്നു. ഇന്നും ഈ കുഷ്ഠരോഗികൾ ധാരാളമുണ്ടോ? പുതിയ രോഗികളാണോ അതോ പഴയ രോഗികൾ വാർധക്യം ബാധിച്ചവരാണോ? എന്തായാലും ഞാൻ ഇങ്ങനെ സമാധാനിച്ചു; ഓ! പഴയ രോഗികൾ ആ അവസ്ഥയിൽ തുടരുന്നവരാകാം. അവരെ സഹായിക്കാനായിരിക്കും ഇദ്ദേഹം വന്നത്. ഇക്കാലത്ത് പുതിയ കുഷ്ഠരോഗികൾ അധികമൊന്നും കാണില്ല.

പക്ഷേ, എന്റെ വ്യക്തിപരമായ ബൈബിൾ വായനയ്ക്കായി ഞാൻ മുറിയിൽ ചെന്നപ്പോൾ മനസിലേക്ക് ഈ ചിന്ത വീണ്ടും വന്നു. പഴയ നിയമഭാഗം മറിച്ചുനോക്കി. സംഖ്യയുടെ പുസ്തകം അഞ്ചാം അധ്യായം ഇങ്ങനെ തുടങ്ങിയിരിക്കുന്നു: ”അശുദ്ധരെ അകറ്റുക.” ”കർത്താവ് മോശയോട് അരുളിച്ചെയ്തു. കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേൽ ജനത്തോട് കല്പിക്കുക” (സംഖ്യ 5:1-2). ഇങ്ങനെ ബൈബിളിൽ, പഴയനിയമ ഭാഗങ്ങളിലൂടെ കുറച്ചുസമയം കണ്ണോടിച്ചശേഷം പുതിയ നിയമത്തിലേക്ക് കടന്നു. അതും കുഷ്ഠരോഗികളെ കണ്ടുപിടിക്കാൻവേണ്ടി. അങ്ങനെ ലൂക്കാ 17:11-19 വാക്യങ്ങളിലെത്തി. വായിച്ചു, ഇങ്ങനെ ധ്യാനിച്ചു. കുഷ്ഠരോഗം പിടിപെട്ടാൽ, രോഗിയെ പുറത്താക്കിയിരുന്ന പഴയനിയമത്തിൽനിന്നും രോഗത്തെ പുറത്താക്കി രോഗിയെ നേടുന്ന നിയമമാണല്ലോ പുതിയ നിയമം എന്ന്. ഇന്ന് ശരീരത്തിൽ കുഷ്ഠരോഗം അധികമൊന്നും ഇല്ലായെന്ന് ചിന്തിക്കുമ്പോഴും മനുഷ്യമനസുകളിലും ആത്മാവിലും കുഷ്ഠരോഗം വല്ലാതെ നിലനില്ക്കുന്നുണ്ടോ എന്ന് ചിന്തിക്കുവാൻ അല്പസമയം വിനിയോഗിച്ചു. അതു കണ്ടുപിടിക്കാൻ കുഷ്ഠരോഗിയുടെ ഏതാനും അവസ്ഥകൾ തിരഞ്ഞെടുത്തു.

ലക്ഷണങ്ങൾ
കുഷ്ഠരോഗികളായ ചിലർ അംഗവൈകല്യം ഉള്ളവരാണ്. കണ്ണില്ലാത്തവർ, ചെവിയില്ലാത്തവർ, കൈപ്പത്തികളില്ലാത്തവർ, കാൽവിരലുകളും കാലുകളുമില്ലാത്തവർ തുടങ്ങിയവർ. മറ്റുള്ളവരെ കാണാനും കേൾക്കാനും സഹായിക്കാനും അവർക്കായി സമയം ചെലവഴിക്കാനും തയാറാകാത്ത മനുഷ്യമനസുകൾക്ക് ബാധിച്ചിരിക്കുന്ന രോഗം കുഷ്ഠമല്ലാതെ മറ്റെന്ത്? പൊട്ടിയൊഴുകുന്ന വ്രണങ്ങളും അവയിൽനിന്ന് വമിക്കുന്ന ദുർഗന്ധവും അവരെ അകറ്റാനും അവരിൽനിന്ന് അകലാനും കാരണമാകുന്നു. മനുഷ്യന്റെ അരിശം, വാശി തുടങ്ങിയ സ്വഭാവപ്രത്യേകതകളാൽ മറ്റാർക്കും അടുക്കുവാൻ കഴിയാത്ത പ്രകൃതം മനസിന്റെ രോഗത്തെ ചൂണ്ടിക്കാണിക്കുകയല്ലേ ചെയ്യുന്നത്? ഭർത്താവിന്റെ അരിശംമൂലം ഭാര്യയ്‌ക്കോ ഭാര്യയുടെ വാശിമൂലം ഭർത്താവിനോ അടുത്തുവരാൻ കഴിയാത്തതിന്റെ ദുർഗന്ധം ബന്ധങ്ങളെ ശിഥിലമാക്കുന്ന കുടുംബങ്ങളെ രൂപപ്പെടുത്തുകയും ഒറ്റപ്പെടലിന്റെ ഓണംകേറാ മൂലകൾ ദൃശ്യമാവുകയും ചെയ്യുന്നില്ലേ?
കുഷ്ഠരോഗാണുക്കൾ പകരുകയും പടരുകയും ചെയ്യുന്നു. സ്വന്തം ശരീരത്തിൽ ആകമാനം വ്യാപിക്കുന്നവയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നവ. വിശുദ്ധ ഡാമിയനെപ്പോലും കടന്നാക്രമിക്കാൻ കരുത്തുള്ള രോഗാണുക്കൾ. പലപ്പോഴും കുറ്റംപറച്ചിൽ, ഏഷണി, വിമർശനം തുടങ്ങിയ സ്വഭാവങ്ങൾ തങ്ങളെത്തന്നെയും മറ്റുള്ളവരെയും കാർന്നു തിന്നുന്ന, പകരുന്ന, പടരുന്ന മാരകരോഗമായിത്തീർന്നിരിക്കുന്ന എത്രയെത്ര ജീവിതങ്ങളാണ് ഉള്ളത്.b-1

സൂചികൊണ്ട് കുത്തിയാലും വേദന അനുഭവപ്പെടാത്ത അവസ്ഥ ഉണ്ടാകുന്നു. ഇരുതല വാളിനെക്കാളും മൂർച്ചയുള്ള വചനം കേട്ടാലും ധ്യാനം കൂടിയാലും ദിവ്യബലിയിൽ സംബന്ധിച്ചാലും പ്രാർത്ഥിച്ചാലും മാനസാന്തരം വരാത്ത, മാറ്റമില്ലാത്ത, ദുഃശീലങ്ങൾക്കും തഴക്കദോഷങ്ങൾക്കും അടിപ്പെട്ട, പരിസരബോധമില്ലാത്ത, സ്വയാവബോധമില്ലാത്ത, കഠിനഹൃദയരായ വ്യക്തികളുള്ള അവസ്ഥ ഈ പ്രപഞ്ചത്തിന്റെതന്നെ കുഷ്ഠരോഗമല്ലാതെ മറ്റെന്ത്? അങ്ങനെയെങ്കിൽ കുഷ്ഠരോഗീക്ഷേമത്തിനായുള്ള രസീത് ആവശ്യമായിരിക്കുന്നു.

”അവർ സ്വരമുയർത്തി യേശുവേ, ഗുരോ ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു” (ലൂക്കാ 17:13). നമുക്കും സ്വരമുയർത്തി അപേക്ഷിക്കാം. പോകുംവഴി സുഖം പ്രാപിക്കാൻ അതല്ലാതെ മറ്റൊരു മാർഗവുമില്ല. ജീവിതയാത്രയിൽ സൗഖ്യത്തിന്റെ സന്ദേശം സ്വീകരിക്കാനും പകരാനും സ്വരമുയർത്തി വിളിക്കാനുള്ള വിശ്വാസം നമുക്ക് സ്വന്തമാക്കാം. മാത്രമല്ല താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവരാനും (17:15) നമുക്ക് കഴിയണം. ഈ അവസ്ഥയാണ് കുഷ്ഠമില്ലാത്ത ഹൃദയത്തിന്റെ അവസ്ഥ. ദൈവത്തെ ദൈവമായി അംഗീകരിച്ചേറ്റു പറയുന്ന സ്തുതിയുടെ ജീവിതം നയിക്കുന്ന സത്യാവസ്ഥ.
ബാക്കി ഒൻപതുപേർ എവിടെ?

ഇതൊരു വലിയ ചോദ്യമായി ഇന്നും അവശേഷിക്കുന്നു. പത്തുപേരല്ലേ സുഖപ്പെട്ടത്? (17:17). സുഖപ്പെടുത്തിയവന് എണ്ണം നിശ്ചയമുണ്ട്. സുഖം കിട്ടിയവൻ അത് അറിയുന്നില്ല, അറിയിക്കുന്നുമില്ല. അവരുടെ കുഷ്ഠം ശരീരത്തിൽനിന്നും ഉള്ളിലേക്ക് കടന്നിരിക്കുന്നു. തിരിച്ചുവരാനും ദൈവത്തെ ആരാധിക്കാനും ആവാത്ത അവസ്ഥ, യാചനാപ്രാർത്ഥനയിൽ മാത്രം ഒതുങ്ങി കഴിയുന്ന ആത്മീയതയുടെ പാപ്പരത്തം സൃഷ്ടിക്കുന്നു.

ഇപ്പോളിതാ, നാം കാണുകയാണ് ശരീരത്തിൽ കുഷ്ഠരോഗം കുറവാണെന്നു തോന്നിയാലും മനസിന്റെ ഭാവങ്ങളിലും ആത്മീയതലങ്ങളിലും തങ്ങിനിൽക്കുന്ന, തിങ്ങിനിറഞ്ഞിരിക്കുന്ന കുഷ്ഠരോഗം എത്രയധികം എന്ന്. പ്രതിവിധി എന്ത്? ”എഴുന്നേറ്റ് പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (ലൂക്കാ 17:19). വചനം മാംസം ധരിക്കാൻ തയാറാവുക. ഈ വചനം മാംസം ധരിച്ച് നമ്മുടെയിടയിൽ വസിക്കാൻ ഈറ്റുനോവ് അനുഭവിക്കുക. കുഷ്ഠരോഗവിമുക്തമായ വ്യക്തികൾ, കുടുംബങ്ങൾ, കൂട്ടായ്മകൾ, രാഷ്ട്രങ്ങൾ, ലോകം എന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടെ.
നമുക്ക് പ്രാർത്ഥിക്കാം – യേശുവേ ഗുരോ ഞങ്ങളിൽ കനിയണമേ… ആമ്മേൻ.

സിസ്റ്റർ മേരി മാത്യു എം.എസ്.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *