ജീവിതത്തിൽ വിജയത്തിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് എത്രയോ പ്രയാസകരമായ ജോലിയാണ്. എന്നാൽ, തീരുമാനത്തിലെത്താൻ ഒരു വഴിയുണ്ട്.
വർഷങ്ങൾക്കുമുൻപ് ടാപ്പിങ്ങ് തൊഴിലാളിയായി ഞാൻ ജോലി ചെയ്തിരുന്ന കാലഘട്ടം. എന്റെ വീടിനടുത്ത് ഏതാണ്ട് രണ്ടേക്കർ റബർതോട്ടം പാട്ടം വ്യവസ്ഥയിൽ വെട്ടുവാൻ കൊടുക്കുന്നുവെന്ന് അറിയുവാൻ ഇടയായി. റബർ പാട്ടത്തിന് വെട്ടാൻ എടുത്ത് സാമ്പത്തികമായി ഉയർച്ച പ്രാപിച്ച അനേകരെ എനിക്കറിയാം. ദിവസവേതനത്തിന് ജോലി ചെയ്ത് വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന എനിക്ക് അത് എടുക്കാൻ ഒരു താല്പര്യം തോന്നി. എന്നാൽ ഈ മരം കരാർ വ്യവസ്ഥയിൽ എടുക്കാൻ അധികം ആരും മുന്നോട്ട് വന്നില്ല. അതിന് കാരണവുമുണ്ട്. സാധാരണ രീതിയിൽ നല്ല ഉത്പാദനവും പ്രതിരോധശക്തിയുമുള്ള ‘105 ഇനം’ റബർ മരങ്ങൾ ആയിരുന്നില്ല അത്. മാത്രവുമല്ല, കഴിഞ്ഞ കാലവർഷക്കെടുതിയിൽ ഉണ്ടായ കാറ്റിലും മഴയിലും ആ തോട്ടത്തിലെ കുറെ മരങ്ങൾ നശിച്ചുപോയിരുന്നു. അതുകൊണ്ടുതന്നെ ഇതിനോട് ചേർന്ന് നിൽക്കുന്ന നിലവിലുള്ള മറ്റ് മരങ്ങൾ വർഷക്കാലത്ത് കാറ്റിൽ എപ്പോൾ വേണമെങ്കിലും ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട് എന്ന് എല്ലാവർക്കുമറിയാം. മാത്രവുമല്ല ഉടമസ്ഥൻ തോട്ടത്തിന് ചോദിക്കുന്ന വില കൊടുത്താൽ റബറിന്റെ ഇപ്പോഴുള്ള മാർക്കറ്റ് അനുസരിച്ച് ലാഭം പ്രതീക്ഷിക്കാൻ തരമില്ല.
ഈ സാഹചര്യത്തിലാണ് ഞാനും എന്റെ ഒരു സഹോദരനുംകൂടി ഇതിന് വില പറയുവാൻ ആഗ്രഹിക്കുന്നത്. ഏതായാലും ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തെ ദൈവഹിതത്തിന് സമർപ്പിച്ച്, അവിടുത്തെ ഇഷ്ടമറിയാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഉത്തരമായി ഞങ്ങളുടെ ആത്മീയ എൽഡറിലൂടെ കരാർ ഉറപ്പിക്കുവാൻ കർത്താവ് അനുവാദം തന്നു. തുടർന്നുള്ള നാളുകളിൽ നടന്നതെല്ലാം വലിയ വിസ്മയങ്ങൾ ആയിരുന്നു. അത്യുത്പാദന ശേഷിയുള്ള 105 ഇനം മരങ്ങളെക്കാൾ ഉല്പ്പാദനം ഞങ്ങൾക്ക് ലഭിക്കുവാൻ തുടങ്ങി. തുടർന്നുള്ള വർഷങ്ങളിലും നല്ല മഴയും കാറ്റും ഉണ്ടായെങ്കിലും കാര്യമായ രീതിയിലൊന്നും മരങ്ങൾ നശിച്ചുപോയില്ല. മാത്രവുമല്ല, റബർവില ക്രമാതീതമായി ആ നാളുകളിൽ വർധിക്കുകയും ചെയ്തു. അതിന്റെ കരാർ സമയം തീരുമ്പോഴേക്കും വലിയൊരു സാമ്പത്തികനേട്ടംതന്നെ നല്കി കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചു.
ഈ ആത്മവിശ്വാസം അടുത്തതായി മറ്റൊരു തോട്ടമെടുക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ആ തോട്ടം പോയി കണ്ടതേ ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു. നല്ല ഉത്പാദനം തരുന്ന 105 ഇനത്തിൽപ്പെട്ട മനോഹരമായ റബർ മരങ്ങൾ. തോട്ടത്തിന് നടുവിൽത്തന്നെ ഷീറ്റ് അടിക്കുന്ന റാട്ടയും മറ്റ് സൗകര്യങ്ങളും. കാറ്റത്ത് മരങ്ങൾ ഒന്നും നശിച്ചുപോയിട്ടില്ല, റബർ മാർക്കറ്റ് വർധിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ പാട്ടത്തിന്റെ അല്പം അതിരുകവിഞ്ഞ ആത്മവിശ്വാസത്തിൽ (അഹങ്കാരം) നിന്നിരുന്ന ഞങ്ങൾക്ക് കർത്താവിനോട് ആലോചന ചോദിക്കേണ്ടത് ഒരു അത്യാവശ്യമായി തോന്നിയില്ല. കരാർ ഉറപ്പിച്ച് ടാപ്പിങ്ങ് ആരംഭിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിയുന്നതായി ഞങ്ങൾ തിരിച്ചറിഞ്ഞു.
ഉത്പാദനം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുകൊണ്ടേയിരുന്നു. ആ വർഷക്കാലത്ത് വീശിയടിച്ച കാറ്റിൽ കുറെ മരങ്ങൾ നശിച്ചു. കൂനിന്മേൽ കുരു എന്നപോലെ റബറിന് വലിയ വിലത്തകർച്ചയും സംഭവിച്ചു. മൂന്നുവർഷത്തെ വ്യവസ്ഥയിൽ എടുത്ത ആ പാട്ടം ഒരു വർഷംകൊണ്ടുതന്നെ നല്ലൊരു സാമ്പത്തിക നഷ്ടത്തിൽ അസാനിപ്പിക്കേണ്ടതായി വന്നു. ഈ അനുഭവപാഠത്തിലൂടെ പുതിയൊരു വെളിച്ചത്തിലേക്ക് പരിശുദ്ധാത്മാവ് എന്നെ നയിക്കുകയായിരുന്നു. വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു ”കർത്താവിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്” (സുഭാ. 3:5).
എന്തിനങ്ങനെ ചെയ്യണം?
എന്തുകൊണ്ട് നാം ദൈവേഷ്ടം തേടണം എന്ന് ധ്യാനിക്കുമ്പോൾ ഒന്നാമതായി ശരിയായ ദൈവഭയത്തോടെയുള്ള ജീവിതത്തിന്റെ ലക്ഷണങ്ങൾ എന്താണെന്ന് നാം തിരിച്ചറിയണം. ബൈബിൾ പഠിപ്പിക്കുന്നു ”കർത്താവിനെ ഭയപ്പെടുന്നവർ അവിടുത്തെ ഇഷ്ടം അന്വേഷിക്കും” (പ്രഭാ. 2:16). ദൈവഭയത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് ദൈവേഷ്ടം അന്വേഷിക്കലാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഈ ഭയം എന്നത് ദൈവത്തോടുള്ള ആഴമായ സ്‌നേഹത്തിൽനിന്ന് രൂപംകൊള്ളുന്നതാണ്. നമ്മുടെ ലൗകിക ജീവിതത്തിൽ നാം കൂടുതൽ സ്‌നേഹിക്കുന്നവരെ (ഉദാ: ഭാര്യാഭർതൃബന്ധം) നാം പ്രീതിപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയും സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊടുത്തും അവർക്കിഷ്ടമില്ലാത്തത് ചെയ്യാതെ ശ്രദ്ധിച്ചുകൊണ്ടുമാണ്.
രണ്ടാമതായി, ദൈവേഷ്ടം നാം അന്വേഷിക്കേണ്ടതിന്റെ ആവശ്യകത അവിടുന്ന് അനന്തജ്ഞാനിയാണ് എന്നതാണ്. സമയ-കാലഭേദങ്ങൾക്ക് അതീതനാണ് ദൈവം. എന്നാൽ മനുഷ്യന്റെ ബുദ്ധി വളരെ പരിമിതവും അപൂർണവുമാണ്. ഇക്കാരണത്താൽത്തന്നെ വർത്തമാനകാലത്തിന്റെ സാഹചര്യം മാത്രം കണക്കിലെടുത്തുകൊണ്ട് നാം നാളെയെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ തെറ്റുപറ്റുവാൻ സാധ്യതയുള്ളതാണ്. കാരണം, ഭാവികാലങ്ങളിൽ ഈ ലോകത്തിന്റെ ഗതിവിഗതികളും സാഹചര്യങ്ങളും എപ്പോൾ വേണമെങ്കിലും മാറിമറിയാം. എന്നാൽ നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയും അവിടുത്തേക്ക് നന്നായി അറിയാവുന്നതുകൊണ്ട്, അവിടുത്തോട് ആലോചന ചോദിച്ച് നാം എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും തെറ്റ് പറ്റാത്തതും ആത്യന്തികമായി നമ്മുടെ നന്മയ്ക്കും ഐശ്വര്യത്തിനും കാരണമായിത്തീരുന്നതുമാണ്.
സ്ഥിതി മറ്റൊന്നാകാൻ
ഒരുപാട് ജീവിതങ്ങൾ ഏറെ അധ്വാനിച്ചിട്ടും പ്രാർത്ഥിച്ചിട്ടും പരിശ്രമിച്ചിട്ടും ജീവിതത്തിൽ ഒന്നും ആയിത്തീരാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് – അവർ ദൈവഹിതപ്രകാരം തങ്ങളുടെ ജീവിതങ്ങളെ ക്രമപ്പെടുത്തുന്നില്ല എന്നതുതന്നെയാണ്. നമ്മുടെ നാട്ടിലെ കാർഷികമേഖലയുടെയും നാണ്യവിളകളുടെയും ചരിത്രം പരിശോധിക്കുമ്പോൾ പല കർഷകർക്കും സംഭവിച്ച ദുരവസ്ഥകളുടെ അനുഭവപാഠം നമുക്ക് നൽകുന്നത് മിന്നുന്നതെല്ലാം പൊന്നല്ല എന്ന സത്യത്തിന്റെ ഓർമപ്പെടുത്തലുകളാണ്. റബറിന് ഗണ്യമായ രീതിയിൽ വിലത്തകർച്ചയുണ്ടായപ്പോൾ റബർ മരങ്ങളുടെ തല മുറിച്ചുമാറ്റി കുരുമുളക് നട്ട് വളർത്തി പ്രതിസന്ധിയിലായ അനേകരെക്കുറിച്ച് അറിയാൻ കഴിഞ്ഞു. കാരണം, പിന്നീട് കുരുമുളകിന് വില കുത്തനെ ഇടിഞ്ഞു. രോഗം വ്യാപിച്ചു. റബറിന് വില കുതിച്ചുകയറി. പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം വാനില തരംഗം ഉണ്ടായപ്പോൾ മറ്റ് കാർഷിക ഉല്പ്പന്നങ്ങൾ എല്ലാം കൃഷിയിടത്തിൽനിന്ന് മുറിച്ചുമാറ്റി പറമ്പ് മുഴുവൻ വാനില നട്ടുപിടിപ്പിച്ച് വലിയ സ്വപ്നം കണ്ട അനേകർ ഇന്ന് കടബാധ്യതയുടെയും ആത്മഹത്യയുടെയും വക്കിലാണ് എന്ന സത്യവും നാം മനസിലാക്കുന്നു.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നാം ദൈവത്തിൽ ആശ്രയിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ദൈവം നമുക്ക് ദാനമായി തന്ന കൃഷിയിടങ്ങളിൽ എന്ത് കൃഷി ചെയ്യണം എന്ന് ദൈവത്തോട് ആലോചന ചോദിക്കുന്ന അനേകം ആത്മീയ മനുഷ്യരെ അറിയാം. കർത്താവിന്റെ സ്വരത്തിൽ- വചനത്തിൽ വിശ്വാസമർപ്പിക്കുന്നവൻ എന്നും സുരക്ഷിതനായിരിക്കും. അവിടുന്ന് നമ്മുടെ പിതാവാണ്. മക്കൾക്ക് എന്നും നല്ലതു മാത്രമേ ആ ദൈവം നല്കുകയുള്ളൂ. ”അനുസരിക്കുന്ന ഒരു ഹൃദയവും ശ്രവിക്കുന്ന ചെവികളും മാത്രമാണ്” ഒരു ദൈവപൈതലിന് വേണ്ടത്. എന്തെങ്കിലും അനുസരിക്കുന്നതല്ല ദൈവികത. ശ്രവിക്കുന്നതുമാത്രം അനുസരിക്കുന്നതാണ് അത്. ഇങ്ങനെ അനുസരിക്കുന്ന ഒരു ദൈവമകനുവേണ്ടി അവന് ഈ ഭൂമിയിൽ ആവശ്യമുള്ളതെല്ലാം ക്രമീകരിച്ചും സജ്ജീകരിച്ചും വയ്ക്കുന്നവനാണ് എന്റെ നല്ല ദൈവം.
ചോദിക്കുമ്പോൾ
ലൂക്കാ സുവിശേഷത്തിൽ 22-ാം അധ്യായത്തിൽ നാം വായിക്കുന്ന പെസഹാ ഒരുക്കത്തിന്റെ സംഭവത്തിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നതും മേൽപ്പറഞ്ഞ ദൈവപരിപാലനയെക്കുറിച്ചാണ്. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ട് പറഞ്ഞു ”നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ” (ലൂക്കാ 22:8). എവിടെ ഒരുക്കണമെന്നോ യാത്രയുടെ മറ്റെന്തെങ്കിലും വിശദാംശങ്ങളോ കർത്താവ് അവർക്ക് നല്കിയില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം തേടേണ്ടത് ഒരു അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ശിഷ്യരിൽ ഒരുവൻ യേശുവിനോട് ചോദിച്ചു ”ഞങ്ങൾ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”
അപ്പോൾ മാത്രമാണ് ദൈവം എല്ലാം വിശദാംശങ്ങളും വെളിപ്പെടുത്തിയത്. അടയാളങ്ങളും സൂചനകളും നല്കി, മുൻകൂട്ടി ഒരുക്കിയ ഭവനത്തിലേക്ക് അവരെ നയിക്കുന്നത്. ഇവിടെ മനുഷ്യൻ എല്ലാ പ്രതിസന്ധികളുടെയും നടുവിൽ ദൈവത്തിന്റെ ഹിതം ആരായണമെന്ന സൂചന ഈശോ നല്കുന്നു. ദൈവം പറഞ്ഞ അടയാളങ്ങൾ കണ്ട് അവൻ പറഞ്ഞ വഴിയിലൂടെ അവർ നടന്നപ്പോൾ, അവർ കണ്ടത് ‘സജ്ജീകൃതമായ ഒരു വലിയ മാളിക മുറിയായിരുന്നു.’ ‘സജ്ജീകൃതം’ എന്ന വാക്കിന്റെ അർത്ഥം എല്ലാം ക്രമീകരിക്കപ്പെട്ടത് എന്നതാണല്ലോ. ദൈവം നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്നതെല്ലാം അങ്ങനെതന്നെയാണ്. മാത്രവുമല്ല അതൊരു വലിയ മാളികമുറിയായിരുന്നു എന്നും ബൈബിൾ എടുത്തുപറയുന്നു. അത് മനുഷ്യരോടുള്ള ദൈവത്തിന്റെ വലിയ സ്‌നേഹത്തെയും ദൈവത്തിന്റെ മഹാസമ്പന്നതയെയും സൂചിപ്പിക്കുന്നു.
ഇവിടെ നാം തിരിച്ചറിയേണ്ടത് ദൈവം അവർക്കായി ഒരുക്കിയത് അവർ അനായാസേന കണ്ടെത്തിയത് ‘ഞങ്ങൾ എവിടെ ഒരുക്കണ’മെന്ന ദൈവാലോചനയുടെ ഒരു ചോദ്യത്തിലൂടെയായിരുന്നു. അല്ലെങ്കിൽ അവർ അത് കണ്ടെത്തുവാൻ എത്രയോ സാഹസപ്പെടേണ്ടി വരുമെന്ന് ഞാൻ ചിന്തിക്കുന്നു. ഇന്ന് ഞാനും നിങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും അവൻ പരിഹാരവും ഉത്തരവും ഒരുക്കിയിട്ടുണ്ട്. എന്നാൽ കർത്താവേ ഈ പ്രശ്‌നത്തിൽ, ഈ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? എന്താണ് നിന്റെ തിരുവിഷ്ടം എന്ന് ക്രിസ്തുശിഷ്യനെപ്പോലെ ചോദിക്കാനുള്ള എളിമ, വിശ്വാസം, ശരണം നമുക്കുണ്ടോ? എന്നതാണ് പ്രധാനമായ കാര്യം. ഇങ്ങനെ കർത്താവിനോട് ചോദിക്കുവാൻ ഞാൻ തയാറായാൽ അവൻ നമ്മെ കൃത്യമായി നയിക്കും. സജ്ജീകൃതമായ വലിയ മാളികമുറികൾ (ദൈവാനുഗ്രഹങ്ങൾ) നമ്മുടെ മുൻപിൽ തുറക്കപ്പെടും.
ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാത്ത വ്യക്തികളിലും കുടുംബങ്ങളിലും മിനിസ്ട്രികളിലും അസമാധാനങ്ങളും അസ്വസ്ഥതകളും ഉടലെടുക്കുന്നത് സ്വഭാവികമാണ്. കാരണം, ദൈവത്തിന്റെ മാർഗമാണ് സമാധാനത്തിന്റെ മാർഗം. കർത്താവ് അരുളിച്ചെയ്യുന്നു ”ദൈവത്തിന്റെ മാർഗത്തിൽ ചരിച്ചിരുന്നെങ്കിൽ നീ എന്നേക്കും സമാധാനത്തിൽ വസിക്കുമായിരുന്നു” (ബാറൂക്ക് 3:13). ദൈവഹിതം നിറവേറ്റാത്ത വ്യക്തിയുടെ കൂടെ ദൈവം നടക്കുകയില്ല. ഇതാണ് പല കുടുംബങ്ങളുടെയും അസമാധാനത്തിന്റെ ഉറവിടം. ദൈവത്തിന്റെ മാർഗത്തിൽനിന്നും വ്യതിചലിച്ച് നടന്ന ഒരു വ്യക്തിയെ – യോനായുടെ പുസ്തകം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.
ദൈവം യോനായോട് പറഞ്ഞു: നീ എഴുന്നേറ്റ് നിനവേയിലേക്ക് പോകുക. എന്നാൽ അവൻ താർഷീഷിലേക്ക് യാത്രയായി. അനന്തര സംഭവങ്ങൾ യോനായുടെ പുസ്തകം ഒന്നാം അധ്യായത്തിൽ വായിക്കാം. യോനാ സഞ്ചരിച്ച കപ്പലും യാത്ര ചെയ്ത കടലും പെട്ടെന്ന് പ്രക്ഷുബ്ധമായി. കപ്പൽ തകരുമെന്ന സ്ഥിതി സംജാതമായി. ആരാണ് ഈ ദൈവകോപത്തിന് കാരണക്കാർ എന്ന് കപ്പൽ ജീവനക്കാർ നറുക്കിട്ട് നോക്കി. നറുക്ക് യോനായ്ക്ക് വീണു. അവന്റെ യാത്ര ദൈവേഷ്ടപ്രകാരമല്ല എന്ന് കപ്പലിലുള്ളവർ തിരിച്ചറിഞ്ഞു. അവർ യോനായെ കടലിൽ വലിച്ചെറിഞ്ഞു. അപ്പോൾ കടലും കപ്പലും ശാന്തമായി (യോനാ 1:16). ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് എന്താണ്? ദൈവഹിതപ്രകാരമല്ലാത്ത തീരുമാനങ്ങളും മാർഗങ്ങളും പദ്ധതികളും നമ്മുടെ ജീവിതമാകുന്ന കപ്പലിന്റെ സമാധാന അവസ്ഥയ്ക്ക് ഭംഗം വരുത്തുകയും മറ്റുള്ളവർക്കുപോലും അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യും. വചനത്തിന്റെ വെളിച്ചത്തിൽ ഒരു ആത്മപരിശോധനയ്ക്ക് നമുക്ക് തയാറാകാം. തെറ്റുകൾ തിരുത്തി കർത്താവിന്റെ വഴിയിലൂടെ മാത്രം നീങ്ങാം. പുതിയ ജീവിതവീക്ഷണമുള്ളവരായി പരിശുദ്ധാത്മാവ് നമ്മെ മാറ്റട്ടെ. ജീവിതത്തിലെ സമസ്ത തീരുമാനങ്ങളും ഈശോയോട് ആലോചന ചോദിച്ചുമാത്രം നമുക്കെടുക്കാം.
പരിശുദ്ധാത്മാവായ ദൈവമേ, അനുസരണമുള്ള ഹൃദയവും ശ്രവിക്കുന്ന ചെവികളും ഏകി എന്നെ അനുഗ്രഹിച്ചാലും, ആമ്മേൻ.
മാത്യു ജോസഫ്
1 Comment
VERY GOOD ARTICLE !