വിളിക്കുംമുൻപേ ഉത്തരം നല്കുന്ന ദൈവം

പ്രാർത്ഥിച്ചുതീരുംമുൻപേ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ  പ്രാർത്ഥിക്കാൻ മടിക്കുന്നു. പ്രാർത്ഥനയിൽ ശരണം പ്രാപിക്കുന്ന നിരവധി വിശ്വാസികൾക്ക് എന്തുകൊണ്ടാണ് ദൈവം നല്കുന്ന ഉത്തരം കണ്ടെത്താനാകാത്തത്? നിങ്ങളുടെ പ്രാർത്ഥനാജീവിതത്തിന് പുതുക്കം നല്കുന്ന ചിന്തകൾ.

ഹെസക്കിയാ രാജാവ് രോഗബാധിതനായി മരണത്തോടടുത്തു. അപ്പോൾ ദൈവം തന്റെ പ്രവാചകനായ ഏശയ്യായെ ഹെസക്കിയായുടെ അടുത്തേക്ക് അയച്ചു. ഏശയ്യാ ഹെസക്കിയായോട് പറഞ്ഞു: ‘കർത്താവ് അരുളിച്ചെയ്യുന്നു. നീ വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്തുക. എന്തെന്നാൽ, നീ മരിക്കും. സുഖം പ്രാപിക്കുകയില്ല.’ ഹെസക്കിയായാകട്ടെ ചുമരിനുനേരെ മുഖം തിരിച്ച് വർധിച്ച ഹൃദയവ്യഥയോടെ ഇപ്രകാരം പ്രാർത്ഥിച്ചു; ‘കർത്താവേ, ഞാൻ എത്ര വിശ്വസ്തമായും ആത്മാർത്ഥമായും ആണ് അങ്ങയുടെ മുമ്പിൽ നന്മ പ്രവർത്തിച്ചത് എന്ന് അങ്ങ് ഓർക്കണമേ.’ ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ ചുവരിനുനേരെ തിരിഞ്ഞുകിടന്ന് ഏങ്ങിയേങ്ങി കരഞ്ഞു. കർത്താവ് ഹെസക്കിയായുടെ പ്രാർത്ഥന കേട്ടു.

കൊട്ടാരത്തിന്റെ അങ്കണം വിടുന്നതിനുമുമ്പുതന്നെ അവിടുന്ന് ഏശയ്യായോട് അരുളിച്ചെയ്തു. നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ രാജാവായ ഹെസക്കിയായോട് അവന്റെ പിതാവായ ദാവീദിന്റെ ദൈവമായ കർത്താവ് ഇപ്രകാരം അറിയിക്കുന്നുവെന്ന് പറയുക. ‘ഞാൻ നിന്റെ കണ്ണുനീർ കാണുകയും പ്രാർത്ഥന ശ്രവിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ കർത്താവിന്റെ ആലയത്തിലേക്ക് പോകും. ഞാൻ നിന്റെ ആയുസ് പതിനഞ്ചു വർഷംകൂടി നീട്ടും. അസീറിയാ രാജാവിന്റെ കൈകളിൽനിന്ന് നിന്നെയും ഈ രാജ്യത്തെയും ഞാൻ രക്ഷിക്കും. എന്നെയും എന്റെ ദാസനായ ദാവീദിനെയുംപ്രതി ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’

ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന ഒരു ദൈവത്തെയാണ് ഈ വിശുദ്ധ ലിഖിതഭാഗത്ത് നാം കണ്ടുമുട്ടുന്നത്. ഹെസക്കിയാ മരിക്കണമെന്നുള്ളത് ദൈവനിശ്ചയമായിരുന്നു. എന്നിട്ടും ഹെസക്കിയായുടെ കണ്ണുനീരിന്റെയും പ്രാർത്ഥനയുടെയും മുൻപിൽ തന്റെ നിശ്ചയത്തെ ദൈവം മാറ്റുന്നു. പ്രാർത്ഥന തീരുംമുൻപേ അവിടുന്ന് ഉത്തരം നല്കിക്കഴിഞ്ഞു. ”വിളിക്കുംമുൻപേ ഞാൻ അവർക്ക് ഉത്തരം അരുളും. പ്രാർത്ഥിച്ചു തീരുംമുൻപേ ഞാനത് കേൾക്കും” (ഏശ. 65:24) എന്ന പ്രവാചകവചനം ഹെസക്കിയായുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിത്തീർന്നു. പ്രാർത്ഥിച്ചാൽ ഉടനടി ഉത്തരം നല്കുന്ന ദൈവത്തെ, വിളിച്ചാൽ വിളി കേൾക്കുന്ന ദൈവത്തെ വിശുദ്ധ ലിഖിതങ്ങളിൽ പലയിടങ്ങളിലും നമുക്ക് കാണുവാൻ കഴിയും. എന്നിട്ടും ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ മടിക്കുന്ന ഒരു ജനത്തെയാണ് നമ്മുടെ ഇടയിൽ നമുക്ക് കണ്ടെത്തുവാൻ കഴിയുന്നത്. കർത്താവിന്റെ സങ്കടകാരണങ്ങളിലൊന്ന് ഇതുതന്നെ. അവിടുന്ന് പറയുന്നു ”എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ ,നീ എന്റെനേരെ മടുപ്പു കാണിച്ചു” (ഏശ. 43:22).

സൂസന്നയ്ക്ക് ലഭിച്ച നീതി
കർതൃഭക്തയും അതീവ സുന്ദരിയും വിശുദ്ധ ജീവിതത്തിനുടമയുമായിരുന്നു ബാബിലോണിൽ ജീവിച്ചിരുന്ന യൊവാക്കിമിന്റെ ഭാര്യയും ഹിൽക്കിയായുടെ മകളുമായിരുന്ന സൂസന്ന. യൊവാക്കിമിന്റെ ഭവനത്തിൽ സ്ഥിരം വന്നുകൊണ്ടിരുന്ന രണ്ടു ശ്രേഷ്ഠന്മാർക്ക് സുന്ദരിയായ സൂസന്നയിൽ അമിതമായ അഭിലാഷം തോന്നി. രണ്ടുപേരും അവളെ തനിച്ചുകിട്ടാൻവേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സൂസന്ന തന്റെ രണ്ട് തോഴിമാരോടൊത്ത് ഉദ്യാനത്തിൽ പ്രവേശിച്ചു. അത്യുഷ്ണം അനുഭവപ്പെട്ടിരുന്നതിനാൽ അവൾ ഉദ്യാനത്തിലെ കുളത്തിൽ കുളിക്കാനൊരുങ്ങി. അവൾ തന്റെ തോഴിമാരോട് എണ്ണയും ലേപനദ്രവ്യങ്ങളും കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

അവർ അവ കൊണ്ടുവരാൻ പോയ തക്കംനോക്കി ഒളിച്ചിരുന്നവർ ആ ഉദ്യാനത്തിൽ പ്രവേശിച്ച് സൂസന്നയെ സമീപിച്ച് തങ്ങൾ അവളെ സ്‌നേഹിക്കുന്നുവെന്നും അതിനാൽ അവരോടൊന്നിച്ച് ശയിക്കണമെന്നും ആവശ്യപ്പെട്ടു. അവൾ അതിന് വിസമ്മതിച്ചാൽ അവൾ തോട്ടത്തിൽ ഒരു യുവാവിനോടൊപ്പം ശയിക്കുന്നത് ഞങ്ങൾ കണ്ടുവെന്നാരോപിച്ച് വ്യഭിചാരക്കേസിൽ കുരുക്കി അവളെ വധിക്കുമെന്നും ഭീഷണിപ്പെടുത്തി. നിരാലംബയായ അവൾ നെടുവീർപ്പിട്ടുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘എല്ലാതരത്തിലും ഞാൻ അകപ്പെട്ടു. ഞാൻ സമ്മതിച്ചാൽ അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കിൽ നിങ്ങളുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല. കർത്താവിന് മുൻപിൽ പാപം ചെയ്യുന്നതിനെക്കാൾ നിങ്ങൾക്ക് വഴങ്ങാതെ നിങ്ങളുടെ പിടിയിൽപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.’ ഇതുംപറഞ്ഞ് സൂസന്ന ഉച്ചത്തിൽ നിലവിളിച്ചു. അപ്പോൾ നീചന്മാരായ ആ ശ്രേഷ്ഠന്മാർ അവൾക്കെതിരെ അട്ടഹസിച്ചു. ആ അട്ടഹാസം കേട്ട് എല്ലാവരും ഓടിക്കൂടി.

സൂസന്നയ്‌ക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞത് ജനത്തിന്റെ ന്യായാധിപന്മാരായതുകൊണ്ട് കാര്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് പിന്നീടാരും ചിന്തിക്കാതെ വിചാരണയില്ലാതെതന്നെ സൂസന്നയെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ, അവൾ കരഞ്ഞുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി. അവൾ കർത്താവിൽ ആശ്രയം അർപ്പിച്ചു (ദാനി. 13:35). അവൾ അത്യുച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: ‘നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്തുക്കൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ അവയെ അറിയുന്നവനേ, ഇവർ എനിക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നല്ലോ. ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എന്റെ ദൈവമേ, ഇവർ എനിക്കെതിരെ ദുഷ്ടതയോടെ ആരോപിച്ച കാര്യങ്ങളിലൊന്നും ഞാൻ ചെയ്തിട്ടില്ല.’

കർത്താവ് അവളുടെ നിലവിളി കേട്ടു. അവൾ കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ടപ്പോൾ ദാനിയേൽ എന്ന ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കർത്താവ് ഉണർത്തി. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ‘ഇവളുടെ രക്തത്തിൽ എനിക്ക് പങ്കില്ല.’ വിചാരണ ചെയ്യാതെ ഒരു ഇസ്രായേൽ പുത്രിയെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റെ മഠയത്തരം അവൻ ചൂണ്ടിക്കാട്ടി. ജനങ്ങൾ അവനോട് പറഞ്ഞു, നീ തന്നെ അവളെ വിചാരണ ചെയ്യുക. അവൻ അവരെ രണ്ടുപേരെയും മാറ്റിനിർത്തി വിചാരണ ചെയ്ത് അവർ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നുവെന്ന് തെളിയിച്ചു. അപ്പോൾ കൂടിയിരുന്നവർ അത്യുച്ചത്തിൽ തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിച്ചു. ജനമൊന്നിച്ചുകൂടി സൂസന്നയെ വധിക്കാനായി ഒരുക്കിയിരുന്ന കൊലക്കളത്തിൽവച്ച് ആ നീചരായ ശ്രേഷ്ഠന്മാരെ മോശയുടെ നിയമപ്രകാരം വധിക്കുകയും ചെയ്തു. സൂസന്ന അവളുടെ സ്വന്തഭവനത്തിലും ഭർതൃഗൃഹത്തിലും അയൽക്കാരുടെ മുമ്പിലും മുൻപെന്നതിനെക്കാൾ ഏറെ ആദരണീയയായിത്തീരുകയും ചെയ്തു.

ദൈവത്തിൽ ആശ്രയിച്ചാൽ
കാര്യങ്ങൾ ഇങ്ങനെ പരിണമിച്ചതിന്റെ പിന്നിൽ രണ്ട് വലിയ സംഗതികളുണ്ട്. അത് സൂസന്നയുടെ ദൈവാശ്രയബോധവും ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തിലേക്ക് കണ്ണുകളുയർത്തിയുള്ള അവളുടെ ഉച്ചത്തിലുള്ള കരച്ചിലുമാണ്. മനുഷ്യരിലല്ല അവൾ അഭയം കണ്ടെത്തിയത്. അത്യുന്നതനായ ദൈവത്തിങ്കലാണ്. ”ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ച് കണ്ടെത്താതെ ദാഹത്താൽ നാവു വരണ്ടുപോകുമ്പോൾ, കർത്താവായ ഞാൻ അവർക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവെടിയുകയില്ല. പാഴ്മലകളിൽ നദികളും താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാൻ ഉണ്ടാക്കും. മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയും ആക്കും” (ഏശ. 41:17-18).

നമ്മുടെയൊക്കെ ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും തളർച്ചകളും തകർച്ചകളുമെല്ലാം ഉണ്ടായെന്നുവരാം. എന്നാൽ, ദൈവത്തിൽ ശരണപ്പെടുന്ന, തന്റെ എല്ലാ ആശ്രയവും ദൈവത്തിൽ വയ്ക്കുന്ന പ്രാർത്ഥനാജീവിതമുള്ള ഒരു വ്യക്തിക്ക് അവയെയെല്ലാം എളുപ്പത്തിൽ നേരിടാനും അവയുടെമേൽ ആധിപത്യം ഉറപ്പിക്കുവാനും കഴിയും. തിരുവചനം നമ്മളെ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധിക്കൂ: ”യുവാക്കൾപോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാർ ശക്തിയറ്റു വീഴാം. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശ. 40:30-31).

ഹെസക്കിയായുടെയും സൂസന്നയുടെയും ജീവിതത്തിൽ ഉണ്ടായതുപോലെ ഉടനടിയുള്ള ഒരു ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിലും ഉണ്ടാവുകയാണെങ്കിൽ നമുക്കും ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിക്കുവാൻ എളുപ്പമായിരിക്കും. എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള പെട്ടെന്നുള്ള ഒരു ഉത്തരം അല്ലെങ്കിൽ ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസംതന്നെ പതറിപ്പോയെന്നും വരാം. അങ്ങനെയുള്ളവരോട് കർത്താവ് ചോദിക്കുന്നു ‘സമീപസ്ഥനായിരിക്കുമ്പോൾ മാത്രമാണോ ഞാൻ നിനക്ക് ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാൻ നിനക്ക് ദൈവമല്ലേ?’ കർത്താവിന്റെ ഇടപെടൽ പെട്ടെന്നുള്ളതോ താമസിച്ചുള്ളതോ എന്തുമാകട്ടെ, അവിടുത്തെ കാരുണ്യത്തിൽ ശരണപ്പെട്ടുകൊണ്ട് അവിടുന്ന് ഉത്തരം തരുന്ന സമയംവരെ കാത്തിരിക്കുവാൻ തിരുവചനങ്ങൾ നമ്മോട് ആവശ്യപ്പെടുന്നു.

ദുഷ്ടന്യായാധിപൻ കാട്ടിയ നീതി
ഭഗ്നാശനാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്ന് കാണിക്കാൻ യേശു പറഞ്ഞ ഒരു ഉപമയിതാണ്. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ കൂടെക്കൂടെ ദുഷ്ടനായ ആ ന്യായാധിപനെ സമീപിച്ച് എതിരാളികൾക്കെതിരെ തനിക്ക് നീതി നടത്തിത്തരണമേയെന്ന് യാചിച്ചിരുന്നു. കുറെ നാളത്തേക്ക് ആ ന്യായാധിപൻ അത് മാനിച്ചില്ല. എന്നാൽ, വിധവയുടെ നിരന്തരമായ സന്ദർശനവും യാചനയും നിമിത്തം അസ്വസ്ഥനായ ആ ന്യായാധിപൻ ഇങ്ങനെ ചിന്തിച്ചു, ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഈ വിധവ കൂടെക്കൂടെ വന്ന് എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്ക് നീതി നടത്തിക്കൊടുക്കും.

അല്ലെങ്കിൽ അവൾ വീണ്ടും വീണ്ടും വന്ന് എന്നെ അസഹ്യപ്പെടുത്തും. ഈ ഉപമ പറഞ്ഞതിനുശേഷം കർത്താവ് ശിഷ്യന്മാരോടായി ഇപ്രകാരം പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ രാവും പകലും തന്നെ വിളിച്ച് കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവിടുന്ന് അതിന് കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തിക്കൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. അതിനാൽ നിരന്തരം പ്രാർത്ഥിക്കുവാൻ ദൈവം നമ്മളോട് ആവശ്യപ്പെടുന്നു. ”ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അതുവഴി നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും” (യോഹ. 16:24).

നാം എങ്ങനെ ചോദിക്കണം
നാം ചോദിക്കേണ്ടത് യേശുവിന്റെ നാമത്തിൽത്തന്നെ. ”സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നല്കും” (യോഹ. 16:23). വീണ്ടും യേശു ഇപ്രകാരം പറഞ്ഞു ”നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവ് പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും” (യോഹ. 14:13-14).

വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക
ഒരുപക്ഷേ, നാം വാതോരാതെ പ്രാർത്ഥിക്കുന്നവരായിരിക്കാം. പക്ഷേ, പ്രാർത്ഥന സാധിതമാകാൻ വേണ്ടത്ര വിശ്വാസം നമ്മളിൽ ഉണ്ടാകണം എന്നില്ല. കർത്താവ് പറയുന്നു ”പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; നിങ്ങൾക്ക് ലഭിക്കുകതന്നെ ചെയ്യും” (മർക്കോ. 11:24). ദൈവസന്നിധിയിൽ ശരണം ഗമിക്കുന്നവർ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം (ഹെബ്രാ. 11:6). നിരന്തരമായ നമ്മുടെ യാചനകൾക്ക് ഉത്തരം കിട്ടുന്നില്ല എന്ന് തോന്നുന്നെങ്കിൽ അതിനുള്ള ഒരു പ്രധാന കാരണം തിരുവചനങ്ങൾ നമ്മോട് പറയുന്നു ”സംശയിക്കാതെ വിശ്വാസത്തോടെവേണം ചോദിക്കുവാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകി മറിയുന്ന കടൽത്തിരയ്ക്ക് തുല്യനാണ്. സംശയമനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽനിന്നും ലഭിക്കുമെന്ന് കരുതരുത്” (യാക്കോ. 1:6-8).

യേശുവിന്റെ മാതൃക
യേശുവിന്റെ സമർപ്പണജീവിതത്തിന്റെ വിജയം അവിടുത്തെ നിരന്തരമായ പ്രാർത്ഥനാജീവിതമായിരുന്നു. പ്രാർത്ഥനയിലൂടെയാണ് അവിടുന്ന് തന്റെ ഓരോ ദിവസത്തെക്കുറിച്ചും ഓരോ മണിക്കൂറിനെക്കുറിച്ചുമുള്ള പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞിരുന്നത്. എല്ലാറ്റിനുമുപരി തന്നെ പാപത്തിൽനിന്നും രക്ഷിക്കണമേ എന്ന് അവിടുന്ന് ദൈവപിതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചിരുന്നു. ”തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു മരണത്തിൽനിന്നും തന്നെ രക്ഷിക്കുവാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർത്ഥനകളും യാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാർത്ഥന കേട്ടു” (ഹെബ്രാ. 5:7). ദൈവമായിരുന്നിട്ടുപോലും ക്രിസ്തു ഇത്രയേറെ സമയം കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്കുവേണ്ടി ചെലവഴിച്ചുവെങ്കിൽ കൃമികളും കീടങ്ങളുമായ നമ്മൾ പരിശുദ്ധമായ ഒരു ജീവിതം നയിക്കുവാൻവേണ്ടി എത്രയേറെ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു!

നീതിമാന്റെ പ്രാർത്ഥന
കർത്താവ് ഏറ്റവും അധികമായി ചെവിയോർക്കുന്നത് നീതിമാന്റെ പ്രാർത്ഥനകൾക്കുവേണ്ടിയാണ്. ഇതാ തിരുവചനം നമ്മോടു സംസാരിക്കുന്നത് ശ്രദ്ധിക്കൂ: ”എന്തെന്നാൽ കർത്താവിന്റെ കണ്ണുകൾ നീതിമാന്മാരുടെ നേരെയും അവിടുത്തെ ചെവികൾ അവരുടെ പ്രാർത്ഥനകളുടെ നേരെയും തുറന്നിരിക്കുന്നു. എന്നാൽ, തിന്മ പ്രവർത്തിക്കുന്നവരിൽനിന്നും അവിടുന്ന് മുഖം തിരിച്ചിരിക്കുന്നു” (1 പത്രോ. 3:12). എന്തുകൊണ്ട് നമ്മുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നില്ല എന്നതിനുള്ള ഒരു പ്രധാന കാരണം മുൻപറഞ്ഞ ദൈവവചനത്തിലുണ്ട്.b-3

കൃപ നല്കി ഉയർത്തുന്ന ദൈവം
വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിൽ തന്റെ ശരീരത്തിൽ നല്കപ്പെട്ടിട്ടുള്ളതും തന്നെ സദാ അസഹ്യപ്പെടുത്തുന്നതുമായ ഒരു മുള്ളിനെക്കുറിച്ച് പറയുന്നുണ്ട്. വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ സ്വയം മറന്ന് സന്തോഷിക്കാതിരിക്കാൻ ദൈവം ഏർപ്പെടുത്തിയിരിക്കുന്ന ‘പിശാചിന്റെ ദൂതൻ’ എന്നാണ് പൗലോസ് ശ്ലീഹാ ആ മുള്ളിനെ വിശേഷിപ്പിക്കുന്നത്. ആ മുള്ള് തന്നെ വിട്ടുമാറുവാൻവേണ്ടി മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ, കർത്താവ് ശ്ലീഹായോട് അരുളിച്ചെയ്തു ‘നിനക്ക് എന്റെ കൃപ മതി.’ ചിലപ്പോഴെല്ലാം നമ്മുടെ കണ്ണുനീരോടും ഉപവാസത്തോടും കൂടിയുള്ള പ്രാർത്ഥനകൾക്ക് ദൈവം നല്കുന്ന മറുപടി ഇതുപോലെയുള്ള ദൈവകൃപയുടെ ദാനമായിരിക്കും. നമ്മൾ അപേക്ഷിച്ച കാര്യം രോഗശാന്തിയാകാം.
എന്നാൽ രോഗം മാറ്റാതെതന്നെ അതിനെ അതിജീവിക്കുവാൻ തക്ക ദൈവകൃപ തന്ന് ദൈവം നമ്മെ ഉയർത്തുന്നു. ”നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കുവാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രാ. 4:15-16). ഈ കരുണയുടെ വത്സരത്തിന്റെ ആരംഭത്തിൽത്തന്നെ നമുക്കായി സദാ തുറന്നിട്ടിരിക്കുന്ന കൃപാവരത്തിന്റെ സിംഹാസനത്തെ വർധിച്ച നന്ദിയോടെ നമുക്ക് സമീപിക്കാം. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുകതന്നെ ചെയ്യും.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *