ഇനി ഭാവി ശുഭം!

തന്റെ ഭാവി ശുഭമെന്നു കെത്തിയ ലേഖകന്റെ ജീവിതാനുഭവത്തിലൂടെ.

രുപത് വർഷത്തോളമായി ഞാൻ ആത്മീയ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്ന ശുശ്രൂഷയിലാണ്. പക്ഷേ, എന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാകുന്നില്ല ആത്മീയമായും ഭൗതികമായും. ഈ ഒരു വേദന എന്റെ ഹൃദയത്തിൽ കുറെ നാളായി ഞാൻ കൊണ്ടുനടക്കുന്നുണ്ടായിരുന്നു. എന്നാൽ 2014 പിറന്നപ്പോൾ മുതൽ ഒരു വചനം എന്റെ മനസിലേക്ക് വന്നു. ”ഞാൻ മോശയോടുകൂടെ എന്നപോലെ നിന്നോട് കൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക” (ജോഷ്വാ 1:5-6). ഞാൻ ഈ വചനഭാഗം ബൈബിൾ എടുത്ത് വായിച്ചു. ഈ വചനം വായിച്ചപ്പോൾ ഒരു ധൈര്യവും ശക്തിയും എന്റെ മനസിൽ വന്നു. ഈ വചനം കടലാസിൽ എഴുതി സ്വന്തം കടയിൽ എനിക്ക് കാണുന്ന സ്ഥലത്ത് ഒട്ടിച്ചുവച്ചു. ഉത്ക്കണ്ഠ വരുമ്പോൾ ഞാൻ ഈ വചനം ഏറ്റുപറയും. അങ്ങനെയിരിക്കേ 2014 ഫെബ്രുവരി 14-ന് എനിക്ക് പെട്ടെന്ന് രാത്രിയിൽ വയറുവേദന വരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്റെ ഒരു കിഡ്‌നിക്ക് കാൻസർ ആണെന്ന് തുടർന്നുള്ള ടെസ്റ്റുകളിൽനിന്ന് മനസിലായി. ഉടനെ മേജർ ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ. ആ സമയത്താകട്ടെ കച്ചവടം നടത്തിയിട്ട് ആറരലക്ഷം രൂപ എനിക്ക് കടബാധ്യതയുണ്ട്. പലിശ കൊടുത്ത് കടം കൂടിക്കൂടി വരുന്ന സാഹചര്യം. ഗ്രാമപ്രദേശത്തുള്ള സ്റ്റേഷനറി കടയായിരുന്നു എന്റേത്. ഞാൻ ആകെ തകർന്നുപോയി. എന്തുചെയ്യും! ഒരു കാൻസർ രോഗി ചോദിച്ചാൽ ആരെങ്കിലും പണം കടം തരുമോ? വീട്ടിൽ ഈ കാര്യം എങ്ങനെ അറിയിക്കും. ഭാര്യ മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്നു. പ്രായമായ അപ്പനും അമ്മയും. മാനസികമായി തകർന്നു. രാത്രി മുഴുവൻ കരച്ചിൽ മാത്രമായി ആരും അറിയാതെ.

ഉയരുന്ന ചോദ്യങ്ങൾ
എന്നാൽ എനിക്ക് സംശയമായി. ഞാൻ മദ്യം കഴിക്കാറില്ല, പുക വലിക്കാറില്ല, ഷുഗറും പ്രഷറും ഇല്ല എന്നിട്ടും. ഞാൻ എന്നും കിടക്കുന്നതിനുമുമ്പ് സങ്കീർത്തനം 91 ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാറുണ്ട്. അതിൽ പറയുന്ന അഞ്ചാം വാക്യം മഹാമാരിയിൽനിന്നും രക്ഷിക്കുമെന്നാണ്. സൺഡേ ശാലോം പത്രം തുടങ്ങിയ സമയത്ത് 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഞാൻ പത്രം വിതരണം ചെയ്തിരുന്നത്. ഇടവകയിൽ വിൻസെന്റ് ഡി പോൾ സംഘടനയിലും സജീവമായി പ്രവർത്തിച്ചിരുന്നു. അതിന്റെയൊക്കെ കൂലിയാണോ എനിക്ക് ഈ രോഗം വന്നതെന്ന് മനസിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. നിരാശനായി. ദൈവമുണ്ടോ?

ഞാൻ വിളിക്കുന്ന, പ്രാർത്ഥിക്കുന്ന ദൈവത്തിന് ശക്തിയില്ലേ? എന്റെ കുട്ടികൾ വളരെ ചെറുതാണ്. അപ്പച്ചനും അമ്മച്ചിയുമാകട്ടെ വൃദ്ധരും. ഇവരെ ആര് നോക്കും, ഇവർ എങ്ങനെ ജീവിക്കും. ഞാൻ കാൻസർ ബാധിച്ച് മരിക്കുമെന്ന ഉത്ക്കണ്ഠയുടെ നാളുകൾ. രാത്രികളിൽ ഉറക്കമില്ലാതെയായി. എവിടെനിന്ന് എനിക്ക് സഹായം കിട്ടും. സങ്കീർത്തനം 121 എന്റെ മനസിലേക്ക് വന്നു. എനിക്ക് സഹായം കർത്താവിൽനിന്ന് വരുന്നു. കർത്താവാണ് എന്റെ കാവൽക്കാരൻ. ആ വചനം എനിക്ക് ധൈര്യം പകർന്നു.

അറിയുന്നവരോടൊക്കെ വിളിച്ചു പറഞ്ഞു, കുറെപ്പേരോട് പണം കടം ചോദിച്ച് ശസ്ത്രക്രിയയ്ക്ക് തിയതി തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കുമുമ്പ് പോട്ട ആശ്രമത്തിൽ പോയി കുമ്പസാരിച്ച് ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ പോയി ഇരുന്ന് കരഞ്ഞു. എവിടെനിന്ന് എനിക്ക് സാമ്പത്തികസഹായം ലഭിക്കും, ഓപ്പറേഷൻ നടക്കുമോ? എന്നാൽ ദൈവം എല്ലാം ഒരുക്കി തന്നു. മൂന്നു ലക്ഷം രൂപ പല മക്കളിലൂടെ ദൈവം എനിക്ക് തന്നു. ദൈവത്തിന് എത്രകോടി നന്ദി പറഞ്ഞാലും മതിയാവുകയില്ല.
ആ സമയത്ത് എന്റെ മനസിലേക്ക് ഒരു വചനഭാഗം ഇടയ്ക്കിടയ്ക്ക് കയറിവരുമായിരുന്നു. ”കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങൾ എറെ തേടി. ലഭിച്ചതോ അല്പം മാത്രം. നിങ്ങൾ അത് വീട്ടിലേക്ക് കൊണ്ടുവന്നു. ഞാൻ അത് ഊതിപ്പറത്തി. എന്തുകൊണ്ട്?- സൈന്യങ്ങളുടെ കർത്താവ് ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും തന്റെ ഭവനത്തെപ്രതി വ്യഗ്രത കാട്ടുമ്പോൾ എന്റെ ആലയം തകർന്നു കിടക്കുന്നതുകൊണ്ടുതന്നെ. അതുകൊണ്ട് ആകാശം നിങ്ങൾക്കുവേണ്ടി മഞ്ഞ് പെയ്യിക്കുന്നില്ല. ഭൂമി വിളവുനല്കുന്നുമില്ല. ദേശത്തിലും മലകളിലും ധാന്യത്തിലും പുതുവീഞ്ഞിലും എണ്ണയിലും ഭൂമിയിൽ മുളയ്ക്കുന്നവയിലും മനുഷ്യരിലും കന്നുകാലികളിലും അവരുടെ അധ്വാനത്തിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.” (ഹഗ്ഗാ. 1: 9-11)

വിലയേറിയ ഉത്തരം
എന്റെ ചോദ്യങ്ങൾക്കെല്ലാം ഒരുത്തരം ഇതിൽ ഉണ്ടായിരുന്നു. ഞാൻ പി.ഡി.സി കഴിഞ്ഞ കാലഘട്ടത്തിലാണ് ജീസസ് യൂത്തുമായി ബന്ധപ്പെടുന്നത്. അങ്ങനെ ഇടവക പ്രാർത്ഥനാഗ്രൂപ്പിൽ സജീവമായി. ക്രിസ്റ്റീൻ കുട്ടികളെ ധ്യാനത്തിന് കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ആ സമയത്ത് ഒരു വർഷം മുഴുവൻസമയശുശ്രൂഷയ്ക്ക് പോകാൻ താത്പര്യം തോന്നി. അതുകൊണ്ട് ഞാൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒരു വർഷം ശുശ്രൂഷയ്ക്കായി പോയി. എന്നാൽ ഒരു വർഷത്തിനുപകരം മൂന്നുവർഷം അവിടെ നിന്നു. പിന്നെ എന്റെ ചിന്തയിൽ ഇങ്ങനെ തോന്നി. അനുജത്തിയുടെ വിവാഹം കഴിഞ്ഞു. അപ്പച്ചന്റെ കമ്പനിജോലി കഴിഞ്ഞു. വീട്ടിലെ കാര്യങ്ങൾ ഞാനാണ് നോക്കേണ്ടത്. അതുകൊണ്ട് ജോലിക്ക് ശ്രമിക്കണം, തിരിച്ച് വീട്ടിലേക്ക് പോകണം.

ഒരു ജോലി ശരിയായപ്പോൾ ഡിവൈനിൽനിന്ന് പോന്നു. കുറച്ച് കഴിഞ്ഞപ്പോൾ സ്വന്തമായി ഒരു കട തുടങ്ങാൻ കർത്താവ് അനുഗ്രഹം തന്നു. എന്റെ കഴിവോ സാമ്പത്തികഭദ്രതകൊണ്ടോ അല്ല എനിക്കത് സാധിച്ചത്. ദൈവംതന്നെ ഒരുക്കിത്തന്നതാണ്. ഏകദേശം അഞ്ചുവർഷം കഴിഞ്ഞപ്പോൾ എല്ലാം തന്ന ദൈവത്തെ ഞാൻ മറന്നു. എല്ലാ ദിവസവും ദേവാലയത്തിൽ പോയിരുന്ന ഞാൻ ഞായറാഴ്ചക്രിസ്ത്യാനിയായി മാറി. ദശാംശം മാറ്റിവയ്ക്കൽ, പ്രാർത്ഥനാഗ്രൂപ്പ്, ധ്യാനം ഇവയോടൊക്കെ എതിർപ്പ്. എല്ലാം ബിസനസാണെന്ന് ബുദ്ധിയിൽ പറയാൻ തുടങ്ങി. ബൈബിൾ പ്രസംഗിക്കാൻ കൊള്ളാം. അതിൽ പറഞ്ഞതുപോലെ ജീവിക്കുന്നവർ ആരാണുള്ളത്? എല്ലായിടത്തും ആത്മീയചൂഷണമല്ലേ? – എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളും ചിന്തകളും എന്നിൽ നിറഞ്ഞു.

ലോകവസ്തുക്കളോട് എനിക്ക് താൽപര്യം കൂടി. അതായത് നല്ല വീട് പണിയണം, കച്ചവടം നന്നാക്കണം, കച്ചവടത്തിൽ ഉയർച്ചയുണ്ടാകണം, കാർ വാങ്ങിക്കണം… എന്റെ പദ്ധതികൾ ഇങ്ങനെ മാറി. എന്റെ ആഗ്രഹങ്ങൾ വളരെയായി. എന്നാൽ രോഗം വന്നപ്പോൾ ഞാൻ പല ധ്യാനങ്ങളിൽ പങ്കെടുത്ത് വചനം കേട്ടു. എനിക്ക് മനസിലായി, എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്നിലെ വിഗ്രഹമെന്ന്. എനിക്ക് ഊണിലും ഉറക്കത്തിലും ചിന്ത എന്റെ കച്ചവടം. സ്ഥാപനം വിഗ്രഹമായി മാറി. പണം ഉണ്ടാക്കണം എന്ന ചിന്ത വിഗ്രഹമായി മാറി. വീട് ഒരു വിഗ്രഹമായി മാറി. എന്റെ ഹൃദയം വിഗ്രഹംകൊണ്ട് നിറഞ്ഞു. പണം വിഗ്രഹമായി മാറി. പണമുണ്ടാക്കാൻ കച്ചവടങ്ങളിൽ മാറ്റം വരുത്തി, എല്ലാം പരാജയമായി. ആറരലക്ഷം രൂപ കടബാധ്യത. അതിന് മാസം പലിശ കൊടുക്കണം.
കൂനിന്മേൽ കുരു എന്നപോലെ രോഗം വന്നു. വീട്ടിലുള്ളവർക്ക് മാറിമാറി രോഗം. കട അടച്ചിടേണ്ടിവന്നു. എനിക്ക് സഹിക്കാൻ പറ്റാതെയായി. പോയി മരിക്കാം എന്ന് വിചാരിച്ചു. തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. എന്റെ എല്ലാ പദ്ധതികളും പൊളിഞ്ഞു. സുഭാ. 19:21 ”മനുഷ്യൻ പലതും ആലോചിച്ച് വയ്ക്കുന്നു. നടപ്പിൽ വരുന്നത് കർത്താവിന്റെ തീരുമാനമാണ്.” എന്റെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ദൈവത്തിന് കൊടുക്കാതെ സ്വന്തം ആഗ്രഹങ്ങൾക്ക് കൊടുത്തപ്പോൾ എന്നെ ശുദ്ധീകരിക്കാൻവേണ്ടി ദൈവം എന്നെ തൊട്ടതാണ് ഈ സഹനം എന്ന് മനസിലായി.b-4

പുതിയ ചൈതന്യം തരാൻ
എന്നെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ക്ഷേമത്തിനുള്ള പദ്ധതി. അതിനെതിരെ എന്റെ പദ്ധതികൾ നടത്താൻ ഞാൻ നോക്കിയപ്പോൾ ദൈവം എന്നെ ശുദ്ധീകരിക്കുവാൻവേണ്ടി സഹനങ്ങൾ എന്റെ ജീവിതത്തിലേക്ക് അയച്ചു. എസെക്കിയേൽ 36:25-26 ”ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും. സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ഞാൻ നിർമലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും….”

എനിക്ക് ഒരു കാര്യം മനസിലായി. ദൈവം എന്നെ സംരക്ഷിച്ചു. എന്നെ വിശുദ്ധീകരിക്കാൻ വേണ്ടിയാണ് ഈ രോഗത്തിലൂടെ കൊണ്ടുപോയത്. എന്നെ വീണ്ടെടുക്കാൻ, എന്റെ ഹൃദയം ശുദ്ധീകരിക്കാൻവേണ്ടി ദൈവം എന്നെ സഹനത്തിന്റെ തീച്ചൂളയിലൂടെ കടത്തിവിട്ടു. സഹനം ഉണ്ടെങ്കിലേ യേശുശിഷ്യനായിത്തീരാൻ സാധിക്കൂ. യേശു കുരിശുകൊണ്ടാണ് ഈ ലോകത്തെ കീഴടക്കിയത്. എങ്കിൽ ഞാനും കുരിശെടുത്ത് നടക്കണം. ഞാൻ ഒന്നാം സ്ഥാനം കൊടുത്തതെല്ലാം എന്നിൽനിന്ന് എടുത്തുമാറ്റി. പണം ഇല്ലാതെയായി, കച്ചവടം ഇല്ലാതെയായി, വീട് വാടകവീടായി. ഇങ്ങനെ എന്റെ വിഗ്രഹങ്ങളെല്ലാം തകർത്തുകളഞ്ഞ് ദൈവം എന്നെ വീണ്ടെടുത്തു. ഹൃദയവും മനസും ശുദ്ധീകരിക്കുന്ന ദൈവം. ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി. മരുന്നോ ലേപനമോ ഔഷധമോ അല്ല എല്ലാവരെയും സുഖപ്പെടുത്തുന്നത്, അങ്ങയുടെ വചനമാണ്. ജീവന്റെയും മരണത്തിന്റെയുംമേൽ അങ്ങേക്ക് അധികാരമുണ്ട്. മനുഷ്യനെ പാതാള കവാടത്തിലേക്ക് ഇറക്കുന്നതും അവിടെനിന്ന് വീണ്ടെടുക്കുന്നതും അവിടുന്നാണ്. ജ്ഞാനം 16:12-13 ഈ ലോകത്തിലെ നശ്വരമായ ചെയ്തികൾക്കുവേണ്ടി ഓടിനടക്കാനല്ല ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക. ബാക്കി എല്ലാം കൂടിചേർക്കപ്പെടും.

ഇന്നും ജീവിക്കുന്ന ദൈവം
അഞ്ച് അപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ തീറ്റിയ കർത്താവ് ഇന്നും ജീവിക്കുന്നു. എന്നെ ഓരോ ദിവസവും വഴി നടത്തുന്നു. കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്ന് മറഞ്ഞിരിക്കില്ല (ഏശ. 30:20). സങ്കീർത്തനം 91:5 ”മഹാമാരിയിൽനിന്ന് രക്ഷിക്കും.” എന്റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാനും ചികിത്സിക്കാനും കർത്താവ് കാരുണ്യം കാണിച്ചു. കാൻസർ എന്ന മഹാമാരിയിൽനിന്നും എന്നെ രക്ഷിച്ചു. എന്റെ സാമ്പത്തികഭദ്രതകൊണ്ട് നേടിയതല്ല, ദൈവം നടത്തിയതാണ് എല്ലാം.

ഹെബ്രായർ 12:6-8 ”താൻ സ്‌നേഹിക്കുന്നവർക്ക് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണ് നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്. എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കും ലഭിക്കാതിരുന്നാൽ നിങ്ങൾ മക്കളല്ല ജാരസന്തതികളാണ്” പത്താം വാക്യം പറയുന്നു- എന്നാൽ ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മയ്ക്കും തന്റെ പരിശുദ്ധിയിൽ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്. തലമുടിയിഴപോലും അറിയുന്ന ദൈവം എന്നെ അത്ര മാത്രം കരുതുന്നു, വളർത്തുന്നു.

ഷൈജു ജോസ്

Leave a Reply

Your email address will not be published. Required fields are marked *