വിലയേറിയ മുത്തുകൾ മനസിന്റെ ചെപ്പിൽ സൂക്ഷിക്കണം.
ഇടയ്ക്ക് അവയെ പുറത്തെടുത്ത് താലോലിക്കണം.
ഉയിർത്തെഴുന്നേറ്റ നമ്മുടെ കർത്താവായ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേന മറിയത്തിനാണല്ലോ. ഈ വിവരണം സുവിശേഷങ്ങളിൽ നാം വായിക്കുമ്പോൾ നമ്മുടെയൊക്കെ മനസുകളിൽ ഉയരേണ്ട ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് യേശു കല്ലറയുടെ അടുത്തുവച്ച് മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെട്ടതുപോലെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടാതിരുന്നത്? അടക്കിയ സ്ഥലത്തുവച്ചുതന്നെ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ അത് അവർക്ക് കൂടുതൽ ബോധ്യത്തിന് കാരണമാകുമായിരുന്നല്ലോ.
നേരെമറിച്ച് അവർക്ക് നല്കുന്ന നിർദേശം ജറുസലേമിൽനിന്ന് വളരെ ദൂരെയുള്ള ഗലീലിയിലേക്ക് പോകണമെന്നാണ്. അവിടെവച്ച് ഉയിർത്തെഴുന്നേറ്റ യേശു അവരെ കാണും എന്നാണ് അറിയിച്ചത്. എന്തുകൊണ്ട് ഗലീലി? എന്താണ് അതിന്റെ പ്രാധാന്യം? സത്യം പറഞ്ഞാൽ ഉയിർപ്പിന്റെ വിവരണങ്ങൾ അനേക പ്രാവശ്യം ഞാൻ വായിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യങ്ങൾ എന്റെ മനസിൽ വന്നിരുന്നില്ല. എന്നാൽ ഈയിടയ്ക്ക് ഒരു ലേഖനം വായിക്കുവാനിടയായി. ഫാ. റൊണാൾഡ് റോൾഹെയ്‌സർ ആണ് ലേഖന കർത്താവ്. ലേഖനത്തിന്റെ ശീർഷകം ‘ഉത്ഥാനത്തിലേക്കുള്ള വഴി’ എന്നാണ്. ആ ലേഖനം വായിച്ചപ്പോൾ ലഭിച്ച ഉൾക്കാഴ്ചകൾ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
വഴിമാറുമ്പോൾ
ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം ലഭിക്കണമെങ്കിൽ കുരിശുമരണത്തിനുശേഷം ശിഷ്യന്മാർക്കുണ്ടായിരുന്ന മാനസികാവസ്ഥ നാം തിരിച്ചറിയണം. യേശുവിന്റെ മരണം അവർക്ക് സ്വീകരിക്കുവാൻ പറ്റാത്ത ഒരു ഷോക്കായിരുന്നു. യേശു തന്റെ പീഡാനുഭവത്തെക്കുറിച്ച് പല പ്രാവശ്യം മുൻസൂചനകൾ നല്കിയിരുന്നെങ്കിലും അത് മനസിലാക്കുവാനുള്ള പരിശുദ്ധാത്മാവിന്റെ പ്രകാശം അവർക്ക് ലഭിച്ചിരുന്നില്ല. അവർ ഒരു ഭൗതിക രാജാവിനെയാണ് യേശുവിൽ കണ്ടിരുന്നത്. അഥവാ അവിടുന്ന് ഒരു ഭൗതിക വിമോചകനാണെന്ന് അവർ കരുതിയിരുന്നു. ‘ഇസ്രായേലിനെ മോചിപ്പിക്കുവാനുള്ളവൻ ഇവനാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു’ എന്ന അവരുടെ വാക്കുകൾതന്നെ അവരുടെ നഷ്ടബോധത്തെ വെളിവാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ യേശുവിനെ അനുഗമിക്കുവാൻ തീരുമാനിച്ചത് വലിയൊരു മണ്ടത്തരമായി ഇപ്പോൾ അവർക്ക് അനുഭവപ്പെടുകയാണ്.
മറ്റൊരു വിധത്തിൽ മനസിലാക്കിയാൽ അവരുടെ ദൈവവിളിയുടെ അർത്ഥംതന്നെ അവർക്ക് നഷ്ടപ്പെടുന്നു. വിളി സ്വീകരിച്ചവന് അല്ലെങ്കിൽ സ്വീകരിച്ചവൾക്ക് എല്ലാക്കാലത്തും ഉണ്ടാകാവുന്ന ഒരു പ്രതിസന്ധിയാണിത്. ‘യേശുവിന്റെ പിന്നാലെ പോകുവാൻ തീരുമാനിച്ചത് ഒരു മണ്ടത്തരമായിപ്പോയോ?’ ഞാൻ എടുത്ത തീരുമാനം തെറ്റിപ്പോയോ? എന്റേതല്ലാത്ത വഴിയിലൂടെയാണോ ഞാൻ ഇത്രയുംനാൾ നടന്നിരുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ മനസിനെ മഥിക്കുന്ന നാളുകൾ. വിളിച്ചവനായ യേശു നേരെ മുന്നിലുണ്ടെങ്കിലും അവിടുത്തെ കാണുവാൻ പറ്റാത്ത വിധത്തിൽ മനസ് അന്ധകാരനിബിഡമായ രാത്രികൾ.
വിളി സ്വീകരിച്ച ആദ്യനാളുകളിലുണ്ടായ ഉത്സാഹവും ദർശനവും നഷ്ടപ്പെട്ട ഒരു അവസ്ഥ. ”എന്നാൽ, അവനെ തിരിച്ചറിയുവാൻ കഴിയാത്ത വിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു” (ലൂക്കാ 24:16) എന്ന് നാം വായിക്കുന്നുണ്ട്. ഈ അവസ്ഥയിൽ പിൻതിരിയാനുള്ള ശക്തമായ പ്രേരണയുണ്ടാകാം. അനേക പിൻവിളികൾ കേൾക്കുകയും അവ കൂടുതൽ ആസ്വാദ്യകരമായിത്തോന്നുകയും ചെയ്യും. എന്നാൽപ്പിന്നെ, വഴിമാറിയേക്കാം എന്ന തീരുമാനത്തിലെത്തുന്നു. അങ്ങനെയാണ് ജറുസലെമിലായിരിക്കുവാൻ വിളിക്കപ്പെട്ടവൻ എമ്മാവൂസിന്റെ വഴിയിലെത്തുന്നത്.
ഉത്ഥാനത്തിലേക്കുള്ള വഴി
ഇവിടെ യഥാർത്ഥപ്രശ്‌നം വിളിയുടെ അർത്ഥം നഷ്ടപ്പെട്ടതാണ്. എങ്കിൽ അതിന്റെ പരിഹാരമാർഗം ആ വിളിയുടെ മൂല്യം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതത്രേ. അതിനുള്ള ഏറ്റവും എളുപ്പവഴി അവരെ വിളിച്ച സ്ഥലത്തേക്ക് അവരെ വീണ്ടും കൊണ്ടുപോകുക എന്നതാണ്. അവിടെവച്ച് അവരുടെ ആദ്യകാല ചിന്തകൾ ഉണരും. അവർക്ക് ലഭിച്ച വിളിയെക്കുറിച്ചും അതിന് അവർ സ്‌നേഹത്തോടെ നല്കിയ പ്രത്യുത്തരത്തെക്കുറിച്ചും ചിന്തിക്കും. ഇവിടെ വേറെ വഴിയിലൂടെ നടക്കുകയല്ല, പ്രത്യുത വന്ന വഴിയിലൂടെ അതിന്റെ ആരംഭസ്ഥലത്തേക്ക് ഒരു തിരിച്ചുനടത്തമാണ് സംഭവിക്കുന്നത്. അല്ലെങ്കിൽ ഒരു റിട്രീറ്റ്.
ഈ റിട്രീറ്റ് നടത്താത്ത ഒരു വ്യക്തിക്ക് തന്റെ ദൈവവിളി സൂക്ഷിക്കുവാൻ സാധിക്കുകയില്ല. പ്രതിസന്ധികളും സംശയങ്ങളും നിശ്ചയമായും വിളിക്കപ്പെട്ടവന്റെ ജീവിതത്തിലുണ്ടാകും. ആ നാളുകളിൽ വിളിയുടെ ഉത്ഭവനാളുകളിലേക്കുള്ള പോക്ക് നവസ്‌നാനത്തിന്റെ അനുഭവം നിശ്ചയമായും നല്കും. അവിടെവച്ച് വിളിച്ചവനെക്കുറിച്ചുള്ള സ്‌നേഹപൂർവമായ ഓർമകൾ ഉണരും. ആ ഓർമകൾ ഒരു പുതുദർശനത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. ‘അവിടെ അവർ എന്നെ കാണും’ എന്ന് യേശു വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ. അതൊരു ഭൗതികകാഴ്ചയെ മാത്രമല്ല സൂചിപ്പിക്കുന്നത്. മറിച്ച് ആത്മീയ കാഴ്ചയെക്കൂടിയാണ്. യേശുവിനെ വീണ്ടും കാണുമ്പോൾ ആദ്യകാല സ്‌നേഹാനുഭവത്തിലേക്ക് അവിടുന്ന് ശിഷ്യനെ നയിക്കും. ആ അനുഭവമാണ് മുന്നോട്ട് കുതിച്ചു പായുവാനുള്ള കരുത്ത് ഒരുവന് നല്കുന്നത്.
വിളിയുടെ ആദ്യനാളിൽ ഗലീലിയിൽവച്ച് എന്താണ് സംഭവിച്ചത് എന്ന് ചിന്തിക്കുന്നത് ഇവിടെ ആവശ്യമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ വിവരണത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ. ഒരു ശൂന്യതയുടെ രാത്രിക്കുശേഷമുള്ള പ്രഭാതത്തിലാണ് യേശു ഗലീലി തടാകതീരത്ത് നില്ക്കുന്നത്. പ്രഗത്ഭരായ ആ മുക്കുവന്മാർക്ക് അത് മുൻപൊരിക്കലും ഉണ്ടാകാത്ത അനുഭവമായിരുന്നു. ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒരു മീൻപോലും വലയിൽ കുടുങ്ങാതിരിക്കുന്ന അനുഭവം.
ആ ശൂന്യതയിൽ യേശു ഒരു വലിയ ദൈവസ്‌നേഹസ്പർശം നല്കുന്നു. യേശുവിന്റെ കല്പന അനുസരിച്ച് വല വീശിയപ്പോൾ രണ്ടു വള്ളങ്ങളും നിറയുവോളം മത്സ്യങ്ങൾ. അതൊരു ഉൾക്കാഴ്ചയ്ക്ക് കാരണമായ വിസ്മയമായിരുന്നു. ശിമയോന്റെ പ്രതികരണം ശ്രദ്ധേയമാണ്: ‘ഞാൻ പാപിയാണ്.’ ഒരുവന്റെ പാപാവസ്ഥ വെളിപ്പെടുന്നത് പരിശുദ്ധനായ ദൈവത്തിന്റെ മുൻപിൽ നില്ക്കുമ്പോഴാണ്. എന്നു പറഞ്ഞാൽ, യേശു ദൈവമാണെന്ന ഉൾക്കാഴ്ചയാണ് ആ മുക്കുവന്മാർക്ക് ഗലീലി കടൽത്തീരത്തുവച്ച് ലഭിച്ചത്. അതാണ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുവാൻ അവരെ പ്രേരിപ്പിച്ചത്. അവന്റെ പിന്നാലെ പോയാൽ ഒന്നിനും കുറവുണ്ടാവുകയില്ല, ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ നല്കുവാൻ അവന് സാധിക്കും എന്ന ഒരു തിരിച്ചറിവ്. ഇതാണ് ഗലീലി അനുഭവം. ഇതാണ് അവരുടെ ദൈവവിളിയുടെ ഉത്ഭവകേന്ദ്രം. പക്ഷേ, മുന്നോട്ടുള്ള പ്രയാണത്തിൽ അവർക്ക് ആ ഗലീലി അനുഭവം നഷ്ടപ്പെട്ടുപോയി. അത് വീണ്ടെടുത്ത് വീണ്ടും അവരെ സ്വന്തമാക്കുവാനും ദൈവവിളിയിൽ ഉറപ്പിക്കുവാനുമത്രേ യേശു അവരെ ഗലീലിയിലേക്ക് വിളിച്ചത്.
ഗലീലികളിലേക്ക് പോകാം
പ്രിയപ്പെട്ടവരേ, നമുക്കോരോരുത്തർക്കുമില്ലേ ഒരു ഗലീലി അനുഭവം? കഷ്ടതയുടെ നാളിൽ കരുതിയ ഒരു ദൈവം, നിലവിളിച്ച് പ്രാർത്ഥിച്ചപ്പോൾ രക്ഷിക്കാനായി ഓടിവന്നവൻ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ മാറാത്ത സ്‌നേഹം വെളിപ്പെടുത്തിയവൻ, വളരെ ചെറിയ കാര്യത്തിൽപ്പോലും തന്റെ വാത്സല്യം വെളിപ്പെടുത്തിയവൻ. ഇതൊക്കെ ഒന്ന് ഓർത്തുനോക്കുക. അവ നഷ്ടപ്പെടുത്താതെ മനസിന്റെ ചെപ്പിൽ മുത്തുമണികൾപോലെ സൂക്ഷിക്കുക. ഇടയ്‌ക്കൊക്കെ അവയെ എടുത്ത് ഒന്ന് താലോലിക്കണം. മനസിൽ അവനെക്കുറിച്ച് സംശയങ്ങൾ ഉയരുമ്പോൾ ശാന്തമായിരുന്ന് ഒരു റിട്രീറ്റ് നടത്തുക. യേശു നിന്നെ വിളിച്ച ഗലീലി കടൽത്തീരത്തേക്ക് വീണ്ടും പോവുക. അവിടെവച്ച് വീണ്ടും അവനെ കാണുവാൻ സാധിക്കും. ഓർക്കുക, അവനൊരിക്കലും നിന്നെ ശാസിക്കുകയോ താക്കീത് നല്കുകയോ ചെയ്യുകയില്ല. ഒരിക്കലും പഴി പറയുകയില്ല. കാരണം യേശു നിതാന്ത സ്‌നേഹമാണ്. ആ സ്‌നേഹക്കടലിൽ ഒന്നുകൂടി മുങ്ങുക.
നീ പൊങ്ങുന്നത് അഭിഷേകം പ്രാപിച്ച് കരുത്തനായ ഒരു വ്യക്തിയായിട്ടായിരിക്കും. തീച്ചൂളയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുവാൻ ആ അനുഭവം നിനക്ക് കരുത്ത് നല്കും. യേശു നിന്നെ തനിക്ക് സമനായി കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന തിരിച്ചറിവ് എത്രമാത്രം നിന്നെ വീണ്ടും രൂപാന്തരപ്പെടുത്തുകയില്ല. അവരെ വിളിക്കുന്നത് ‘എന്റെ സഹോദരന്മാർ’ എന്നാണ്. ഈ വാക്കുകൾ മനസിൽ കെടാതെ സൂക്ഷിക്കാം. ”യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ട; നിങ്ങൾ ചെന്ന് എന്റെ സഹോദരന്മാരോട് ഗലീലിയിലേക്ക് പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക” (മത്താ. 28:10). ഒരു നാളിൽ അവൻ നമുക്ക് നല്കിയ ഈ അപൂർവമായ ഗലീലി അനുഭവം എന്നെന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:
സ്‌നേഹനിധിയായ എന്റെ ദൈവമേ, യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. അവിടുന്ന് എന്നെ കണ്ടെത്തിയ ആ ദിവസവും മണിക്കൂറും ഞാൻ ഓർക്കുന്നു. അന്ന് അങ്ങയുടെ ശക്തി ഞാൻ തിരിച്ചറിഞ്ഞു. ആ ഓർമകൾ എന്നെ എപ്പോഴും തഴുകുന്ന വിധത്തിൽ എന്റെ മനസിനെ അവിടുന്ന് സ്പർശിക്കണമേ. എന്നെ തകർക്കുന്ന സംശയത്തിന്റെ നാളുകളിൽ എന്നെ വീണ്ടും ആ ഗലീലി കടൽത്തീരത്തേക്ക് ക്ഷണിക്കണമേ. എന്നെ വീണ്ടും അഭിഷേകം ചെയ്ത് അങ്ങയുടെ സ്വന്തമായി സ്വീകരിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ ഈശോ എന്നെ വിളിച്ചതിനെക്കുറിച്ചുള്ള സുവർണ ഓർമകൾ എന്നെന്നും എന്റെ മനസിൽ നിലനിർത്തുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു