കല്യാണവീട്ടിൽ വീഞ്ഞു തീർന്നെന്നു കേട്ടപ്പോൾ പരിചാരികയായ എനിക്കും വിഷമം തോന്നി. അപ്പോഴാണ് യേശുവെന്ന ഗുരു കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ പറഞ്ഞത്. കേട്ടയുടനെ കുറച്ചുപേർ ഓടി. ഉണ്ടായിരുന്ന ആറു കൽഭരണികളിലും അവർ വക്കോളം വെള്ളം നിറച്ചു. എനിക്കപ്പോൾ ചിരിയാണ് വന്നത്. വീഞ്ഞു തീർന്നപ്പോൾ വെള്ളം നിറയ്ക്കാൻ പറയുന്ന ഒരു ഗുരുവും അതനുസരിക്കാൻ കുറച്ചു ദാസരും. അതും ശുദ്ധീകരണകർമ്മത്തിനുള്ള വെള്ളം നിറയ്ക്കുന്ന കൽഭരണികളിൽ.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലായിടത്തുനിന്നും ഒരു മർമ്മരം, കൽഭരണിയിലെ വെള്ളം കലവറക്കാരനു രുചിക്കാൻ കൊടുത്തെന്നും അത് വീഞ്ഞായിരുന്നെന്നും…. കാതോടു കാത് പരക്കുന്ന അത്ഭുതത്തിന്റെ കഥ. വെള്ളം നിറച്ച പരിചാരകരുടെ വാക്കുകൾ ആഹ്ളാദത്തോടെ കേൾക്കുകയാണ് എല്ലാവരും. ആ നിമിഷങ്ങളിൽ എനിക്കേറെ സങ്കടം തോന്നി. അത്ഭുതത്തിന് നേർസാക്ഷിയാകാൻ കഴിയാതെ പോയല്ലോ…
”അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു, അവൻ നിങ്ങളോട് പറയുന്നതു ചെയ്യുവിൻ” (യോഹന്നാൻ 2:5)
1 Comment
Touching