സ്‌നേഹക്കനലിൽ

അപരന്റെ ആനന്ദം നമുക്കും
ആസ്വദിക്കാൻ കഴിയണമെങ്കിൽ….

താനും വർഷങ്ങൾക്കുമുമ്പ് ജീസസ് യൂത്തിൽ പ്രവർത്തിക്കുമ്പോൾ ഒരു ധ്യാനാവസരത്തിൽ നടന്ന സംഭവം ഓർമ്മ വരുന്നു. ഞാൻ അന്ന് ആ ഗ്രൂപ്പിന്റെ ലീഡറായിരുന്നു. ഓരോരുത്തരും സ്‌റ്റേജിൽ കയറുന്നതിനുമുമ്പ് ലീഡർ തലയിൽ കൈവച്ച് പ്രാർത്ഥിക്കണം. നാളുകൾക്കുമുമ്പ് ഒരു ക്രിസ്റ്റീൻ ധ്യാനാവസരത്തിൽ ക്രിസ്തുവിലേക്ക് തിരിഞ്ഞ ഒരനുജനെയാണ് അന്ന് അനുഗ്രഹിച്ച് പ്രാർത്ഥിച്ചത്. ആദ്യമായി സ്‌റ്റേജിൽ കയറുന്നതുകൊണ്ട് സഭാകമ്പമുണ്ടെന്നു പറഞ്ഞു. എങ്ങനെയാകുമോ എന്ന ആകുലതയൊക്കെ അന്നവന്റെ മുഖത്തുണ്ടായിരുന്നു. എന്തായാലും കാര്യമായി പ്രാർത്ഥിച്ചു. ആ സഹോദരൻ പ്രസംഗിക്കുന്ന മുഴുവൻ സമയവും ഞാൻ മുട്ടിന്മേൽനിന്നു. പ്രോഗ്രാം കഴിഞ്ഞപ്പോൾ എല്ലാവർക്കും ആ സഹോദരനെ കാണണം, പ്രാർത്ഥിക്കണം. ശുശ്രൂഷകൾക്കു ക്ഷണിക്കണം. പതിവില്ലാതെ പുറത്ത് ആവശ്യത്തിലധികം എളിമ ഞാനന്ന് കാണിച്ചു, ഉള്ളിൽ ഏറെ രോഷവും.

അന്ന് രാത്രിയിൽ എന്തായാലും സ്വസ്ഥമായുറങ്ങാനോ പ്രാർത്ഥിക്കാനോ എനിക്കായില്ല. എന്റെ അനുജനെ അഥവാ സഹോദരനെ സ്വർഗത്തിലെ പിതാവ് എടുത്ത് ഉപയോഗിക്കുന്നത് എന്തേ എനിക്കിഷ്ടമായില്ല? അസൂയ എന്ന ഒരേയൊരു കാരണം. ഞാൻ അവനെ അനുഗ്രഹിച്ചാലും സ്‌നേഹം കാണിച്ചാലും മുട്ടിന്മേൽ നിന്നാലും നല്ല വാക്കു പറഞ്ഞാലും അസൂയപ്പെടാത്ത സ്‌നേഹം എന്റെ ഹൃത്തിലില്ലെങ്കിൽ ആത്മീയമായി ഞാൻ ഇനിയും ദരിദ്രനാണ്. എന്റെ സ്‌നേഹത്തിൽ അസൂയയുടെ വിഷദംശനമുണ്ടല്ലോ എന്ന് അന്ന് ഞാനറിഞ്ഞു.

അസൂയയ്ക്ക് സ്‌നേഹിക്കാനാവില്ല. അപരന്റെ വളർച്ചയിൽ ആനന്ദിക്കാനുമാകില്ല. മറ്റുള്ളവരുടെ പരാജയത്തിലും അധഃപതനത്തിലുമാണ് അതിന്റെ ശ്രദ്ധ. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്ന വ്യക്തികളെയും സംഭവങ്ങളെയും സംവിധാനങ്ങളെയും ഒരിക്കൽകൂടി ധ്യാനപൂർവം പരിശോധിക്കുക. കുറ്റം ചുമത്താനാകുന്ന വിധം കുറ്റങ്ങളുണ്ടോ അവരിലും അവയിലും. അതോ, നിങ്ങളുടെ അസൂയയാണോ കുറ്റം വിധിക്ക് പുറകിലുള്ളത്.

ആർസിനുചുറ്റുമുള്ള അസൂയ
ആർസിലെ വികാരിയായിരുന്ന ജോൺ വിയാനിയുടെ അടുത്ത് ജനം കൂടാൻ തുടങ്ങിയപ്പോൾ ചുറ്റുപാടുള്ള ഇടവകകളിലെല്ലാം പ്രശ്‌നമായി. ഇവിടുത്തെ ജനത്തെ നയിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ട് നടന്നിട്ടില്ല; പിന്നെയല്ലേ നേരേ ചൊവ്വേ ദൈവശാസ്ത്രംപോലും പഠിച്ചിട്ടില്ലാത്ത ജോൺ വിയാനി ഇവരെ മാറ്റിമറിക്കാൻ ശ്രമിക്കുന്നത്? ബുദ്ധിജീവികൾ എന്നു കരുതിയവർ മാറിമാറി വിമർശിച്ചു. ഫാദർ ജോണിന്റെ പരാജയവും തിരിച്ചോട്ടവും കാണാൻ അവർ കാത്തുനിന്നു. ഇവർ തന്നെയായിരുന്നു ബൊക്കെ കൊടുത്ത് അദ്ദേഹത്തെ സ്വീകരിച്ചത്. പതുക്കെ പതുക്കെ ജനം മാറുന്നതു കണ്ടപ്പോൾ വിമർശനത്തിന്റെ മുനകൾ ഒടിയാൻ തുടങ്ങി. ആത്മനാശം ഭവിക്കാമായിരുന്ന ഒരു ജനത ഫാദർ ജോൺ വിയാനിയുടെ നിലവിളിയിൽ മനംമാറി. വിമർശനം പറഞ്ഞവർ സ്വന്തം ശവക്കുഴിതാണ്ടി. ഫാദർ ജോൺ ഇന്ന് വിശുദ്ധ വിയാനി, വിമർശിച്ചവർ കാലത്തിന്റെ കണക്കുപുസ്തകത്തിലില്ല.

അസൂയ ശവക്കുഴിപോലെ അഗാധമെന്ന് പ്രഭാഷകൻ പറയും. സ്‌നേഹത്തിൽ നാമൊരാളെ ഉയർത്തിവിടുന്നതും സ്‌നേഹമില്ലാതെ വെറുതെ കാര്യം കാണാൻ ഉയർത്തിപ്പറയുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ശിഷ്യൻ വളരുന്നതുകണ്ട് ഗുരുവിന് ആനന്ദിക്കണമെങ്കിൽ സ്‌നേഹത്തിന്റെ തീക്കനലിൽ അസൂയയുടെ വേരുകൾ കത്തിച്ചാമ്പലാകണം.

മനുഷ്യകുലത്തിലെ ആദ്യകൊലപാതകം അസൂയയിൽ നിന്നാണെന്നോർക്കുക. അനുജന്റെമേലുള്ള ജ്യേഷ്ഠന്റെ അസൂയ. കായേന്റെ അസൂയയിൽ ആബേൽ രക്തം ചൊരിയേണ്ടി വന്നു. രക്തബന്ധങ്ങളിൽ അസൂയയുടെ വിത്ത് പാകിയതാരാണ്? ഏറെ സ്‌നേഹിച്ച് ജീവിക്കേണ്ടവർ പോലും വളരെപ്പെട്ടെന്ന് അസൂയയിൽ കുടുങ്ങുന്നതുകാണാം. എന്തിന്, സഭയുടെ പല പിളർപ്പുകൾക്കുമുള്ള കാരണങ്ങൾ അന്വേഷിക്കുമ്പോൾ അവിടെയും അസൂയയുടെ തീപ്പൊരി കാണാനാകും. പ്രത്യക്ഷത്തിൽ കാണുന്ന കാരണങ്ങളാകണമെന്നില്ല യഥാർത്ഥ കാരണങ്ങൾ. രണ്ടുപേർക്കിടയിലെ അസൂയ വളർന്ന് വേർപിരിയേണ്ടി വരുമ്പോൾ ദൈവശാസ്ത്രപ്രശ്‌നത്തിൽ ചാരുന്നെന്നേയുള്ളൂ.

ദാവീദിന് എതിരെയും
ഫിലിസ്ത്യരുടെ ശക്തിയായ ഗോലിയാത്തിനെ നേരിടാൻ കഴിവുള്ളവർ ആരുമില്ലാതിരിക്കെയാണ് ദാവീദ് ഉദയം ചെയ്യുന്നത്. സാവൂൾ ആദ്യം അതിലാനന്ദിക്കുകയും ചെയ്തു. രാജ്യരക്ഷ സാധ്യമാകുമല്ലോ എന്നോർത്തു. രാജാവായ സാവൂൾ ദാവീദിനെ ആശീർവദിച്ചാണയക്കുന്നത്. തന്റെ പോർച്ചട്ട അവനെ അണിയിപ്പിക്കുകയും ചെയ്തു. ഇതിലപ്പുറം എന്തുവേണം?

കയ്യിലെ കല്ലും കവിണയുമുപയോഗിച്ച് ദാവീദ് ഗോലിയാത്തിനെ തകർത്തു. കാരണം, ദൈവം അവന്റെ യുദ്ധമുഖത്തുണ്ടായിരുന്നു. വിജയിച്ചുവരുന്ന ദാവീദിനെ കണ്ട് ജനം ആർത്തു പാടി: ”സാവൂൾ ആയിരങ്ങളെ കൊന്നു; ദാവീദോ പതിനായിരങ്ങളെയും.” ഇതുകേട്ടപ്പോൾ സാവൂളിൽ അസ്വസ്ഥതയുണ്ടായി. നിഷ്‌കളങ്കനായ ദാവീദിനെ നശിപ്പിക്കാൻ സാവൂൾ ഓടിനടന്നു. അസൂയയുടെ വേരുകൾ യഥാസമയം പിഴുതെറിഞ്ഞില്ലെങ്കിൽ അതു നമ്മെത്തന്നെയും സഹോദരങ്ങളെയും നശിപ്പിക്കും.
ഒരുപക്ഷേ, ‘സാവൂൾ ആയിരങ്ങളെക്കൊന്നു, ദാവീദ് നൂറിനെയും’ എന്ന് പാടിയിരുന്നെങ്കിൽ കുഴപ്പമുണ്ടാകുമായിരുന്നില്ല. അല്ല, ഒരു പക്ഷേ, രണ്ടാളും ആയിരങ്ങളെ കൊന്നു എന്നു പറഞ്ഞാലും സഹിക്കാം. നാം ആശീർവദിച്ചു വിട്ടവൻ നമ്മെക്കാൾ വലിയവനോ? സ്‌നേഹമില്ലാത്ത ആശീർവാദങ്ങളൊന്നും ആത്മീയവളർച്ചയ്ക്ക് ഉതകുന്നതല്ല. മറ്റുള്ളവർ വളരാനായി ആശിക്കാതെ, എന്ത് ആശീർവാദം? അസൂയയെന്ന വൃക്ഷത്തിന്റെ വേരിന് കോടാലി വയ്ക്കുക. ദൈവം ഒരാളെ ഉയർത്തുന്നതും താഴ്ത്തുന്നതും മനുഷ്യന്റെ കണക്കുകൂട്ടലുകൾ അനുസരിച്ചല്ല. മനുഷ്യൻ ഒരാളെ ഉയർത്തുന്നതും താഴ്ത്തുന്നതും ഏറെ കണക്കുകൾ കൂട്ടിക്കൊണ്ടാകാം. സനേഹമില്ലാതെ ഒരാളെ ഉയർത്തിയാൽ അത് ഉയർത്തുന്നവന്റെ ആത്മനാശത്തിന് വഴിമാറാം.b-5

ഭൗതിക മണ്ഡലത്തെക്കാൾ ആത്മീയ മണ്ഡലത്തിലാണ് അസൂയയുടെ പിശാച് കൂടുതൽ തേരോട്ടം നടത്തുന്നത്. ഭൗതിക വളർച്ചയുടെ കാരണങ്ങളല്ല ആത്മീയ മണ്ഡലത്തിന്റേത് എന്നതുതന്നെ കാരണം. ആത്മീയ മേഖലയിൽ ഉയർത്തുന്നതും താഴ്ത്തുന്നതും ദൈവമാണ്. അഭിഷേകം നൽകുന്നതും എടുത്തുമാറ്റുന്നതും അവൻതന്നെ. മനുഷ്യന്റെ അധ്വാനമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ കരുണയാണ് പ്രധാനം. ഭൗതിക മണ്ഡലത്തിലും ഇതു ബാധകമല്ലാതാകുന്നില്ല.
സഭാസമൂഹത്തിന്റെ ശക്തിയെ അസൂയ ചോർത്തിക്കളയും. പ്രതിരോധശേഷിയെ നശിപ്പിക്കും. വിവാദങ്ങളിൽ ദൈവം ഇല്ലാതാകും. സ്‌നേഹം മരവിച്ചുപോകും. ഉള്ളിൽ സ്‌നേഹമില്ലാതെ ആരു ശുശ്രൂഷിച്ചാലും മാത്സര്യവും അസൂയയും അതിന്റെ ഫലമായുള്ള വെറുപ്പും കയറിവരും. ഇനിമുതൽ നമുക്ക് സ്‌നേഹിച്ച് ആശീർവദിക്കാം; സ്‌നേഹിച്ച് അധികാരം കൈമാറാം, സ്‌നേഹിച്ച് ശിഷ്യഗണത്തെ വളർത്താം. അസൂയയ്ക്ക് മരുന്നില്ല, ലോകത്തിൽ. പക്ഷേ, ദൈവത്തിന്റെ കൈപ്പിടിയിലുണ്ട് ഔഷധം; സ്‌നേഹത്തിന്റെ ചുഴിയിലെറിയുന്ന ഔഷധം.

കർത്താവായ യേശുവേ, അസൂയപ്പെടാത്ത സ്‌നേഹം ഞങ്ങൾക്ക് തരണമേ. കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവേ, നിർമ്മല സ്‌നേഹത്തിന്റെ ഉടമകളും അവകാശികളുമാക്കി ഞങ്ങളെ മാറ്റണമേ. അപരന്റെ വളർച്ചയിൽ അവർക്കൊപ്പം ആനന്ദിക്കാനും, ആ ആനന്ദം പങ്കിടാനും ഞങ്ങളെ പ്രാപ്തരാക്കണമെ. ഞങ്ങളിലെ അസൂയയെന്ന പാപവൃക്ഷത്തിന്റെ വേരിന് കോടാലി വയ്ക്കണമേ. ആമ്മേൻ.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

2 Comments

  1. anto jose says:

    Nice presentation

  2. Very good presentation!!

Leave a Reply

Your email address will not be published. Required fields are marked *