ഹൃദയത്തിന്റെ സൂക്ഷിപ്പുകാർ

ഹൃദയത്തിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്നത് എന്താണ്? കത്തൊനൊരു മാർഗം.
ഒരു പ്രൊട്ടസ്റ്റന്റ് ജർമൻകാരൻ, യേശുവിനോടും മറിയത്തോടും വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നത് എങ്ങനെയെന്ന് പങ്കുവച്ചത് ഓർക്കുന്നു. ഇപ്പോൾ ആ മനുഷ്യൻ തികഞ്ഞ കത്തോലിക്ക വിശ്വാസിയാണ്. ഒരിക്കൽ ജപമാലയെയും മരിയഭക്തിയെയും വിമർശിച്ചിരുന്ന അദ്ദേഹത്തിന് ഇപ്പോൾ മാതാവിനോട് വലിയ സ്‌നേഹവും ഭക്തിയും ഉണ്ട്. കൂടാതെ നിരവധി ജപമാലകളും ചൊല്ലുന്നു. വളരെ ആകാംക്ഷയോടെ ഞാൻ ആ മനുഷ്യനോട് ചോദിച്ചു: ‘എന്താണ് ഈ മാറ്റത്തിന്റെ കാരണം?’ അദ്ദേഹത്തിന്റെ മറുപടി ലളിതവും എന്നാൽ വളരെ ആഴമുള്ളതുമായിരുന്നു.

ഇതാ അദ്ദേഹത്തിന്റെ വാക്കുകൾ: ”ഞാൻ ഈശോയോട് ചോദിച്ചു, മറിയത്തോട് മാധ്യസ്ഥ്യം യാചിക്കുന്നത് ശരിയാണോ? ഈശോ അത് ശരിയാണെന്ന് ഉത്തരം നല്കി. എങ്കിൽ എന്റെ ഹൃദയത്തിൽ മാതാവിനോടുള്ള സ്‌നേഹം നിറയ്ക്കണമെന്ന് ഞാനപേക്ഷിച്ചു. നാളുകൾക്കുശേഷം വലിയ മരിയസ്‌നേഹംകൊണ്ട് ഞാനറിയാതെ ഹൃദയം നിറഞ്ഞു.

ഈശോയോട് വീണ്ടും പ്രാർത്ഥിച്ചു, നിന്നെ അധികം സ്‌നേഹിക്കാനുള്ള കൃപ തരണമേയെന്ന്. അങ്ങനെ ഈശോയോടുള്ള സ്‌നേഹംകൊണ്ട് ഹൃദയം നിറഞ്ഞു.” ഇത് നമുക്ക് വലിയൊരു വെളിപ്പെടുത്തലാണ്. നമ്മുടെ കുടുംബത്തിൽ പുതുവീഞ്ഞ് ഉണ്ടാകണമെങ്കിൽ യേശുവും മറിയവുമായി ഒരു പുതിയ വ്യക്തിബന്ധം രൂപപ്പെടുത്തണം.

ഹൃദയത്തിലുള്ളതെന്താണ്?
യേശു നമ്മെ ഓരോരുത്തരെയും വ്യക്തിപരമായിട്ടാണ് സ്‌നേഹിക്കുന്നത്. നമ്മുടെ കുടുംബത്തിലെ പ്രശ്‌നങ്ങളെയും അവിടുന്ന് പ്രത്യേകമായ രീതിയിൽ മനസിലാക്കുന്നുണ്ട്. ഈ അറിവ് നമ്മളും നമ്മുടെ കുടുംബവും ഹൃദയത്തിൽ കാത്തുസൂക്ഷിക്കണം. ഹൃദയത്തിൽ എന്ത് സൂക്ഷിക്കുന്നുവോ അത് ഹൃദയത്തിൽ വളരും. വേദന ഹൃദയത്തിൽ സൂക്ഷിച്ചാൽ വേദന വളരും, ദൈവവചനം ഹൃദയത്തിൽ സൂക്ഷിച്ചാൽ ദൈവവചനം വളരും.

മറക്കരുത്, നാം ഹൃദയത്തിന്റെ സൂക്ഷിപ്പുകാരാണ്. വചനം വ്യക്തമായി പറയുന്നു എന്താണ് ഹൃദയത്തിൽ സൂക്ഷിക്കേണ്ടതെന്ന്. ”നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനില്ക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങൾക്ക് ലഭിക്കും” (യോഹ. 15:7). ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. എത്രമാത്രം ദൈവവചനം കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്നുവോ അതുതന്നെയാണ് കുടുംബത്തിന്റെ മുതൽക്കൂട്ട്.

കാനായിൽനിന്ന് ചില രഹസ്യങ്ങൾ
കാനായിലെ കുടുംബം നമ്മുടെ കുടുംബത്തിന്റെ മുൻപിൽ തുറന്നുവയ്ക്കുന്ന ചില സത്യങ്ങളുണ്ട്. കാനായിലെ കുടുംബത്തിന്, യേശുവും മറിയവും ശിഷ്യന്മാരുമായിട്ട് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കുടുംബപ്രശ്‌നം കുടുംബാംഗങ്ങൾ യേശുവിന്റെ അടുത്ത് അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ മറിയം യേശുവിനോട് കാര്യങ്ങൾ വിശദീകരിക്കുകയും പ്രശ്‌ന പരിഹാരത്തിലേക്ക് വിരൽചൂണ്ടുകയും ചെയ്തു. മറിയം വ്യക്തമായി കുടുംബത്തോട് പറഞ്ഞു ”അവൻ പറയുന്നത് ചെയ്യുക.”

പലപ്പോഴും നമ്മുടെ ജീവിതശൈലി – നമ്മൾ ചിന്തിക്കുന്നത് ചെയ്യുകയെന്നുള്ളതാണ്. ഈശോയുടെ സ്വരംകേട്ട് ചെയ്യുമ്പോൾ വലിയ ഐശ്വര്യത്തിലേക്കും പ്രശ്‌നപരിഹാരത്തിലേക്കും അത് നമ്മെ നയിക്കും. കൽഭരണിയിൽ നിറച്ച വെള്ളത്തിന്റെ അളവ് കൂടുതലാണ്, ഇത്രയും വെള്ളം എങ്ങനെ വീഞ്ഞാക്കുമെന്ന് അവൻ ചോദിച്ചില്ല. എന്റെ പ്രശ്‌നങ്ങൾ വളരെയധികമാണെന്ന് ഈശോയ്ക്ക് തോന്നുകയില്ല. അവർ ആയിരം ലിറ്റർ വെള്ളം കൂടുതലായി സംഭരിച്ചിരുന്നുവെങ്കിൽ അവൻ ആയിരം ലിറ്ററും വീഞ്ഞാക്കി മാറ്റുമായിരുന്നു. ഇവിടെ ഒരു വലിയ രഹസ്യം പരിശുദ്ധാത്മാവ് തരുന്നു.

കൊടുത്താൽ അവൻ മാറ്റും, ചോദിച്ചാൽ അവൻ തരും, മുട്ടിയാൽ അവൻ തുറക്കും, കരഞ്ഞാൽ അവൻ കണ്ണുനീര് തുടയ്ക്കും, തളർന്നാൽ അവൻ തോളിൽ ഏറ്റും,
അലഞ്ഞാൽ എന്റെ അലച്ചിലുകൾ അവൻ എണ്ണും, തകർന്നാൽ അവൻ കൂട്ടിയോജിപ്പിക്കും.

വ്യക്തിപരമായി എനിക്ക് യേശുവിനോടും മറിയത്തോടുമുള്ള ബന്ധം എത്രമാത്രമാണ്? ഇതെന്റെ ആത്മീയ ജീവിതത്തിന്റെ അളവുകോലാണ്. വ്യക്തിപരമായ ബന്ധം യേശു ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. യോഹന്നാൻ 15:5 ”ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആർ എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.” യോഹന്നാൻ 15:15 ”ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.”

ഈശോയേ, മാതാവുമായി എന്റെ കുടുംബത്തിലേക്ക് വരണമേ. പുതുവീഞ്ഞ് എന്റെ കുടുംബത്തിൽ രൂപപ്പെടുത്തണമേ. പുത്തൻ ചൈതന്യംകൊണ്ടും ഐശ്വര്യംകൊണ്ടും അഭിഷേകംകൊണ്ടും എന്റെ കുടുംബത്തെ നിറയ്ക്കണമേ. പരിശുദ്ധ അമ്മേ, എന്റെ കുടുംബകാര്യങ്ങളിൽ ഇടപെടണമേ, ആമ്മേൻ.

റവ. ഡോ. ജോസഫ് വടക്കേൽ എം.സി.ബി.എസ്, ജർമ്മനി

1 Comment

  1. Gracy says:

    Very good message

Leave a Reply

Your email address will not be published. Required fields are marked *