ഈശോ മഞ്ചലിൽ തൊട്ടപ്പോൾ

ചുറ്റും മതിലും ഫലഭൂയിഷ്ഠമായ സമതലവുമുള്ള നായിൻ നല്ല ഭംഗിയായി നിർമ്മിക്കപ്പെട്ടിരുന്നുവെങ്കിലും അതൊരു വലിയ പട്ടണമായിരുന്നില്ല. എൻഡോറിലെ ധാരാളം ആളുകൾ പരസ്പരം സംസാരിച്ചുകൊണ്ട് ഉത്സാഹപൂർവ്വം ഈശോയെ പിന്തുടർന്നു. മുഖ്യപാത നേരെ പോകുന്നതു പട്ടണ വാതിലുകളിലൊന്നിലേക്കാണ്. അപ്പസ്‌തോലന്മാരോടും പുതുതായി മാനസാന്തരപ്പെട്ട ആളോടും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈശോ. അപ്പോൾ ശവമഞ്ചവുമായി ഒരു സംഘം ആളുകൾ തങ്ങളുടെ നേരെ അലമുറയിട്ടുകൊണ്ട് വരുന്നതുകണ്ടു. ”ഓഹോ! അതൊരു കുട്ടിയാണെന്നു തോന്നുന്നു. ശവമഞ്ചത്തിൽ എത്രയധികം പൂക്കളും വർണ്ണവസ്ത്രങ്ങളുമാണ് ഇട്ടിരിക്കുന്നത്!” യൂദാസ്‌ക്കറിയോത്താ പറഞ്ഞു.

ഭിത്തിയുടെ മറുവശത്ത് ശവമഞ്ചം എത്തിക്കഴിഞ്ഞു. മുഖാവരണം ധരിച്ച ഒരു സ്ത്രീ കരഞ്ഞുകൊണ്ട് അതിന്റെ പാർശ്വങ്ങളിലൂടെ നടക്കുന്നുണ്ട്. ശവമഞ്ചം താങ്ങിപ്പിടിച്ചിരുന്നവരിൽ ഒരാളുടെ കാലു കല്ലിൽത്തട്ടിയപ്പോൾ ശവമഞ്ചം ഒന്നു കുലുങ്ങിപ്പോയി. അപ്പോൾ ആ അമ്മ കരഞ്ഞു പറഞ്ഞു. ”ഓ! പാടില്ല, നല്ലതുപോലെ ശ്രദ്ധിക്കണേ, എന്റെ മകൻ അത്രയ്ക്ക് കഷ്ടപ്പെട്ടവനാണ്. അവൾ വിറയ്ക്കുന്ന കൈകളുയർത്തി ശവമഞ്ചത്തിൽത്തലോടി. അതിൽ നിന്നു തൂങ്ങിക്കിടക്കുന്ന വസ്ത്രാഞ്ചലത്തിൽ ചുംബിക്കുകയും ചെയ്യുന്നു. മനസ്സലിവു തോന്നിയ പത്രോസിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം മന്ത്രിച്ചു. ”അത് അമ്മയാണ്” ഈ ദൃശ്യം കണ്ട് പത്രോസിനു മാത്രമല്ല കണ്ണു നിറഞ്ഞത്; തീക്ഷ്ണൻ ആൻഡ്രൂ, ജോൺ എന്നിവരുടെയും കണ്ണുനിറഞ്ഞുപോയി. എപ്പോഴും സന്തുഷ്ടനായി നടക്കുന്ന തോമസിനുപോലും കണ്ണീരടക്കാൻ കഴിഞ്ഞില്ല. അവരുടെയെല്ലാം ഹൃദയം വല്ലാതെ ഇളകിപ്പോയി. യൂദാസ്‌ക്കറിയോത്താ സ്വയം മന്ത്രിച്ചു. ”ആ മരിച്ചത് ഞാനായിരുന്നെങ്കിൽ! ഓ എന്റെ അമ്മയുടെ സ്ഥിതി എന്താകുമായിരുന്നു!”

മഹാകാരുണ്യവാനായ ഈശോ ശവമഞ്ചത്തിനടുത്തേക്കു നടന്നു. ശവമഞ്ചം ശ്മശാനത്തോട് അടുത്തപ്പോൾ ആ അമ്മയുടെ വിലാപം അത്യുച്ചത്തിലായി. ഈശോ മഞ്ചലിൽ തൊടാൻ ശ്രമിച്ചപ്പോൾ, കൈകൾ തട്ടിമാറ്റി അവൾ അട്ടഹസിച്ചു. ”അവൻ എന്റേതാണ്.”
”അമ്മേ, അവൻ നിങ്ങളുടേതാണെന്ന് എനിക്കറിയാം.”

”അവൻ എന്റെ മകനാണ്. അവൻ നല്ലവനും പ്രിയപ്പെട്ടവനുമായിരുന്നു. പിന്നെ അവനെന്തിനാണ് മരിച്ചത്. ഞാനൊരു വിധവയാണ്.” കൂടെ ഉള്ളവരുടെ കരച്ചിൽ ഉച്ചത്തിൽ ഉയർന്നു. അവൾ ഓരോന്നു പറഞ്ഞ് അബോധമായി മാറത്തടിച്ചു.

”അങ്ങനെ ചെയ്യരുത്. അമ്മേ, കരയാതിരിക്കൂ. ഇടതുകൈകൊണ്ട് ഈശോ അവരുടെ കൈകളിൽ മുറുകെപ്പിടിച്ചു. മറ്റേ കൈ ശവമഞ്ചത്തിൽ സ്പർശിച്ചുകൊണ്ട് അതു ചുമക്കുന്നവരോടു പറഞ്ഞു. ”ശവമഞ്ചം താഴെ വയ്ക്കുക” അവർ അതനുസരിച്ചു. ഈശോ മഞ്ചലിൽ ഇട്ടിരുന്ന ആവരണം വലിച്ചെടുത്തു. അമ്മ ശവം മറവില്ലാതെ കണ്ടപ്പോൾ അവനെ പേരു ചൊല്ലി വിളിച്ച് ബഹളം വച്ചു. ഈശോ ഇപ്പോഴും അവരുടെ കൈകളിൽ പിടിച്ചിരിക്കുകയാണ്. അവിടുത്തെ കണ്ണുകൾ തീക്ഷ്ണവും പ്രകാശമാനവുമായിരുന്നു. വലതുകൈ താഴ്ത്തിയിട്ട് തന്റെ സകല ശക്തിയോടെ അവിടുന്നു പറഞ്ഞു; ”യുവാവേ, ഞാൻ പറയുന്നു, എഴുന്നേറ്റു വരിക.”
മരിച്ചുപോയ കുട്ടി ഒന്നു ചലിച്ചു. അവൻ കെട്ടുകൾ പൊട്ടിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു. പരിഭ്രമത്തോടുകൂടെ വിളിച്ചു: ”അമ്മേ.”

”സ്ത്രീയേ, ഇതാ നിങ്ങളുടെ മകൻ. ദൈവനാമത്തിൽ ഞാൻ അവനെ നിനക്കു തരുന്നു. പുറത്തിറങ്ങാൻ അവനെ സഹായിക്കൂ.” ഈശോ പിന്തിരിഞ്ഞു പോവാൻ ഭാവിച്ചു. ജനക്കൂട്ടത്തിന്റെ സമ്മർദ്ദത്താൽ അവിടുത്തേക്ക് അവിടെനിന്ന് മാറാൻ കഴിഞ്ഞില്ല. കെട്ടുകൾ അഴിച്ചു മാറ്റി അവൻ അമ്മയെ കെട്ടിപ്പിടിച്ചു. ആ സ്ത്രീ തന്റെ മേൽവസ്ത്രം കൊണ്ടവനെ പൊതിഞ്ഞു. അവനെ തഴുകിക്കൊണ്ടിരുന്നു.

ഈശോ അവളെയും അവിടെ നിന്നിരുന്ന ജനത്തെയും നോക്കി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു.
അവിടുത്തെ കണ്ണുനീർ കണ്ടിട്ട് യൂദാസ്‌ക്കറിയോത്താ ചോദിച്ചു ”എന്റെ ഗുരോ, അങ്ങു കരയുന്നതെന്തിനാണ്?”

ഈശോ പറഞ്ഞു ”ഞാൻ എന്റെ അമ്മയെപ്പറ്റി ചിന്തിക്കുകയായിരുന്നു.” ഈ ചെറിയ സംഭാഷണം തന്റെ ഉപകർത്താവിലേക്ക് ആ സ്ത്രീയുടെ ശ്രദ്ധ തിരിച്ചു. അവൾ തന്റെ പുത്രനുമായി മുട്ടിന്മേൽ നിന്നുകൊണ്ട് പറഞ്ഞു: ”അല്ലയോ എന്റെ മകനേ, ഈ പരിശുദ്ധന് സ്തുതി പറയുക. നിനക്കും നിന്റെ അമ്മയ്ക്കും വീണ്ടും ജീവൻ നല്കിയത് ഇദ്ദേഹമാണ്.” അവൾ കുനിഞ്ഞ് ഈശോയുടെ വസ്ത്രാഞ്ചലത്തിൽ ചുംബിച്ചു. ജനക്കൂട്ടം ദൈവത്തിനും മിശിഹായ്ക്കും ഓശാനപാടി.
(‘ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പി’ൽനിന്ന്)

Leave a Reply

Your email address will not be published. Required fields are marked *