അമൂല്യപുസ്തകങ്ങളുടെ കലവറ എന്ന് അറിയപ്പെട്ടിരുന്ന പുരാതനഗ്രന്ഥശാല നഗരത്തിൽ ഉണ്ടായ അഗ്നിബാധയിൽ ഏതാണ്ട് പൂർണമായും കത്തിനശിച്ചു. ഭാഗികമായി കത്തിയ പുസ്തകങ്ങൾ തുച്ഛവിലക്ക് വില്ക്കാൻ ഗ്രന്ഥശാലാധികൃതർ തീരുമാനിച്ചു. കുറെ ഭാഗം കത്തിയെങ്കിലും പുറംകവറിന്റെ മനോഹാരിത കണ്ടാണ് മധ്യവയസ്‌ക്കൻ ആ പുസ്തകം വാങ്ങിയത്. അപൂർവമായ സ്ഫടികക്കല്ലുകളെപ്പറ്റിയുള്ള രഹസ്യമായിരുന്നു ആ പുസ്തകത്തിൽ. പ്രത്യേകതരം കല്ലുകൾ അതുപയോഗിച്ച് സ്വർണമാക്കി മാറ്റാൻ കഴിയുമായിരുന്നു. സ്ഫടികക്കല്ല് ഉള്ള സ്ഥലത്തെപ്പറ്റിയും അതിൽ വിശദമായി പ്രതിപാദിച്ചിരുന്നു. ഒറ്റനോട്ടത്തിൽ സ്ഫടികക്കല്ലുകൾ ഒരുപോലെ തോന്നിയാലും പ്രത്യേകയിനം കല്ലുകളെ സ്വർണമാക്കി മാറ്റാൻ കഴിവുള്ള സ്ഫടികക്കല്ലിന് ഇളംചൂടായിരിക്കുമെന്നും മറ്റുള്ളവയ്ക്ക് നല്ല തണുപ്പായിരിക്കുമെന്ന രഹസ്യവും പുസ്തകത്തിൽ ഉണ്ടായിരുന്നു.
വസ്തുവകകൾ വിറ്റതിനുശേഷം അയാൾ കല്ലുകൾ തേടി യാത്രയായി. അവസാനം സ്ഥലം കണ്ടുപിടിച്ചു. എന്നും രാവിലെ നദിയിലേക്ക് ഇറങ്ങി സ്ഫടികക്കല്ലുകൾ കൈയിലെടുത്ത് പരിശോധിക്കും. പക്ഷേ, എല്ലാം തണുപ്പുള്ളവയായിരുന്നു. കല്ലുകൾ കൈയിലെടുത്ത് നോക്കിയതിനുശേഷം തിരിച്ച് നദിയിലേക്ക് എറിയുകയായിരുന്നു പതിവ്. ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഒരു ദിവസം നദിയിൽനിന്നും കിട്ടിയ സ്ഫടികക്കല്ലിന് ഇളംചൂടായിരുന്നു. അയാൾ അത് തിരിച്ചറിഞ്ഞെങ്കിലും അറിയാതെ ആ കല്ല് നദിയിലേക്ക് എറിഞ്ഞു. കാരണം, നദിയിൽനിന്നും എടുക്കുന്നതെല്ലാം തിരികെയെറിയുന്ന ശീലത്തിന് അയാൾ ഇതിനകം അടിമപ്പെട്ടിരുന്നു.
ദുഃശീലങ്ങൾ ജീവിതത്തെ കീഴ്‌പ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. അപൂർവമായ സ്ഫടികക്കല്ല് നദിയിലേക്ക് വലിച്ചെറിഞ്ഞ മധ്യവയസ്‌ക്കന്റെ അവസ്ഥയിലേക്ക് തെറ്റായ ശീലങ്ങൾ നമ്മെ എത്തിക്കും.
”വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല; തിടുക്കം കൂട്ടുന്നവന് വഴി തെറ്റും” (സുഭാഷിതങ്ങൾ 19:2 )