കാരുണ്യം നദിപോലെ ഒഴുകട്ടെ

യേശു നമുക്ക് തരുന്ന വെല്ലുവിളി എന്താണ്?

അനാഥാലയത്തിലെ കുഞ്ഞുങ്ങളോടൊപ്പമായിരുന്നു ആ വർഷം ഓണമാഘോഷിച്ചത്. അന്നവിടെ കണ്ട കാഴ്ച നാളുകളേറെ കഴിഞ്ഞിട്ടും മനസിൽ നിറഞ്ഞുനില്ക്കുകയാണ്. കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അതു ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി സ്വയം ഭക്ഷണം കഴിക്കാതെ അടുത്തിരിക്കുന്ന കുട്ടിക്ക് ഭക്ഷണം വാരി വായിൽവച്ച് കൊടുക്കുന്നു. ഇടയ്ക്കിടയ്ക്ക് കുടിക്കാൻ വെള്ളമെടുത്ത് കൊടുക്കുന്നു.

ശ്രദ്ധിച്ചപ്പോൾ കാര്യം മനസിലായി- രണ്ടു കൈകളും ഇല്ലാത്ത പെൺകുട്ടിയാണ് ഭക്ഷണം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഓണത്തിന്റെ രുചികരമായ വിഭവങ്ങൾ മുന്നിലുണ്ട്. എല്ലാ കുട്ടികളും ഭക്ഷണം ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇതാ ഒരു പെൺകുട്ടി തന്റെ ഭക്ഷണം മാറ്റിവച്ചുകൊണ്ട് കൈയില്ലാത്ത കൂട്ടുകാരിക്ക് സ്‌നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്നു. കൂട്ടുകാരി ഭക്ഷണം കഴിച്ച് പൂർത്തിയാക്കിയപ്പോൾ അവളുടെ മുഖവും തുടച്ചുകൊടുത്തതിനുശേഷമാണ് ആ കുഞ്ഞ് തന്റെ ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചത്.

അനാഥാലയത്തിലെ അന്തേവാസിയാണെങ്കിലും കരുണയുടെയും സ്‌നേഹത്തിന്റെയും വഴിയിൽ അവൾ എത്രയോ മുൻപന്തിയിലാണ്. മാതാപിതാക്കളുടെ സംരക്ഷണയിൽ വളർന്നിട്ടും സ്വാർത്ഥരായി, സഹോദരങ്ങളോടും മാതാപിതാക്കളോടും കരുണയില്ലാതെ പെരുമാറുന്നവരുടെ എണ്ണം സമൂഹത്തിൽ പെരുകിക്കൊണ്ടിരിക്കുമ്പോൾ, ആ അനാഥബാലിക കരുണയുടെ സുവിശേഷവുമായി നമ്മുടെ മുന്നിൽ നില്ക്കുന്നു.

യേശു നല്കുന്ന വെല്ലുവിളി

ദൈവം നമ്മോട് കാണിച്ചിരിക്കുന്ന കരുണ എത്ര വലുതാണ്! നാം നിത്യമായി നശിക്കാതിരിക്കുവാൻ തന്റെ ഏകജാതനെ നമുക്കുവേണ്ടി ബലിയായി നല്കി. അവിടുന്ന് പരിശുദ്ധാത്മാവിനെ നല്കി നമ്മളെ ദൈവമക്കളാക്കി മാറ്റി. എത്ര തെറ്റു ചെയ്താലും വീണ്ടും വീണ്ടും കരുണ കാണിച്ച് പാപമോചനം നല്കുന്ന ദൈവത്തിന്റെ മുന്നിൽ ആരോടെങ്കിലും വാശി പിടിച്ചിരിക്കാൻ നമുക്കെന്ത് അർഹത? ദുഷ്ടരുടെമേലും ശിഷ്ടരുടെമേലും ഒരുപോലെ കരുണ കാണിക്കുന്ന പിതാവിനെ അനുകരിക്കാനുള്ള വെല്ലുവിളിയാണ് യേശു നമുക്ക് നല്കുന്നത്.

എന്നാൽ മനുഷ്യരിന്ന് കൂടുതൽ സ്വയംകേന്ദ്രീകൃതരായി മാറിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ വേദനകളും ദുരിതങ്ങളും കാണാൻ കഴിയാത്തവിധം സ്വാർത്ഥരായ മനുഷ്യരെ കരുണയുടെ വർഷത്തിൽ ദൈവം വീണ്ടും സ്വയത്തിൽനിന്നും പുറത്തുകടക്കാൻ ക്ഷണിക്കുകയാണ്. ”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36).

നാളുകൾക്കുമുമ്പ് കേരളത്തിലെ ഒരു ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്ന സംഭവം. ഒരു മെഡിക്കൽ വിദ്യാർത്ഥിനി ബോധംകെട്ടു വീണു. പരിശോധനയിൽ വ്യക്തമായ കാര്യം എല്ലാവരെയും ഞെട്ടിപ്പിച്ചുകളഞ്ഞു. കാരണം, ദിവസങ്ങളായി ആ കുട്ടി ഭക്ഷണം കഴിച്ചിട്ടില്ല. വളരെ ദരിദ്രമായ സാഹചര്യത്തിൽനിന്നും വന്ന അവൾ വെള്ളവും ബ്രഡും കഴിച്ചാണ് ജീവിച്ചിരുന്നത്.

ഓരോ ഹോസ്റ്റൽമുറിയിലും മൂന്നുപേർ വീതമായിരുന്നു താമസം. രണ്ട് റൂംമേറ്റുകളും ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവൾ ഓരോ ഒഴിവുകഴിവുകൾ പറയും. കുറെ കഴിഞ്ഞപ്പോൾ അവളെ അവർ വിളിക്കാതെയായി. പക്ഷേ, നാം ചിന്തിക്കേണ്ട കാര്യം ഒരേ മുറിയിൽ താമസിക്കുന്ന ഒരാൾ പട്ടിണിയിലാണെന്ന് മനസിലാക്കാനോ സഹായിക്കാനോ അവർക്ക് കഴിഞ്ഞില്ല എന്നതാണ്.

നമുക്ക് ദൈവം നല്കിയിരിക്കുന്നത് നമുക്കുമാത്രമുള്ളതല്ല. അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കാനുംകൂടിയുള്ളതാണ്.

പങ്കുവയ്ക്കുന്നവരാകാൻ ഒരുപാട് സമ്പത്തൊന്നും വേണ്ട, കരുണയുള്ള ഹൃദയം മതി. ഹൃദയത്തിൽ കരുണയില്ലാത്തവർക്ക് എത്ര കിട്ടിയാലും പങ്കുവയ്ക്കാൻമാത്രം
ഉണ്ടാവുകയില്ല.

കരുണ – ഭൗതികവസ്തുക്കളുടെ പങ്കുവയ്ക്കലിൽ മാത്രമല്ല വേണ്ടത്. ക്ഷമിക്കാതിരിക്കുന്നതും പ്രതികാരം ചെയ്യുന്നതും കരുണയില്ലായ്മയുടെ ലക്ഷണമാണ്. മറ്റുള്ളവരെ അപമാനിക്കുക, അവഗണിക്കുക, പരിഹസിക്കുക ഇതെല്ലാം ക്രൂരതയാണെന്ന് നാം തിരിച്ചറിയണം. നമുക്കും കുറവുകളുണ്ട്. എങ്കിലും ദൈവം നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ അനുഗ്രഹിക്കുന്നു. മറ്റുള്ളവരോടുള്ള ബന്ധത്തിൽ നമ്മളും കരുണയുടെ മനോഭാവം കാത്തുസൂക്ഷിക്കണം. യേശുവിന്റെ മലയിലെ പ്രസംഗത്തിൽ യേശു നല്കിയ പ്രബോധനം നമുക്കോർക്കാം: ”കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും” (മത്താ. 5:7).

ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്‌

Leave a Reply

Your email address will not be published. Required fields are marked *