മോശയുടെ ദേഷ്യം

അർനോൺ നദിയുടെ തീരങ്ങളിൽ ഇസ്രായേൽജനം പാളയമടിച്ച് താമസിക്കുന്ന കാലം. ഏലെയാബ് എന്ന ഇസ്രായേൽക്കാരൻ അമോര്യ വംശജനായ സിക്‌ലോനെ വഴിയിൽവച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. പരിചയപ്പെടുന്നതിനിടയിൽ സിക്‌ലോൻ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ നേതാവായ മോശയെക്കുറിച്ച് ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. ഈജിപ്തിൽവച്ച് ഫറവോ രാജാവിനെ അത്ഭുതങ്ങൾ ചെയ്ത് പരാജയപ്പെടുത്തിയ ആളല്ലേ? ചെങ്കടലിനെ വടി നീട്ടി രണ്ടായി വിഭജിച്ചതും പാറയെ അടിച്ച് അതിനുള്ളിൽനിന്ന് വെള്ളമൊഴുക്കിയതും ഞങ്ങളുടെ നാട്ടിലും വാർത്തയായിരുന്നു…

ഇതുകേട്ട് ഇസ്രായേൽക്കാരൻ ഇങ്ങനെ പ്രതികരിച്ചു. കാര്യമൊക്കെ ശരിയാ… 40 ദിവസം മലയുടെ മുകളിൽ പച്ചവെള്ളംപോലും കുടിക്കാതെ ഉപവസിച്ചിരിക്കും. ദൈവം നേരിട്ട് സംസാരിക്കുന്നുണ്ടെന്നാ പറയുന്നത്. പക്ഷേ, മൂക്കത്താ അരിശം! ഹൊ ഇങ്ങനെയുമുണ്ടോ ഒരു ദേഷ്യം? ഒരിക്കൽ അരിശം മൂത്ത് ദൈവം കൊടുത്ത കല്പനകൾ എറിഞ്ഞുടച്ചു കളഞ്ഞു. എന്നിട്ടും കലിയടങ്ങിയില്ല. ഞങ്ങൾ ആരാധിച്ചുകൊണ്ടിരുന്ന വിഗ്രഹം ഇടിച്ചുപൊടിച്ച് വെള്ളത്തിൽ കലക്കി ഞങ്ങളെ കുടിപ്പിച്ചു. അയ്യയ്യോ ആ രംഗം ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നു.

ഇതുകേട്ട് സിക്‌ലോൻ ആകെ നിരാശനായി. അവൻ പറഞ്ഞു: ഞാൻ വിചാരിച്ചു, നിങ്ങളുടെ നേതാവൊരു ദൈവമനുഷ്യനാണെന്ന്. അപ്പോ ഞങ്ങൾ കേട്ട മുഴുവൻ കാര്യങ്ങളും ശരിയല്ല അല്ലേ?

ഇവിടെ ഇസ്രായേൽക്കാരൻ പറഞ്ഞ കാര്യങ്ങളൊന്നും അസത്യമല്ല (പുറപ്പാട് 32). മോശ ചെയ്യാത്ത കാര്യങ്ങളൊന്നുമല്ല പറഞ്ഞതും. പക്ഷേ, മോശയുടെ കോപത്തിന്റെ കാരണമോ പശ്ചാത്തലമോ പറയാതെ ‘കോപ’ത്തെമാത്രം അവതരിപ്പിച്ചപ്പോൾ – അമോര്യനായ സിക്‌ലോണിന് കിട്ടിയത് മോശയെക്കുറിച്ചുള്ള തെറ്റായ ഒരു ചിത്രമാണ്. ദൈവകോപത്തിൽ ജനം നശിക്കാതിരിക്കാൻ, കരുണയ്ക്കുവേണ്ടി യാചിക്കുന്ന മോശയുടെ ചിത്രവും 32-ാം അധ്യായത്തിലുണ്ട്. തന്നെക്കാളുപരി തന്റെ ജനത്തെ സ്‌നേഹിക്കുന്ന ഒരു നേതാവിനെ നമുക്കവിടെ കണ്ടുമുട്ടാൻ കഴിയും. ഫറവോയെപ്പോലെ ശക്തനായ ഒരു രാജാവിന്റെ അടിമത്തത്തിൽനിന്നും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് രക്ഷിച്ച കാരുണ്യവാനായ ദൈവത്തെ 40 ദിവസങ്ങൾകൊണ്ട് മറന്നുപോവുകയും മ്ലേഛമായ ആരാധനയും അനുഷ്ഠാനങ്ങളുംവഴി അധാർമികതയിലേക്ക് വീണുപോവുകയും ചെയ്ത ജനത്തോട് തോന്നിയ ധാർമികരോഷം – വെറുപ്പിൽനിന്നുളവാകുന്ന സാധാരണ കോപമേ അല്ല. എങ്കിലും ഇസ്രായേൽക്കാരൻ സംഭവത്തിന്റെ പൂർണമായ ചിത്രം നല്കാതെ വികലമായ ചിത്രം നല്കിയപ്പോൾ മോശയെക്കുറിച്ചുള്ള അസത്യമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതായത് അപൂർണമായ സത്യവും വികലമാക്കുന്ന സത്യവും യഥാർത്ഥത്തിൽ അസത്യമാണ്, നുണയാണ്, കാപട്യമാണ്.

ഉദാഹരണത്തിന്, എന്റെ പിതാവ് എന്നോട് മിണ്ടുന്നില്ല, എന്നെ കാണുന്നതേ ദേഷ്യമാണ് എന്ന് സങ്കടത്തോടെ ഒരു മകൻ പറയുന്നു എന്ന് വിചാരിക്കുക. പക്ഷേ, പിതാവിന്റെ ദേഷ്യത്തിന്റെ കാരണം എന്താണ് എന്ന് വെളിപ്പെടുത്തുന്നില്ല. പറഞ്ഞതനുസരിക്കാതെ മകൻ വഴിതെറ്റി നടക്കുന്നതായിരിക്കാം പിതാവ് വിഷമത്തോടെ പ്രതികരിക്കുന്നതിന് കാരണം. യഥാർത്ഥ കുറ്റവാളി മകനായിരിക്കേ പിതാവിനെ കുറ്റവാളിയാക്കുന്ന മകൻ സ്വയം വഞ്ചിക്കുന്നു. മറ്റുള്ളവരെ വഞ്ചിക്കുന്നു. സ്വന്തം പിതാവിനെക്കുറിച്ച് വ്യാജമായ ഒരു വാർത്ത നല്കുന്നു.

ആത്മീയജീവിതത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന ഗൗരവമായ ഒരു തെറ്റാണ് അപൂർണമായ സത്യത്തിന്റെ പ്രചാരകരാകുന്നത്. സത്യം നമ്മളെ സ്വതന്ത്രരാക്കുമ്പോൾ അപൂർണമായ സത്യം നമ്മുടെ ബന്ധനത്തെ കൂടുതൽ കഠിനമാക്കുകയാണ് ചെയ്യുക. സ്വയം വെള്ള പൂശാനായി യാഥാർത്ഥ്യത്തെ വികലമാക്കി അവതരിപ്പിക്കുമ്പോഴും മറ്റുള്ളവരോടുള്ള അരിശത്തിൽ അവരുടെ പ്രവർത്തനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുമ്പോഴും നാം അസത്യത്തിന്റെ പ്രവാചകരാകുകയാണ് ചെയ്യുന്നത്.

കുമ്പസാരക്കൂട്ടിൽപോലും പൂർണ സത്യം പറയാൻ കഴിയാത്ത മാനസികാവസ്ഥകളെക്കുറിച്ച് ധ്യാനഗുരുക്കന്മാർ പറയാറുണ്ടെന്നതും ഇവിടെ സ്മരണീയമാണ്.
സ്വന്തം തെറ്റുകൾ മറച്ചുവച്ച് പങ്കാളിയുടെ തെറ്റുകളെ പർവതീകരിക്കുകവഴി ദാമ്പത്യകലഹങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതും സത്യത്തിന്റെ അഭാവം മൂലമാണ്.

തൊഴിലാളികൾ തൊഴിലുടമകളുടെ തെറ്റിനെയും തൊഴിലുടമകൾ തൊഴിലാളികളുടെ തെറ്റിനെയും വ്യക്തമായി തിരിച്ചറിയുമെങ്കിലും അതിന് കാരണമായ തങ്ങളുടെ പ്രവൃത്തികൾ തിരിച്ചറിയാതെ പോകും.

മറ്റുള്ളവർ തങ്ങളോട് ചെയ്ത അനീതികളെക്കുറിച്ച് ഓർത്തോർത്ത് വിഷമിക്കുന്ന പലർക്കും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തങ്ങളുടെ തെറ്റായ വാക്കുകളും പ്രവൃത്തികളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാകാം.

അപൂർണസത്യങ്ങൾമൂലം അനേകർ സ്വന്തം ജീവിതം നശിപ്പിക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു.

ജറെമിയാ പ്രവാചകനിലൂടെ കർത്താവ് പറയുന്നു: ”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണ് മനസിലാക്കാൻ കഴിയുക? കർത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെ. 17:9-10).
കർത്താവിന്റെ വെളിച്ചം ഹൃദയത്തിൽ നിറഞ്ഞാലേ പൂർണമായ സത്യത്തിലേക്ക് വളരാൻ കഴിയൂ. അപ്പോഴാണ് നമ്മുടെ ആത്മാവിന് സ്വാതന്ത്ര്യം ലഭിക്കുക. ഹൃദയം സ്വതന്ത്രമാകാതെ ആത്മീയജീവിതത്തിന്റെ ആഴങ്ങളിലേക്ക് വളരുക അസാധ്യം. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം:

കർത്താവായ യേശുവേ, അങ്ങ് നല്കുന്ന സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിലേക്ക് കടന്നുവരുവാൻ തടസമായ എല്ലാ അസത്യത്തിൽനിന്നും അപൂർണസത്യത്തിൽനിന്നും ഞങ്ങളെ വിമോചിപ്പിക്കണമേ. സത്യത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന് കാരണമായ സ്‌നേഹരാഹിത്യം, ഭയം, വിദ്വേഷം, സ്വയംന്യായീകരണം ഇതെല്ലാം തിരിച്ചറിയാനും അനുതപിക്കാനുമുള്ള വരം അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നല്കിയാലും.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *