ജാഗരൂകരാകാം, വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് ഐ.എസ്.ഐ.എസ്.

യു.കെ: സ്‌കൂൾ വിദ്യാർത്ഥികളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ലക്ഷ്യംവെച്ചുള്ള ഐ.എസ്.ഐ.എസിന്റെ ഗൂഢതന്ത്രങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കർദിനാൾ വിൻസന്റ് നിക്കോൾസ്. സ്‌കൂളുകളിലെയും കോളജുകളിലെയും കത്തോലിക്കാ അധ്യാപകർക്കുവേണ്ടി തയാറാക്കിയ പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ജാഗ്രതാനിർദേശം.

വിദ്യാർത്ഥികളുടെ നിഷ്‌ക്കളങ്കത, ഒറ്റപ്പെടൽ, കുടുംബത്തിലെ ധാർമികതയുടെ തകർച്ച, ഇതോടൊപ്പം ഇന്റർനെറ്റിന്റെ ലഭ്യതയും തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായകമായി മാറുകയാണ്. അസന്തുഷ്ടരായ വിദ്യാർത്ഥികളെ ഇന്റർനെറ്റ് മുഖേന വശീകരിക്കാനുള്ള ഐ.എസ്.ഐ.എസിന്റെ പദ്ധതികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണം.

കുടുംബത്തിനും സമൂഹത്തിനും തന്നെ ആവശ്യമില്ല എന്ന നിരാശാബോധത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ചെറുപ്പക്കാരുടെ മുന്നിലേക്ക് പ്രവർത്തിക്കാനും പങ്കാളികളാകാനുമുള്ള അവസരമാണ് ഐ.എസ്.ഐ.എസ് ഒരുക്കുന്നത്. നശീകരണ പ്രവർത്തനങ്ങൾ ഇത്തരം വിദ്യാർത്ഥികൾക്ക് സ്വന്തം സമൂഹത്തോടുള്ള വിദ്വേഷം തീർക്കാനുള്ള വേദികളായി മാറ്റുകയാണ് അവരുടെ തന്ത്രം. ഐ.എസ്.ഐ.എസിൽ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *